തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ മൃതദേഹം ചെന്നൈ മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപം സംസ്‌കരിച്ചു. കരുണാനിധിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര മറീന ബീച്ചിലേക്ക് നാല് മണിയോടെയാണ് പുറപ്പെട്ടത്. വിലാപയാത്ര കടന്നു പോയ വഴിയുടെ ഇരു വശങ്ങളിലും വന്‍ ജനാവലി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ഒരു രാത്രി നീണ്ടുനിന്ന നിയമ പോരാട്ടത്തിലൂടെയാണ് മറീന ബീച്ചില്‍ കരുണാനിധിക്ക് അന്ത്യവിശ്രമത്തിനുള്ള അനുവാദം ഡി.എം.കെ നേടിയെടുത്തത്. തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് തള്ളി ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയിരുന്നത്. പോലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങള്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്ന സാഹചര്യം പോലുമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍ തുടങ്ങിയ നിരവധി പേര്‍ കരുണാനിധിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.