ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസ്. ദുരിതാശ്വാസ പ്രവര്‍ത്തനസംബന്ധമായ യോഗം നടക്കാന്‍ പോകുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധി സജി ചെറിയാനും സന്നിഹിതര്‍. ആ സമയത്ത് ആര്‍.ഡി.ഒ എത്തുന്നു. ആര്‍.ഡി.ഒക്ക് ഇരിക്കാന്‍ കസേരയില്ല. അദ്ദേഹം ഒരു കസേരക്കായി താലൂക്ക് ഓഫീസ് മുറിയില്‍ പരതി. തിങ്ങിനിറഞ്ഞിരുന്നവരുടെ കൂട്ടത്തില്‍ ആരും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയില്ല. അല്‍പനേരം ആര്‍.ഡി.ഒ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉച്ചത്തില്‍ ഒരു അധികാരസ്വരം ഉയര്‍ന്നു. 'കുറേ കസേര വാങ്ങിയിടൂ ഫണ്ടൊന്നും നോക്കേണ്ട' എന്നായിരുന്നു ആ നിര്‍ദേശം.
താലൂക്ക് ഓഫീസില്‍ ആ സമയത്ത് കുറച്ചുകൂടി കസേരക്കാവശ്യമുണ്ടായിരുന്നു എന്നുള്ളത് വസ്തുതയാണ്. ആ ഓഫീസ് മുറിയില്‍ അത്യാവശ്യം യോഗം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടതുമാണ്. എന്നാല്‍ അത് പൊതുസൗകര്യസൃഷ്ടിയുടെ ഭാഗമായിരിക്കണം. ഒരിക്കലും ദുരിതാശ്വാസപ്രവര്‍ത്തന ഫണ്ടില്‍ നിന്ന് എടുത്തുകൊണ്ടാകരുത്. രക്ഷാപ്രവര്‍ത്തന വേളയില്‍ എന്ത് തീരുമാനം വേണമെങ്കിലും നിയമമൊന്നും നോക്കാതെ തന്നെ ഭരണാധികാരികളും ജനപ്രതിനിധികളും എടുക്കണം. കാരണം അവിടെ പ്രധാനം ജീവന്‍ രക്ഷപ്പെടുത്തുക എന്നതാണ്.
എന്നാല്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍, ആ ഫണ്ടിലേക്ക് വരുന്ന ഒരു രൂപ പോലും ദുരിതാശ്വാസ അനുബന്ധ പ്രവര്‍ത്തനത്തിനല്ലാതെ വിനിയോഗിക്കരുത്. ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതാകട്ടെ സംസ്ഥാനത്തിന്റെ നിലവിലുള്ള പൊതുസൗകര്യവും ഉപയോഗിച്ചുകൊണ്ടാകണം. പൊതുസൗകര്യത്തിന് എന്തെങ്കിലും പോരായ്മകളോ അപര്യാപ്തതകളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് പൊതുഫണ്ടില്‍ നിന്നും ആകണം. ഇക്കാര്യത്തില്‍ കര്‍ശനമായ നിഷ്‌കര്‍ഷ പാലിച്ചില്ലെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെലവഴിക്കപ്പെടുന്ന തുകയുടെ നല്ലൊരു ശതമാനവും അഴിമതിയില്‍ പെട്ടും അനാവശ്യ ചിലവുകളില്‍ അലിഞ്ഞും നഷ്ടമാകും. മുന്‍കാലത്തെ അനുഭവങ്ങള്‍ അത്തരം കൈയിട്ടുവാരലുകളുടെയും ധൂര്‍ത്തിന്റെയും ഉദാഹരണങ്ങളാണ്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് കിട്ടിയ ഫണ്ട് വിനിയോഗിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹം വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലായിരുന്നു. വരള്‍ച്ചാ ദുരിതാശ്വാസം ലഭ്യമാക്കുന്നതിലേക്കുള്ള ആവശ്യകതയിലേക്കാണ് വന്‍തോതില്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയതെന്ന ഔദ്യോഗിക വിശദീകരണവും. ഒരു ഉദാഹരണം മാത്രമാണിത്.
ദുരിതാശ്വാസപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ പാലിക്കാതെയും വിവേചനാധികാരം ഉപയോഗിച്ചും ഒട്ടേറെ തീരുമാനങ്ങളും നടപടികളും കൈക്കൊള്ളേണ്ടി വരും. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനാണത്. 'കസേരവാങ്ങിക്കൂ' എന്ന നിര്‍ദേശം കേട്ട് അത് വാങ്ങാന്‍ പോകുന്ന വ്യക്തി സത്യസന്ധനോ സത്യസന്ധയോ ആകാം. അല്ലാതെയുമാകാം. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വിവാഹത്തിന് കരുതി വച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണവും സാധനങ്ങളും മറ്റും ചിലര്‍ തടഞ്ഞ് നിര്‍ത്തി തങ്ങളുടെ ഇഷ്ടപ്രകാരം വിതരണം ചെയ്യുന്നതും ചിലര്‍ ഇത്തരം സാധനങ്ങള്‍ അടിച്ചുമാറ്റുന്നതും ഒക്കെ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ്. ദുരിതാശ്വാസ ക്യാമ്പിലേക്ക് വിതരണം ചെയ്യാനെത്തിച്ച വസ്ത്രങ്ങള്‍ കടത്തിക്കൊണ്ട് പോയതിന്റെ പേരില്‍ കൊച്ചിയില്‍ വനിതാ പോലീസിനെതിരെ അന്വേഷണവും നടക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യ പ്രകൃതിയെയാണ് . ഉദ്യോഗസ്ഥരും നമ്മുടെ ഇടയില്‍ നിന്ന് തന്നെയുള്ളവരാണ്.
കസേര വാങ്ങിയിടൂ എന്ന് നിര്‍ദേശം കൊടുത്ത അധികാരമുള്ള വ്യക്തിയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതില്ല. എന്നാല്‍ അത് വാങ്ങാന്‍ പോകുന്ന വ്യക്തിയും കടയുടമയും തമ്മിലുള്ള ഇടപാട് കേരളത്തിന്റെ പൊതുസാഹചര്യം കണക്കിലെടുക്കുമ്പോള്‍ അത്ര സുതാര്യമാകാന്‍ സാധ്യതയില്ല. ദുരിതാശ്വാസ പ്രവര്‍ത്തനഫണ്ടുപയോഗിച്ച് പൊതു ആവശ്യത്തിനുള്ള കസേരയാണെങ്കിലും മൊട്ട് സൂചിയാണെങ്കിലും കാറോ, ജീപ്പോ തുടങ്ങിയ വാഹനങ്ങളാണെങ്കിലും വാങ്ങുന്നത് അത് വകമാറി ചെലവഴിക്കലാണ്. കസേര വാങ്ങുമ്പോള്‍ ആ ഫണ്ടില്‍ നിന്ന് ആയിരങ്ങളാണ് ഒഴുകുന്നതെങ്കില്‍ മറ്റ് ചില വസ്തുക്കള്‍ വാങ്ങുമ്പോള്‍ ആ സ്ഥാനത്ത് ലക്ഷങ്ങളും കോടികളുമായിരിക്കും. അതിനാല്‍ ഒരു തുള്ളി പോലും അവ്വിധം ഒഴുകാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. ഒരു തുള്ളി ഒഴുകിയാല്‍ അവിടെ ഒഴുക്ക് തുടങ്ങുകയായി. ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അവ്വിധം ഒഴുക്ക് തുടങ്ങിക്കഴിഞ്ഞാല്‍ അത് ഇപ്പോഴുണ്ടായ വെള്ളപ്പൊക്കത്തേക്കാള്‍ വലിയ അഴിമതിയുടെ വെള്ളപ്പൊക്കമായിരിക്കും സംഭവിക്കുക.
ഇന്നത്തെ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രക്ഷാപ്രവര്‍ത്തനം പോലെ സുതാര്യമാകേണ്ടതുണ്ട്. അതിനുള്ള സാഹചര്യവും ഇന്ന് അനായാസേന സാധ്യമാണ്. എത്ര തുക ഈ നിധിയിലേക്ക് കിട്ടി എന്നുള്ളത് അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കുവാനുള്ള സാധ്യത നിലവിലുണ്ട്. അതുപോലെ ഒരു രൂപയുടെ കാര്യമാണെങ്കിലും എന്തിന് വേണ്ടി ചെലവഴിക്കുന്നു എന്ന് അതാത് സമയത്ത് ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പ്രസിദ്ധീകരിക്കാവുന്നതേ ഉള്ളൂ. അതിപ്പോള്‍ അടിയന്തിര ആവശ്യമാണ്. അഴിമതിയും അനാവശ്യ ധൂര്‍ത്തും ഒഴിവാക്കുക എന്നതിലുപരി നടപടിക്രമങ്ങളുടെ കാലതാമസം ഒഴിവാക്കി ആവശ്യസാമഗ്രികള്‍ സംഭരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുകയെന്നത് ജനങ്ങളുടെ ജീവിതം പുനഃസ്ഥാപിക്കുന്നതിനും കേരളത്തിന്റെ പുനര്‍സൃഷ്ടിക്കും അത്യാവശ്യമാണ്.