സര്‍ക്കാരിന്റെ പ്രവൃത്തി ശ്ലാഘനീയം; ഇനി വേണ്ടത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണന

Glint Staff
Mon, 13-08-2018 06:40:58 PM ;

kerala flood, madhav gadgil

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ കാലവര്‍ഷമാണ് ഇപ്പോള്‍ പെയ്‌തൊഴിയുന്നത്. ഇതുവരെ രാജ്യവും സംസ്ഥാനവും കാണാത്തത്ര മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നതും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉണര്‍ന്ന പ്രവര്‍ത്തനം ഏങ്ങും പ്രകടമാണ്. റവന്യു, പോലീസ്, അഗ്നിരക്ഷാ സേന, ദുരന്തനിവാരണ സേന, സൈന്യം തുടങ്ങിയ വിഭാഗങ്ങളെല്ലാം ദുരന്തമുഖത്ത് അവസരോചിതമായ ഇടപെടല്‍ നടത്തി. അത് തുടരുന്നു. കൃത്യമായ ഏകോപനമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും എല്ലാം സജീവമാക്കിയുള്ള ഇടപെടല്‍. അതിന്റെ ഫലമാണ് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ പ്രകടമാകുന്നത്.

 

രാഷ്ട്രീയം മറന്ന് ദുരന്തത്തെ എങ്ങനെ നേരിടാം, ജനങ്ങളെ എങ്ങനെ രക്ഷിക്കാം എന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധയൂന്നിയതും, കൃത്യമായി കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധിപ്പിച്ച് വേണ്ട സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതും, അതിനോട് കേന്ദ്രം അതേ സമീപനം സ്വീകരിക്കുന്നതും കാണാനിടയായി. പ്രതിപക്ഷ നേതാവ് പതിവ് പ്രതിപക്ഷ സമീപനം മറന്ന് മുഖ്യമന്ത്രിക്കൊപ്പം ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്ന കാഴ്ചയുമുണ്ടായി.

 

ഈ ദുരന്തത്തെ പൊതുവില്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടുല്‍ ജിവനെടുത്തതും മറ്റ് നാശങ്ങള്‍ വരുത്തിയതും മണ്ണിടിച്ചിലാണ് എന്ന് വ്യക്തമാകും. ഏക്കര്‍ കണക്കിന് ഭൂമിയും, വീടുകളും, റോഡുകളും മറ്റുമാണ് നിമിഷ നേരംകൊണ്ട് ഒലിച്ചുപോയത്. കോടിക്കണക്കിന് രൂപയുടെ കൃഷി നാശവും. മലയ്ക്ക് മഴയെ താങ്ങുന്നതിനുള്ള ശേഷി നഷ്ടമായിരിക്കുന്നു. അല്ലെങ്കില്‍ അത് നഷ്ടമാക്കിയിരിക്കുന്നു. അതാണ് ഇതിന് പിന്നിലെ അടിസ്ഥാനകാരണം. കൃഷിയുടെയും വികസനത്തിന്‍െയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മലയുടെയും മണ്ണിന്റെയും സ്വാഭാവികതയെ നഷ്ടപ്പെടുത്തി ദുബലമാക്കിയിരിക്കുകയാണ്. മണ്ണൊലിപ്പ് തടയാന്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുക എന്ന് ചെറു ക്ലാസ്സുകളില്‍ പഠിപ്പിക്കാറുണ്ട്. പ്രാഥമികമായ ആ അറിവിന്റെ പ്രയോഗക്കുറവാണ് ഒരുപരിധിവരെ ഇവിടെ പ്രകടമാകുന്നത്. മണ്ണിനെ തന്റെ വേരുകള്‍ കൊണ്ട് വരിഞ്ഞുമറുക്കി പിടിച്ചു നിര്‍ത്തേണ്ട മരങ്ങള്‍ നാമാവശേഷമായി പകരം കൃഷിയുടെ പേരില്‍ നട്ടുപിടിപ്പിച്ച യൂക്കാലിയിലും കോണ്‍ക്രീറ്റ്‌സൗധങ്ങളുമാണ് മലകള്‍ കൈയടക്കി വച്ചിരിക്കുന്നത്. 45 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മലകളില്‍ പോലും ആഡംബര റിസോര്‍ട്ടുകളും വാട്ടര്‍ തീം പാര്‍ക്കുകളും പ്രവര്‍ത്തിക്കുന്നു. നിയമങ്ങളെ കാറ്റില്‍ പറത്തിയും നിരോധനങ്ങളെ കോടതി ഉത്തരവുകളിലൂടെ മറികടന്നും. എന്നാല്‍ പ്രകൃതിയുടെ നിയമത്താല്‍ ഇവ എപ്പോള്‍ വേണമെങ്കിലും ശിക്ഷയ്ക്ക് വിധേയരാകാം. ഈ പ്രളയകാലം അതും തെളിക്കുന്നു, മൂന്നാറിലെ പ്ലംജൂഡി റിസോര്‍ട്ടിലൂടെ.

 

മഴയും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും അത് സംഭവിക്കുന്ന ഇടങ്ങളില്‍ മാത്രമല്ല പ്രതിഫലനം സൃഷ്ടിക്കുക എന്ന് കൂടി ഈ പ്രളയകാലം മലയാളിയെ ചിന്തിപ്പിക്കുന്നുണ്ട്. അങ്ങ് കിലോമീറ്ററുകള്‍ക്കലെ വെള്ളം തുറന്ന് വിട്ടപ്പോള്‍ ഇങ്ങ് ആലുവയിലും പെരുമ്പാവൂരും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. പലയിടങ്ങളും വെള്ളത്തിനടിയിലായി. ചുറ്റും വെള്ളമുണ്ടായിട്ടും കുടിവെള്ളമില്ലാത്ത അവസ്ഥ. ഇത് ഒരു ഉദാഹരണം മാത്രമാണ്. എവിടെ വേണമെങ്കിലും ആവര്‍ത്തിക്കാം.

 

ഇന്ന് കേരളം അനുഭവക്കുന്ന ഈ ദുരന്തങ്ങളെയെല്ലാം പ്രവചിക്കുന്നതായിരുന്നു മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. മതത്തിന്റെയും വികസനത്തിന്റെയും മറ്റ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെയും പേരില്‍ അത് അവഗണിക്കപ്പെട്ടു. ഉട്ടോപ്യന്‍ നിരീക്ഷണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന പ്രചാരണങ്ങള്‍ പ്രബുദ്ധരുടെ വരെ നേതൃത്വത്തില്‍ നടന്നു. യഥാര്‍ത്ഥ റിപ്പോര്‍ട്ട് കൈകൊണ്ട് തൊടാത്തവര്‍പോലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ അതിനെതിരെ പ്രസ്താവനകളും പ്രക്ഷോഭങ്ങളും നടത്തി. ഈ അവസരത്തിലെങ്കിലും തിരിച്ചറിയണം ആ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ എന്തെന്ന്. മരത്തിന്റെ കൊമ്പ് പോലും വെട്ടാന്‍ പറ്റില്ലെന്നും ഭൂമിയ്ക്കവകാശികള്‍ ഉണ്ടാകില്ലെന്നുമുള്ള അന്ധകാര ചിന്തകളില്‍ നിന്ന് പുറത്ത് വരണം. പശ്ചിമഘട്ട സംരക്ഷണമെന്നത് മലയോരങ്ങളെ മാത്രം ബാധിക്കുന്നകാര്യമല്ല, കേരളത്തെ ഒട്ടാകെ ബാധിക്കുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിക്കണം. കേരളത്തെ സംബന്ധിച്ചെടുത്തോളം ഒരു പുനര്‍വിചിന്തനത്തിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് കൈവന്നത് കാലാവസ്ഥയുടെ സന്തുലനം മൂലമാണ്. മഴയും വെയിലും മഞ്ഞുമെല്ലാം പാകത്തിന് മാത്രം, ഒന്നും പരിധി ലംഘിക്കപ്പെടാത്ത അവസ്ഥ. ആ അവസ്ഥയിലെ മാറ്റം കഴിഞ്ഞ പത്ത് വര്‍ഷം എടുത്ത് പരിശോധിച്ചാല്‍ വ്യക്തമാകും. ഇത്തരത്തിലാണ് മുന്നോട്ടുള്ള പോക്കെങ്കില്‍ വരുന്ന പത്ത് വര്‍ഷത്തിനപ്പുറമുള്ള കേരളത്തിന്റെ അവസ്ഥ പ്രവചനാതീതമായിരിക്കും.

 

Tags: