(ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് നടത്തിയ യാത്രയില്‍ നിന്ന്)
ഇടുക്കിയിലൂടെ യാത്ര ചെയ്യുമ്പോള്‍ വഴിയരികിലുള്ള അരുവികളിലെല്ലാം വെള്ളമുണ്ടായിരുന്നു. അന്തരീക്ഷം നല്ല ചൂടിലായിരുന്നുങ്കെങ്കിലും അരുവിയിലെ ജലത്തിന്റെ കുളിര്‍മ്മയെ അത് തെല്ലും ബാധിച്ചിരുന്നില്ല. സ്വദേശികള്‍ പലരും അരുവിയില്‍ നിന്ന് വെള്ളം ശേഖരിച്ച് കൊണ്ടുപോകുന്നുമുണ്ടായിരുന്നു. പക്ഷേ നിറഞ്ഞൊഴുകുന്ന അവ നദിയുമായി ചേരുമ്പോള്‍ അപ്രത്യക്ഷമാവുകയാണ്. ആര്‍ത്തലച്ച് കരഞ്ഞ് അമ്മയുടെ സാമിപ്യം തേടി കുഞ്ഞ് എത്തുമ്പോള്‍, അമ്മ മരിച്ച് കിടക്കുന്നു. അതിനോട് ഉപമിക്കാം നദികളുടെ ഇപ്പോഴത്തെ അവസ്ഥയെ.
അതെ, പ്രളയനാന്തരം പുഴകളിലെ കാഴ്ച തീര്‍ത്തും പരിതാപകരമാണ്. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ അവസ്ഥയാണ് എടുത്ത് പറയേണ്ടത്. കാരണം ഇടുക്കി അണക്കെട്ടിലെ ജലത്തെ നേരിട്ട് വഹിച്ചത് ഈ നദിയാണ്. ചെറുതോണിയിലെ ഷട്ടറുകള്‍ ഓരോന്നായി തുറന്നതിന് ആനുപാതികമായി പെരിയാറിന്റെ പ്രവാഹം നിയന്ത്രണാതീതമായിരുന്നു. അങ്ങ് ചെറുതോണി തുടങ്ങി ഇങ്ങ് പറവൂര്‍ വരെ, പെരിയാര്‍ ജലത്തില്‍ മുങ്ങിയത് നൂറുകണക്കിന് വീടുകള്‍. എന്നാല്‍ ഇന്ന്, പലയിടങ്ങളിലും മണ്ണും, മണലും, പാറകളും, മരങ്ങളുടെ അവശിഷ്ടങ്ങളും പ്രളയാവശേഷിപ്പായി പെരിയാറില്‍ കിടക്കുന്നു. ഇത് പെരിയാര്‍ തന്നെയാണോ എന്ന് സന്ദേഹം ജനിപ്പിക്കും ചിലയിടങ്ങളിലെ കാഴ്ച. അരുവികള്‍ സജീവമാണെങ്കിലും പുഴ ഉറങ്ങുകയാണ്. ഇത് പെരിയാറില്‍ മാത്രമൊതുങ്ങുന്നില്ല.
മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലുകള്‍ കൊണ്ട് സ്വാഭാവികത നഷ്ടപ്പെട്ട പുഴകള്‍ വീണ്ടും മാറ്റത്തിന് വിധേയമായിരിക്കുന്നു. വെള്ളപ്പാച്ചിലില്‍ നദിക്ക് തീരത്തുണ്ടായിരുന്ന പല മലകളും കെട്ടിടങ്ങളും ഇടിഞ്ഞ് വീണിരുന്നു. അതെല്ലാം നദിയിലേക്ക് തന്നെയാണ് പതിച്ചിരിക്കുന്നത്. സ്വാഭാവികമായും അവയുടെ ആഴം കുറയും. ഒഴുക്ക് തടസ്സപ്പെടും. അരുവികളില്‍ നിന്നുള്ള പ്രവാഹം അപ്രത്യക്ഷമാകുന്നതില്‍ അത്ഭുതം വേണ്ട. മാത്രമല്ല കേരളത്തിലെ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ ക്രമാതീതമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളൊക്കെ മുന്‍ നിര്‍ത്തിയാണ് നാം കടുത്ത വരള്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പുനര്‍നിര്‍മ്മാണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വീടുകളും, പാലങ്ങളും, റോഡുകളും, കിണറുകളും മറ്റ് കെട്ടിടങ്ങളുമൊക്കെ പുതുക്കിപ്പണിയേണ്ടതുണ്ട്. ചിലത് ബലപ്പെടുത്തുകയും വേണം. അതിനായി വിഭവങ്ങളാവശ്യമാണ്. പാറകളും മണലും മണ്ണുമൊക്കെ. ആ ആവശ്യത്തെ ഒരു പരിധിവരെ നേരിടാന്‍, ഇപ്പോള്‍ ഈ പുഴകളിലടിഞ്ഞുകൂടിയിരിക്കുന്ന വിഭങ്ങള്‍ക്കാകും. പശ്ചിമഘട്ടത്തില്‍ നിന്ന് ഒലിച്ചെത്തിയ അവയെ കൃത്യമായി ഉപയോഗിക്കാവുന്നതാണ്. ശാസ്ത്രീയ പഠനത്തിന് ശേഷം. പ്രളയത്തില്‍ കൂടുതല്‍ ദുര്‍ബലമായിരിക്കുന്ന മലനിരകളെ പുനര്‍നിര്‍മ്മാണത്തിന്റെ പേരിലും ചൂഷണം ചെയ്യുന്നത് അതുവഴി ഒഴിവാക്കാം. അതോടൊപ്പം പൂര്‍ണമായല്ലെങ്കില്‍ പോലും പുഴയെ നമുക്ക് വീണ്ടെടുക്കാം, പഴയ ആ ഒഴുക്കിനെ പുനഃസ്ഥാപിക്കാം. അല്ലാത്ത പക്ഷം ഇനി മഴയൊന്ന് ആഞ്ഞു പെയ്താല്‍ പുഴ തീര്‍ത്തും വഴിമാറിയൊഴുകും.