കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. മരം വീണും വെള്ളം കയറിയും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ടു ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പലയിടത്തും ഉരുള്‍പൊട്ടി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. എറണാകുളം കുട്ടമ്പുഴയില്‍ ചപ്പാത്ത് മുങ്ങിയതു മൂലം യാത്രാസൗകര്യം കിട്ടാതെ പുളിയനാനിക്കല്‍ ടോമി (55) മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
ഒഡീഷ തീരത്തെ ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണു തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കനത്ത മഴയില്‍ പമ്പാനദി കരകവിഞ്ഞു. പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ ചെത്തോങ്കരയില്‍ വെള്ളം കയറി. അരയാണലിമണ്‍ ക്രോസ്വേ മുങ്ങി. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്.