Skip to main content

Babu, Shamej

കണ്ണൂരിലെ കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകം എന്നു വിളിക്കുന്നത്  സാമാന്യബുദ്ധി സാമാന്യമായി പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. അവിടെ നടക്കുന്നത് കൊലപാതകങ്ങളാണ്. കൊടും കുറ്റവാളികള്‍ നടത്തുന്ന അരുംകൊലകള്‍. അതിന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ സംരക്ഷണം നല്‍കുന്നുവെങ്കില്‍ ആ പാര്‍ട്ടികളുടെ നേതാക്കളും കൊടും ക്രിമിനലുകളാണ്. അവര്‍ രാഷ്ട്രീയത്തെിന്റെ പേരില്‍ നടത്തുന്നത് ഗുണ്ടാസംഘപ്രവര്‍ത്തനമാണ്.
    

പോലീസിന് രാഷ്ട്രീയം എന്താണെന്ന് ഒരുപക്ഷേ അറിയാന്‍ വഴിയില്ല. അവരുടെ യജമാനന്മാരായി എത്തുന്നവരിലൂടെയാണ് അവര്‍ രാഷ്ട്രീയത്തെ തിരിച്ചറിയുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ ചുരുങ്ങിയ പക്ഷം എന്താണ് രാഷ്ട്രീയം എന്നത് മനസ്സിലാക്കാന്‍ ബാധ്യസ്ഥരാണ്. പക കൊണ്ട് പരസ്പരം കൊല്ലുന്നത് രാഷ്ട്രീയമല്ലെന്ന് മനസ്സിലാക്കാനുള്ള ബോധമെങ്കിലും മാധ്യമങ്ങള്‍ക്ക് ഉണ്ടാകേണ്ടതാണ്. കൊടും ക്രിമിനലുകള്‍ നടത്തുന്ന കൊലപാതകത്തെ രാഷ്ട്രീയക്കൊലപാതമെന്ന് വിശേഷിപ്പിക്കുമ്പോള്‍ ആ കുറ്റകൃത്യത്തിന് പുരോഗമന പരിവേഷം കൈവരികയാണ്. ഇത് രാഷ്ട്രീയത്തിലെ ക്രിമിനലുകള്‍ക്ക് കടുതല്‍ ഊര്‍ജ്ജവും നേതൃത്വത്തിലേക്ക് ഉയരാനുള്ള വഴിയും തുറന്നുകൊടുക്കുന്നു.
      

രാഷ്ട്രീയം ജനായത്ത സംവിധാനത്തില്‍ ജനങ്ങള്‍ക്കു വേണ്ടിയാണെന്നാണ് സങ്കല്‍പ്പം. അത്  ഓര്‍ക്കപ്പെടുന്നതുപോലുമില്ല. രാഷ്ട്രീയം നേതാക്കളുടെ ഉയര്‍ച്ചയ്ക്കു വേണ്ടിയാണെന്നുള്ള സമവാക്യം വ്യവസ്ഥാപിതമായിക്കഴിഞ്ഞു. നേതാക്കന്മാരുടെ ചക്കളത്തിപ്പോരാട്ടവും കുന്നായ്മകളും രാഷ്ട്രീയ റിപ്പോര്‍ട്ടിംഗ് ആയതോടെയാണ്, അതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന ധാരണ പൊതുവെ വ്യവസ്ഥാപിതമായത്. ഇത് ഉഗ്രകുറ്റവാളികള്‍ക്കും ആ വാസനയുളളവര്‍ക്കും രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയുടെ പടിവെട്ടി. അതാണ് ഈ കൊലപാതക പരമ്പരകള്‍ നിലയ്ക്കാതെ തുടരുന്നത്. ഈ പരമ്പരകള്‍ നിന്നാല്‍ ഇത്തരം കൊടും ക്രിമിനലുകള്‍ക്ക് രാഷ്ട്രീയത്തീല്‍ പിടിച്ചു നില്‍ക്കാനാവില്ല. അതുകൊണ്ട് അവരുടെ നിലനില്‍പ്പിനായി ഇത്തരം കൊലപാതകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങളെ രാഷ്ട്രീയക്കൊലപാതകമെന്ന് വിശേഷിപ്പിക്കാന്‍ പാടില്ലാത്തത്. അങ്ങനെ ചെയ്യുന്നത് ഇത്തരം ക്രിമിനലുകള്‍ക്ക് അന്തസ്സോടെ വിഹരിക്കാനുള്ള വഴിയൊരുക്കിക്കൊടുക്കലാവും.