കേരളത്തിന്റെ സാമൂഹ്യ വ്രണങ്ങള്‍ പൊട്ടിയൊലിച്ചു തുടങ്ങുന്നു

Glint Staff
Fri, 06-07-2018 07:35:21 PM ;

abhimanyu

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം യാദൃശ്ചികമോ പെട്ടെന്നുണ്ടായ ഒരു സംഭവത്തിന്റെ പരിണിത ഫലമോ അല്ല. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ വര്‍ഷങ്ങളായി രൂപം കൊണ്ട വ്രണത്തിന്റെ മുഖം പൊട്ടല്‍ മാത്രമാണത്. ആ വ്രണവികാസത്തിന് അനുകൂലമായ സാഹചര്യമായിരുന്നു കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂന പക്ഷവര്‍ഗീയതയും ഒരേ വിപത്ത് തന്നെയാണ്. എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്ന മതേതരാന്തരീക്ഷം മുതലെടുത്താണ് മുസ്ലീം ഭീകരവാദ പ്രവര്‍ത്തനം ഏതാണ്ട് പരസ്യമെന്നപോലെ കേരളത്തില്‍ വികാസം പ്രാപിച്ചത്. ഇതിന്  മുഖ്യധാരാ രഷ്ട്രീയകക്ഷികളും മാധ്യമങ്ങളും, പുരോഗമനപക്ഷ നിലപാടെന്ന നിലയില്‍ പോലും ഒരു പരിധി വരെ പിന്തുണ നല്‍കി പോന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും രാഷ്ട്രീയമായി ആക്രമിക്കപ്പെടുന്ന എല്ലാ സാഹചര്യങ്ങളിലും മുസ്ലീം ഭീകരവാദ സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും ഓരോ പരിപാടികള്‍ പലപേരുകളിലും നടത്തിപ്പോരുകയായിരുന്നു. വര്‍ഗീയ വിഷവും മതവിദ്വേഷവും പ്രചരിപ്പിക്കുന്ന പോസ്റ്ററുകളും റാലികളും അനുസ്യൂതം കേരളത്തില്‍ നടന്നുകൊണ്ടിരുന്നു. പൊതുസ്വീകാര്യതയുള്ള വിഷയങ്ങളേറ്റെടുത്തുകൊണ്ട് ഈ സംഘടനകള്‍ പുരോഗമന ബാഹ്യമുഖം നിലനിര്‍ത്താനും ശ്രദ്ധിച്ചുപോന്നു.

 

ഹൈക്കോടതി  ഹാദിയയുടെ വിവാഹത്തെ അസാധുവാക്കി പ്രഖ്യാപിച്ചപ്പോള്‍, ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്തവിധം പരസ്യമായി പ്രകോപനപരമായ പ്രതിഷേധം ഹൈക്കോടതിയിലേക്ക് ഇവര്‍ നടത്തുകയുണ്ടായി. എറണാകുളം നഗരത്തെ ഒരു പകല്‍ മുഴുവന്‍ സ്തംഭിപ്പിച്ച ഈ ഹൈക്കോടതി മാര്‍ച്ച് നടത്താന്‍ എസ്.ഡി.പി.ഐയ്ക്ക് ആത്മവിശ്വാസം നല്‍കിയത് സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികൂല പ്രതികരണം ഉണ്ടാകില്ലെന്ന അവസ്ഥയാണ്.അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.

 

 

വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാമെന്നിരിക്കെ ഹൈക്കോടതിക്കെതിരെ മാര്‍ച്ച് നടത്തിയ സംഘടനാ നേതാക്കള്‍ക്കെതിരെയും സംഘടനക്കെതിരെയും നടപടി സ്വീകരിക്കാതിരുന്നതില്‍, സര്‍ക്കാരിനെതിരെ പല നിഷ്പക്ഷ കോണുകളില്‍ നിന്നുപോലും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.അത് രാഷ്ട്രീയമായി സ്വീകരിക്കപ്പെട്ട മൃദുസമീപനമാണെന്ന ആക്ഷേപം ഉയരുകയുമുണ്ടായി. പോപ്പുലര്‍ ഫ്രണ്ട് ദേശ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കുകയോ ജാഗ്രതപുലര്‍ത്തുകയോ ചെയ്തില്ല. അതേ സമയം വന്‍തോതില്‍ ഗള്‍ഫ് രാജ്യങ്ങില്‍ നിന്നും കേരളത്തിലെ ഇത്തരം സംഘടനകളിലേക്ക് നിര്‍പാതം  പണം ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ തങ്ങള്‍ ഇടത് പക്ഷത്തിനൊപ്പമാണെന്ന് പറഞ്ഞ് എസ്.എഡി.പി.ഐ നേതാക്കള്‍ തന്ത്രം പ്രയോഗിച്ചും പോന്നു.

 

 

നിര്‍ലോഭമായ പണത്തിന്റെ ലഭ്യത, സാങ്കേതിക വിദ്യയൊരുക്കിയിട്ടുള്ള വിനിമയ സാധ്യത, രാജ്യത്ത് നിലനില്‍ക്കുന്ന ബി.ജെ.പി സര്‍ക്കാര്‍, ഭൂരിപക്ഷ വര്‍ഗീയത, ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിലേക്ക് നീളുന്ന മുസ്ലീം വര്‍ഗീയത കേരളത്തില്‍ തഴച്ച് വളര്‍ന്നു. കാസര്‍ഗോട്ടും കണ്ണൂരും നിന്നും കാണാതായ യുവതീയുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതും, അതില്‍ ചിലര്‍ കൊല്ലപ്പെട്ടതുപോലും ലാഘവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തങ്ങളുടെ സാന്നിധ്യവും, നിശ്ചയദാര്‍ഢ്യവും ഉറപ്പ് വരുത്തി പേടിയുടെ വഴിയൊരുക്കി മുന്നേറുക എന്നതാണ് ഇക്കൂട്ടര്‍ തുടര്‍ന്നുവരുന്ന രീതി. അതിന്റെ ഭാഗമായാണ് തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിയത്, ഇപ്പോള്‍ അഭിമന്യുവിനെ കൊന്നതും, അഭിമന്യുവിനൊപ്പമുണ്ടായിരുന്നവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതും. ടി.ജെ ജോസഫിന്റെ കൈവെട്ടലും അഭിമന്യുവിന്റെ കൊലപാതകവും തമ്മിലുള്ള കാലദൈര്‍ഘ്യം നോക്കിയാല്‍ ഒന്ന് വ്യക്തമാണ്. ജോസഫ് മാഷിന്റെ കൈവെട്ടിയ ശക്തികള്‍ക്ക് തഴച്ച് വളരാനുള്ള സാമൂഹ്യാന്തരീക്ഷമായിരുന്നു കേരളത്തിലുണ്ടായിരുന്നത് എന്ന്.

 

 

ടി.ജെ ജോസഫിന്റെ കൈ വെട്ടലിനെ ആഴത്തിലുള്ള സാമൂഹ്യ വ്രണത്തിന്റെ സൂചനയായി എടുത്തിരുന്നു എങ്കില്‍ അഭിമന്യുയെന്ന 19 കാരന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ഇപ്പോള്‍ ആ വൃണം പഴുത്ത് പൊട്ടിത്തുടങ്ങിയിരിക്കുന്നു. ഇനി, ഈ സമയത്തുള്ള അണുബാധ ചികിത്സ എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ട വസ്തുതയാണ്. ഇപ്പോള്‍ എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വ്യാപകമാായ തിരച്ചിലും അറസ്റ്റും നടക്കുന്നതിനാല്‍, തങ്ങള്‍ അകാരണമായി അടിച്ചമര്‍ത്തപ്പെടുന്നു എന്ന പ്രചാരണം അവര്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഏത് സംഘടനയും ഭരണ വര്‍ഗത്താല്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ശക്തിയുക്തം വളര്‍ച്ച പ്രാപിക്കും. അത് സ്വാഭാവിക രസതന്ത്രമാണ്. ന്യൂനപക്ഷങ്ങളുടെ രക്ഷയ്ക്ക് തങ്ങളേ ഉള്ളുവെന്ന ധാരണ സൃഷ്ടിക്കലില്‍ ഇടത് പക്ഷത്തിന്റെ ശ്രമം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ കൊലപാതകത്തോടെ ന്യൂനപക്ഷ ഭീകരവാദത്തിന്റെ ആക്രമണത്തില്‍ നിന്ന് ഭൂരിപക്ഷ സമുദായങ്ങളെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന ബി.ജെ.പി-സംഘപരിവാര്‍ വര്‍ഗീയ പ്രചാരണത്തിനും ഇത് അവസരമൊരുക്കുന്നുണ്ട്.

 

 Also Read

ഏപ്രില്‍ 16 ഹര്‍ത്താല്‍: ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത നേര്‍ക്കുനേര്‍

https://lifeglint.com/content/locusglint/18041703/fake-hartal-keralam.html

 

hadiya, supreme courtഹാദിയ കേസ്: സുപ്രിംകോടതി കണ്ടെത്തലില്‍ കേരളം ശ്രദ്ധിക്കേണ്ടത്

https://lifeglint.com/content/locusglint/1711282/hadiya_supreme_court_ke...


 

 

Tags: