കര്‍ദിനാള്‍ ആലഞ്ചേരി മാധ്യസ്ഥത്തിന് തടസ്സം; മാറി നില്‍ക്കേണ്ടത് ആവശ്യം

Glint staff
Fri, 09-03-2018 03:47:57 PM ;

alencherry-pope

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേറ്റ ഉടന്‍ തന്നെ വിരല്‍ചൂണ്ടിയ വിഷയമാണ് സഭയിലെ വൈദിക സമൂഹത്തിന്റെ അമിതമായ ആര്‍ഭാട ജീവിതവും, അതുമായി ബന്ധപ്പെട്ട ഇടപാടുകളും ഇടപെടലുകളും പെരുമാറ്റദൂഷ്യങ്ങളും. അതിന് മാതൃക എന്നോണം പോപ്പിന് ലഭിച്ച ആഡംബര കാറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ദാനം ചെയ്യുകയുണ്ടായി. ക്രമാനുഗതമായി വൈദിക ചൂഷണത്തെ പൊളിച്ചു കാട്ടുകയും അതേ സമയം അവരെ ക്രിസ്തുവിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്യുന്ന ശ്രമങ്ങള്‍ തുടര്‍ന്ന് വരികയായിരുന്നു മാര്‍പാപ്പ. സ്വര്‍ഗ്ഗവും നരകവും ആശയങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതീകങ്ങളാണെന്നും, അല്ലാതെ മരണശേഷം എത്തിപ്പെടുന്ന ലോകങ്ങളല്ലെന്നും മാര്‍പാപ്പ പറഞ്ഞു വയ്ക്കുകയുണ്ടായി. ഇത് അദ്ദേഹത്തെ നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റ് മാര്‍പാപ്പയായും ചിത്രീകരിക്കപ്പെടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി.

 

സ്വര്‍ഗ്ഗ-നരക ലോകങ്ങളെ മുന്‍നിര്‍ത്തി സഭാംഗങ്ങളില്‍ വിശ്വാസത്തിന്റെ പേരില്‍ നടന്നുകൊണ്ടിരുന്ന ചൂഷണമാണ് വൈദിക സമൂഹത്തെ അധാര്‍മ്മിക പ്രവൃത്തികളിലേക്ക് നയിച്ചുകൊണ്ടിരുന്നത്. മാര്‍പാപ്പ ചൂണ്ടിക്കാട്ടിയ, സഭയിലെ ജീര്‍ണതയുടെ പൊട്ടിയൊലിച്ച മുഖവുമായിട്ടാണ് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിമിനല്‍ കേസ് പ്രതിയായി പൊതുസമൂഹത്തില്‍ നില്‍ക്കുന്നത്. ആദ്ധ്യാത്മികത ചൂഷണത്തിനും മരണാനന്തര സ്വാസ്ഥ്യം ഉറപ്പ് വരുത്തുന്നതിനും ഉള്ളതല്ല, മറിച്ച് ഭൂമിയില്‍ സമാധാനപരമായും സന്തോഷപരമായും ഭൗതിക  ജീവിതം നയിക്കാനുള്ളതാണ്. ആ ഭൗതിക ജീവിതത്തിലെ ധാര്‍മ്മികതയുടെ വെളിച്ചത്തില്‍ പ്രായോഗിക വഴികളിലൂടെ സഭാവിശ്വാസികളെ നയിക്കുക എന്നതാണ് വൈദിക നേതൃത്വത്തിന്റെ ഉത്തരവാദിത്വം.

 

സഭയുടെ അധീനതയിലുള്ള ഭൂമി നേരായ രീതിയില്‍ വില്‍ക്കുന്നതിന് അതിന്റെ നിയമപരമായ ഉടമയായ കര്‍ദിനാളിനു കഴിയുന്നില്ല എങ്കില്‍ അത് നോട്ടപ്പിശകോ ശ്രദ്ധക്കുറവോ അല്ല , അദ്ദേഹത്തിന്റെ ആത്മീയമായ പരാജയമാണ്. ഒരു ശരാശരി പൗരന്‍ പോലും നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങളാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കഴിയാതെ വന്നത്. ഒരു അല്‍മായക്കാരന്‍ ചെയ്യുന്നത് പോലും ചെയ്യാന്‍ കഴിയാതെ വന്ന കര്‍ദിനാളിന് അല്‍മായയുടെ ആത്മീയ നേതൃത്വത്തില്‍ തുടരാന്‍ അവകാശമില്ല. ക്രമിനല്‍ കേസ് പ്രതിയായ പിതാവിനെ മനസ്സില്‍ കുടിയിരുത്തിക്കൊണ്ട്, ആ മാധ്യസ്ഥത്തിലൂടെ എങ്ങനെ ഒരു വിശ്വാസിക്ക് ക്രിസ്തുവിലേക്ക് പ്രവേശിക്കാന്‍ കഴിയും? കഴിയില്ല എന്നുള്ളതാണ് ഉത്തരം. അവിടെ മാര്‍ ജോര്‍ജ് ആലഞ്ചേരി മാധ്യസ്ഥത്തിന് പകരം തടസ്സമായി ആല്‍മായരുടെ മുന്നില്‍  നില്‍ക്കുകയാണ്.  

 

ഈ സാഹചര്യത്തില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ കര്‍ദിനാള്‍ ചുരുങ്ങിയ പക്ഷം തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെയെങ്കിലും, ആ സ്ഥാനത്തു നിന്ന് ഒഴിഞ്ഞ് നില്‍ക്കേണ്ടത് സിറോ മലബാര്‍ സഭ ആല്‍മായരുടെ മാത്രം ആവശ്യമല്ല. പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. കാരണം സമൂഹത്തില്‍ മൂല്യങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാരായ വ്യക്തിത്വങ്ങള്‍ തന്നെ മൂല്യശോഷണത്തിന് കാരണമാകുന്ന വിധത്തില്‍, ആ താക്കോല്‍ സ്ഥാനങ്ങള്‍ ഉപയോഗിക്കുന്നത് അപഭ്രംശങ്ങളെ സൃഷ്ടിക്കും. സമൂഹവും സംസ്‌കാരവും ഇന്നത്തെ അവസ്ഥയിലെങ്കിലും നിലനില്‍ക്കുന്നത് അവശേഷിക്കുന്ന ചില മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിലാണ്. അവ തകരാതെ നോക്കേണ്ടത് സമൂഹത്തിന്റെ ആവശ്യം തന്നെയാണ്. അതുകൊണ്ട് ഇത് സഭാ പ്രശ്‌നം മാത്രമായി ഒതുങ്ങുന്നില്ല, സമൂഹത്തിന്റെ മുന്നില്‍ ഒരു കൊടിയ കുറ്റകൃത്യമായി നില്‍ക്കുന്നു.

 

 

Tags: