ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 832 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോയും വൈസ് പ്രസിഡന്റ് യൂസുഫ് കല്ലയും അറിയിച്ചു. 540-ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത് പാലു നഗരത്തെയാണ്. ഇവിടെ ആയിരക്കണക്കിന് വീടുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, പള്ളികള്‍, റോഡുകള്‍ എല്ലാം തകര്‍ന്നു. വീട് നഷ്ടപ്പെട്ടവര്‍ തുടര്‍ചലനങ്ങള്‍ ഭയന്ന് താത്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്. ഇവിടെ വിദേശ സഞ്ചാരികളുള്‍പ്പെടെ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഗതാഗത, വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ഇന്ധനത്തിന്റെയും അവശ്യവസ്തുക്കളുടെയും ക്ഷാമം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമകരമായ ദൗത്യം തുടരുകയാണ്. ആദ്യ ചലനമുണ്ടായി 48 മണിക്കൂറിനുശേഷവും തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിനകം നൂറ്റമ്പതിലേറെ തുടര്‍ചലനങ്ങളുണ്ടായി.