ഐ.പി.എസ്സ് നേടിക്കഴിഞ്ഞാല്‍ ഈ വ്യക്തികളുടെ കഴിവ് എവിടെപ്പോകുന്നു? അതാണ് ഗഹനമായി ആലോചിക്കേണ്ട കാര്യം. സംസ്ഥാന പോലീസ് മേധാവി പത്രക്കുറിപ്പിറക്കിയിരിക്കുന്നു, 'മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന്' ഇത്രയും ദുര്‍ബലരോ ഈ ഐ.പി.എസ്സുകാര്‍. വിദ്യാഭ്യാസമികവിലൂടെ ഐ.പി.എസ്സുനേടിയ ഒരു വ്യക്തിയുടെ മകളുടെ സ്വഭാവ ധാര്‍മ്മികത ഇത്ര വികലമാകാന്‍ കാരണമെന്ത്. സര്‍വ്വീസിലുള്ള സുദേഷ്‌കുമാറിന്റെ മകള്‍ യുവതിയാകണം. ഒരു ശരാശരി യുവതിയിലുണ്ടാകേണ്ട നീതി ബോധം, ധാര്‍മ്മികതയുടെ ചോരത്തിളപ്പ് ഈ യുവതിയില്‍ എന്തുകൊണ്ട് അപ്രത്യക്ഷമായി. അനധികൃതമായാണ് താന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നതെന്ന് എന്തുകൊണ്ട് ആ യുവതിയില്‍ ഓര്‍മ്മ വരുന്നില്ല. അധികാരം എന്നാല്‍ തോന്ന്യാസവും അക്രമവും കാട്ടാനുള്ള അവകാശമാണെന്ന് ആ യുവതിയ്ക്ക് എങ്ങനെ ബോധ്യമുണ്ടായി.
നാട്ടുകാരുടെ നികുതിപ്പണം മോഷ്ടിക്കുകയും ജീവിക്കാനുള്ള മറ്റൊരാളുടെ അവകാശത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിച്ചെന്ന ആരോപണമാണ് സുദേഷ്‌കുമാറിന്റെ മകള്‍ നേരിടുന്നത്. ഈ സംസ്‌കാരം സംസ്ഥാനത്തെ എ.ഡി.ജി.പിയുടെ കുടുംബാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതാണ്. എന്തുകൊണ്ട് ഇത്രയും വിദ്യാസമ്പന്നനായ ഒരു വ്യക്തിയുടെ മകള്‍ ഇവ്വിധം പരിണമിക്കുന്നു. അവര്‍ ഈ അവസ്ഥയില്‍ എത്തിപ്പെട്ടതിന് ഒരു പരിധിവരെ ആ യുവതിയേക്കാള്‍സുദേഷ് കുമാറും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഉത്തരവാദി. വിദ്യാഭ്യാസവും സംസ്‌കാരവും തമ്മില്‍ ബന്ധമില്ലെന്നുള്ളതിന്റെ ഉത്തമ ഉദാഹരണം. ഇത്തരത്തിലൊരു വ്യക്തി സംസ്ഥാന പോലീസ് സേനയുടെ പ്രധാനസ്ഥാനത്തിരിക്കുകയാണെങ്കില്‍ ആ വ്യക്തിയില്‍ നിന്ന് ജനത്തിന് എന്ത് നീതി ലഭിക്കാനാണ്.
സുദേഷ് കുമാറും അദ്ദേഹത്തിന്റെ മകളും ചെയ്ത കുറ്റം നാട്ടിലെ ഒരു സാധാരണ വ്യക്തി ചെയ്യുകയായിരുന്നെങ്കില്‍, ഇതിനകം അവനോ അവളോ അകത്താകുമായിരുന്നു. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിന് കഴുത്തിനും നട്ടെല്ലിനും പരിക്കുണ്ട് എന്നതില്‍ സംശയമില്ല. തന്നെ സുദേഷ് കുമാറിന്റെ മകള്‍ അടിച്ചതാണെന്ന് അദ്ദേഹം പരാതിയും നല്‍കിയിട്ടുണ്ട്. എന്തായാലും പോലീസ് ഡ്രൈവറായ ഗവാസ്‌കര്‍ ഓടിച്ചിരുന്ന വാഹനത്തില്‍ സുദേഷ്‌കുമാറിന്റെ മകള്‍ ഔദ്യോഗിക സവാരി നടത്തുകയല്ലായിരുന്നു എന്നുള്ളതുറപ്പാണ്. എന്നിട്ടും ഗവാസ്‌കര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നു, സുദേഷ് കുമാറിന്റെ മകളുടെ പരാതിയെത്തുടര്‍ന്ന്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിച്ചപ്പോള്‍ അതു തടയുന്നതിന് വേണ്ടി കൊണ്ടു വന്ന നിയമം ഇവിടെ കുറ്റകൃത്യത്തെ മറയ്ക്കാന്‍ വേണ്ടി അഡീഷണല്‍ ഡി.ജി.പി ദുരുപയോഗം ചെയ്യുന്നു. ഏറ്റവും സഹതാപമര്‍ഹിക്കുന്നത് ഒടുവില്‍ ഈ എ.ഡി.ജി.പി പോലീസ് മേധാവിക്ക് നല്‍കിയ പരാതിയാണ്. ഗവാസ്‌കര്‍ അലക്ഷ്യമായി വാഹനമോടിച്ചുവെന്ന് കാണിച്ചുകൊണ്ടുള്ളത്. ഒരു പോലീസ് ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിച്ചത് മനസ്സിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടി വന്നിരിക്കുന്നു ഒരു എ.ഡി.ജി.പിക്ക്. ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിക്കുന്നതു കണ്ടാല്‍ അതു തിരുത്താനോ അയാള്‍ക്കെതിരെ അപ്പോള്‍ നടപടിയെടുക്കാനോ കഴിയാത്ത ഒരാള്‍ സബ് ഇന്‍സ്‌പെടക്ടര്‍ തസ്തികയ്ക്കു പോലും യോഗ്യനല്ല.
ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുക, പോലീസുകാരെ ദാസ്യപ്പണിക്കു നിയോഗിക്കുക, ഔദ്യോഗിക ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ എ.ഡി.ജി.പിയുടെ മകള്‍ തല്ലി അവശനാക്കുക എന്നീ കുറ്റകൃത്യങ്ങളേക്കാള്‍ ഗൗരവമര്‍ഹിക്കുന്നതാണ് സുദേഷ് കുമാറും അദ്ദേഹത്തിന്റെ മകളും കൊടുത്തിരിക്കുന്ന പരാതികള്‍. ഒന്നുകില്‍ ഗവാസ്‌കര്‍ പറയുന്നത് കളവ്. അല്ലെങ്കില്‍ എ.ഡി.ജി.പി കളവ് പറയുന്നു. പോലീസ് ഡ്രൈവര്‍ കളവ് പറയുന്നതിനേക്കാള്‍ ഗൗരവമേറിയതാണ് അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറലായ വ്യക്തി കളവ് പറയുകയും അതെഴുതി പരാതിയായി നല്‍കുകയും ചെയ്തിരിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ ഉന്നതന്‍ പറഞ്ഞത് കളവാണോ സത്യമാണോ എന്നു തെളിയിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണ്.
ഒരച്ഛന്‍ എന്ന നിലയില്‍ മകള്‍ അറസ്റ്റിലാകുന്നതും നിയമ നടപടിയെ നേരിടുന്നതുമൊക്കെ സുദേഷ് കുമാറില്‍ ഉണ്ടാക്കുന്ന വൈകാരികതകള്‍ മനസ്സിലാക്കാം. അതിനു പരിഹാരം നിയമവ്യവസ്ഥയിലൂടെ തേടാന്‍ കഴിയണം. എന്തായാലും അദ്ദേഹത്തിന്റെ മകള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഈ നടപടി ഇത്രയും വൈകി. ഒരു പക്ഷേ ഉന്നത പോലീസ് പദവിയായിരിക്കാം അതൊന്നും വേണ്ടിവരില്ല എന്ന തോന്നലില്‍ അദ്ദേഹത്തെ തളച്ചിട്ടത്. പോലീസ് എന്തിനെയെല്ലാം തടയാന്‍ നിലകൊള്ളണമോ അതെല്ലാം തലപ്പത്ത് അടിഞ്ഞുകൂടി ഉറഞ്ഞിരിക്കുന്ന മഞ്ഞുമലമുകളറ്റമാണ് ഇപ്പോള്‍ ഈ സംഭവത്തിലൂടെ കാണപ്പെടുന്നത്.