സൗദി അറേബ്യയില്‍ വനിതകള്‍ കാറോടിച്ച് തുടങ്ങിയത് ഒരു സൂചനയാണ്. മത മേധാവിത്വത്തിന്റെ കീഴില്‍ ശ്വാസം മുട്ടിയിരുന്ന വനിതകള്‍ക്ക് ചെറിയൊരു സ്വാതന്ത്ര്യം ലഭിച്ചതിന്റെ സൂചന. ഈ സൂചനയും സൗദി അറേബ്യയുടെ മാറ്റവും, ആ രാജ്യത്തെ മാത്രം ബാധിക്കുന്നതല്ല. മതമേധാവിത്വം എവിടെയെല്ലാം കാര്‍ക്കശ്യങ്ങളുടെ ചാട്ടവാറെടുക്കുന്നുവോ, അവിടെയെല്ലാം സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മയുടെ വ്യാപ്തിയാണ് സൗദിയില്‍ വാഹനമോടിച്ചു തുടങ്ങിയ സ്ത്രീകളുടെ ആഘോഷത്തില്‍ പ്രകടമാകുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കണമെന്ന് സൗദി അറേബ്യയില്‍ ആവശ്യപ്പെട്ടിരുന്നവര്‍ മുമ്പ് ചാട്ടവാറടിക്കും തടവ് ശിക്ഷക്കും ഇരയാക്കപ്പെട്ടിട്ടുണ്ട്.
മതത്തിന്റേതായ കാര്‍ക്കശ്യം നമ്മുടെ കേരളത്തിലും അനുഭവപ്പെടുന്നുണ്ട്. മതമേധാവിത്വം എപ്പോഴും പുരുഷാധിപത്യ നിയന്ത്രിതമാണ്. അതിനാല്‍ സ്വാഭാവികമായും പല തീരുമാനങ്ങളും അടിച്ചേല്‍പ്പിക്കുന്ന വിധത്തില്‍ സ്ത്രീകള്‍ക്ക് അനുസരിക്കേണ്ടി വരുന്നു. ഇതിന്റെ സൂചനകള്‍ മുസ്ലീം വനിതകളുടെ ഇടയില്‍ നിന്ന് തന്നെ കേരളത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നു. വിദ്യാഭ്യാസപരമായി വളരെ മുന്നേറിക്കൊണ്ടിരിക്കുന്ന മുസ്ലീം വനിതകള്‍ക്കിടയില്‍ നിന്നാണ് സ്വാതന്ത്യത്തിന് വേണ്ടിയുള്ള ശബ്ദങ്ങള്‍ ഉയരുന്നത്. എന്തിന്റെ പേരിലാണെങ്കിലും സ്വാതന്ത്ര്യത്തിന് എവിടെയെല്ലാം വിലങ്ങുകള്‍ ഉണ്ടാകുന്നുവോ, അവിടെയൊക്കെ സര്‍ഗ്ഗശേഷികള്‍ തമസ്‌കരിക്കപ്പെടുകയും അതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലേക്ക് പ്രവഹിക്കുകയും ചെയ്യാറുണ്ട്. കേരളം പോലെ പ്രബുദ്ധമായ സമൂഹത്തില്‍ മതത്തിന്റെ പേരില്‍ ഒരു ചെറിയ വിഭാഗം അസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് എങ്കില്‍ അത് ആ മതത്തിനുള്ളില്‍ നിന്നുതന്നെ തിരുത്തേണ്ടതാണ്. അത്തരത്തിലൊരു ഉദാഹരണമാണ് സൗദി അറേബ്യ നിര്‍ണായകമായ ഈ തീരുമാനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെപ്പോലെ ഒരു സ്വതന്ത്ര സമൂഹത്തില്‍ സ്വാതന്ത്ര്യം ചെറുതായി ഹനിക്കപ്പെട്ടാല്‍ പോലും അതിന്റെ ശ്വാസംമുട്ടല്‍ വളരെ വലുതായി അനുഭവസ്ഥര്‍ക്ക് തോന്നും.
കേരളത്തില്‍ മതമൗലിക വാദവും പലപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും തല പൊക്കുന്നുണ്ട്. തൊടുപുഴയില്‍ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയത് കേരളത്തിന്റെ മനഃസാക്ഷിയെ മുറുവേല്‍പ്പിച്ച സംഭവമായിരുന്നു. ഇങ്ങനെയുള്ളൊരു സാമൂഹ്യ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ സ്ത്രീകള്‍ ആഘോഷമാക്കിമാറ്റിയ ഡ്രൈവിംഗ് സ്വാതന്ത്ര്യം കേരളത്തിലെ മത അധ്യക്ഷന്മാരും അതുപോലെ തന്നെ മതാചാര കാര്‍ക്കശ്യം അടിച്ചേല്‍പ്പിക്കുന്നവരും ശ്രദ്ധിക്കേണ്ടതാണ്.