ശബരിമല വിധി: അടിയൊഴുക്കുകള്‍ അറിയാതെ പോകുന്ന മാധ്യമങ്ങള്‍

Glint Staff
Wed, 03-10-2018 05:29:59 PM ;

Sabarimala-protest

ശബരിമല വിഷയത്തില്‍ ദൃശ്യമാധ്യമങ്ങളുടെ പൊതുസമീപനം എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാണ്. ആ സമീപനം മൂലം സുപ്രീം കോടതി വിധി സൃഷ്ടിച്ച ചലനങ്ങള്‍ കാണുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. അതിന്റെ ഉദാഹരണമാണ് ചൊവ്വാഴ്ച വൈകിട്ട് പന്തളത്തും കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്ന നാമജപ പ്രതിഷേധം. ആ പ്രതിഷേധത്തെ വേണ്ടത്ര പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ല എന്നതല്ല ഇവിടെ ദൃശ്യമാധ്യമങ്ങളുടെ കാഴ്ചക്കുറവായി മാറിയത്. സുപ്രീം കോടതി വിധി കേരള സമൂഹത്തില്‍ ശക്തമായ അടിയൊഴുക്കുകള്‍ക്ക് കാരണമായിട്ടുണ്ട്. ആ അടിയൊഴുക്കുകളെ തങ്ങള്‍ക്കനുകൂലമായി മാറ്റാന്‍ യു.ഡി.എഫും ബി.ജെ.പിയും കിണഞ്ഞ് പരിശ്രമിക്കുന്നു.  സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി മറ്റൊരു തന്ത്രമാണ് ഇക്കാര്യത്തില്‍ പ്രയോഗിച്ചിട്ടുള്ളത് അതാകട്ടെ അവര്‍ക്ക് ഗുണകരമാകാന്‍ സാധ്യതയില്ലാത്തതാണ്.

 

ചൊവ്വാഴ്ച നടന്ന നാമജപ പ്രതിഷേധങ്ങളെ പുറത്ത് നിന്ന് നോക്കിയാല്‍ വിശ്വാസികളായ സ്ത്രീകളുടെ സ്വാഭാവിക പ്രതിഷേധമായി തോന്നാം. എന്നാല്‍ സമീപകാലത്ത് അണിയറയില്‍ നടന്ന ഏറ്റവും സംഘടിതമായ സംഘാടക പരിശ്രമത്തിന്റെ പ്രതിഫലനമായിരുന്നു പന്തളത്ത് തടിച്ച് കൂടിയ പോലീസിന്റെ കണക്ക് പ്രകാരമുള്ള 45000 പേരും മറ്റ് പലസ്ഥലങ്ങളിലെ പ്രതിഷേധങ്ങളും. ഈ അണിയറയിലെ സംഘാടക പ്രവര്‍ത്തനത്തില്‍ ഏറ്റവും ശക്തമായി ഇടപെട്ടത് ഹിന്ദു സംഘടനകളും എന്‍.എസ്.എസ്സുമാണ്. എല്ലാ യൂണിറ്റുകളില്‍ നിന്നും പരമാവധി സ്ത്രീകള്‍, വിശേഷിച്ചും യുവതികള്‍ പ്രിതിഷേധത്തില്‍ പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് പുറപ്പെട്ടത്.

 

ഈ പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരനായി പറയപ്പെടുന്നത് ബി.ജെ.പിയിലേക്ക് മടങ്ങി വന്ന മുതിര്‍ന്ന നേതാവായ പി.പി മുകുന്ദന്‍ ആണെന്നാണ്. അങ്ങിനെയെങ്കില്‍ പി.പി മുകുന്ദന്‍ രൂപം നല്‍കിയ പ്രതിഷേധത്തെ എന്‍.എസ്.എസ് വിജയിപ്പിച്ചതായി വായിക്കേണ്ടി വരും. തിങ്കളാഴ്ച ശിവസേന നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചതിന്റെ പിന്നിലും പി.പി മുകുന്ദന്‍ ആണെന്നാണ് പറയുന്നത്. വെറുമൊരു ഹര്‍ത്താല്‍ മാത്രമായി നടക്കുകയാണെങ്കില്‍, അത് പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുമെന്നതിനാലാണ് ശിവസേനയെക്കൊണ്ട് പിന്‍വലിപ്പിച്ചതത്രേ.

 

ഇപ്പോള്‍ കേരളത്തിന്റെ പലഭാഗങ്ങളിലും തുടങ്ങിയിരിക്കുന്ന പ്രതിഷേധങ്ങള്‍ ബോധപൂര്‍വ്വമായ രാഷ്ടീയ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് തന്നെയാണ്. പന്തളത്ത് കൂടിയതിനേക്കാള്‍ വന്‍ജനാവലിയെ സംഘടിപ്പിച്ചുകൊണ്ട് ആലുവ മണപ്പുറത്തും പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുകയാണ്. ശബരിമല വിഷയത്തില്‍ ഇവ്വിധമുള്ള ചങ്ങല പ്രചരണങ്ങള്‍ ബാഹ്യമായി സംഘടിപ്പിച്ചുകൊണ്ട്‌, പിന്നില്‍ ചര്‍ച്ചകളും കുടുംബസന്ദര്‍ശനങ്ങളും മറ്റും നടത്തി ഈ വിഷയത്തെ പരമാവധി തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ തുടരുന്നത്‌. ബി.ജെ.പിയുടെ നിലപാട് മാറ്റവും  ഈ അടിയൊഴുക്കുകളുടെ സാധ്യതയും ശക്തിയും കണ്ടിട്ടാണ്. മാത്രമല്ല നിലപാട് മാറ്റിയില്ലെങ്കില്‍ തങ്ങള്‍ക്കുണ്ടാകുന്ന അപകടത്തെ അവര്‍ക്ക് വ്യക്തമായി ബോദ്ധ്യപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള അടിയൊഴുക്കുകളാണ് ദൃശ്യമാധ്യമങ്ങള്‍ പൂര്‍ണമായി കാണാതിരിക്കുകയും മറ്റ് മാധ്യമങ്ങള്‍ അത്ര ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത്.

 

 

Tags: