അടിയന്തര നിര്‍മാണങ്ങളിലെ അഴിമതി സാധ്യതകള്‍

Glint Staff
Fri, 07-09-2018 07:26:51 PM ;

flood-damages

പ്രളയം സംസ്ഥാനത്ത് നൂറ് കണക്കിന് കോടിയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊതുസ്വത്തുക്കളായ നിരവധി പാലങ്ങളും റോഡുകളും കെട്ടിടങ്ങളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. അതില്‍ റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. കാരണം ഗതാഗതം സാധ്യമായെങ്കില്‍ മാത്രമേ മറ്റ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരികയുള്ളൂ. ഇടുക്കിയുടെയും വയനാടിന്റെയും പലപ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതിനാല്‍ പലയിടങ്ങളിലും അറ്റകുറ്റപണികള്‍ക്കായും പുനര്‍നിര്‍മ്മാണത്തിനായും നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

 

എന്നാല്‍ ഈ അടിയന്തരമായ സാഹചര്യത്തെ മുതലെടുക്കുന്ന തരത്തിലാണ് പലയിടങ്ങളിലെയും കോണ്‍ട്രാക്ടര്‍മാരുടെ സമീപനം. പദ്ധതിക്ക് ആവശ്യം വരുന്നതിനേക്കാള്‍ പലമടങ്ങ് കൂടുതല്‍ തുകയാണ് ചില കോണ്‍ട്രാക്ടര്‍മാര്‍ സമര്‍പ്പിച്ചിരിക്കുന്ന കൊട്ടേഷനുകളിലുള്ളത്. എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ടതിനാല്‍ ഇതിന്മേലുള്ള പരിശോധന കാര്യക്ഷമാകില്ലെന്ന കാഴ്ചപ്പാടിലാകാം അവരുടെ നീക്കം. ഈ ദുരന്ത സാഹചര്യത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍പ്പുമായി വരില്ലെന്ന ചിന്തയും പിന്നിലുണ്ടാകാം. പക്ഷേ ഇത് അനുവദിക്കപ്പെട്ടാല്‍ പ്രളയ സമാനമായ അഴിമതിയായിരിക്കും സംസ്ഥാനത്തരങ്ങേറുക.

 

യുദ്ധകാല അടിസ്ഥാനത്തില്‍ പല നിര്‍മ്മാണങ്ങള്‍ നടത്തേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത് എന്ന കാര്യത്തില്‍ സംശമില്ല. എന്നാല്‍ പദ്ധതികളുടെ വേഗതിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അതിന്റെ ഗുണനിലവാരവും ചെലവും പരിഗണിക്കപ്പെടാതെ പോകും. അതുകൊണ്ട് സംസ്ഥാനത്തെ പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ വിലയിരുത്തലിന് വിധേയമാക്കണം. അതിനൊരു ചട്ടക്കൂട് സര്‍ക്കാര്‍ രൂപവല്‍ക്കരിക്കണം. സ്വാഭാവികമായും വലിയ പദ്ധതികള്‍ക്ക് മാത്രമേ സംസ്ഥാന ഏജന്‍സികളുടെ ശ്രദ്ധലഭ്യമാക്കാന്‍ സാധിക്കൂ. പക്ഷേ പ്രളയത്തില്‍ നാട്ടിന്‍പുറങ്ങളിലും ധാരാളം നാശനഷ്ടമുണ്ടായിട്ടുണ്ട്. അവ പരിശോധിച്ച് പുനരുദ്ധാണ ചെലവെത്രയെന്ന് വിലയിരുത്തി വേഗത്തില്‍ തന്നെ നടപ്പിലാക്കാന്‍ അതാത് പ്രദേശങ്ങളില്‍ തന്നെ പ്രത്യേകം സമിതിക്ക് രൂപംകൊടുക്കുന്നത് ആലോചിക്കാവുന്നതാണ്. കൃത്യമായ വിവരശേഖണവും അതുവഴി സാധ്യമാകും. പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ അതിനൊരു വെബ് പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുകയുമാകാം.

 

കേരളം ഈ മഹാദുരന്തത്തെ നേരിട്ട രീതിയെ ലോകം പ്രശംസിക്കുകയാണ്. എല്ലാവരുടെയും അകമഴിഞ്ഞ സഹായങ്ങള്‍ കിട്ടിക്കൊണ്ടുമിരിക്കുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ആ മാതൃക ആവര്‍ത്തിക്കേണ്ടതുണ്ട്. അഴിമതി കേരളത്തിന് അന്യമല്ലെങ്കിലും അത് പ്രളയത്തിന്റെ പേരിലാകുമ്പോള്‍ വന്‍ സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇത് സര്‍ക്കാര്‍ തിരിച്ചറിയണം. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും സുതാര്യതയുടെ വെളിച്ചത്തിലാകാന്‍ പ്രത്യേക കരുതലാവശ്യമാണ്.

 

Tags: