ഇത് ദുരഭിമാനക്കൊലയൊന്നുമല്ല

Glint staff
Sat, 24-03-2018 10:36:05 PM ;

athira-Honour Killing

വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച ആതിരയുടേത് ദുരഭിമാനക്കൊലയൊന്നുമല്ല. മാധ്യമങ്ങള്‍ക്ക് എന്തിനും പേരിട്ടില്ലെങ്കില്‍ ബുദ്ധിമുട്ടുള്ളതുപോലെയാണ്. കേരളത്തില്‍ വേരൂന്നി മുഖ്യധാരയായി മാറിയ പൈങ്കിളി മാധ്യമപ്രവര്‍ത്തന സംസ്‌കാരമാണ് ഈ പേരിടീല്‍ വ്യായാമത്തിന്റെ പിന്നിലുള്ള ചേതോവികാരം. വായനക്കാരെ സുഖിപ്പിക്കുക എന്നതാണ് പൈങ്കിളി മാധ്യമപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. അതിന്റെ ഉദ്ദേശ്യം ലാഭവര്‍ദ്ധന തന്നെ. ഇപ്പോള്‍ ഉഗ്രന്‍ കണ്ണീര്‍ക്കഥയാണ് ആതിരയുടെ കൊലപാതകത്തിലൂടെ വീണുകിട്ടിയിരിക്കുന്നത്. അതിനെ പരമാവധി വില്‍ക്കുന്നതിനു വേണ്ടിയാണ് ഈ വ്യായാമങ്ങളെല്ലാം. ദുരഭിമാനക്കൊല കേരളത്തിലും എന്ന ഉയര്‍ത്തലിലൂടെ ആതിരയുടെ കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങള്‍ തമസ്‌ക്കരിക്കപ്പെടുകയാണ്.

              

 

ഉദാഹരണത്തിന് പാറക്കല്ല് പൊട്ടിക്കുന്നത് നോക്കിയാല്‍, ചിലപ്പോള്‍ പത്താമത്തെ അടിക്കായിരിക്കാം പാറ പിളരുക. എന്നാല്‍ ഒമ്പതാമത്തെ അടിക്കു പോലും പിളരുന്നതിന്റെ ബാഹ്യലക്ഷണമുണ്ടാകില്ല. അതിനര്‍ത്ഥം ആ ഒമ്പതടികളും പാറയില്‍ മാറ്റം ഉണ്ടാക്കിയില്ലെന്നല്ല. പത്താമത്തെ അടി ചിലപ്പോള്‍ മറ്റൊരാളായിരിക്കാം അടിക്കുന്നത്. അയാളുടെ അടിയില്‍ പാറ പൊട്ടുന്നതാവും ആള്‍ക്കാര്‍ കാണുക. ഇതുവെച്ച് അവസാനം അടിച്ചയാളുടെ അടിയില്‍ പാറ പൊട്ടി എന്നാവും മുഖ്യധാരാ മാധ്യമ സംസ്‌കാരത്തില്‍ തലവാചകം കൊടുക്കുക. ഒമ്പതടികളുടെ ആഘാതമെന്തെന്നോ എങ്ങിനെ അടിക്കപ്പെട്ടുവെന്നോ ഒന്നുമറിയേണ്ട. പത്താമത്തെ അടിയടിച്ച വീരനെ തരപ്പെടുത്തി വേണമെങ്കില്‍ ഒരു ഫീച്ചറും കൂടെ തട്ടി വായനക്കാരെ രസിപ്പിക്കും.

     

 

ഏതാണ്ട് ഈ പത്താമതടി സംഭവമാണ് ദുരഭിമാനക്കൊലയെന്ന നാമകരണത്തിന്റെ പിന്നിലും. മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ എല്ലാവരും  ദിവസവും പുറത്തേക്കു വിടുന്ന ജുഗുപ്‌സാവഹ വാര്‍ത്തകളും, ചാനല്‍ ചര്‍ച്ചകളിലെ വാക്കുകള്‍കൊണ്ടുള്ള പരസ്പരം കൊല്ലലും, സ്ത്രീപക്ഷ പുറപ്പാടിന്റെയും ആക്ടിവിസ്റ്റ് ഉറഞ്ഞുതുളളലിന്റെയും, അവിഹിത അഗമ്യഗമന പീഡന വാര്‍ത്തകളുടെ വിശദാംശവിവരണത്തിലൂടെയും, പോരാഞ്ഞ് രാത്രി പത്തു മണി കഴിയുമ്പോള്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കുറ്റപത്ര പരമ്പരകളും, ഗാര്‍ഹിക പീഡനവാര്‍ത്തകളും കൊണ്ട് ഒരു വശം അരങ്ങു തകര്‍ക്കുന്നു. മറുവശത്ത് തീവ്രവാദവും വര്‍ഗ്ഗീയതയും മൗലികവാദവും എരിയുന്നു. അതിനോട് ചേര്‍ന്ന് രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ആള്‍ക്കാരെ വെട്ടിനുറുക്കി കൊല്ലുന്നു. ഒരു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പോലും  മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആദ്യം പരിഗണിക്കുന്നത് അവിടുത്തെ ജാതിമത ഘടകങ്ങളെയാണ്. പോരാത്തതിന് സീരിയലും മദ്യവും. ഇതെല്ലാം കൂടി കേരളത്തില്‍ തീര്‍ത്ത ഒരന്തരീക്ഷമുണ്ട്. അത് വ്യക്തിയെ കൊടിയ ആന്ധ്യത്തിലേക്കും അതിന്റെ ഫലമായുളള അസ്വസ്ഥതയിലേക്കും, അതു നിമിത്തം ഭ്രാന്തിന്റെ വക്കിലേക്കും എത്തിച്ചിരിക്കുന്നു.

        

 

രണ്ടു മക്കളെയും ഉപേക്ഷിച്ച് തന്നെക്കാള്‍ പ്രായം കുറഞ്ഞ കാമുകന്റെ കൂടെ ഓടുന്ന വീട്ടമ്മമാരുടെ കാര്യം ഇപ്പോള്‍ വാര്‍ത്തയല്ലാതായി. പതിനാറു വയസ്സുകാരന്‍ സഹോദരനല്‍ നിന്ന് പതിനാലു വയസ്സുകാരി സഹോദരി ഗര്‍ഭം ധരിച്ചു പ്രസവിക്കുന്നു, മയക്കുമരുന്നു നല്‍കി അമ്മയെ മകന്‍ ഗര്‍ഭിണിയാക്കുന്നു. സംശയം തോന്നി മകന്‍ അമ്മയെ കൊന്നു കത്തിക്കുന്നു. അമ്മ പതിനാലു വയസ്സുകാരനായ മകനെ കൊല്ലുന്നു. ഇതെല്ലാം സമീപകാല വാര്‍ത്തകളാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് മലയാളിയുടെ കുടുംബ ബന്ധങ്ങള്‍ നിലവിലുണ്ടായിരുന്നതു പോലും തകരുന്നുവെന്നാണ്. ബന്ധങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. അച്ഛന്‍ മകളെ സ്പര്‍ശിക്കുന്നതു പോലും നല്ല തൊടീലാണോ ചീത്ത തൊടീലാണോ എന്ന് ശ്രദ്ധിക്കണമെന്ന് സ്ത്രീകളുടെ രക്ഷാനേതൃത്വം സ്വയം ഏറ്റെടുത്തവര്‍ ഉപദേശിക്കുന്നു. ഇതെല്ലാം കൂടിയാണ് മലയാളിയുടെ അവശേഷിച്ച ബന്ധങ്ങള്‍ നശിപ്പിച്ച് കുടുംബജീവിതവും വ്യക്തിജീവിതവും താറുമാറാക്കിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു സാമൂഹ്യാന്തരീക്ഷത്തിന്റെ പ്രതിഫലനം കൂടിയാണ് അച്ഛന്‍ മകളെ കുത്തിക്കൊന്ന സംഭവം.

        

 

ഓരോ വാര്‍ത്തയും സമൂഹത്തിലേക്ക് വിടുമ്പോള്‍ അത് സാമൂഹികമായ ഇടപെടലാണെന്ന ചെറിയ ബോധം പോലും മുഖ്യധാരാ മാധ്യമങ്ങള്‍ റേറ്റിംഗിന്റെയും പ്രചാരത്തിന്റെയും പേരില്‍ കാണിക്കാറില്ല. പത്രാധിപന്മാരില്ലാത്ത മാധ്യമങ്ങളുടെ ലാക്ഷണിക സ്വഭാവമാണിത്. എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോള്‍ സമൂഹത്തില്‍ ഏവരെക്കാളും കൂടുതല്‍ തങ്ങളാണ് ഉത്കണ്ഠാകുലരെന്ന ഭാവത്തിലായിരിക്കും മാധ്യമങ്ങളുടെ സ്വരവും. മലയാളി ഇപ്പോള്‍ കൊലപാതക വെറിയിലെത്തി നില്‍ക്കുകയാണ്. അച്ഛനമ്മമാര്‍ മക്കളെയും തിരിച്ചും, സഹോദരങ്ങള്‍ തമ്മിലും, വെട്ടും കുത്തും കൊലപാതകവും സാധരണ കാഴ്ചയായി വരുകയാണ്. ഒരു മാസം മുന്‍പാണ് അങ്കമാലിക്കടുത്ത് ഒരനുജന്‍ ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊന്നത്.
              

 

ഒരു വര്‍ഷത്തെ ചാനല്‍ ചര്‍ച്ചകള്‍ പരിശോധിച്ചാലറിയാം. 365 ദിവസത്തില്‍ എത്ര ദിവസം മലയാളി കൊലപാതകത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുവെന്ന്. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രം സാമൂഹ്യശാസ്ത്രമാണ്. മറ്റെല്ലാ ശാസ്ത്രങ്ങളും സാമൂഹ്യശാസ്ത്രത്തിനു വേണ്ടിയാണ്. എന്നാല്‍ അതൊരു ശാസ്ത്രമേ അല്ല എന്ന ഉറച്ച ബോധ്യത്തോടെയാണ് മധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ കൈകാര്യം ചെയ്യുന്നത്. സ്വാഭാവികമായും അത് രാഷ്ട്രീയപാര്‍ട്ടികളെയും ബാധിച്ചു. അവര്‍ക്കും എതിര്‍ കക്ഷികള്‍ പറയുന്നതിനെ എതിര്‍ത്തും പ്രതിരോധിച്ചും നീങ്ങിയാല്‍ മതി. അതാണ് രാഷ്ട്രീയമെന്നും ജനായത്ത സംവിധാനത്തിന്റെ ജീവവായുവുമെന്നും ജനം ധരിക്കുന്നു. ലജ്ജയില്ലായ്മയും പരസ്യമായി എന്തും ഊറ്റത്തോടെ പറയാന്‍ കഴിവുമുള്ള ആര്‍ക്കും മാധ്യമപ്രവര്‍ത്തനവും,രാഷ്ട്രീയവും, രാഷ്ട്രീയ നിരീക്ഷണവും, സാമൂഹ്യപ്രവര്‍ത്തനവും ആകാമെന്നുള്ള അവസ്ഥ സംജാതമായിരിക്കുന്നു.

       

 

മലയാളിയുടെ സാമൂഹ്യഭ്രാന്ത് വ്യക്തിയില്‍ പ്രതിഫലിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി സ്വന്തം മകളെ വിവാഹത്തലേന്ന് അച്ഛന്‍ കൊന്ന സംഭവത്തക്കാണം.ഓരോ കൊലയാളിക്കും ഓരോ കാരണം പറയാനുണ്ടാകും. ആ കാരണം അയാളുടെ അജ്ഞതയില്‍ നിന്ന് രൂപപ്പെടുന്ന കുറ്റവാസനയുടെ ഫലമാണ്. ആ കാരണത്തിലേക്കു നോക്കി ഓരോ സംഭവങ്ങെളയും പേരിട്ടു വിളിച്ച് കള്ളികളിലേക്ക് മാറ്റിവയ്ക്കുന്ന മുഖ്യധാരാമാധ്യമശ്രമം അപകടകരമാണ്. രോഗലക്ഷണം വളരെ പ്രകടമായിട്ടും രോഗത്തെ കാണാതിരിക്കാനേ ഈ മാധ്യമസ്‌പെഷ്യലൈസേഷന്‍ സഹായകമാവുകയുള്ളൂ. അതുകൊണ്ട് റേറ്റിംഗ് വര്‍ദ്ധിക്കുന്ന വാര്‍ത്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

 

വരും ദിവസങ്ങളില്‍ മുഖ്യധാരാ ആനുകാലികങ്ങള്‍ മുഴുവന്‍ കേരളത്തിലെ ജാതി വ്യവസ്ഥയെയും മതപ്രശ്‌നങ്ങളെയും പറ്റിയുളള ബുദ്ധിജീവി ലേഖനങ്ങള്‍ കൊണ്ട് നിറയും. ഒരുതരം രതിലേഖനങ്ങള്.അതും ഒരു തരം പൈങ്കിളി ആസ്വാദനത്തിന്റെ ഭാഗമാണ്.  കേരളത്തില് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സ്പര്‍ധ മുലമുണ്ടാകുന്ന പ്രശ്‌നങ്ങളോളം ഇപ്പോഴും ജാതി-മത വിഭാഗീയത മൂലമുണ്ടാകുന്നില്ല. അതു കൂടുതലും മാധ്യമങ്ങളിലൂടെയും ആക്ടിവിസ്‌ററുകളിലൂടെയും രാഷ്ട്രീയപ്രവര്‍ത്തകരിലൂടെയുമാണ് നിലനില്‍ക്കുന്നത്. പണ്ട് ജാതി-മത സംവിധാനം വ്യവസ്ഥയുടെ ഭാഗമായിരുന്നു. ഇന്ന് അതിനേക്കാള്‍ അപലപനീയമായ അവസ്ഥയിലാണ് പാര്‍ട്ടികള്‍ തമ്മിലുള്ള വൈര്യവും അവ വ്യവസ്ഥയുടെ ഭാഗമായി തുടുരുന്നതും. എണ്ണിയാല്‍ തീരാത്ത വിഭാഗീയതകളിലെ ഒരു കണ്ണിയാവുകയും  അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു മാധ്യമങ്ങള്‍. ഈ സാമൂഹ്യാന്തരീക്ഷത്തിന്റെ ഇരകളാകുന്നത് നിഷ്‌കളങ്കാരയ വ്യക്തികളാണ് എന്നതാണ് ആതിരയുടെ കൊലപാതകം കേരളത്തെ ഓര്‍മ്മിപ്പിക്കുന്നത്. ദുരഭിമാനക്കൊലയെന്ന് അതിന് പേരിട്ടാല്‍ സമാന സംഭവങ്ങളുടെ പരമ്പര കേരളത്തില്‍ ആവര്‍ത്തിക്കപ്പെടും.

 

പൈങ്കിളിരസത്തിലേക്ക് പോകാതെ ഇനിയെങ്കിലും കേരള സമൂഹത്തെ ബാധിച്ചിരിക്കുന്ന, ബാധിപ്പിച്ചുകൊണ്ടിരിക്കുന്ന രോഗത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ബോധ്യമുണ്ടാകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ ആതിരയുടെ അച്ഛനെപ്പോലുളള നരാധമന്മാര്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും. ഒരു പരിധിവരെ നാമോരുരത്തരും അതില്‍ നിന്ന് അകലേക്കല്ല നീങ്ങുന്നത്, മറിച്ച് അടുത്തേക്കാണെന്നുള്ള അറിവും നല്ലതാണ്.

 

 

 

 

 

Tags: