Skip to main content

Oommen Chandy, Ramesh Chennithala, M.M Hassan

കേരളത്തില്‍ വര്‍ഗീയതയെ മറ നീക്കി രാഷ്ട്രീയത്തില്‍ പ്രയോഗിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ രാഷ്ട്രീയമായി വര്‍ഗീയതയെ പ്രയോഗിച്ചത് സി.പി.എമ്മും. നാളുകള്‍ കഴിഞ്ഞപ്പോള്‍ രണ്ട് മുന്നണികളും വര്‍ഗീയതയെയും ജാതി സമവാക്യങ്ങളെയും വ്യവസ്ഥാപിതമായി ഉപയോഗിക്കാന്‍ തുടങ്ങി. കേഡര്‍ പാര്‍ട്ടി സംഘടനാ ബലമുള്ള സി.പി.എം അതിന്റെ ഘടനയെ നിലനിര്‍ത്തിക്കൊണ്ട് വര്‍ഗീയതയെ പലപ്പോഴും തന്ത്രങ്ങളായി പ്രയോഗിച്ചു. കോണ്‍ഗ്രസാകട്ടെ ഒരു ഭാഗത്ത് സംഘടനാ ക്ഷയം അനുഭവിക്കുമ്പോള്‍ വ്യക്തി കേന്ദ്രീകൃതമായി വര്‍ഗീയതയെ പ്രത്യക്ഷപ്രീണത്തിനുവേണ്ടി ഉപയോഗിക്കുന്നു. ഓരോ വിഭാഗത്തില്‍ പെട്ടവരെ പ്രീതിപ്പെടുത്താനായി ആ വിഭാഗത്തിന്റെ പ്രതിനിധി എന്നോണം നേതാക്കളെ പരസ്യമായ രഹസ്യമെന്നോണം വാഴിച്ചുകൊണ്ടിരിക്കുന്നു. പല നേതാക്കളും തങ്ങളുടെ സ്ഥാനലബ്ധിക്കുവേണ്ടി നിര്‍ണായക ഘട്ടങ്ങളില്‍ ആ കാര്‍ഡ് പ്രയോഗിക്കുകയും ചെയ്തു. അത്തരമൊരു കാര്‍ഡ് പ്രയോഗത്തിന്റെ ഫലവും കൂടിയാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി അവരോധിക്കപ്പെട്ടത്. എന്നാല്‍ സി.പി.എം സംഘടനാ തലത്തില്‍ പ്രീണന നടപടികള്‍ എടുത്തുകൊണ്ട് ഓരോ വിഭഗാത്തെയും കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നു.

 

ബി.ജെ.പി ശക്തമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍, ആ ഉയര്‍ച്ചയെ ചൂണ്ടിക്കൊണ്ട് ന്യൂനപക്ഷങ്ങളുടെ രക്ഷകര്‍തൃത്വം എറ്റെടുക്കുന്ന നിലപാടാണിപ്പോള്‍ സി.പി.എമ്മും ഇടത് പക്ഷവും ഇപ്പോള്‍ സ്വീകരിക്കുന്നത്. അതിന്റെയും കൂടി വിജയമാണ് ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പില്‍ നേടിയെടുത്തിരിക്കുന്നത്. മതേതരത്വം കൊണ്ട് അവര്‍ വിവക്ഷിക്കുന്നത് ആര്‍.എസ്.എസ് ബി.ജെ.പി ശക്തിയെ ശക്തമായി എതിര്‍ക്കുക, മത ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് അതിന്റെ വക്താക്കളാവുക എന്നതാണ്. ബി.ജെ.പി ദേശീയ തലത്തില്‍ ശക്തമായി നില്‍ക്കുന്നിടത്തോളം സി.പി.എമ്മിന്റെയും ഇടത് പക്ഷത്തിന്റെയും ഈ നിലപാടിന് അംഗീകാരം ലഭിക്കും.

 

ഇവിടെ രണ്ട് മുഖ്യ ശാക്തിക ചേരികള്‍ രൂപപ്പെടുമ്പോള്‍ സി.പി.എമ്മിന് കോണ്‍ഗ്രസ് ശക്തമായ എതിരാളി അല്ലാതെയാകുന്നു. മാത്രവുമല്ല ദേശീയ തലത്തില്‍ അവര്‍ കൂട്ടാളിയുമാകുന്നു. ഈ സവിശേഷ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ മുദ്രാവാക്യം മുന്നോട്ട് വയ്ക്കാനാകാതെ നിസഹായതയില്‍ ഉഴലുന്ന അവസ്ഥയാണുള്ളത്. ആ അവസ്ഥയുടെ പ്രതിഫലനമാണ് ചെങ്ങന്നൂരില്‍ കണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്. ബി.ജെ.പിയെ കേരളത്തില്‍ എതിര്‍ക്കുമ്പോള്‍, അതില്‍ കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടമാകുന്നു. ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് കൂടുതലും കോണ്‍ഗ്രസില്‍ നിന്നാണ് സംഭവിക്കുന്നത്. ഇത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അകലം കുറവാണെന്ന ധാരണയും രൂഢമൂലമാക്കിയിട്ടുണ്ട്.

 

ബി.ജെ.പിയുടെ ഹിന്ദുത്വ പരിവേഷം തങ്ങളിലേക്ക് ആവാഹിച്ച് ജയം കണ്ടെത്താമെന്നുള്ള ചെങ്ങന്നൂര്‍ പരീക്ഷണമായിരുന്നു ഡി.വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം. ഇതും കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള അകലം കുറവാണെന്നുള്ള ധാരണ ഉറപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും എന്ത് വ്യക്തമായ നിലപാട് മുന്നോട്ട് വക്കാന്‍ കഴിയും. ദേശീയ തലത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് കോണ്‍ഗ്രസിനേക്കാള്‍ ശക്തമായി സി.പി.എമ്മും ഇടത് പക്ഷവും കേരളത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് പുതിയ വഴികള്‍ തേടേണ്ടി വരുന്നു. ഒന്നുകില്‍ സമീപ ദശകങ്ങളില്‍ കോണ്‍ഗ്രസ് കേരളത്തില്‍  അനുഭവിച്ചിട്ടില്ലാത്ത വിധത്തില്‍ കര്‍മ്മ ശേഷിയും, നേതൃത്വപാടവവും, ബൗദ്ധിക ഔന്ന്യത്യവുമുള്ള ഒരു നേതാവ് പാര്‍ട്ടിയെ നയിക്കാനുണ്ടാകണം. അത് ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറത്ത് നിന്ന് ഉണ്ടാകുന്നതായിരിക്കണം. ഇതിന് രണ്ടിനും കേരളത്തിലെ  വര്‍ത്തമാനകാല കോണ്‍ഗ്രസ് അവസ്ഥ വഴിയൊരുക്കുന്നില്ല. ചെങ്ങന്നൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്ന പേരുകളുമൊക്കെ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസിലെ കേരളത്തിലെ രീതികള്‍ മാറില്ല എന്ന് തന്നെയാണ്. ഇതാണ് കോണ്‍ഗ്രസിന്റെ ഭാവിയും കേരള രാഷ്ട്രീയത്തിന്റെ ഗതിയും വരും നാളുകളില്‍ നിര്‍ണയിക്കാന്‍ പോകുന്നത്.