Skip to main content

colonialism

representational image

 

ദാസ്യപ്പണി ചെയ്യിക്കുന്നതും ചെയ്യുന്നതും ഒരേ മാനുഷിക ഘടനയുടെ ഫലമാണ്. വിവേകമില്ലായ്മയാണ് അതിന് കാരണം. സമൂഹത്തിലെ ഏറ്റവും സമര്‍ത്ഥരായവരില്‍ ഒരു വിഭാഗം തന്നെയാണ് സിവില്‍ സര്‍വീസിലേക്ക് മത്സരപ്പരീക്ഷയിലൂടെ നേരിട്ട് പ്രവേശിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലനം കഴിഞ്ഞ് അവര്‍ ഓരോ തസ്തികകളില്‍ പ്രവേശിക്കുമ്പോള്‍, ഐ.എ.എസ് ഐ.പി.എസ് എന്ന അക്ഷരങ്ങള്‍ അവരെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതായാണ് സ്വതന്ത്ര ഇന്ത്യയില്‍ കണ്ടുവരുന്നത്. അതില്‍ ചെറിയ മാറ്റങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്‌. പക്ഷേ അത് ഏതാനും വ്യക്തികളില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നു. അവരെ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നു. അതിലൂടെ അവരും മാധ്യമങ്ങളുടെ പ്രചരണ ഇരയായി മാറുന്ന കാഴ്ചയും കാണുന്നു.

 

രാജ്യത്തിന്റെ ആത്മാവുമായി ബന്ധമറുക്കുന്ന കൊളോണിയല്‍ പരിശീലനത്തിന്റെ ഫലമായിട്ടാണ് സിവില്‍ സര്‍വീസുകാര്‍ക്ക് സമൂഹത്തില്‍ നിന്നും തങ്ങള്‍ വേറിട്ടവരാണെന്ന തോന്നല്‍ ഉണ്ടാകുന്നത്. ഇത് അവരില്‍ കൊളോണിയല്‍ സംസ്‌കാരം വ്യക്തിപരമായും തൊഴില്‍ പരമായും സൃഷ്ടിക്കുകയും സ്വയം അറിയാതെ തന്നെ അവരെ വിദ്യാഭ്യാസത്തിന്റെ സാംസ്‌കാരിക പോഷകാംശത്തില്‍ നിന്ന് അകറ്റുകയും ചെയ്യുന്നു. അവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസവും, സിവില്‍ സര്‍വീസും തന്‍പ്രമാണിത്വത്തിന്റെ അധികാര ഹുങ്കിനെ പരിപോഷിപ്പിക്കാനായി വിനിയോഗിക്കുന്നു. ഇത്തരത്തിലുള്ള പരിശീലന സംസ്‌കാരണമാണ് ഐ.പി.എസ് ട്രെയിനിയായ ഒരു വനിത ഉദ്യോഗസ്ഥയെപ്പോലും പോലീസുകാരെ ദാസ്യപ്പണിയ്ക്കും വീട്ടുവേലയ്ക്കും നിര്‍ബന്ധിക്കാന്‍ ഇടയായത്. വിദ്യാഭ്യാസത്തിന്റെയോ പ്രായത്തിന്റെയോ ഗുണം പോലും അവരില്‍ പ്രതിഫലിച്ചില്ല എന്നുള്ളതാണ് ഇവിടെ തെളിയുന്നത്. ഇതിലേക്കാണ് സമൂഹവും രാഷ്ട്രീയ നേതൃത്വവും ശ്രദ്ധിക്കേണ്ടത്. അവിടെയാണ് തിരുത്തല്‍ ആവശ്യമുള്ളത്.

 

ഔദ്യോഗിക വസതിയില്‍ നിന്ന് ഓഫീസിലേക്ക് പോകും വഴി സ്വകാര്യ ആവശ്യം നിറവേറ്റാനായി രണ്ടോ മൂന്നോ കിലോമീറ്റര്‍ അധികമോടിയതിന്, കിലോമീറ്ററിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക ഒരു ഉദ്യോഗസ്ഥന് അടയ്‌ക്കേണ്ടി വന്ന ചരിത്രം കേരളാ പോലീസിനുണ്ട്. ഇപ്പോഴും സ്വകാര്യ ആവശ്യത്തിന് ഔദ്യോഗിക വാഹനം ഉപയോഗിക്കുകയാണെങ്കില്‍ കിലോമീറ്ററിന് നിശ്ചിത രൂപ സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നുണ്ട്. പ്രാധമികമായി ഈ നിയമം പോലും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ കൂട്ടത്തില്‍ പാലിക്കാന്‍ കഴിയാത്ത ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയ്‌ക്കോ എങ്ങനെ നീതി നിര്‍വഹണം നടത്താന്‍ കഴിയും. ഇതാണ് അടിസ്ഥാന ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തലിന് ഔദ്യോഗിക സമീപനങ്ങളും രാഷ്ട്രീയ സമീപനങ്ങളും ഒരേ പോലെ ഉണ്ടാകേണ്ടിയിരിക്കുന്നു.

 

അധികാരം എന്നത് താരതമ്യേന ബലംകുറഞ്ഞവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ളതാണ് എന്ന ധാരണ കൊളോണിയല്‍ സംസ്‌കാരത്തിന്റെ തുടര്‍ച്ചായായി ഇപ്പോഴും അവശേഷിക്കുന്നു. അതിനാല്‍ അധികാരമുള്ളവന്‍ അധികാരമില്ലാത്തവന്റെ മേല്‍ കുതിര കയറുകയും, അധികാരമില്ലാത്തവന്‍ അധികാരമുള്ളവന്റെ മേല്‍ ഓച്ചാനിച്ച് നില്‍ക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ ആധിപത്യം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് പ്രകടമാക്കുമ്പോള്‍ അധികാരമുള്ളവര്‍ അനുഭവിക്കുന്ന ഒരുസുഖമുണ്ട്. അതേ സുഖം തന്നെയാണ് അധികാരമുള്ളവരുടെ മുന്നില്‍ ദാസ്യപ്പണിയിലൂടെ അടിമ മനോഭാവത്തില്‍ അധികാരത്തിനോടടുത്ത് നില്‍ക്കുമ്പോഴും ഉണ്ടാകുന്നത്. രണ്ടും ഒരേ സ്വഭാവ വൈകൃതത്തിന്റെ ഭാഗമാണ്.

 

ഈ വൈകൃതം സമൂഹത്തില്‍ വ്യാപിച്ച് കിടക്കുന്നു. പോലീസ് ഉള്‍പ്പെടെയുള്ള അധികാര വര്‍ഗ്ഗം ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരെ  സമൂഹത്തെ ഉണര്‍ത്താനാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആ ഉണര്‍ത്തല്‍ സമൂഹത്തെ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നയിക്കാനെ  സഹായിക്കുകയൊള്ളൂ. എന്തെന്നാല്‍ അടുത്ത വിഷയം വരുന്നത് വരെ മാത്രമേ ഈ മാധ്യമ ഉണര്‍ത്ത് റിയാലിറ്റി ഷോ നിലനില്‍ക്കുകയൊള്ളൂ. ഇവിടെ ഉണരേണ്ടത് ഓരോ വ്യക്തിയുമാണ്. മറ്റുള്ളവരുടെ മേല്‍  അവസരം കിട്ടിയാല്‍ ആധിപത്യം സ്ഥാപിക്കുമോ എന്നുള്ള ചോദ്യം സ്വയം ചോദിക്കാനുള്ള ആര്‍ജവം ഉണ്ടാകണം. ഒരു ഉദ്യോഗസ്ഥന്‍ ഔദ്യോഗിക വാഹനത്തില്‍ ചീറിപ്പാഞ്ഞ് പോകുമ്പോള്‍ അസൂയ തോന്നാതെ, തന്റെ നികുതി പണം കൊണ്ടാണ് ഈ ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഉദ്യോഗസ്ഥ ഇവ്വിധം പോകുന്നത് എന്നുള്ള ബോധ്യത്തിലേക്ക് വ്യക്തി ഉയരേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ സര്‍ക്കാര്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട 'പത്രാസ്' പരിവേഷം മാറുകയൊള്ളൂ. അതിനുള്ളിലിരിക്കുന്നവര്‍ ജന സേവകരാണെന്ന് ബോധ്യപ്പെടുകയും ചെയ്യുകയൊള്ളൂ.