രജനിക്ക് കഴിയുമോ? കഴിയട്ടെ; തമിഴകം അത്രയ്ക്ക് ഗതികേടില്‍

Glint staff
Sun, 31-12-2017 05:12:52 PM ;

Rajnikanth

രജനികാന്ത് ഒടുവില്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു.തമിഴക ചരിത്രത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍. ജീര്‍ണ്ണതയുടെ അടിത്തട്ടിലേക്ക് തമിഴ് രാഷ്ട്രീയം കൂപ്പുകുത്തി തളം കെട്ടിനില്‍ക്കുന്ന അവസ്ഥയില്‍.ഇതില്‍  നിന്നുള്ള മോചനദൗത്യമാണ് രജനികാന്ത് സ്വന്തം നിലയ്ക്ക് ഏറ്റെടുത്തിരിക്കുന്നത്. ആ ദിശയിലേക്ക് തെല്ലെങ്കിലും മുന്നേറാന്‍ കഴിഞ്ഞില്ലെങ്കില്‍ തമിഴക രാഷ്ട്രീയത്തിന്റെ സ്ഥിതി കൂടുതല്‍ ശോചനീയമാകും. അര നൂറ്റാണ്ടിലേറെയായി തമിഴകത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ദ്രാവിഡ പാര്‍ട്ടികളുടെ അടിസ്ഥാന തത്വത്തില്‍ നിന്ന് നേര്‍വിപരീതമായി , എന്നാല്‍ ഭാരതത്തിന്റെയും തമിഴകത്തിന്റെയും സംസ്‌കാരത്തെ ആധാരമാക്കിയാണ് തന്റെ രാഷ്ട്രീയ പ്രസ്ഥാനമെന്ന് രജനികാന്ത് പ്രഖ്യാപിച്ചിരിക്കുന്നു. ദൈവമുണ്ടെന്ന് പറയുന്നവന്‍ തെമ്മാടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്വയം മര്യാദ പ്രസ്ഥാനം തുടങ്ങിയ പെരിയാറില്‍ നിന്നാരംഭിച്ച ദ്രാവിഡ പാര്‍ട്ടി ചരിത്രത്തിലേക്കാണ് ഭഗവദ്ഗീതയുടെ ആധ്യാത്മികതയെ പിന്തുടര്‍ന്നുകൊണ്ട് താന്‍ രംഗപ്രവേശം ചെയ്യുമെന്ന് രജനി പ്രഖ്യാപിച്ചിരിക്കുന്നത്.
         

എപ്പോഴെല്ലാം ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ അവതരിക്കുമെന്ന കൃഷ്ണ പരിവേഷം തന്നിലേക്ക് ആവേശിക്കാന്‍ കൂടിയാകണം രജനി ബോധപൂര്‍വ്വം ഈ പ്രസ്താവം നടത്തിയതെന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം രജനിയുടെ സുഹൃത്തുക്കളില്‍ നിന്ന് അത്തരം പ്രതീക്ഷകള്‍ ഉയര്‍ന്നു കേട്ടു തുടങ്ങി. രജനിയുടെ പിന്നില്‍ ബുദ്ധിയുടെയും പദ്ധതികളുടെയും ദിശ നിര്‍ണ്ണയിക്കാന്‍ വന്‍ സന്നാഹം തന്നെയുണ്ട്. എങ്ങനെ രജനിക്കുള്ള ആരാധക വൃന്ദത്തെ പുതിയ താരപരിവേഷത്തില്‍ രജനിയെ കാണണമെന്ന് നിശ്ചയിക്കുന്നത് സുപ്രധാനമാണ്.
    

രണ്ടാമത് രജനി പ്രഖ്യാപിച്ചിരിക്കുന്നത് , മറ്റുള്ളവരെ കുറ്റം പറയാതെ തങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്തു മുന്നോട്ടു പോവുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ്. അതും ഗീതയിലെ ഭഗവാന്റെ വചനത്തില്‍ നിന്നും രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ്. സിനിമയിലൂടെ തന്നിലേക്ക് ആകര്‍ഷിക്കപ്പെട്ട ആരാധകരില്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു ബിംബം പോലും രജനി ഉയര്‍ത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ഇതൊക്കെയാണ് അദ്ദേഹത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ നിശബ്ദമാണെങ്കിലും നമ്മെ ഉച്ചത്തില്‍ ഓര്‍മ്മിപ്പിക്കുന്നത്.
     

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2019ല്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലേക്കും മത്സരിക്കുക തന്റെ ലക്ഷ്യമല്ലെന്നും എന്നാല്‍  വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്നുള്ള രജനിയുടെ പ്രഖ്യാപനം പദ്ധതി ആസൂത്രകരുടെ സാന്നിദ്ധ്യമാണ് വീണ്ടും അറിയിക്കുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞാണ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പു നടക്കേണ്ടത്. എന്നാല്‍ സമയത്തെക്കുറിച്ച് രജനി മിണ്ടിയിട്ടില്ല. കാരണം ചിലപ്പോള്‍ മൂന്നുമാസത്തിനുളളില്‍ തന്നെ തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

 

മാനവരാശിക്ക് എത്താന്‍ കഴിയുന്നതിന്റെ പരമാവധി ഔന്ന്യത്യത്തിന്റെ രാഷ്ട്രീയ ദര്‍ശനമാണ് ഭഗവദ്ഗീത ഉദ്ഘോഷിക്കുന്നത്. ഇത് പിന്തുടരുമെന്ന് പറയുന്നതിലൂടെ തമിഴക ജനതയുടെ എതിര്‍ ധ്രുവത്തിലാണ് രജനി തന്നെ സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നത്. ബോധോദയം വളരെ അടുത്താണ് എന്നാല്‍ വളരെ അകലെയും(തദ്ദൂരേ തദന്തികേ) എന്നാണ് ഗീത പറയുന്നത്. ഒരു വ്യക്തിക്ക് എപ്പോള്‍ വേണമെങ്കിലും ബോധോദയം സംഭവിക്കാം. അങ്ങനെ ബോധോദയം സംഭവിച്ച വ്യക്തിക്ക് മാത്രമേ രജനി നടത്തിയ പ്രഖ്യാപനം യഥാര്‍ത്ഥമായ രീതിയില്‍ നടത്താന്‍ കഴിയുകയുള്ളൂ. രജനിയില്‍ അത് സംഭവിച്ചുകൂടായ്കയൊന്നുമില്ല. അത് രജനിയില്‍ സംഭവിച്ചിട്ടുണ്ടോ എന്നുള്ളത് കണ്ടറിയേണ്ടതാണ്. എന്നാല്‍ വര്‍ത്തമാനകാല തമിഴകത്തിലേക്കും, രാഷ്ട്രീയപ്പാര്‍ട്ടി അണികളിലേക്കും രജനിയുടെ ഫാന്‍സുകാരിലേക്കും നോക്കിയാല്‍ കാണാന്‍ കഴിയുന്നത്  ജീര്‍ണ്ണതയുടെ അങ്ങേയറ്റം നില്‍ക്കുന്ന ജനതയെയാണ്. രജനിഫാന്‍സുകളും സൂചിപ്പിക്കുന്നത് അതാണ്.
     

ഈ സാഹചര്യത്തില്‍ രജനിയുടെ ആദര്‍ശവുമായി ചേര്‍ന്നു നില്‍ക്കുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എവിടെ നിന്ന് എങ്ങനെ കണ്ടെത്തും. അത് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ്. സിനിമ മാത്രം കണ്ട് മായികമായി രജനിയിലേക്ക് ആകര്‍ഷിക്കപ്പെട്ടവരാണ് ആരാധകര്‍. അവരുടെ യുക്തിചിന്തയും സാമാന്യബോധവും ഏതു തലത്തിലാണെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ. ആ ആരാധക പിന്തുണയിലൂടെയുള്ള വിജയസാധ്യതയാണ് രജനിയെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നതും, വിജയ പ്രതീക്ഷ നല്‍കുന്നതും. അവിടെയും ഗുണപരമായ മാറ്റം ഉണ്ടാകുന്നില്ല.
     

ഇതുവരെയുള്ള രജനിയുടെ വ്യക്തിപരമായ ജീവിതവും ഇനിയുള്ള ദിവസങ്ങളില്‍ പ്രധാനമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഒട്ടേറെ തിരിമറികളും നികുതി വെട്ടിപ്പുകളുമൊക്കെ രജനി നടത്തിയിട്ടുണ്ടെന്നും രാഷ്ട്രീയത്തിലിറങ്ങിയാല്‍ അതൊക്കെ കുത്തിപ്പൊക്കുമെന്നും ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമി അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. സ്വാമിയുടെ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളയാന്‍ പറ്റില്ല. ചെന്നെ പട്ടണത്തിന്റെ പലഭാഗങ്ങളിലും നിയമലംഘനം നടത്തിക്കൊണ്ട് രജനിയുടെ ഉടമസ്ഥതയിലുള്ള ധാരാളം കെട്ടിടസമുച്ഛയങ്ങളുണ്ട്. ഇവയൊക്കെ രജനിയുടെ സുതാര്യസമീപനത്തെയും ആ പ്രഖ്യാപനം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഉദാത്ത ചിന്തയെയും തമ്മിലടിപ്പിക്കുന്നുണ്ട്. അത് ഉദാത്തമായ ആശയത്തിന്റെ പേരില്‍ ആത്മവഞ്ചന നടത്തുന്ന നേതാവാക്കി രജനിയെ മാറ്റില്ലേ എന്ന ചോദ്യവുമുയരുന്നു.
      

ഭഗവദ്ഗീതയെ ഉദ്ധരിച്ച രജനികാന്ത്, ഭഗവദ്ഗീത എപ്പോഴും കക്ഷത്തു സൂക്ഷിച്ചുകൊണ്ട് രാഷ്ട്രീയം രാജ്യത്ത് പ്രയോഗിച്ച മഹാത്മാ ഗാന്ധിയെ ഒരിക്കല്‍ പോലും തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച് കണ്ടില്ല. രാഷ്ട്രം, രാഷ്ട്രീയം, ആദ്ധ്യാത്മികത, ഇന്ത്യ എന്നീ സംജ്ഞകള്‍ കൂടിവരുന്ന സന്ദര്‍ഭത്തില്‍ ഗാന്ധിജി വിസ്മരിക്കപ്പെടുകയാണെങ്കില്‍ അത്  യാദൃശ്ചികമല്ല. അഥവാ യാദൃശ്ചികമാണെങ്കില്‍  അതൊരു രോഗലക്ഷണവുമാണ്, ജീര്‍ണ്ണതയില്‍ നിന്ന് അര്‍ബുദത്തിലേക്കുള്ളതിന്റെ. അതുണ്ടാകാതിരിക്കട്ടെ എന്നു പ്രതീക്ഷിക്കാം. കാരണം  അത്രയ്ക്ക് ഗതികേടിലാണ് ഇന്ന് രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ആഴത്തില്‍ വേരുകളുള്ള സംസ്‌കാരത്തിന്റെയും ആ സംസ്‌കാരത്തിന്റെ ശോഭ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകാത്ഭുതങ്ങളായി നിലകൊള്ളുന്ന മഹാക്ഷേത്രങ്ങളുടെയും നാടായ തമിഴകം.  

 

Tags: