ഐക്യരാഷ്ട്ര സഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവി മുരളി തുമ്മാരുകുടിയുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ വീഡിയോ അഭിമുഖം.
ഓഖി ദുരന്തത്തില്‍ നിന്ന് സാധാരണ ജനങ്ങള്‍ എന്താണ് പഠിക്കേണ്ടത്?
ഓരോ ദുരന്തവും വന്‍ ദുരന്തങ്ങളായി മാറുന്നത് മുന്‍പത്തെ ദുരന്തങ്ങളില്‍ നിന്ന് നമ്മള്‍ ഒന്നും പഠിക്കാതെവരുമ്പോഴാണ്. ഓരോ ദുരന്തത്തെയും നമ്മള്‍ ഒരു പാഠമായി എടുക്കണം .നമുക്ക് ചുറ്റും ഉണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് മാത്രമല്ല .ചെന്നൈയില്‍ ഒരു വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ കൊച്ചി അതില്‍ നിന്ന് പാഠം പഠിക്കണം . ചൈനയില്‍ ഒരു ഭൂകമ്പമുണ്ടാകുമ്പോള്‍ ഡല്‍ഹി അതില്‍ നിന്ന് പാഠം പഠിക്കണം .ദുരന്തം എന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്നതല്ല, ദൂരപ്രദേശങ്ങളില്‍ ഇന്ന് ഉണ്ടാകുന്ന ദുരന്തം നാളെ നമുക്കും വരാവുന്നതാണ്. ദുരന്തങ്ങള്‍ എപ്പോഴും, വലിയ മുന്നറിയിപ്പോടുകൂടി ആയിരിക്കില്ല സംഭവിക്കുക. ഓഖി വന്നപ്പോള്‍ അന്ന് രാവിലെ തിരുവനന്തപുരത്തുള്ളവര്‍ക്ക് ദുരന്തത്തെക്കുറിച്ച് ഒരുവിധത്തിലുള്ള പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അതൊരു ഉദാഹരണം മാത്രം. ഓഖിപോലൊരു ദുരന്തം ശരാശരി മലയാളി അനുഭവിക്കാന്‍ സാധ്യത വളരെ കുറവാണ്. കേരളത്തിന്റെ കാര്യം എടുത്താല്‍ ഒരുവര്‍ഷം 8000 ആളുകളാണ് അപകടത്തില്‍ മരിക്കുന്നത് 4000 ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്നു, 1500 പേര്‍ മുങ്ങി മരിക്കുന്നു, 25 പേര്‍ ആനകുത്തി മരിക്കുന്നു, ഈ മരണങ്ങള്‍ നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടാകുന്നതാണ് .റോഡ് അപകടങ്ങളില്‍ മരിക്കുന്ന 4000 പേരില്‍ ഒരാള്‍ പോലും അന്ന് രാവിലെ തങ്ങള്‍ മരണപ്പെടും എന്ന് വിചാരിച്ചിട്ടുണ്ടാകില്ല .അപകടങ്ങള്‍ ഉണ്ടാകാനുള്ള ചെറുതും വലുതുമായ സാദ്ധ്യതകള്‍ നമുക്ക് ചുറ്റും എപ്പോഴും ഉണ്ട്. അതിനെ എങ്ങനെ നേരിടാം എന്നുള്ള ചിന്ത നമ്മുടെ മനസ്സില്‍ എപ്പോഴും ഉണ്ടാകണം . അതാണ് ഓഖി ദൂരന്തത്തില്‍ നമ്മള്‍ പ്രധാനമായും പഠിക്കേണ്ട പാഠം.
കേരളത്തിലെ മാധ്യമങ്ങള്‍ ശരിയായ രീതിയിലാണോ ദുരന്തവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത് ?
പലപ്പോഴും ഞങ്ങള്‍ ദുരന്തസ്ഥലങ്ങളില്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ മാധ്യമങ്ങള്‍ അവിടെ എത്താറുണ്ട്. ദുരന്തം ബാധിച്ചവരുടെ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിക്കുക, അതുവഴി അവര്‍ക്ക് വേണ്ട സഹായം ഉറപ്പു വരുത്തുക, സഹായം എത്തിക്കുന്നതില്‍ എന്തെങ്കിലും പാകപ്പിഴകള്‍ ഉണ്ടെങ്കില്‍ അതിനെ ചൂണ്ടി കാണിക്കുക എന്നീ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് ഉണ്ട്. കേരളത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍, വലിയ അപകടങ്ങളൊന്നും നമ്മള്‍ നേരിട്ടിട്ടില്ലാത്തതിനാല്‍ ഈ മേഖലയില്‍ ഇവിടത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാര്യമായ പരീശീലനമൊന്നും ലഭിച്ചിട്ടില്ല. അവര്‍ പഠിച്ചുവരുന്നതേ ഉളളൂ. എന്നാലും ഇത്തരം വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അത് പുറ്റിങ്ങല്‍ അപകടമായാലും ഓഖി ദുരന്തമായാലും ആ പ്രശ്‌നം നമുക്ക് കാണാനാവും. ദുരന്തം ഉണ്ടായ ആദ്യ മണിക്കൂറുകളില്‍ തന്നെ ആരാണ് അതിനുത്തരവാദി എന്ന് കണ്ടുപിടിക്കുന്നതിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ ശ്രദ്ധചെലുത്തുന്നത്. കാര്യം ശരിയാണ് ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് അപകടത്തിന് കാരണം എന്ന് ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷേ അത് ഒന്നാമത്തെ ദിവസം ഒന്നാമത്തെ മണിക്കൂറില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യം അല്ല. ഈ ചര്‍ച്ചകൊണ്ട് ചില നഷടങ്ങളും സംഭവിക്കുന്നുണ്ട്. അത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഏല്‍ക്കുന്ന നഷ്ടമല്ല. മറിച്ച് ദുരന്തത്തില്‍ അകപ്പെട്ടവരെ ആണ് ബാധിക്കുക. പുറ്റിങ്ങലിന്റെ കാര്യത്തിലാണെങ്കില്‍ ദുരന്തത്തിനുത്തരവാദി കളക്ടര്‍ ആണോ പോലീസ് ആണോ എന്നുള്ളത് ദുരന്തം സംഭവിച്ച അന്ന് ചോദിക്കേണ്ട ചോദ്യം അല്ല. അവിടെ പൊള്ളലേറ്റ് കിടക്കുന്നവരിലേക്കായിരിക്കണം ശ്രദ്ധ പോകേണ്ടത്. ആ ചോദ്യത്തിന് തീര്‍ച്ചയായും ഉത്തരം കണ്ടുപിടിക്കണം.പക്ഷേ അതിനുള്ള അവസരത്തിലായിരിക്കണം എന്ന് മാത്രം. ഇക്കാര്യം ഓഖി ദുരന്തം ഉണ്ടായപ്പോഴും സംഭവിച്ചു. കേന്ദ്രമാണോ,സംസ്ഥാനമാണോ ഉത്തരവാദി, മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച ഉണ്ടായോ എന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍. പ്രധാന പ്രശ്‌നം ഇതൊന്നും അല്ല. ആളുകള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ? അവര്‍ എത്രപേര്‍ ഉണ്ട് ? അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നുണ്ടോ? ഇത്തരം കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അനുഭാവ പൂര്‍ണം ചോദിച്ച് ആ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നെങ്കില്‍ അത് ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൂടുതല്‍ ഗുണകരമായേനെ.എന്നാല്‍ ഇവിടെ ഉണ്ടായത് നേരെ മറിച്ചാണ്. അതിനാല്‍ ഉദ്യോഗസ്ഥര്‍ ഉള്ളിലേക്ക് വലിഞ്ഞ് സ്വന്തം സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിലേക്കുമൊക്കെ പോയി. ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ദുരന്തനിവാരണ രംഗത്ത് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ ദുരന്ത നിവാരണ സംവിധാനം ഏര്‍പ്പെടുത്തിയത് ഇന്ത്യയില്‍ ആണ്. 1800 ന്റെ രണ്ടാം പകുതിയില്‍. വടക്കേ ഇന്ത്യയിലെ ഭക്ഷ്യ ക്ഷാമം നേരിടാന്‍ വേണ്ടി അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ റിലീഫ് മെക്കാനിസം ആണ് പിന്നീട് ദുരന്തനിവാരണസംവിധാനമായി ആയി ഇന്ത്യയില്‍ വളര്‍ന്നത്. നൂറ് വര്‍ഷത്തെ പരിചയം അതിനുണ്ട്. പിന്നെ സ്വതന്ത്ര്യത്തിന് ശേഷം ഉണ്ടായിട്ടുള്ള ദുരന്തങ്ങളില്‍ സൈനിക വിഭാഗങ്ങളാണ് പ്രധാനമായും രംഗത്തിറങ്ങാറ്. അവര്‍ക്ക് അതിനു വേണ്ട പരിശീലനം ലഭിച്ചിട്ടുമുണ്ട്. 2004 ലെ സുനാമിക്ക് ശേഷമാണ് ഇന്ത്യയില്‍ ദേശീയ ദുരന്ത നിവാരണ ആക്ട് വരുന്നത്. അതിനുശേഷം പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിലവില്‍ വന്നു. പിന്നെ അതിന്റെ ചുവട് പിടിച്ച് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി വന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വന്നു. പിന്നെ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് വന്നു. സിവിലിയന്‍ രീതിയില്‍ ഇത്തരം സംവിധാനങ്ങളാണ് നമുക്കുള്ളത്. അതില്‍ എടുത്ത് പറയേണ്ടത് ലോകം തന്നെ മാതൃകയാക്കുന്ന നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് ഫോഴ്‌സ് ആണ് .വിവിധ സൈനിക വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ആളുകളെ ദുരന്ത നിവാരണത്തില്‍ മാത്രം പരിശീലനം നല്‍കി ഇന്ത്യയിലെ പത്തു സ്ഥലങ്ങളില്‍ ആയിരം പേരെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചത് അവരായിരുന്നു. എന്നാല്‍ താരതമ്യേന പുതിയ സംവിധാനങ്ങളാണ് അതുകൊണ്ട് ഇവയൊക്കെ ലോകനിലവാരത്തിലേക്ക് ഉയരാന്‍ കുറച്ച് സമയം എടുക്കും.
ഈ തലമുറ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് എന്താണ് അഭിപ്രായം?
കേരളത്തിലേതെന്നല്ല ലോകത്തെ എല്ലായിടത്തും സമൂഹമാധ്യമങ്ങളുടെ സെന്റര്‍ ഓഫ് ഗ്രാവിറ്റി നെഗറ്റീവ് ആണ്. ആളുകളെ കളിയാക്കാനാണ് ഇവ കൂടുതല്‍ ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള കാര്യങ്ങള്‍ വായിക്കാനും കാണാനുമാണ് ആളുകള്‍ക്കിഷ്ടവും. എത്ര നല്ല വാര്‍ത്തകള്‍ കൊടുത്താലും മുഖ്യധാരാ മാധ്യമങ്ങളിലെന്ന പോലെ സമൂഹമാധ്യമങ്ങളിലും ആളുകള്‍ ശ്രദ്ധിക്കാറില്ല. പ്രാധാന്യം കൊടുക്കാറില്ല.മറ്റൊന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളാണ്. അതിനു രണ്ട് തലങ്ങള്‍ ഉണ്ട്.ഒരു പ്രത്യേക അജണ്ട വച്ചുകൊണ്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നുള്ളതാണ്. അതിന്റെ ഉദ്ദേശം എന്ന പറയുന്നത് ആളുകളുടെ ഇഷ്ടത്തെയും തീരുമാനത്തെയും സ്വാധീനിക്കുക ആണ്. ഉദാഹരണത്തിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, ജനങ്ങളെ സ്വാധീനിച്ചു എന്നൊക്കെയാണ് ആരോപണം. ഇക്കാര്യം നമ്മളും ശ്രദ്ധിക്കേണ്ട ഒന്നാണ്. നമ്മുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാന്‍ പോവുകയണ്. ഇത് സംസ്ഥാന തിരഞ്ഞടുപ്പിലും പ്രയോഗിക്കപ്പെട്ടേക്കാം. അമേരിക്കയുടെ തിരഞ്ഞടുപ്പ് റഷ്യയില്‍ ഇരുന്ന് നിയന്ത്രിക്കപ്പെട്ടു എന്ന പറയുന്നത് പോലെ നമ്മുടെ തിരഞ്ഞെടുപ്പും മറ്റിടങ്ങളില്‍ നിന്ന് നിയന്ത്രിക്കപ്പെട്ടേക്കാം. രണ്ടാമത്തെ കാര്യം ഫേക്ക് ന്യൂസിന്റെ പേരില്‍ ബഹുഭൂരിപക്ഷം ആളുകളും പറ്റിക്കപ്പെടുന്നു എന്നുള്ളതാണ്. അതിന്റെ പ്രധാന കാരണം എന്തെന്നാല്‍ എഴുതപ്പെടുന്നതൊക്കെ സത്യം ആണെന്നുള്ള വിശ്വാസമാണ്. പണ്ട് നമ്മള്‍ എഴുതുന്നതിനും വായിക്കുന്നതിനും ഇടയ്ക്ക് എഡിറ്റര്‍ എന്നുപറയുന്ന ഒരാള്‍ ഉണ്ടായിരുന്നു. പത്രങ്ങളിലായാലും മാസികകളിലായാലും. കാരണം ആ പ്രസിദ്ധീകരങ്ങളുടെ എല്ലാം വിശ്വാസ്യത വളരെ പ്രധാനമായിരുന്നു. മനോരമയിലോ മാതൃഭൂമിയിലോ അല്ലെങ്കില്‍ ബി ബി സി യിലോ ഒക്കെ വാര്‍ത്ത വന്നാല്‍ നമ്മള്‍ അതിനെ വിശ്വസിച്ചിരുന്നു.
ഇപ്പോഴുള്ള ആളുകള്‍ ഫേസ്ബുക്കിലോ വാട്‌സ് ആപ്പിലോ എന്തെങ്കിലും കാണുന്നു. അത് എഡിറ്ററുടെ കയ്യിലൂടെ കടന്നു വന്നതാണെന്നും സത്യമാണെന്നും വിശ്വസിക്കുന്നു. ഞാന്‍ കൃത്രിമ മുട്ടയെ പറ്റി ഒരു വ്യജ വാര്‍ത്ത ഉണ്ടാക്കിയിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ അത് 36000 പേരാണ് അത് ഷെയര്‍ ചെയ്തത്. ഞാന്‍ ആ പോസ്റ്റിലൂടെ പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്.എന്നിട്ട് പോലും ആളുകള്‍ അത് വിശ്വസിച്ചു. ഞാന്‍ പറയുന്നത് തെറ്റാണെന്ന് ആളുകള്‍ക്ക് മനസ്സിലാകും എന്ന കരുതിയാണ് അന്ന് ആ പോസ്റ്റ് ഇട്ടതത്. എന്നാല്‍ അതുണ്ടായില്ല . ഇത്തരത്തില്‍ ആളുകളുടെ ഗാലിബിലിറ്റി എന്ന് പറയുന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. അത് അവര്‍ക്കും അവരെ വിശ്വസിക്കുന്നവര്‍ക്കും വലിയ കുഴപ്പം ഉണ്ടാക്കും.കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കും.
മൂന്നാമത്തേത് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളാണ്. മുല്ലപ്പെരിയാര്‍ പൊട്ടാന്‍പോകുന്നു, കൊച്ചി വെള്ളത്തിനടിയിലാകും എന്നൊക്കെ ഉള്ള വാര്‍ത്തകള്‍ വരുമ്പോള്‍ വെറുതെ ആളുകള്‍ അങ്ങ് പ്രചരിപ്പിക്കും. ഇത് കുറേ ആളുകളെങ്കിലും വിശ്വസിച്ച് അതിനെപ്പറ്റി വ്യാകുലപ്പെടുകയും, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.ഇത്തരത്തില്‍ രണ്ടോ മൂന്നോ വാര്‍ത്തകള്‍ വന്ന് കഴിയുമ്പോള്‍ ആളുകള്‍ ഏത് മുന്നറിയിപ്പ് വന്നു കഴിയുമ്പോഴും അതിനെ തള്ളിക്കളയും. അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രണ്ട് മൂന്നു പേര്‍ക്ക് ശിക്ഷ ലഭിച്ചുകഴിയുമ്പോള്‍ ആളുകള്‍ താനേ ഇതില്‍ നിന്ന് പിന്മാറിക്കൊള്ളും.
ഇങ്ങനെയൊക്കെ ആണെങ്കിലും സമൂഹമാധ്യമങ്ങള്‍ക്ക് എന്ത് മാത്രം സാധ്യതയാണുള്ളത്. ആളുകളെ തേടിപ്പിടിക്കാന്‍, കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍... എന്റെ കാര്യം തന്നെ എടുത്താല്‍, ഞാന്‍ ജനീവയില്‍ താമസിക്കുന്ന ആളാണ്.എനിക്ക് ലോകത്തെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 5000 ത്തോളം സുഹൃത്തുക്കള്‍ ഫേസ് ബുക്കില്‍ ഉണ്ട്. ഏകദേശം 60000 ത്തോളം പേര്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഇതില്‍ 1000 പേരോട് ഞാന്‍ സ്ഥിരം ആശയവിനിമയം നടത്തുന്നതാണ്. അവരെല്ലാം വ്യത്യസ്ത മേഖലയില്‍ നിന്നുള്ളവരാണ്. എനിക്ക് അറിയാത്ത കാര്യങ്ങള്‍ ഞാന്‍ അവരോട് ചോദിക്കുകയും അവര്‍ക്കറിയാത്ത കാര്യങ്ങള്‍ അവര്‍ എന്നോട് ചോദിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വലിയ സാധ്യത സമൂഹമാധ്യമങ്ങള്‍ നമുക്ക് തരുന്നുണ്ട്. ഇതിനെ ഇന്നത്തെ തലമുറ ശരിയായി ഉപയോഗിക്കുന്നില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. അവര്‍ രാഷ്ട്രീയത്തെ പറ്റിയോ സിനിമയെ പറ്റിയോ മതത്തെ പറ്റിയോ അറിയാനോ അറിയിക്കാനോ വേണ്ടിയാണ് ഉപയോഗിക്കുന്നത്. അത് തെറ്റല്ല എന്നാല്‍ അത് മാത്രം പോരാ.ഇതുകൊണ്ട് വേറെ ഒരുപാട് ഗുണങ്ങള്‍ ഉണ്ട് .അപ്പോള്‍ അത്തരത്തിലേക്ക് നമ്മുടെ പുതു തലമുറ ഉയരണം.
മലയാളി നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യദുരന്തം?
വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണത്, പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ഉണ്ട്. പുറത്തേക്കിറങ്ങിയാല്‍ ആദ്യം കണ്ണില്‍പ്പെടുന്നത് ഖരമാലിന്യങ്ങളുടെ കൂമ്പാരമാണ്. അതുപോലെ നഗരത്തിലെ ഗതാഗതം വലിയൊരു പ്രശ്‌നമാണ്. കേരളത്തിലെ ഏത് നഗരവും ഇന്ന് തിങ്ങിനിറഞ്ഞ അവസ്ഥയാണ്. എന്റെ വീട് പെരുമ്പാവൂരാണ്. അവിടെ നിന്നെ വെങ്ങോലയിലേക്കുള്ള തറവാട്ടിലേക്ക് നാല് കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. സാധാരണ ഗതിയില്‍ 15 മിനിറ്റുകൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന ദൂരമാണ് അത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പെരുമ്പാവൂര്‍ നിന്ന് ഒരു റോഡ് ക്രോസ്സ് ചെയ്യാന്‍ അരമണിക്കൂറെടുക്കുമോ അതോ ഒരുമണിക്കൂറെടുക്കുമോ എന്ന പറയാനാവാത്ത സ്ഥിതിയാണ്. അപ്പോള്‍ ആ തരത്തിലുളള പ്രശ്‌നങ്ങള്‍ വളരെ അധികം ഉണ്ട്. എന്നാല്‍ വലിയൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേരള സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നം നമുക്ക് പണം ഉണ്ടെന്നുള്ളതാണ്. അതിനെ ഇംഗ്ലീഷില്‍ ഫസ്റ്റ് വേള്‍ഡ് പ്രോബ്ലം എന്ന് പറയും. അതായത് പട്ടിണിയല്ല അമിതമായ ഭക്ഷണം കഴിച്ചത് കൊണ്ടുള്ള പ്രശ്‌നങ്ങളാണ് , മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പഠിക്കാന്‍ പറ്റാത്തതല്ല അതിനുള്ള അവസരങ്ങള്‍ കൂടിയത് കൊണ്ടുള്ള പ്രശ്‌നമാണ്. പാവപ്പെട്ട നിലയില്‍ നിന്ന് പണമുള്ള തലത്തിലേക്ക് പൊതുവില്‍ നമ്മുടെ സമൂഹം മാറിക്കഴിഞ്ഞു. എന്ന് വച്ചാല്‍ നമ്മുടെ സമൂഹത്തില്‍ പാവപ്പെട്ടവര്‍ ഇല്ല എന്നല്ല. എന്നാല്‍ നമ്മുടെ സമൂഹത്തിന്റെ സെന്റര്‍ ഓഫ് ഗ്രാവിറ്റി മധ്യവര്‍ഗ്ഗത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. പക്ഷെ അതിനനുസരിച്ച് നമ്മുടെ പോളിസികള്‍,നയങ്ങള്‍ മാറ്റപ്പെട്ടിട്ടില്ല. അതാണ് കേരള സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്‌നം.
കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ എന്ത് മാറ്റമാണ് ആഗ്രഹിക്കുന്നത് ?
കേരളത്തിലെ വിദ്യാഭ്യാസത്തിലാണ് ആദ്യമായിട്ടുള്ള മാറ്റം വരേണ്ടത്. കേരളം എന്നത് ലോകത്തിന്റെ ഭാഗമാണെന്നുള്ള വിശ്വാസം നമുക്ക് തീര്‍ച്ചയായിട്ടും വേണം. കേരളത്തെ മാത്രം മാര്‍ക്കറ്റ് ആയിക്കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസമല്ല വേണ്ടത്. വാസ്തവത്തില്‍ അങ്ങനെ അല്ല എന്ന് എല്ലാവര്‍ക്കും അറിയാം, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക്. അവസരം കിട്ടുന്നവരെല്ലാം കേരളത്തിന്റെ പുറത്തേക്ക് പോകാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനം അതിനു യോജിക്കുന്ന തരത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തെ കാര്യം നമ്മള്‍ ഇവിടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നിരവധി ഉണ്ടെന്ന് പറഞ്ഞാലും അവിടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന രീതി ഇപ്പോഴും പഴയതാണ്.ഉദാഹരണമായി നേഴ്സിംഗിന്റെ കാര്യം എടുക്കാം. ഇവിടെ ആവശ്യത്തിലധികം നേഴ്സിംഗ് കോളേജുകള്‍ ഉണ്ട്. എന്നാല്‍ അവിടെ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് 5000 രൂപക്ക് ജോലി എടുക്കേണ്ടി വരുന്നു. അതിനെ ചൊല്ലി സമരങ്ങളൊക്കെ നമ്മള്‍ കാണുന്നുണ്ടല്ലോ.ഇത് കണ്ടിട്ട് നമ്മള്‍ ചിന്തിക്കും ആ മേഖലയുടെ അവസരങ്ങള്‍ ഇല്ലാതായെന്ന്, എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ചിന്താഗതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നേഴ്സുമാരുടെ ആവശ്യം കൂടി വരികയാണ്. നമ്മുടെ കുട്ടികള്‍ക്ക് അവിടെ എത്തിപ്പെടാന്‍ പറ്റാത്തതിന്റെ പ്രധാന കാരണം ഭാഷയാണ്. അത് ഇംഗ്ലീഷ് ആണെങ്കിലും മറ്റ് ഭാഷകള്‍ ആണെങ്കിലും. നമ്മുടെ നേഴ്സിങ് കോളേജുകളില്‍ ഭാഷ പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ല. അതിനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നെങ്കില്‍, ഭാഷക്കായി ഒരു വര്‍ഷം കൂടുതല്‍ പഠിപ്പിച്ചാലും തെറ്റില്ല. ഇപ്പോള്‍ പുറത്തേക്ക് പോകുന്നതിന്റെ അഞ്ചിരട്ടി നേഴ്സുമാര്‍ക്ക് പോകാന്‍ സാധിക്കുമായിരുന്നു. നമ്മള്‍ അത്തരത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ നമ്മുടെ നാട്ടില്‍ മാത്രമല്ലല്ലോ നേഴ്സുമാര്‍ ഉള്ളത് ശ്രീലങ്കയില്‍ ഉണ്ട് ഫിലിപ്പീന്‍സില്‍ ഉണ്ട് അവരെല്ലാം അവസരങ്ങള്‍ കൈയടക്കും. ഇത്തരത്തില്‍ ലോകം എന്താണോ നോക്കുന്നത്, അത് കണ്ടറിഞ്ഞ് ചെയ്യാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
മറ്റൊരുമാറ്റം അധികൃതരുടെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്, (കുട്ടികള്‍ ചെയ്യേണ്ടതല്ല).യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളുടെയും യൂണിവേഴ്‌സിറ്റികള്‍ തമ്മില്‍ ബന്ധിതമാണ്. ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ആറു മാസം കഴിയുമ്പോള്‍ അടുത്ത യൂണിവേഴ്‌സിറ്റിയില്‍ പോയി പഠനം തുടരാം. ബി.എസ്.സി ഫിസിക്‌സ് എടുത്ത് പഠനം തുടങ്ങിയ ഒരാള്‍ക്ക് ബി.എസ്.സി മൈക്രോ ബയോളജി ആയി പഠനം പൂര്‍ത്തിയാക്കാം. മെഡിസിനെടുത്ത് തുടങ്ങിയ ഒരാള്‍ പുറത്തിറങ്ങുന്നത് ബയോ ടെക്‌നോളജി ആയിട്ടായിരിക്കും. അങ്ങനെ കോഴ്‌സ് മാറാനും യൂണിവേഴ്‌സിറ്റി മാറാനുമുള്ള പല അവസരങ്ങളും അവിടെ ഉണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഇന്ത്യയില്‍ രാജ്യത്തിനകത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ പറ്റുന്നില്ല. എന്തിന്, കേരളത്തില്‍ പതിനഞ്ച് യൂണിവേഴ്‌സിറ്റികള്‍ ഉള്ളതില്‍ ഒന്നില്‍ തുടങ്ങി മറ്റൊന്നില്‍ പഠനം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. കോഴ്‌സിന്റെ കാര്യവും അങ്ങനെ തന്നെ. കേരളത്തില്‍ എന്‍ജിനീയറിങ് തോല്‍ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ തൊഴിലില്ലാത്ത എന്‍ജിനീയര്‍മാരുടെ ഒരു പട തന്നെ നമ്മുടെ നാട്ടില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തെ ഓര്‍ത്ത് ഭയപ്പെടേണ്ട കാര്യം ഇല്ല. തോല്‍ക്കുന്നവരെല്ലാവരും കഴിവില്ലാത്തവരൊന്നുമല്ല. അവര്‍ പരാജയപ്പെട്ടു എങ്കിലും കുറേ കാര്യങ്ങള്‍ പഠിക്കുന്നുണ്ട് . അതിനൊരു ക്രെഡിറ്റ് കൊടുത്ത് അവര്‍ക്ക് വേറൊരു കോഴ്‌സിലേക്ക് പോകാനുള്ള അവസരം ഉണ്ടാക്കിയാല്‍ മതി. ഇതുവഴി അവര്‍ക്ക് ഇഷ്ടമുള്ള മേഖലയിലേക്ക് പോകാന്‍ സാധിക്കും. അതിനൊപ്പം ഒന്നിനും കൊള്ളാത്തവരാണ് തോല്‍ക്കുന്നവര്‍ എന്നുള്ള ചിന്ത വിദ്യാര്‍ത്ഥികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഇല്ലാതാക്കാന്‍ സഹായകമാവുകയും ചെയ്യും. ഇത്തരത്തിലുള്ള മാറ്റം നമ്മുടെ യൂണിവേഴ്‌സിറ്റി സമ്പ്രദായത്തില്‍ എത്രയും പെട്ടെന്ന് കൊണ്ടുവരേണ്ടതാണ്.
വരും നാളുകളില്‍ കേരളത്തിന്റെ തൊഴില്‍ സാദ്ധ്യതകള്‍?
കേരളത്തിന്റെ ഭാവി നമുക്ക് ഇന്ന് പ്രവചിക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല. അത് നമ്മള്‍ എടുക്കുന്ന നയങ്ങളെ അപേക്ഷിച്ചിരിക്കും. കേരളത്തിനൊരു ഹൈടെക് കണ്‍സള്‍ട്ടന്‍സി-കൊമേര്‍ഷ്യല്‍-ഹെല്‍ത്ത് ഹബ്ബാകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അതോടൊപ്പം ടൂറിസത്തിന്റെ കാര്യത്തിലും ആ സാധ്യത നിലനില്‍ക്കുന്നു. ഭാവിയില്‍ അങ്ങനെ ആകുമോ എന്നുള്ള കാര്യത്തില്‍ എനിക്ക് ഉറപ്പ് പറയാനാവില്ല. നിലവിലെ സാഹചര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍, പ്രധാനമായും രണ്ട് സാധ്യതകളാണ് കേരളത്തില്‍ ഉള്ളത്. ഒന്നാമത്തേത് ഡോക്ടര്‍മാരാണ്. കേരളത്തിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് യൂറോപ്പിലോ യു.എ.ഇയിലോ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളവും ജീവിതനിലവാരവും അംഗീകാരവും കേരളത്തില്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ അത് വലിയൊരു അവസരമാണ്. രണ്ടാമത്തെ മേഖല എന്ന് പറയുന്നത്, മലയാളികള്‍ക്ക് എന്തെങ്കിലും വില്‍ക്കുക എന്നുള്ളതാണ്. ഞാന്‍ ആദ്യമേ പറഞ്ഞല്ലോ കേരളം എന്ന് പറയുന്നത് പണക്കാര്‍ ധാരാളമുള്ള സമൂഹമാണ്. ഇവിടെ കാറും,വാഷിംഗ് മെഷീനും,കംപ്യൂട്ടറും,ഹോളിഡേ പാക്കേജും, അന്താരാഷ്ട്ര വിദ്യാഭ്യാസവുമെല്ലാം വില്‍ക്കുന്ന ആളുകള്‍ക്ക് കേരളത്തില്‍ നിരവധി സാധ്യത ഇപ്പോഴുണ്ട്. ഇത് കേരളം ഒരു ഉപാഭോക്തൃ സമൂഹം ആയതുകൊണ്ട് സംഭവിക്കുന്നതാണ്. അതില്‍ സെയില്‍സിനാണെങ്കെലും ആണെങ്കിലും മാര്‍ക്കറ്റിംഗിനാണെങ്കിലും വലിയ സാധ്യതയാണ് ഉള്ളത്. കേരളത്തെ ഒരു കമ്പോളമായിട്ടാണ് കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ആളുകള്‍ കാണുന്നത്. അതിന് കാറുകളുടെ കാര്യം തന്നെ എടുത്താല്‍ മതി. ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ വെറും മൂന്ന് ശതമാനം മാത്രമേ കേരളത്തില്‍ ഒള്ളൂ എന്ന് വിചാരിക്കണം.അപ്പോള്‍ സാഹചര്യം നോക്കുമ്പോള്‍ ആരോഗ്യ രംഗത്തെയും മാര്‍ക്കറ്റിങ് രംഗത്തെയും ജോലികള്‍ക്കാണ് കേരളത്തില്‍ ഏറ്റവും സാധ്യത ഉള്ളത്. സര്‍വീസ് മേഖലയിലും നമുക്ക് വളരാനാകും അതിന് നയങ്ങള്‍ ആവശ്യമാണ് സര്‍ക്കാര്‍ അത് കൈക്കൊള്ളും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
പ്രകൃതിപരമായി ലോകം നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍?
ലോകം നേരിടാന്‍ പോകുന്ന വെല്ലുവിളി കാലാവസ്ഥാവ്യതിയാനം ആണെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ ആണ്. വികസ്വരരാജ്യങ്ങളുടെ കാര്യത്തില്‍ അത് മലിനീകരണമാണ്.ജലമലിനീകരണം ആണെങ്കിലും വായുമലിനീകരണം ആണെങ്കിലും അവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. ഇന്ത്യയിലെ പ്രധാന പ്രശ്‌നവും അതുതന്നെയാണ്. ഇപ്പോള്‍ നമുക്ക് ഡല്‍ഹിയിലെ വായുവിന്റെ അവസ്ഥ കാണാമല്ലോ. കേരളത്തില്‍ അത്രയ്ക്ക് ഇല്ല. ചില പ്രധാന നഗരങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍. പക്ഷെ ജലമലിനീകരണം കേരളത്തിന്റെ വലിയ പ്രശ്‌നമാണ്. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ജലമലിനീകരണം കേരളത്തില്‍ നടക്കുന്നുണ്ട്. കാരണം ജലം എല്ലായിടത്തും ഉണ്ട്. ജലത്തെ നമ്മള്‍ മാലിന്യത്തെ ഒഴുക്കിക്കളയാനുളള ഉപാധിയായി കാണുകയാണ്. കേരളം സാമ്പത്തികമായി ഉയര്‍ന്നുവരുന്ന നാടാണ്, അതിനാല്‍ മത്സ്യവും മാംസവും നമ്മള്‍ ധാരാളമായി ഉപയോഗിക്കുന്നു. ഇതില്‍ നിന്നുണ്ടാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ കൃത്യമായൊരു സംവിധാനം നമുക്കില്ല. അറവ് മാലിന്യങ്ങളും മറ്റും സ്ഥിരമായി ജലസ്രോതസ്സുകളിലേക്കാണ് നിക്ഷേപിക്കപ്പെടുന്നത്.
അടുത്തത് പ്രകൃതി വിഭവങ്ങളുടെ നാശമാണ്. മരം വെട്ടുന്നതാണെങ്കിലും മൃഗങ്ങളെ കൊല്ലുന്നതാണെങ്കിലും അത് വലിയ പ്രശ്‌നമാണ്. വനത്തില്‍ മാത്രമല്ല ജൈവവൈവിധ്യം ഉള്ളത്. നമ്മുടെ വീടിരിക്കുന്നിടത്തും കൃഷിസ്ഥലങ്ങളിലും എല്ലാം അതുണ്ട് . നമുക്ക് ചുറ്റുമുള്ള മലകളും കുന്നുകളും എല്ലാം അവിടെ ഒരു സൂക്ഷ്മ ആവാസ വ്യവസ്ഥയുമായിട്ടാണ് നിലകൊള്ളുന്നത്. അതനുസരിച്ചാണ് ആ പ്രദേശത്തെ ആളുകള്‍ ജീവിക്കുന്നത്. പശ്ചിമഘട്ടത്തിന് ഒന്നും സംഭവിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട്, വെങ്ങോലയില്‍ ഇരിക്കുന്ന ആളുകള്‍ക്കും പരിസ്ഥിതിക്കും മാറ്റം ഉണ്ടാകുന്നില്ല എന്ന് കരുതാന്‍ പറ്റില്ല. വെങ്ങോലയില്‍ കുളങ്ങളും മലകളും ഇല്ലാതായാല്‍ അതിന്റെ നഷ്ടം വെങ്ങോലക്കാര്‍ക്കുണ്ടാകുമല്ലോ. ഇത്തരം നാശങ്ങള്‍ കേരളത്തിലും ഇന്ത്യയിലും വ്യാപകമായി നടക്കുന്നുണ്ട്, അതിനെതിരെ വേണ്ടത്ര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പാരിസ്ഥിതികമായി വലിയ വെല്ലുവിളികള്‍ നാം നേരിടേണ്ടി വരും.
ടൂറിസം കേരളത്തിന്റെ പ്രകൃതിയെ ഏത് വിധമാണ് ബാധിക്കുന്നത്? (മൂന്നാറിനെ ഒരു ഉദാഹരണമാക്കി എടുത്താല്‍)
മൂന്നാറിന്റെ കാര്യം പറഞ്ഞത് നന്നായി. കാരണം 2018 നീലക്കുറിഞ്ഞി പൂക്കുന്ന വര്‍ഷമാണ്. സമൂഹമാധ്യമത്തിന്റെ കാലത്തെ ആദ്യത്തെ നീക്കുറിഞ്ഞിക്കാലമാണ് വരുന്നത്, സെല്‍ഫിയുടെ കാലത്തെ ആദ്യത്തെ നീലക്കുറിഞ്ഞിയുടെ കാലമാണ് വരുന്നത്. നീലക്കുറിഞ്ഞിയെ പറ്റി കാര്യമായി അറിഞ്ഞില്ലെങ്കിലും മൂന്നാറില്‍ പോയി നീലക്കുറിഞ്ഞിയെ പശ്ചാത്തലമാക്കി ഒരു സെല്‍ഫി എടുക്കണമെന്ന ആഗ്രഹം കേരളത്തിലെ എല്ലാവര്‍ക്കുമുണ്ടാകും. ആളുകള്‍ അങ്ങോട്ട് പോകും. മൂന്നാറിന്റെ വാഹകശേഷിയേക്കാള്‍ അഞ്ചോ പത്തോ ഇരട്ടി ആളുകള്‍ അവിടെ എത്തി പറ്റും. അത് മൂന്നാറിനെ നശിപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഇതിനര്‍ത്ഥം കേരളത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ടൂറിസം വളര്‍ന്നു എന്നുള്ളതല്ല. കേരളത്തിന്റെ ടൂറിസത്തെ പറ്റി നമുക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ട്, ഒന്നാമതായി ലോകത്തിലെഏറ്റവും സുന്ദരമായ സ്ഥലം കേരളമാണ് എന്നുള്ള ധാരണയാണ്. കേരളം സുന്ദരമായ സ്ഥലമൊക്കെയാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലമെന്ന് കേരളത്തെ വിശേഷിപ്പിക്കാനാകില്ല. കേരളത്തേക്കാള്‍ എത്രയോ സുന്ദരമായ സ്ഥലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ഞാന്‍ ഇപ്പോഴും പറയുന്ന സ്ഥലമാണ് അഫ്ഗാനിസ്ഥാന്‍. സാധാരണ ഗതിയില്‍ സൗന്ദര്യവുമായി ബന്ധിപ്പിക്കുന്ന സ്ഥലമൊന്നു അല്ല അത്. ഞാന്‍ സ്വിറ്റ്‌സര്‍ലന്റിലാണ് ജീവിക്കുന്നത്. ലോകത്തിലെ ആളുകള്‍ ഭൂമിയിലെ പറുദീസയെന്ന് പറയുകയും വരുകയും താമസിക്കുകയും ഒക്കെ ചെയ്യുന്ന സ്ഥലമാണ് സ്വിറ്റ്‌സര്‍ലന്റ്. എന്നിട്ടും അഫ്ഗാനിസ്ഥാനാണ് കൂടുതല്‍ സുന്ദരം എന്ന ഞാന്‍ പറയുന്നു. ഇവ രണ്ടിനേക്കാളും സുന്ദമായ സ്ഥലമൊന്നും അല്ല കേരളം. മനോഹരമായത് കൊണ്ടാണ് ആളുകള്‍ വരുന്നതെന്ന തെറ്റിദ്ധാരണ നമുക്ക് ഉണ്ട്. ഇതും ശരിയല്ല.
പക്ഷെ, പ്രകൃതിയുടെ സൗന്ദര്യത്തെക്കാള്‍ സഞ്ചാരികള്‍ കാണുന്ന പലതും ഉണ്ട്. അതായത് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും അവിടുത്തേതായ പ്രത്യേക സംസ്‌കാരം ഉണ്ടാകും, ആചാരങ്ങള്‍ ഉണ്ടാകും, ക്ഷേത്രങ്ങള്‍ ഉണ്ടാകും, കരകൗശലം ഉണ്ടാകും, ഡാന്‍സ് ഫോം ഉണ്ടാകും പാട്ടുകള്‍ ഉണ്ടാകും. അത്തരത്തില്‍ പ്രകൃതിയുമായി ചേര്‍ന്നുകിടക്കുന്ന നാടാണ് നമ്മുടേത്. അത് കേരളത്തില്‍ ഉടനീളം കാണാനുമാകും. എന്നാല്‍ തെറ്റിദ്ധാരണകൊണ്ട് നമ്മള്‍ കാണുന്നത് ചില പ്രത്യേക സ്ഥലങ്ങള്‍ മാത്രമാണ്. ഉദാഹരണത്തിന് കോവളം ബീച്ച് വാഗമണ്‍, അല്ലെങ്കില്‍ മൂന്നാര്‍, കുമരകം,അതിരപ്പിള്ളി .ചുറ്റും കാണുന്ന മലകളും കുന്നുകളും വയലുകളും മനോഹരമായി നമുക്ക് തോന്നുന്നില്ല. കാരണം നമ്മള്‍ എന്നും കാണുന്ന കാഴ്ചയാണല്ലോ അത്. നമുക്ക് മനോരഹമെന്ന് തോന്നുന്ന സ്ഥലങ്ങളാണ് മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടുക എന്ന ചിന്തയില്‍ ആ സ്ഥലങ്ങള്‍ മാത്രം വികസിപ്പിക്കുകയും കൂടുതല്‍ ശ്രദ്ധകൊടുക്കുകയും ചെയ്യുന്നു. ഇത് തെറ്റായ കര്യമാണ്. അതാണ് ടൂറിസത്തിന്റെ പേരില്‍ പ്രകൃതിനശിക്കാനുള്ള പ്രധാന കാരണവും.
കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളും ഒരുപോലെ, പുറത്തുനിന്നുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്നവയാണ് .അതിനുള്ള അവസരങ്ങളും നമുക്ക് ചുറ്റും ഉണ്ട്. ലോകത്ത് ഇപ്പോള്‍ വളര്‍ന്ന് വരുന്ന എയര്‍ ബി.എന്‍.ബി എന്ന് പറയുന്ന ഒരു ഇന്റര്‍നെറ്റ് ഹോട്ടല്‍ സംവിധാനം. ലോകത്താര്‍ക്കും തങ്ങളുടെ വീട്ടില്‍ മുറി വാടകയ്ക്ക് കൊടുക്കാനുണ്ടെങ്കില്‍ അതില്‍ പോസ്റ്റ് ചെയ്യാം, അതിന്റെ വാടകയും നമുക്ക് നിശ്ചയിക്കാം. ആര് വരണം എന്നും നമുക്ക് തീരുമാനിക്കാം. വേണമെങ്കില്‍ ഭക്ഷണം കൊടുക്കാം കൊടുക്കാതിരിക്കാം, സുരക്ഷിതത്വവും വൃത്തിയുമാണ് വരുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ടാവുക അത് നമുക്ക് ഉറപ്പാക്കാന്‍ കഴിയണം. ആതുണ്ടെങ്കില്‍ ആളുകള്‍ വരും, താമസിക്കും. കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട് ഓരോ ഗ്രാമത്തിലും. അപ്പോള്‍ എയര്‍ ബി.എന്‍.ബി വഴി ഗ്രാമങ്ങളെ ബന്ധിപ്പിക്കാവുന്നതാണ്. മുറികള്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളും ധാരാളം ഉണ്ട്. അതും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ ഗ്രാമങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുന്നതിന് താമസം ഒരു പ്രശ്‌നമേ അല്ല. പിന്നെ യാത്രാസൗകര്യം കേരളത്തില്‍ ഒരു ബുദ്ധിമുട്ടും ഉള്ള ഒന്നല്ല. കേരളത്തിന്റെ അത്രയും റോഡ് സൗകര്യം ലോകത്തെവിടെയും തന്നെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിലെ ഓട്ടോറിക്ഷകള്‍, അതായത് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി എന്നത് വടക്കേ ഇന്ത്യക്കാരനൊന്നും സ്വപ്നം കാണാന്‍ കഴിയില്ല. ഞാന്‍ താമസിക്കുന്നത് സ്വിറ്റ്‌സര്‍ലന്റിലാണെന്ന് പറഞ്ഞല്ലോ. സ്വിറ്റ്‌സര്‍ലന്റിലെ ഗ്രാമങ്ങളിലേക്ക് ദിവസത്തില്‍ രണ്ട് തവണ മാത്രമേ ബസ് ഉള്ളൂ .നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല.
അപ്പോള്‍ കേരളത്തിലെ ഈ സാധ്യതകളെ എല്ലാം ബന്ധിപ്പിച്ച് ,കേരളത്തിന്റെ എല്ലാ ഭാഗത്തെയും ഉള്‍പ്പെടുത്തി വിനോദസഞ്ചാരത്തെ മാറ്റിയെടുക്കുകയാണെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ വരുന്ന സഞ്ചാരികളുടെ എണ്ണത്തേക്കാള്‍ പത്തു മടങ്ങ് വര്‍ധിപ്പിക്കാനാകും. അതിനുള്ള സാധ്യതകളാണ് നമുക്ക് മുന്നില്‍ തുറന്ന് കിടക്കുന്നത്. അങ്ങനെ വന്നുകഴിഞ്ഞാല്‍ എത്രമാത്രം അവസരങ്ങളാണ് ഉണ്ടാവുക. എത്രമാത്രം വരുമാനമാണ് അതില്‍ നിന്ന് കിട്ടുക. എന്നാല്‍ നമ്മള്‍ അതിനെ ഒന്നും കാണുന്നില്ല. നമുക്ക് മൂന്നാറും കുട്ടനാടും കുമരകവും മാത്രം മതി.അതുകൊണ്ട് അവിടമെല്ലാം മലിനപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. ഈ സമീപനം മാറണം. ജനകീയ ആസൂത്രണം പോലെ ജനകീയ ടൂറിസവും നടപ്പിലാക്കണം.