മതം ചര്‍ച്ചയാകണം; ചേര്‍ത്തുവച്ച കൈ ചൂണ്ടി ടി.ജെ ജോസഫ് പറയുന്നു

അമല്‍ കെ.വി
Fri, 25-05-2018 06:38:56 PM ;

മത നിന്ദ കലര്‍ന്ന ചോദ്യപേപ്പര്‍ തയാറാക്കിയെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈപ്പത്തി വെട്ടിമാറ്റിയ മുന്‍ കോളേജ് അദ്ധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ അഭിമുഖം

 

 

ചോദ്യപേപ്പര്‍ വിവാദമായപ്പോള്‍ അത് ആക്രമണത്തില്‍ കലാശിക്കുമെന്ന ചിന്തയുണ്ടായിരുന്നോ?

 

രണ്ടായിരത്തിപ്പത്ത് ജൂലൈ നാലിനാണ് എനിക്കെതിരെ ആക്രമണമുണ്ടാകുന്നത്. അതിന് മുമ്പ് മൂന്ന് തവണ അവര്‍ വീട്ടിലെത്തി ശ്രമം നടത്തിയിരുന്നു. എന്നാല്‍ അവയൊക്കെ പരാജയപ്പെട്ടു. അതോട് കൂടി ആക്രമിക്കപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. അതിനാല്‍ പള്ളിലയില്‍ പോക്കും സിനിമക്ക് പോക്കും കുറച്ചുനാള്‍ വേണ്ട എന്ന് വച്ചിരിക്കുകയായിരുന്നു. പിന്നീട് എനിക്ക് തോന്നി ഭയന്ന് എത്രനാളാണ് ഇങ്ങനെ ഇരിക്കുന്നത്, അവര്‍ ആക്രമിക്കുകയാണെങ്കില്‍ ആക്രമിക്കട്ടെ. കൊല്ലും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. ഒരാള്‍ മറ്റൊരാളെ മനഃപ്പൂര്‍വ്വം കൊല്ലണം എന്ന് വിചാരിച്ചാല്‍ പിന്നെ രക്ഷയില്ലല്ലോ? എന്നെ സംബന്ധിച്ച് ആരാണ് വകവരുത്താന്‍ വരുന്നത് എന്ന് അറിയുകയുമില്ല. അതിനാല്‍ ഓടി ഒളിക്കല്‍ സാധ്യമല്ല. അപ്പോള്‍ വരുന്നത് വരുന്നിടത്ത് വച്ച് തന്നെ കാണാം എന്ന മാനസികാവസ്ഥയില്‍ ഞാന്‍ എത്തി. ആക്രമണം നടക്കുന്നതിന്റെ തലേന്ന് മൂന്നാം തീയതി സെന്റ് തോമസ് ഡേ ആയിരുന്നു സാധാരണഗതിയില്‍ ഞാന്‍ പള്ളില്‍ പോകേണ്ടതാണ്, എന്നാല്‍ പോയില്ല. പിറ്റേന്ന്, വയസ്സായ അമ്മയും കന്യാസ്ത്രീയായ ചേച്ചിയും വീട്ടിലുണ്ടായിരുന്നു. അവര്‍ രാവിലെ പള്ളില്‍ പോകാന്‍ തയ്യാറായി, ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ അവരെ കൊണ്ടുപോവുകയുമാകാം എനിക്ക് പള്ളിയില്‍ പോവുകയും ചെയ്യാം എന്നോര്‍ത്താണ് ഇറങ്ങിയത്. അപ്പോഴാണ്  ആക്രമണം നടക്കുന്നത്. കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു എന്ന ചിന്തയൊന്നും എനിക്കില്ല. ഞാന്‍ ശ്രദ്ധിച്ചിരുന്ന സമയത്തൊന്നും അവര്‍ക്ക് എന്നെ ആക്രമിക്കാന്‍ സാധിച്ചിട്ടില്ല.

 

ആ ചോദ്യപേപ്പര്‍ തയ്യാറാക്കിയ ദിവസത്തെ ഒന്ന് ഓര്‍ത്തെടുക്കാമോ?

 

ചോദ്യം തയ്യാറാക്കിയ ദിവസം എനിക്ക് നല്ല ഓര്‍മയുണ്ട്. അന്ന് ഒരു വെള്ളിയാഴ്ചായായിരുന്നു, ചോദ്യപേപ്പര്‍ തയാറാക്കി കോളേജില്‍ ഏല്‍പ്പിക്കേണ്ട അവസാന തീയതി. എന്റെ സഹ അദ്ധ്യാപകനായ വൈദികന്റെ കൈയില്‍ നിന്നുള്ള ചോദ്യം കൂടി കിട്ടിയ ശേഷം മാത്രമേ എനിക്ക് ചോദ്യപേപ്പര്‍  പൂര്‍ത്തീകരിക്കാനാകുമായിരുന്നുള്ളൂ. അദ്ദേഹം അത് തരാന്‍ വൈകിയതുകൊണ്ട് അന്ന് വൈകീട്ടോടെയാണ് എന്റെ ചോദ്യവും അദ്ദേഹത്തിന്റെ ചോദ്യവും ചേര്‍ത്ത് പൂര്‍ണ രൂപത്തിലാക്കുന്നത്. അങ്ങനെ ചോദ്യം തയ്യാറാക്കുന്ന സമയത്ത് ഏതൊരു ചോദ്യപേപ്പറും ഉണ്ടാക്കുന്ന മനോഭാവം തന്നെയായിരുന്നു എനിക്കുണ്ടായിരുന്നത്. ഞാന്‍ സ്വന്തമായുണ്ടാക്കുന്ന ചോദ്യമേ ഏത് പരീക്ഷക്കും ഉപയോഗിക്കാറുള്ളൂ.ഞാനിടുന്ന ചോദ്യം പുതിയത് തന്നെയായിരിക്കും. മറ്റ് പലരും അങ്ങനെയല്ല, കാരണം ചോദ്യമുണ്ടാക്കുക എന്നുള്ളത് അല്‍പം ശ്രമകരമായ ജോലിതന്നെയാണ്. അവര്‍ പഴയ ചോദ്യപേപ്പറില്‍ നിന്നുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കാറാണ് പതിവ്. അതുകൊണ്ടാണ് പത്ത് വര്‍ഷത്തെ ചോദ്യപേപ്പര്‍ വച്ച് പഠിച്ചു കഴിഞ്ഞാല്‍ പരീക്ഷ എളുപ്പത്തില്‍ ജയിക്കാമെന്ന സ്ഥിതിയുള്ളത്. പലപ്പോഴും അദ്ധ്യാപകര്‍ തന്നെ ഈ രീതി കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാറുമുണ്ട്.

 

ഈ ചോദ്യം ഒരു ഖണ്ഡിക നല്‍കിയിട്ട് അതില്‍ കൃത്യമായി ചിഹ്നങ്ങള്‍ ഉപയോഗിക്കുക എന്നതായിരുന്നു. അതായത് കുത്തും കോമയും അര്‍ധവിരാമവും ഒക്കെ ഉചിതമായ സ്ഥലത്ത് പ്രയോഗിക്കുക എന്നുള്ളത്. അതിനായി കണ്ഡിക വേണമെങ്കില്‍ സ്വന്തമായിട്ടുണ്ടാക്കാം അല്ലെങ്കില്‍ പുസ്തകങ്ങളില്‍ നിന്നെടുക്കാം. അങ്ങനെ ആലോചിച്ചപ്പോഴാണ് ശ്രീ പി.ടി കുഞ്ഞ് മുഹമ്മദിന്റെ ഒരു ലേഖനത്തിലെ സംഭാഷണ ശകലം എന്റെ മനസ്സിലേക്ക് വരുന്നത്. ഭ്രാന്തനും ദൈവവുമായിട്ടുള്ള സംഭാഷണ ശകലം. തമാശ രൂപത്തിലുള്ള സംഭാഷണ മായതിനാല്‍ ബ്ലാക്ക് ഹ്യൂമറിന് ഉദാഹരണമായിട്ട് പലപ്പോഴും ഞാന്‍ അത് ക്ലാസ്സുകളില്‍ പറയാറുള്ളതാണ്. അതില്‍ എല്ലാ ചിഹ്നങ്ങളും ഉപയോഗിക്കാന്‍ പറ്റിയതുമായിരുന്നു. ലേഖനത്തില്‍ ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണമാണ്. ആ ഭാഗം മാത്രം അടര്‍ത്തിയെഴുതുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഭ്രാന്തന് ഒരു പേര് നല്‍കാം എന്ന് ചിന്തിക്കുന്നത്. ഭ്രാന്തന്‍ ദൈവത്തെ പടച്ചോനെ പടച്ചോനെ എന്നാണ് വിളിക്കുന്നത്. സ്വാഭാവികമായും ഒരു മുസ്ലിം സമുദായത്തില്‍പെട്ട ആളായിരിക്കും ദൈവത്തെ പടച്ചോനെ എന്ന് വളിക്കുക. അങ്ങനെയാണ് ഭ്രാന്തന് മുഹമ്മദ് എന്ന പേര് കൊടുത്തത്.  മുഹമ്മദ് എന്ന്  തന്നെ കൊടുക്കാന്‍ കാരണം എനിക്ക് ഏറ്റവും പരിചമയമുള്ള, അല്ലെങ്കില്‍ പെട്ടെന്ന് ഒരു മിസ്ലീം പേര് ആലോചിക്കുമ്പോള്‍ മനസ്സിലേക്ക് വന്നത് അതായിരുന്നു. അങ്ങനെ ആ പേര് കൊടുക്കകയാണ് ഉണ്ടായത്.

 

ക്ലാസ് മുറികളില്‍ മതപരമായ പരമാര്‍ശങ്ങളും ചര്‍ച്ചകളുമൊക്കെ നടത്താറുണ്ടായിരുന്നോ?

 

ബിരുദാനന്തര ക്ലാസ്സുകളിലാണ് എനിക്ക് മികച്ചരീതിയില്‍ അദ്ധ്യാപനം നടത്താന്‍ സാധിച്ചിട്ടുള്ളത്. കഴിവിന്റെ പൂര്‍ണതോതില്‍ വിനിയോഗിക്കാന്‍ പറ്റിയിരുന്നതും അവിടെ വച്ച് തന്നെ. എന്റെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഏത് വിഷയത്തിലും എന്നോട് സംശയം ചോദിക്കാമായിരുന്നു. സ്വാഭാവികമായും ക്ലാസ്സുകളില്‍ മതപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാകാറുമുണ്ട്. എന്നാല്‍ അതിനെച്ചൊല്ലി തര്‍ക്കമോ മറ്റോ ഒന്നും ഉണ്ടായിട്ടില്ല. കൂടുതല്‍ മലയാളം സാഹിത്യത്തില്‍ വരുന്നത് ഹൈന്ദവ മതവുമായി ബന്ധപ്പെട്ട കൃതികളും പരാമര്‍ശങ്ങളുമാണ്. ഭഗവത്ഗീത ഒക്കെ പഠിപ്പിക്കാനുണ്ടായിരുന്നു. പഠിപ്പിക്കുന്ന സമയത്ത് എന്നെ സംബന്ധിച്ചെടുത്തോളം അതില്‍ പരാമര്‍ശിക്കുന്ന ദൈവങ്ങളൊക്കെ കഥാപാത്രങ്ങളാണ്. അത് കൃഷ്ണനായാലും യേശുവായാലും പ്രവാചകനായാലും.വള്ളത്തോളിന്റെ മഗ്ദലന മറിയം പഠിപ്പിക്കുമ്പോള്‍ യേശുവിനെ ദൈവപുത്രനെന്ന രീതിയിലല്ല കൈകാര്യം ചെയ്യാറുള്ളത്. ഗീത പഠിപ്പിക്കുമ്പോള്‍ അര്‍ജുനന്റെ സുഹൃത്തായ, അര്‍ജുനന് വേണ്ട ഉപദേശങ്ങള്‍ കൊടുക്കുന്ന ആളായിട്ടാണ് ഭഗവാന്‍ കൃഷ്ണനെ കൈകാര്യം ചെയ്യുന്നത്. ഗീതയില്‍ കൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന ഉപദേശം മാനവരാശിക്ക് തന്നെ ഉപകാരപ്രദമാണ് എന്നുള്ളത് യാഥാര്‍ത്ഥ്യവുമാണ്. അങ്ങനെ പഠിപ്പിക്കുന്ന സമയത്ത് ആരും അതിനെ കുറിച്ച് ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. ഞാന്‍ പഠിപ്പിച്ച കുട്ടികളല്ല ഈ ചോദ്യപേപ്പറിനെതിരെ ആക്ഷേപം ഉന്നയിച്ചത്. പരീക്ഷയെഴുതിയ 28 കുട്ടികളോ അവരുടെ രക്ഷകര്‍ത്താക്കളോ, കോളേജ് അധികാരികളുടെ മുമ്പാകെയോ യൂണിവേഴ്‌സിറ്റിയിലോ ഒന്നും പരാതി പറഞ്ഞിട്ടില്ല. ഈ ചോദ്യപേപ്പര്‍ എങ്ങനെയോ കൈയില്‍ വന്ന് പെട്ട ആളുകള്‍ അവരുടെ ചില സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു. മുഹമ്മദ് എന്ന് പറയുന്ന ആ പേര് മുഹമ്മദ് നബിയെ കുറിയ്ക്കുന്നതാണ്, മനപ്പൂര്‍വം ചെയ്യുന്നതാണ് എന്നൊക്കെ പറഞ്ഞുപരത്തി നാട്ടില്‍ കലാപമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു എന്നുള്ളതാണ്. അതിനെ ഫലപ്രദമായ രീതിയില്‍ നേരിടാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

 

മത പരാമര്‍ശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലുള്ള അഭിപ്രായം?

 

പാഠ്യപദ്ധതിയില്‍ ദൈവങ്ങളുടെയൊക്കെ വാക്കുകള്‍ വരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അവരൊന്നും സ്വന്തമായി മതമുണ്ടാക്കിയവരല്ല. അവരുടെ പേരില്‍ മതം വേണമെന്ന് ആഗ്രഹിച്ചവരുമല്ല. അവരെയൊക്ക മുന്നില്‍ നിര്‍ത്തിക്കൊണ്ട് ചില സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഇനങ്ങനെയൊക്കെ ചെയ്യുന്നു എന്നേ ഉള്ളൂ. മനുഷ്യന് ഉപകാരപ്രദമാകുന്ന വാക്ക് ആര് പറഞ്ഞാലും അത് ദൈവത്തിന്റെ വാക്കുകളാണ് എന്ന് കരുതുന്ന ആളാണ് ഞാന്‍. അതായത് തെരുവില്‍ അലയുന്ന ഒരു ഭ്രാന്തന്‍ നല്ലകാര്യം പറഞ്ഞാല്‍ അതിനെ ദൈവ വചനമായി കണക്കാക്കുന്ന ആളാണ് ഞാന്‍.  അതുകൊണ്ട് ഗീതയും മറ്റ് മതപരമായ ഗ്രന്ഥങ്ങളും ഒക്കെ പഠിപ്പിക്കണം. അത് പേഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പിക്കണം. അല്ലാതെ സങ്കുചിത കാഴ്ചപ്പാട് വച്ചുകൊണ്ട് ആവരുത്. അങ്ങനെ വരുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്. എന്റെ ആപത് ഘട്ടങ്ങളില്‍ ഗീതയിലെ ചില വാചകങ്ങള്‍ ഒക്കെയാണ് ശക്തി പകര്‍ന്നിരുന്നത്. 'അവനവന്‍ തന്നെയാണ് മനുഷ്യന്റെ ശത്രുവും മിത്രവും' എന്ന് കൃഷ്ണന്‍ പറയുന്ന ഭാഗങ്ങള്‍ ഗീതയിലുണ്ട്. ലോകര്‍ മുഴുവന്‍ നിനക്കെതിരായാലും നീ നിനക്കെതിരാകരുത്. ലോകം മുഴുവന്‍ അനുകൂലമാകുമ്പോള്‍ നീ നിനക്ക് അനുകൂലമാകാതെയും ഇരിക്കരുത്.ഞാന്‍ വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന കാലത് ആരും ആശ്വാസ വാക്കുകള്‍ പറയാനില്ലാതിരുന്ന കാലത്ത് ഭഗവന്‍ കൃഷ്ണന്റെ ഈ വാക്കുകളൊക്കെയാണ് എന്നെ പിടിച്ചു നിര്‍ത്തിയത്. അപ്പോള്‍ അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും പഠിപ്പിക്കണം. അത് ഏത് ദൈവത്തിന്റെ ആയാലും. അതിന്റേതായ അര്‍ത്ഥ പൊലിമയില്‍ തന്നെ പഠിപ്പിക്കണം.

 

അതിജീവനം എങ്ങനെയായിരുന്നു?

 

ഈ സംഭവത്തിന് മുമ്പും ധാരാളമായി കഷ്ടപ്പാടിലൂടെയും പ്രതിസന്ധിയിലൂടെയും കടന്ന് പോയിട്ടുള്ള ആളാണ് ഞാന്‍. പ്രത്യേകിച്ച് ചെറുപ്പത്തിലൊക്കെ. അന്നൊക്കെ വളരെയധികം ജോലി ചെയ്യണമായിരുന്നു.  കുറേ ദൂരം നടന്നാണ് പഠിക്കാന്‍ പോയിരുന്നത്. ഇടയ്ക്ക്‌ വച്ച് പഠനം നിര്‍ത്തി പിന്നെ  തുടര്‍ന്നു. അങ്ങനെ കഷ്ടപ്പെട്ട് തന്നെയാണ് അധ്യാപകനായി ജോലി നേടിയത്. അത് അതിജീവനം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഒരുവിധം പരിവപ്പെട്ട ഒരു മനസായിരുന്നു എന്റേത്. പെട്ടെന്നൊന്നും തളര്‍ന്ന് പോവാത്ത തന്റേടം എനിക്കുണ്ടായിരുന്നു. പിന്നെ ഈ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ബലം ഞാന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന പൂര്‍ണ ബോധ്യമായിരുന്നു. എന്റെ മനസ്സില്‍ ഒരു ലാഞ്ചന പോലുമില്ലാത്ത കാര്യത്തിനാണ്  എന്നെ അവര്‍ കുറ്റാരോപിതനാക്കിയത്. എന്റെയല്ല തെറ്റ് തെറ്റെല്ലാം മറ്റുള്ളവരുടേതാണ്. അതിന്റെ ഫലം  ഞാന്‍ അനുഭവിക്കുന്നുവെന്നേ ഉള്ളൂ. തെറ്റ് ചെയ്യാത്തവന്റെ ആത്മവിശ്വാസത്തിലാണ് ഞാന്‍ കരകയറി പോന്നത്. യേശുവിന്റെ ഒരു വാക്കുണ്ട് ഇന്നത്തെ കാര്യമോര്‍ത്ത് മാത്രം നീ ക്ലേശിച്ചാല്‍ മതി, നാളത്തെ കാര്യമോര്‍ത്ത് നാളെ ക്ലേശിച്ചാല്‍ മതി. അതൊക്കെ എന്നെ സ്വാധീനിച്ചു അതാണ് അതിജീവനത്തിലേക്ക് നയിച്ചത്.

 

ആക്രമണം ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റം?

 

ആദ്യകാലത്ത് കൂടുതല്‍ ദുരിതം നേരിട്ടിരുന്നു. മകന് പോലീസിന്റെ ഭാഗത്തു നിന്ന് പീഡകള്‍ ഏല്‍ക്കേണ്ടി വന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്നെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ആക്രമണമുണ്ടായതോടുകൂടിയാണ് ആളുകള്‍ എന്നെ കേള്‍ക്കാന്‍ തുടങ്ങിയത്. അതിന് മുമ്പുവരെ എന്നെ തെറ്റുകാരനായിട്ടായിരുന്നു സമൂഹം കണ്ടിരുന്നത്. എല്ലാവരും എനിക്കെതിരായിരുന്നു, സര്‍ക്കാരും മാധ്യമങ്ങളും ഉള്‍പ്പെടെ. ആക്രമണമാണ് എനിക്ക് പറയാനുള്ള വേദി ഒരുക്കിയത്. പിന്നെ കാര്യങ്ങളൊക്കെ മനസ്സിലാക്കി എന്നോടൊപ്പം നില്‍ക്കാന്‍ ധാരാളം പേര്‍ ഉണ്ടായി. മറ്റൊരുകാര്യം ഈ പ്രശ്‌നത്തിന്റെ പേരില്‍ പോലീസ് മകനെ വലിയ രീതിയില്‍ ഉപദ്രവിക്കുകയുണ്ടായി. എന്നാല്‍ എനിക്ക് ശാരീരികമായിട്ട് പീഡനങ്ങളൊന്നും ഏല്‍ക്കേണ്ടി വന്നിരുന്നില്ല. അങ്ങനെ മകനേറ്റ പീഡനങ്ങള്‍ എന്നെ മുറിപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴാണ് എനിക്ക് എതിരെ ആക്രമണമുണ്ടാകുന്നത്. അങ്ങനെ സംഭവിച്ചപ്പോള്‍ മകനെയോര്‍ത്തുള്ള വിഷമത്തില്‍ ചെറിയ മാറ്റമുണ്ടായി. എന്നാല്‍ എന്റെ ഭാര്യയ്ക്ക് ഈ പ്രശ്‌നങ്ങളെ അധിക കാലം താങ്ങാന്‍ പറ്റിയില്ല. അങ്ങനെ അവള്‍ വിഷാദ രോഗത്തിന് അടിമപ്പെടുകയും ഒടുവില്‍ ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. അവളെ അപേക്ഷിച്ച് എനിക്ക് മനോബലം ഉള്ളതുകൊണ്ട് അതിനെയൊക്കെ അതിജീവിക്കാന്‍ പറ്റി.

 

അന്നത്തെ ചോദ്യപേപ്പര്‍ നേരിട്ട വിദ്യാര്‍ത്ഥികളുമായി ഇപ്പോഴും ബന്ധമുണ്ടോ?

 

കുട്ടികളൊക്കെ എന്നെ കാണാന്‍ വന്നിരുന്നു. ജയിലില്‍ പോലും എന്നെ കാണാന്‍ വന്ന കുട്ടികളുണ്ട് . സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയത്ത് എന്നെ സഹായിച്ചവര്‍ വരെയുണ്ട്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഭക്ഷണം കൊണ്ട് തന്നവരുണ്ട്. സാഹിത്യ ക്ലാസ്സുകളില്‍ പൊതുവെ പെണ്‍ കുട്ടികളാണ് കൂടുതല്‍ ഉണ്ടായിരുന്നത്, അവര്‍ക്ക് ചില പരിമിതികള്‍ ഉണ്ടല്ലോ. എന്നാല്‍പോലും ഇപ്പോഴും കാണാന്‍ വരുന്നവരും ഫോണ്‍ ചെയ്യുന്നവരും ഒക്കെ ഉണ്ട്.

 

ജോലി തിരികെ ലഭിച്ചതിന് ശേഷം സംഭവിച്ചത്?

മാനേജ്‌മെന്റ് എന്നെ പിരിച്ചു വിട്ടതിന് ശേഷം അവര്‍ തന്നെ തിരിച്ചെടുക്കുകയാണുണ്ടായത്. എന്നെ സസ്പെന്റ് ചെയ്തതും പുറത്താക്കിയതും സംബന്ധിച്ച ഓര്‍ഡറുകള്‍ റദ്ദാക്കി എല്ലാ സാമ്പത്തികമായ ആനുകൂല്യങ്ങളും ലഭ്യമാക്കിക്കൊണ്ടാണ് എന്നെ തിരിച്ചെടുത്തത്. അങ്ങനെ വന്നപ്പോള്‍ ഞാന്‍ അപ്പലേറ്റ് ട്രിബ്യൂണലില്‍ മാനേജ്‌മെന്റിനെതിരായി കൊടുത്ത കേസ് പിന്‍വലിച്ചു. പക്ഷേ മാനേജ്മന്റ് അങ്ങനെ പിരിച്ചുവിടുകയും, പിന്നെ നാല് വര്‍ഷം കഴിഞ്ഞ് തിരിച്ചെടുക്കുകയും ചെയ്തിട്ട് സര്‍ക്കാരിനോട് അതിന്റെ നഷ്ടപരിഹാരം കൊടുക്കാന്‍ പറഞ്ഞാല്‍  അങ്ങനെ അംഗീകരിക്കണമെന്ന്‌ എന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. അതിന് വേണ്ടിയിട്ട് എനിക്ക് കുറേ ബുദ്ധിമുട്ടേണ്ടി വന്നു. എന്നെ അറിയാവുന്ന, എന്റെ അവസ്ഥ അറിയാവുന്ന കുറേപേര്‍ ഉണ്ടായിരുന്നത് കൊണ്ട് ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനും പ്രയത്‌നത്തിനും ശേഷം,  തിരിച്ചെടുത്തത് അംഗീകരിച്ച് മുന്‍കാല പ്രാബല്യത്തോട് കൂടി ആനുകൂല്യങ്ങള്‍ എല്ലാം ലഭിച്ചു. അതെല്ലാം കിട്ടിയതോടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരുവിധം തീര്‍ന്നു. പിന്നീട് മകളെ ഐ.എല്‍.ടി.എസ് പഠിപ്പിച്ചു അയര്‍ലണ്ടിലേക്ക് നേഴ്‌സ് ആയി ജോലിക്കയച്ചു. പിന്നെ മകനും ജോലിനേടി. ഈ അടുത്തിടക്ക് രണ്ട പേരും വിവാഹിതരാവുകയും ചെയ്തു.

 

മക്കള്‍ ഈ പ്രശ്‌നങ്ങളെ നേരിട്ടത് എങ്ങനെയാണ്?

 

പോയകാലങ്ങളില്‍ ഉണ്ടായ നഷ്ടങ്ങള്‍, പ്രത്യേകിച്ച് അമ്മ നഷ്ടപ്പെട്ടത് അവരെ സംബന്ധിച്ചു വലിയ വിഷമം ഉണ്ടാക്കുന്ന സംഭവമായിരുന്നു. എന്നാലും അവര് എല്ലാക്കാലത്തും തന്റേടത്തോടെ നിലകൊള്ളുകയും എന്നെപ്പോലെ തന്നെ പ്രതിസന്ധികളെ മറികടക്കുകയുമാണുണ്ടായത് . ഇത്രയധികം വിഷമ ഘട്ടങ്ങളുണ്ടായിട്ടും അവര്‍ പഠനം പൂര്‍ത്തിയാക്കി ജോലി നേടുകയും ചെയ്തു
 

 

ടി.ജെ ജോസഫ് എന്ന സാമൂഹ്യജീവിയെ ഈ പ്രശ്‌നങ്ങള്‍ ബാധിച്ചതെങ്ങനെ?

 

ഈ സംഭവത്തിന് ശേഷം എനിക്ക് ധാരാളം സുഹൃത്തുക്കളെ കിട്ടി. ആക്രമം എന്നെ സമൂഹത്തോട് കൂടുതല്‍ അടിപ്പിക്കുകയാണുണ്ടായത്. അത് മനുഷ്യരുമായിട്ടുള്ള ബന്ധത്തിലും സഹകരണത്തിലും മാറ്റമുണ്ടാക്കി. അതിനേക്കാളുപരി മനുഷ്യന്റെ നന്മ തിരിച്ചറിയാനും എനിക്ക് സാധിച്ചു. ഇപ്പോഴാണെങ്കിലും സമൂഹത്തില്‍ എനിക്ക് പരിഗണന ലഭിക്കുന്നുണ്ട്. എന്നോട് സ്‌നേഹം പ്രകടിപ്പിക്കാനും സംസാരിക്കാനും കുറേ പേര്‍ എവിടെ ചെന്നാലും ഉണ്ടാകാറുണ്ട്.

 

വിവാദങ്ങള്‍ കൊണ്ട് താങ്കള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നന്മയുണ്ടായിട്ടുണ്ടോ?

എനിക്ക് ഈ സംഭവങ്ങള്‍ കൊണ്ട് എനിക്കുണ്ടായ നന്മയേക്കാള്‍ സമൂഹത്തിന് നല്ലത് സംഭവിച്ചിട്ടുണ്ട്. മതതീവ്രവാദത്തിന് കേരളത്തിലുള്ള സാധ്യതകളെ തുറന്നുകാട്ടാനും അതിന്റെ ഭവിഷത്തുകള്‍ സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാനും എന്റെ അനുഭവം വഴിവച്ചിട്ടുണ്ട്. പോലീസുകള്‍ തന്നെ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ ഈ സംഭവം കൊണ്ട് നമ്മുടെ നാട്ടില്‍ നടക്കേണ്ടിയിരുന്ന പല പ്രശ്‌നങ്ങളും ഒഴിവായിപ്പോയി എന്ന്. അത്തരത്തില്‍ ഒരു നന്മ കേരളത്തിനുണ്ടായിട്ടുണ്ട് എന്നതില്‍ എനിക്ക് സന്തോഷവമുണ്ട്.

 

ആക്രമിച്ചവരോട് ഒരു വിരോധവുമില്ല എന്ന് പറയാന്‍ കാരണം?

വലിയ ഗഹനമായ കാര്യമൊന്നുമല്ല അത്. യേശുക്രിസ്തു പിതാവായ ദൈവത്തോട് പറയുന്നുണ്ട് ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷമിക്കേണമേ എന്ന്. അതുപോലെ തന്നെ യാണ് ഇതും. എന്നെ വെട്ടി പരിക്കേല്‍പ്പിച്ച ആളുകള്‍ക്ക് ഞാന്‍ ആരാണെന്നോ എന്റെ സ്വഭാവം എന്താണെന്നോ അറിയില്ല. അവര്‍ അപരിചിതരാണ്. ആരുടെയൊക്കെയോ നിര്‍ദേശം അനുസരിച്ചു വന്ന പാവങ്ങളാണ് അവര്‍. അതായത് അവര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ അറിയുന്നില്ല. എന്നെ വെട്ടിപ്പരിക്കേല്‍പ്പിക്കാനുപയോഗിച്ച മഴുവിനോടും മറ്റ് ആയുധങ്ങളോടും വിരോധം തോന്നിയിട്ട് കാര്യമില്ല. എന്നതുപോലെ തന്നെയാണ് ആ മഴുവേന്തിയ മനുഷ്യരും. അവരോടാണ് ഞാന്‍ ക്ഷമിച്ചെന്ന് പറയുന്നത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുടില ശക്തികളോടല്ല. അവരോട് ക്ഷമിച്ചുവെന്ന് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. എന്നെ ആക്രമിച്ചതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന അവരോടാണ് എനിക്ക് അനുകമ്പയും സ്‌നേഹവുമുള്ളത്.

 

കേരളത്തില്‍ മതതീവ്രവാദം വളരുകയാണ് പ്രതികരണം?

 

മതങ്ങള്‍ ചിലരുടെ  കാര്യസാധ്യത്തിന് വേണ്ടിയിട്ട് ദുരുപയോഗം ചെയ്യപ്പെടുകയാണ്. എല്ലാ മതങ്ങളിലും ഈ പ്രവണതയുണ്ട്. മതങ്ങള്‍ കൂടുതല്‍ കര്‍ക്കശമാവുകയും വിശ്വാസികളെ കൂടുതല്‍ ബന്ധിതമാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. എന്റെ ചെറുപ്പകാലത് ആളുകളൊക്കെ മതത്തില്‍ നിന്ന് അല്‍പ്പാല്‍പ്പമായിട്ടത് സ്വാതന്ത്ര്യം പ്രാപിച്ചു വരികയായിരുന്നു. അന്ന് മത മേലാളന്മാര്‍ക്ക് വിശ്വാസികളിന്മേല്‍ അധികമൊന്നും സ്വാധീനം ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ മതങ്ങളൊക്കെ വലിയ സാമ്പത്തിക ശക്തികളായി മാറിക്കൊണ്ടിരിക്കുകയാണ്. അത് ഉപയോഗിച്ച് അവരുടെ തീരുമാനങ്ങളും മറ്റും വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ചിലര്‍ കുറച്ച് കൂടിപ്പോകുന്നു, ചിലര്‍ ഇടക്ക് നില്‍ക്കുന്നു, എന്നുള്ളതല്ലാതെ മതങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. മതപരമായ ഒരു അടിമത്തത്തിലേക്ക് നമ്മള്‍ പോയിക്കൊണ്ടിരിക്കുകയാണ്, എത്ര വിദ്യാഭ്യാസം നേടി എന്ന് പറഞ്ഞാലും. അത് അപകടമാണ്.

 

കൈകളുടെ ഇപ്പോഴത്തെ അവസ്ഥ?

എനിക്ക് പത്ത് വിരലുകള്‍ രണ്ടു കൈയിലുമായി ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ എനിക്ക് മൂന്ന് വിരലുകളെ ഉള്ളൂ. അതായത് പൂര്‍ണമായും മടങ്ങുന്നത്. വലതു കൈയിലെ അഞ്ച് വിരലുകളും ഇടത് കൈയിലെ രണ്ട് വിരലുകളും മടങ്ങില്ല. എന്നാലും ഞാന്‍ പണ്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ജോലികള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. പത്തു വിരലിന് പകരം മൂന്ന് വിരലുകള്‍ ഉപയോഗിച്ച് എല്ലാക്കാര്യങ്ങളും ചെയ്യുന്നു. ആകപ്പാടെ ഇടത് കൈയിലെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാന്‍ മറ്റൊരാളുടെ സഹായം ആവശ്യമുണ്ട് എന്നുള്ളതല്ലതെ മറ്റൊരു കാര്യത്തിനും ആരെയും ആശ്രയിക്കേണ്ടി വരുന്നില്ല.

 

അനുഭവങ്ങളെ പുസ്തകമാക്കുകയാണ് എന്ന് കേള്‍ക്കുന്നു ശരിയാണോ?

 

ആത്മകഥപോലെ ഒരു പുസ്തകം ഞാന്‍ എഴുതുന്നുണ്ട്. ഇടയ്ക്കത് മുടങ്ങിപ്പോകും പിന്നെയും തുടരും. കുട്ടികളുടെ വിവാഹവും മറ്റ് തിരക്കുകളും കാരണം ആറ് മാസമായിട്ട് അതിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ല. അത് പൂര്‍ത്തീകരിക്കുക എന്നതാണ് എന്റെ അടുത്ത ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളതില്‍ തീരുമെന്നാണ് പ്രതീക്ഷ. ഇനിയിപ്പോള്‍ വേറെ തടസ്സങ്ങളൊന്നും ഇല്ല എന്ന് വിചാരിക്കുന്നു.

 

 

ഈ വിവാദങ്ങളൊന്നും വേണ്ടേയിരുന്നില്ല എന്ന തോന്നല്‍ ഇപ്പോഴുണ്ടോ?

അങ്ങനെയൊന്നുമില്ല. അതിപ്പോ ജനിക്കേണ്ടിയിരുന്നില്ല എന്ന് പറയുന്നപോലെയല്ലേ ഉള്ളൂ. ഇതൊക്കെ ഒരു നിയോഗമാണ് അത് സംഭവിച്ചേ പറ്റൂ. അങ്ങനെ സംഭവിക്കേണ്ട എന്ന് തോന്നിയിട്ടും കാര്യമില്ല. അങ്ങനെ വന്നതുകൊണ്ടാണ് നമ്മള്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആ ചോദ്യമാണ് ഇതിനെല്ലാം കാരണമായത്.  ഇതൊക്കെ നടക്കേണ്ട കാര്യമായിരുന്നു, അത് നടന്നു. അതില്‍ കൂടുതലൊന്നുമില്ല.

 

ഇനി ഒരവസരം കിട്ടിയാല്‍ ആ ചോദ്യം ആവര്‍ത്തിക്കുമോ?

ഒരിക്കലുമില്ല. കാരണം ഞാന്‍ പഴയ ചോദ്യം ഒരിക്കലും ആവര്‍ത്തിക്കാറില്ല. ഉചിതമായ ചിഹ്നങ്ങള്‍ ചേര്‍ക്കുക എന്ന ചോദ്യമാണ് ആവശ്യമെങ്കില്‍ ഇതിനേക്കാള്‍ നല്ല ചോദ്യം ഉണ്ടാക്കാന്‍ ശ്രമിക്കും. അല്ലാതെ ഭയന്നിട്ടൊന്നുമല്ല.

 

Tags: