കാമ്പസിനുള്ളിലെ രാഷ്ട്രീയം പകയും, വിദ്വേഷവും, സംഘട്ടനവും, കൊലപാതകവുമാണ് സൃഷ്ടിക്കുന്നതെങ്കില്‍, അത് എത്ര പവിത്രമാണെങ്കിലും നിരോധിക്കുക തന്നെ വേണം. കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തെ വിലയിരുത്തുമ്പോള്‍ ഈ ഘടകങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാര്‍ഹം തന്നെ. കാമ്പസിനുള്ളില്‍ ആശയപ്രചരണം നടത്തുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കാമ്പസ് രാഷ്ട്രീയമെന്നാല്‍ ആശയങ്ങളുടെ പ്രചാരണവും മനനവും സംവാദവങ്ങളും ഒക്കെക്കൊണ്ട് നിറയേണ്ടതാണ്. താല്‍ക്കാലിക ഭ്രാന്തിന്റെ അവസ്ഥയെന്നാണ് കൗമാരത്തിന്റെ മൂര്‍ധന്യാവസ്ഥിയെ മനഃശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുള്ളത്. ഊര്‍ജ്ജത്തിന്റെ മൂക്കുകയര്‍ പൊട്ടിക്കാന്‍ വെമ്പുന്ന ജ്വലിക്കുന്ന പുത്തന്‍ മനസ്സുകളിലേയ്ക്ക് ആശയങ്ങളും ചിന്താഗതികളും കടത്തിവിടുന്നതും ഉഴുത് മറിക്കുന്നതും, വ്യക്തിയുടെ വളര്‍ച്ചയ്‌ക്കൊപ്പം മനസ്സ് പാകമാക്കുന്നതിനും സഹായിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ആ ഊര്‍ജ്ജത്തിന്റെ അഗ്രത്തില്‍ തങ്ങളുടെ സംഘടനയ്ക്ക് ഭീഷണിയാകുമെന്ന കാഴ്ചപ്പാടില്‍, എതിരാളികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കാമ്പസ് രാഷ്ട്രീയത്തെ അക്രമത്തിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്നത്. ഇരുപത് വയസ്സുവരെ പോലും ജീവിക്കാനവസരം കിട്ടാതെ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു മടങ്ങിയത് അതിനുദാഹരണം.
ഇത്തരത്തിലുള്ള കാമ്പസ് രാഷ്ട്രീയം, കോളേജ് വിദ്യാര്‍ത്ഥികളില്‍ ആസുരിക ഭാവങ്ങളെയും സമീപനങ്ങളെയും തഴപ്പിച്ചതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പലരീതിയില്‍ പ്രകടമായിരുന്നു. ഇത് കാമ്പസുകളില്‍ രാഷ്ട്രീയത്തിന്റെ സ്വഭാവമല്ല പ്രതിഫലിപ്പിച്ചത്, മറിച്ച് പാരനോയിയ-paranoia (മറ്റൊരാളാല്‍ ആക്രമിക്കപ്പെടുമെന്ന ഭീതി)എന്ന മാനസിക രോഗമാണ് പടര്‍ത്തിയത്. ഇത് ഒരു പക്ഷേ കാമ്പസിന് പുറത്തുള്ള, തെരുവിലെ രാഷ്ട്രീയ സംസ്‌കാരം സ്വാധീനിച്ചതായിരിക്കാം. എന്തായാലും തെരുവുകളിലെ രാഷ്ട്രീയത്തെക്കാള്‍ അക്രമം നിറഞ്ഞതായി മാറിയിരിക്കുന്നു കാമ്പസ് രാഷ്ട്രീയം. ഈ വസ്തുത നാം കാണാതിരുന്നുകൂടാ. ഹൈക്കോടതി കണ്ടെത്തിയതും ഇതു തന്നെ.