ശ്രീദേവിയുടെ ഹൃദയാഘാതവും മധുവിന്റെ മോഷണക്കുറ്റം ചാര്‍ത്തലും

Glint staff
Tue, 27-02-2018 05:05:15 PM ;

sridevi-madhu

ശ്രീദേവിയുടെ മരണം ആദ്യം ലോകം കേട്ടത് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണെന്നാണ്. ആ വാര്‍ത്ത ഇന്ത്യയെ ഞെട്ടിച്ചു പ്രത്യേകിച്ച് അവരുടെ ആരാധകരെ. ശ്രീദേവിയുടെ കൃശഗാത്ര രൂപം ആരോഗ്യത്തെ എടുത്ത് കാണിക്കുന്നതായിരുന്നില്ല, മറിച്ച് അനാരോഗ്യത്തിന്റെ ലാഞ്ചനകള്‍ ഉള്ളതായിരുന്നു. കാലത്തിനെ ശരീത്തിലൂടെ വെല്ലുവിളിക്കാനുള്ള ത്വര അതില്‍ പ്രകടവുമായിരുന്നു. അന്‍പത്തിനാലിലും യൗവനത്തെ മുന്നില്‍ നിര്‍ത്തി, ശരീരം എന്ന തേരോടിക്കാനുള്ള വെമ്പല്‍. അതിപ്പോള്‍ സമൂഹത്തെയും ലോകത്തെയും കീഴടക്കികഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പോളമാണ് ആ ആഗ്രഹത്താല്‍ സമൃദ്ധമായി കഴിഞ്ഞിട്ടുള്ളത്. ശ്രീദേവി ആ യജ്ഞത്തില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. അവര്‍ പലതരം സൗന്ദര്യ ശസ്ത്രക്രിയകള്‍ക്ക് വിധേയമായിട്ടുള്ളതും രഹസ്യമല്ല. അവരുടെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം വാട്‌സാപ്പില്‍ പോസ്റ്റിട്ടു 'ശ്രീദേവി ക്ഷണിച്ചു വരുത്തിയ ഹൃദയാഘാതം' എന്ന്. ഭക്ഷണ രീതിയിലൂടെയും അതി സങ്കീര്‍ണമായ ശാസ്ത്രക്രിയകളിലൂടെയും  യൗവനത്തെ ശരീരത്തില്‍ പിടിച്ചു കെട്ടാനുള്ള ശ്രീദേവിയുടെ ശ്രമമാണ് അവരുടെ അകാല മൃത്യുവിന് കാരണമായത് എന്ന് വിലപിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റ്. ഇതെല്ലാം ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചത് എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി വന്നതാണ്. ആ വാര്‍ത്ത പുറത്ത് വിട്ടതാരാണെന്ന് വ്യക്തമല്ല.

 

എന്നാല്‍ ഔദ്യോഗീക രേഖ പുറത്ത് വന്നപ്പോള്‍ അപ്രതീക്ഷിതമായ മുങ്ങിമരണമാണ് സംഭവിച്ചത് എന്നും പറയുന്നു. ദുബായിലെ നിയമസംവിധാനങ്ങളും, അന്വേഷണ സംഘവും ശ്രീദേവിയുടെ മരണകാരണത്തില്‍ തൃപ്തരല്ല. അവര്‍ വീണ്ടും അന്വേഷിക്കുന്നു. തലയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. ദുബായ് പ്രോസിക്യൂഷന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ യഥാര്‍ത്ഥ കാരണത്തിനായി നമുക്ക് കാത്തിരിക്കേണ്ടി വരും. ഒരു കാര്യം ഉറപ്പ്, ഹൃദയാഘാതമായിരുന്നില്ല മരണകാരണം.

 

അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്നത് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചതിന്റെ പേരിലാണ് എന്നാണ് മാധ്യമങ്ങളിലൂടെ  ഇതുവരെ അറിവായിട്ടുള്ളത്. വിശപ്പും ആദിവാസിയുടെ തല്ലിക്കൊല്ലലും മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നു, സാമൂഹ മാധ്യമങ്ങള്‍ കൊണ്ടാടി. ശില്പവും, കഥയും, കവിതയും കൈ കെട്ടപ്പെട്ട മധുവിനെ കേന്ദ്രീകരിച്ച് സൃഷ്ടിക്കപ്പെട്ടു. ഒടുവില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെത്തി, മധുവിന്റെ ശരീരത്തില്‍ അന്നജത്തിന്റെ അംശമേ ഇല്ലായിരുന്നു, ഏതാനും ചില പഴങ്ങളുടെയും കായ്കളുടെയും സാന്നിധ്യം മാത്രം.അന്നജനത്തിന്റെ അംശം തീരെ ഇല്ലാതാകുന്ന വ്യക്തി മരണത്തിനു കീഴ്‌പ്പെടാന്‍ ചെറിയ ആഘാതം മതി, അതില്ലാതെയും സംഭവിക്കും. കോടതിയില്‍ കേസ് വരുമ്പോള്‍ മരണകാരണം കരുതിക്കൂട്ടിയുള്ള കൊലപാതകശ്രമമല്ല എന്നും, പട്ടിണി മൂലം ശരീരത്തില്‍ അന്നജം ഇല്ലാതായതാണെന്നും തെളിയിക്കപ്പെടാന്‍ എളുപ്പം.

 

പെട്ടെന്നുണ്ടാകുന്ന ക്ഷോഭമാണ് 'Mob violence' അല്ലെങ്കില്‍ ജനക്കൂട്ട ആക്രമണം. ഏതാനും നിമിഷങ്ങള്‍ ഇടവേള വന്നാല്‍ 'മോബ് വയലന്‍സ്' ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നാലര കിലോമീറ്റര്‍ ഒരു സംഘം നടന്ന് ഗുഹയില്‍ എത്തി മുഖഭാവത്തില്‍ പോലും പ്രതിരോധം ഇല്ലാതെ നിന്ന മധുവിനെ തല്ലിക്കൊന്നു എന്നാണ് നമ്മുടെ മുമ്പിലുള്ള ഇപ്പോഴത്തെ വാര്‍ത്ത. അതിന് കാരണമായി ഉയര്‍ത്തിക്കാട്ടുന്നത് കളവും.സ്വാഭാവികമായ ജനക്കൂട്ട ആക്രമണമാണെങ്കില്‍ അതിന്റെ പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടാകില്ല. അധവാ ഉണ്ടാകണമെങ്കില്‍ അത് കരുതിക്കൂട്ടി ആസൂത്രണം ചെയ്യേണ്ടി വരും. ഇവിടെ നാലര കിലോമീറ്റര്‍ ഒരാളെ അന്വേഷിച്ച് നടന്നെത്തിയ അവരില്‍ ജനക്കൂട്ട ആക്രമണ സ്വഭാവം പ്രകടമാകാനുള്ള സാധ്യത കുറവാണ് അതേസമയം കരുതിക്കൂട്ടിയുള്ള ആക്രമണ സാധ്യത ഏറെയുമാണ്.

 

മധുവിന്റെ വാസകേന്ദ്രമായ ഗുഹാ പ്രദേശവും മറ്റും മാധ്യമങ്ങളിലൂടെ കണ്ടാലറിയാം, മധു സ്ഥിരം മോഷ്ടാവായിരുന്നില്ലെന്ന്. അയാള്‍ക്ക് ബാഹ്യ ലോകവുമായി പരിമിതമായ സമ്പര്‍ക്കമേ ഉണ്ടായിരുന്നുള്ളൂ എന്നതും ഗുഹാ പരിസരം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ നാം അന്വേഷിക്കേണ്ടത് മധു തല്ലിക്കൊല്ലപ്പെട്ടത് മോഷണ കുറ്റത്തിന്റെ പേരിലാണോ, അതോ കാടിന്റെ ഉള്ളില്‍ കഴിഞ്ഞിരുന്ന മധു തെളിവായി മാറിയ സാഹചര്യത്തില്‍ അത് നശിപ്പിക്കപ്പെടുകയായിരുന്നോ എന്നാണ്. കാരണം കാടിന് പുറത്തുള്ളവര്‍ കാട്ട് മൃഗങ്ങളെ പോലും വെല്ലുന്ന തരത്തില്‍ കാട്ടാള സ്വഭാവം കാടിനകത്ത് കയറി പ്രകടമാക്കാറുണ്ട്. അതിനവരെ പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും തെളിവുകളുടെ  അഭാവവും ഒത്താശകളുമാണ്. അത്തരത്തിലുള്ള ഏതെങ്കിലും ഒരു കുറ്റകൃത്യത്തിന്റെ സാക്ഷിയായിരുന്നില്ല മധു എന്ന് എങ്ങനെ നിശ്ചയിക്കാനാകും.

 

കേരളത്തില്‍ പരസ്യമായി നടക്കുന്ന കൊലപാതകങ്ങള്‍ പോലും ശിക്ഷലഭിക്കാതെ തേഞ്ഞുമാഞ്ഞ് പോകുന്നു. അവിടെയെല്ലാം കുറ്റവാളികളും രാഷ്ട്രീയ നേതൃത്വവും അധികാരവര്‍ഗങ്ങളും തമ്മിലുള്ള കൂട്ട്‌കെട്ട് വിജയമാണ് സംഭവിക്കുന്നത്. വര്‍ത്തമാന കാലത്തില്‍ ബെല്ലും ബ്രേക്കുമില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും പ്രത്യേകിച്ച് ചാനലുകളും സമൂഹ മാധ്യമങ്ങളും ഉള്ള അന്തരീക്ഷത്തില്‍ മധു ഒരു തെളിവായി പൊന്തി വരുമോ എന്ന് കുറ്റകൃത്യം നടത്തിയവര്‍ക്ക് സംശയം ഉണ്ടായാല്‍, സ്വാഭാവികം മാത്രം. അതിനാല്‍ അന്നജത്തിന്റെ കുറവുകൊണ്ടാണ് മരിച്ചതെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട് വന്ന പശ്ചാത്തലത്തില്‍ സമഗ്രമായ ഒരന്വേഷണം നടത്തപ്പെടുകയാണെങ്കില്‍ രണ്ട് കുറ്റകൃത്യങ്ങള്‍ ഒരുപക്ഷേ തെളിഞ്ഞെന്നിരിക്കും. ഒന്ന് മധു സാക്ഷിയാകാന്‍ കാരണമായ കുറ്റകൃത്യം, രണ്ട് മധുവിന്റെ കൊലപാതകം. ചിലപ്പോള്‍ നാം മാധ്യമങ്ങളിലൂടെ അറിഞ്ഞ കൊലപാതകം തന്നെയായിരിക്കാം നടന്നിട്ടുണ്ടാവുക. പക്ഷേ അപ്പോഴും സംശയ രഹിതമായി അത് വ്യക്തമാക്കേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ആ വ്യക്തത വരേണ്ടത് ആദിവാസി സമൂഹത്തിന്റെ അവകാശവും കേരളസമൂഹത്തിന്റെ ആവശ്യവുമാണ്. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള വ്യാഖ്യാന പ്രഖ്യാപനങ്ങളാല്‍ ആരും കേരളത്തില്‍ കൊലചെയ്യപ്പെടാനുള്ള അവസരം നിലനില്‍ക്കുന്നു.

 

Tags: