സുരേഷ് ഗോപി തട്ടിപ്പ് നടത്തുമ്പോള്‍

Glint staff
Wed, 13-12-2017 05:52:31 PM ;

 suresh gopi

മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളായ അമലാ പോളും ഫഹദ് ഫാസിലുമൊക്കെ വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് നടത്തിയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് ഏതാനും വര്‍ഷം മുന്‍പ് റെയ്ഡ് നടത്തി കണക്കില്‍ പെടാത്ത പണവും മറ്റും കണ്ടെടുത്തിരുന്നു. അതെല്ലാം തട്ടിപ്പ് തന്നെയാണ് .എന്നാല്‍ അതു പോലെയാണോ ഇപ്പോള്‍ സുരേഷ് ഗോപി തട്ടിപ്പ് നടത്തിയിരിക്കുന്നത്? അല്ല. അദ്ദേഹം രാജ്യസഭാംഗമാണ്. ലോകസഭാംഗങ്ങളേക്കാള്‍ ബഹുമാന്യതയോടെ വീക്ഷിക്കപ്പെടുന്നവരാണ് ആംഗലേയത്തില്‍ എല്‍ഡേഴ്‌സ് എന്നറിയപ്പെടുന്ന രാജ്യസഭാംഗങ്ങള്‍
                    

കേരളത്തില്‍ സ്ഥിരമേല്‍വിലാസുള്ള, ഇവിടെതന്നെ സ്ഥിരതാമസക്കാരനായ വ്യക്തിയാണ് സുരേഷ് ഗോപി. വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പനുസരിച്ച് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യാപേക്ഷയില്‍  1995 മുതല്‍ താന്‍ പുതുച്ചേരിയില്‍ വീട് വാടകക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞിരിക്കുന്നു. എന്നാല്‍ അതിനൊപ്പം സമര്‍പ്പിച്ച മുദ്രപ്പത്രം 2012 ലേതാണെന്നും അറിയുന്നു.
             

 

സങ്കേതികമായി എന്തുമാകട്ടെ. ഒരു കാര്യം വ്യക്തമാണ്. നികുതി വെട്ടിപ്പ് സുരേഷ് ഗോപി ബോധപൂര്‍വ്വം നടത്തിയിരിക്കുന്നു. അബദ്ധവശാല്‍ പറ്റിയതല്ല. അജ്ഞതയില്‍ ചെയ്യുന്ന കുറ്റത്തിനു പോലും നമ്മുടെ നിയമ വ്യവസ്ഥ ഇളവനുവദിക്കുന്നില്ല. ഭരണഘടനാ ഭേദഗതിയില്‍ വരെ പങ്കാളിയാകേണ്ട വ്യക്തിയാണ് സുരേഷ് ഗോപി. ഇങ്ങനെ ബോധപൂര്‍വ്വം തട്ടിപ്പില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വ്യക്തിക്ക് ധാര്‍മ്മികമായി ഒരു ഗ്രാമസഭയില്‍ പോലും പങ്കെടുത്ത് അഭിപ്രായം പറയാനുള്ള യോഗ്യത ഇല്ല.
           

 

ഈ പശ്ചാത്തലത്തില്‍ സുരേഷ് ഗോപി എങ്ങനെ എം.പി. ആയെന്നുള്ളത് പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു വ്യക്തിയില്‍ ധാര്‍മ്മികതയും  സാമൂഹികനൈതിക ബോധവും പ്രവര്‍ത്തിക്കാത്തത് അപരാധമല്ല. എന്നാല്‍ അവ ആവശ്യമുള്ള സ്ഥലത്തേക്ക് അങ്ങനെയൊരു വ്യക്തി അവരോധിക്കപ്പെടുന്നത് എങ്ങനെ, എന്തുകൊണ്ട് എന്നന്വേഷിക്കുമ്പോള്‍ തെളിയുന്നത് ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ രോഗലക്ഷണമാണ്. ധാര്‍മ്മിക സാമൂഹിക നൈതിക ബോധമുള്ള ഏറെ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് സുരേഷ് ഗോപി താരമൂല്യമുള്ള നായകനാകുന്നത്. സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് അധികാരത്തിന്റെ സുഖലോലുപതിയില്‍ മുഴുകി അധാര്‍മ്മികതയുടെ പാതയിലൂടെ സഞ്ചരിക്കുന്ന അധികാരികളെ നാക്കു കൊണ്ടും കൈ കൊണ്ടും വെള്ളിത്തിരയില്‍ എതിര്‍ത്താണ് സുരേഷ് ഗോപി കൈയടി വാങ്ങിയത്. ഇതിലൂടെ യഥാര്‍ത്ഥ രതിസുഖത്തിനു പകരം ഒളിഞ്ഞുനോട്ടത്തിലൂടെ ലഭ്യമാകുന്ന തരത്തിലുള്ള രതിവൈകൃത സുഖം പോലൊരു ഹരം കാണികള്‍ക്ക് ലഭ്യമായി. തങ്ങള്‍ക്ക് കഴിയാത്തത് നായകന്‍ ചെയ്യുന്നത് കാണുമ്പോള്‍ കിട്ടുന്ന സുഖം. ആംഗലേയത്തില്‍ പറഞ്ഞാല്‍ Voyarism. എത്ര വലിയ ഗൗരവമേറിയ ചടങ്ങാണെങ്കിലും സിനിമാ താരങ്ങള്‍ വേണമെന്ന സംഘാടകരുടെ താല്‍പ്പര്യം സുരേഷ് ഗോപിക്ക് ധാരാളം പൊതുവേദികള്‍ സമ്മാനിച്ചു. താന്‍ സിനിമയില്‍ പറഞ്ഞ സംഭാഷണങ്ങള്‍ സുരേഷ് ഗോപി അത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോഗിച്ചു. ചടങ്ങ് സംഘാടകരുടെ അതേ മാനസിക ഘടനയുടെ ഉടമകളായ മുഖ്യധാരാ മാധ്യമങ്ങള്‍ സുരേഷ് ഗോപിയുടെ ആ വാക്കുകള്‍ക്ക് പ്രചാരവും നല്‍കി. ക്രമേണ, ചില സംഭവങ്ങളുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ സുരേഷ് ഗോപിയുടെ അഭിപ്രായം തേടുകയും അവയെ അങ്ങേയറ്റം പ്രസക്തമെന്ന നിലയില്‍ ജനങ്ങളെ അറിയിക്കുകയും ചെയ്തു. ചില അഭിപ്രായങ്ങള്‍ ശുദ്ധ അബദ്ധങ്ങളായിരുന്നിട്ടു കൂടി. അതൊരുപക്ഷേ തിരിച്ചറിയാനുള്ള ശേഷി മാധ്യമ പ്രവര്‍ത്തകര്‍ക്കില്ലാതെ പോയതുമാകാം.
        

രസകരവും അതേ സമയം പരിഹാസവുമായ കാര്യം ,വളരെ പരമ്പര്യമുള്ള മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ പോലും സുരേഷ് ഗോപി കഥാപാത്രത്തെ അനുകരിച്ച് ജനങ്ങളുടെ കൈയ്യടി സമ്പാദിക്കാന്‍ തുടങ്ങി എന്നതാണ്. ദൃശ്യ മാധ്യമങ്ങള്‍ അതിനുള്ള പശ്ചാത്തലവുമായി. ഇവിടെയാണ് ജീര്‍ണ്ണിച്ച ജനായത്ത സംവിധാനത്തില്‍ നാമോരോരുത്തരുടെയും പ്രതിനിധിയായി സുരേഷ് ഗോപി മാറുന്നത്. ശബരിമല ശാന്തിയാകാന്‍ അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാനാഗ്രഹിക്കുന്നു എന്ന് കേരളത്തിന്റെ ഒരു പൊതുവേദിയില്‍ നിന്ന് പറയാന്‍ സുരേഷ് ഗോപിക്ക് ഒരേ സമയം ലജ്ജയില്ലാതാക്കിയതും ധൈര്യം പകര്‍ന്നതും ഈ ജീര്‍ണ്ണാവസ്ഥയാണ്. ജന്മം കൊണ്ട് പുലയനും വേട്ടുവനും ആയവര്‍ വേദകാഴ്ചയില്‍ ബ്രാഹ്മണനായി കേരളത്തില്‍ ശാന്തിയായ വേളയിലാണ് സുരേഷ് ഗോപിയുടെ ഈ വരുംകാലജന്മ സ്വപനം. തട്ടിപ്പ് നടത്തുകയും,  അത് നാലാളറിഞ്ഞപ്പോള്‍ നീതിന്യായ സംവിധാനത്തിലൂടെ ന്യായമാക്കാന്‍ ശ്രമിക്കുന്ന സുരേഷ് ഗോപിയെ രാജ്യസഭയിലെത്തിച്ചതിന്റെയും ' മാസം തോറും സാധാരണക്കാരന്റെ നികുതിപ്പണം പാഴാക്കിക്കള ' യുന്നതിനും മറുപടി പറയേണ്ടത് സുരേഷ് ഗോപിയല്ല; ബി ജെ പി യും പ്രധാനമന്തി നരേന്ദ്ര മോഡിയുമാണ്.

 

Tags: