പിഴവ് കുമ്പസാരത്തിലോ, അതോ സ്വഭാവത്തിലോ?

Glint Staff
Tue, 26-06-2018 07:25:05 PM ;

Woman_going_to_confession

representational image

കുമ്പസാരം മുതലെടുത്ത് വീട്ടമ്മയെ കുടുക്കി വൈദികര്‍ ലൈംഗിക പീഡനം നടത്തിയതായുള്ള കേസില്‍ നടപടിയുണ്ടാകാതെ നീളുന്നു. പ്രഥമ ദൃഷ്ട്യാ അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ മുമ്പില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എട്ട് വൈദികരുമായി ഈ സ്ത്രീ കിടക്കപങ്കിട്ടു എന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ എട്ട് വൈദികരില്‍ അഞ്ച് പേരെ സഭ ഇതിനകം ചുമതലകളില്‍ നിന്ന് ഒഴിവാക്കി. വിവാഹിതയാകുന്നതിന് മുമ്പ് യുവതിക്ക് മറ്റൊരു വൈദികനുമായുണ്ടായിരുന്ന ലൈംഗിക ബന്ധം കുമ്പസരിക്കപ്പെട്ടതാണ് പീഡനത്തിന് ഉപാധിയാക്കിയതെന്നാണ് ആരോപണം. ആരോപണം ഉന്നയിച്ചിരിക്കുന്നത് യുവതിയുടെ ഭര്‍ത്താവാണ്. പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ ഭര്‍ത്താവിന്റെ മൊബൈല്‍നമ്പറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കാര്‍ഡ് ഉപയോഗിച്ചതിനെ തുടര്‍ന്ന്, ഫോണില്‍ ലഭിച്ച ബാങ്ക് സന്ദേശമാണ് ഈ സംഭവം പുറത്തറിയാന്‍ കാരണമായത്. ഡല്‍ഹിയില്‍ നിന്നെത്തിയ വൈദികന്റെ കൈയിലെ കാശ് തികയാതെ വന്നപ്പോഴാണ് യുവതി കാര്‍ഡ് നല്‍കിയത്.

 

ഡല്‍ഹിയിലെ നിര്‍ഭയ കേസിന് ശേഷം സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് രാജ്യം കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നത്. ആ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുകയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. പോലീസുകാരനെ മര്‍ദ്ദിച്ച എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയിലും ഈ നിയമ പരിരക്ഷയാണ് പ്രയോഗിച്ചിരിക്കുന്നത്. കെണിവച്ച് മുന്‍മന്ത്രി ജോസ് തെറ്റയിലിനെ ലൈംഗിക അപവാദത്തില്‍ കുടുക്കിയ സ്ത്രീയും ഈ നിയമ പരിരക്ഷയെ ദുരുപയോഗം ചെയ്യുകയായിരുന്നു.

 

സ്ത്രീ സുരക്ഷയ്ക്കായിട്ടുള്ള ഈ കര്‍ക്കശ നിയമം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടത്തേണ്ടതാണ്. എട്ട് വൈദികരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ സ്ത്രീ, പീഡനത്തിന് ഇരയാവുകയായിരുന്നോ അതോ അവര്‍ വൈദികരുമായി സ്വമേധയാ സഹകരണാടിസ്ഥാനത്തില്‍ നീങ്ങുകയായിരുന്നോ എന്നും അറിയേണ്ടതുണ്ട്.

 

ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ച് കുമ്പസാരം വളരെ പ്രധാനപ്പെട്ട ഒന്നാണ്. സമ്മര്‍ദ്ദങ്ങളാല്‍ നിറഞ്ഞ വര്‍ത്തമാന ലോകത്ത് മനഃശാസ്ത്രപരമായി കുമ്പസാരം വിശ്വാസികള്‍ക്ക് ലഭ്യമാക്കുന്ന ആശ്വാസവും ചെറുതല്ല. ഈ സംഭവത്തെ തുടര്‍ന്ന് കുമ്പസാരം ഒരു അവിശുദ്ധ ആചാരമായി സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പരിഹാസ രൂപേണ പ്രചരിപ്പിക്കപ്പെടുന്നു. കുമ്പസാരത്തിന്റെ പ്രസക്തി അതിന്റെ ഭദ്രമായ വിശ്വാസ്യതയിലാണ്. അതാണിവിടെ നഷ്ടപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് കുമ്പസാരപ്പിഴവാണോ വ്യക്തികളുടെ സ്വഭാവപ്പിഴവാണോ ഈ സംഭവത്തിന്‍ അടിസ്ഥാന കാരണമായതെന്ന് കണ്ടത്തേണ്ടത് അങ്ങേയറ്റം സാമൂഹിക പ്രധാന്യം അര്‍ഹിക്കുന്നു. ലെ മെറിഡിയനില്‍ സൈ്വപ്പ് ചെയ്ത കാര്‍ഡിന്റെ വിവരം ഭര്‍ത്താവിന് ലഭിച്ചില്ലായിരുന്നു എങ്കില്‍ ഈ സംഭവം പുറത്തറിയില്ലായിരുന്നു എന്നുള്ളതും പരിഗണനാര്‍ഹമാണ്.

 

ഈ സംഭവം വൈദിക സമൂഹത്തില്‍ നിലനില്‍ക്കുന്ന ലൈംഗിക അരാചകത്വത്തെയും ആത്മീയ രാഹിത്യത്തെയും വെളിവാക്കുന്നുണ്ട്‌. സഭകള്‍ സ്വത്ത് തര്‍ക്കത്തിലും പള്ളി പിടിച്ചെടുക്കലുകളിലും വ്യാപൃതരാകുമ്പോള്‍ ഈ അരാചകത്വ പ്രവണതകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എല്ലാ സഭകളില്‍നിന്നും ഇത്തരം വാര്‍ത്തകള്‍ സുലഭമായി സമൂഹത്തിലേക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവിടെ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടവര്‍ തന്നെ അയോഗ്യരാവുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യമാണ് തെളിയുന്നത്. അതിനാല്‍ ഇത്തരം വിഷയങ്ങളെ വെറും സഭാവിഷയമെന്ന പേരില്‍ കാണാതെ സാമൂഹ്യ വിഷയമായി കണ്ട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്

 

 

 

 

Tags: