സുരേഷ് ഗോപിക്ക് നാലഞ്ച് ജന്മം വേണ്ടിവരും; പി.സി.ജോര്‍ജ്ജിന് നൂറു ജന്മം കാത്തിരിക്കേണ്ടി വരും

Glint staff
Tue, 26-09-2017 06:19:24 PM ;

p c george, Suresh Gopi

സുരേഷ് ഗോപി എം.പിക്ക് അടുത്ത ജന്മത്തില്‍ പൂജ ചെയ്യുന്ന ബ്രാഹ്മണനായി ജനിക്കണം. പി.സി.ജോര്‍ജ്ജ്‌ എം.എല്‍.എയ്ക്ക് ദളിതരെ ദ്രോഹിക്കുന്നവരുടെ മണ്ട അടിച്ചു പൊട്ടിക്കാനായി ദളിതനായി ജനിക്കണം പോല്‍. തല്‍ക്കാലം പുനര്‍ജന്മം ഉണ്ടെന്നു കരുതാം. ഇപ്പോഴത്തെ ജന്മത്തില്‍ രണ്ടു കൂട്ടര്‍ക്കും താല്‍പ്പര്യമില്ല. എന്നാല്‍ ഇപ്പോഴത്തേത് നശിച്ചതാണെന്ന് അവര്‍ പറഞ്ഞിട്ടില്ല. ഈ ജന്മത്തിലെ പ്രവൃത്തിയാണ് വരും ജന്മത്തെ നിശ്ചയിക്കുന്നത്. ശരാശരി പുനര്‍ജന്മ രീതി ശാസത്രമനുസരിച്ച് സുരേഷ് ഗോപി ഉദ്ദേശിക്കുന്ന ജന്മമെടുക്കാന്‍ കുറഞ്ഞത് നാലഞ്ച് ജന്മം കഴിയേണ്ടിവരും. എന്നാല്‍ ഒരു ദളിതനായി ജനിക്കാന്‍ ജോജ്ജിന് കുറഞ്ഞത് നൂറു ജന്മമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നതില്‍ സംശയം വേണ്ട.
               

 

രണ്ടുപേരുടേയും ആഗ്രഹത്തിന്റെ ധാതുലവണങ്ങള്‍ പരിശോധിക്കുന്നതു നല്ലതാണെന്നു തോന്നുന്നു. ശബരിമല ക്ഷേത്രത്തിനു മുന്നിലെഴുതിവച്ചിരിക്കുന്ന തത്ത്വമസി എന്താണെന്നുള്ള അജ്ഞത കൊണ്ടാണ് സുരേഷ് ഗോപി അയ്യപ്പ വിഗ്രഹത്തെ ദൈവമായി തെറ്റിദ്ധരിച്ചു പോയത്. അത്തരം ധാരണ നിലനില്‍ക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ക്ഷേത്രം. വിഗ്രഹത്തിലൂടെ ഈശ്വരനെ ആരാധിച്ച് ഈശ്വരനിലെത്താന്‍ .

 

 

അജ്ഞത ഒരാളുടെ പോരായ്മയല്ല. സുരേഷ് ഗോപിയുടെ അജ്ഞത അഹങ്കാരത്തിലേക്ക് നയിച്ചില്ല. മറിച്ച് വിനയത്തിലേക്കും എല്ലാ അര്‍ഥത്തിലും ശാന്തിയിലേക്കുമാണ് നയിച്ചത്. അതുകൊണ്ടാണ് നാലഞ്ചു ജന്മം കൊണ്ടെങ്കിലും സുരേഷ് ഗോപിക്ക് ഉദ്ദിഷ്ട ജന്മം കിട്ടാനിട.
         

 

പി.സി.ജോര്‍ജ്ജിന്റെ അജ്ഞത അഹങ്കാരത്തിലേക്കും ഹിംസയിലേക്കുമാണ് നീങ്ങുന്നത്. അടുത്ത കാലത്ത് അല്‍പ്പം ഉറക്കെ മുദ്രാവാക്യം വിളിച്ച തൊഴിലാളികള്‍ക്കു നേരേ ജോര്‍ജ്ജ് തോക്കു ചൂണ്ടിയിരുന്നു. പക്ഷേ വെടിവച്ചില്ല. അതെന്തായാലും സദ് പ്രവൃത്തി ഗണത്തില്‍ പെടും. ആ തൊഴിലാളികളുടെ കൂട്ടത്തില്‍ ദളിതരുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് .അതും പോകട്ടെ മനസ്സിലെ ഹിംസയോടുള്ള ത്വരയാണ് പുറത്തേക്കു വന്നിട്ടുള്ളത്. ക്രിസ്തുവിന് പൊറുത്തു ശീലമുള്ളതുകൊണ്ടാകാം ക്രിസ്ത്യാനിയുടെ  അഹിംസാ ധാതു തെല്ലുമില്ലെങ്കിലും സഭയില്‍ തുടരാന്‍ കഴിയുന്നതെന്നു തോന്നുന്നു.

 

 

ഇതൊക്കെയാണെങ്കിലും സുരേഷ് ഗോപിയേക്കാള്‍ ഈ ജന്മത്തില്‍ തന്നെ ഉദ്ദിഷ്ട ജന്മം കിട്ടാനുള്ള ഒരു വകുപ്പ് ജോര്‍ജ്ജിന്റെ മുന്നില്‍ അവശേഷിക്കുന്നുണ്ട്. അത് രത്‌നാകരന്‍ വാത്മീകിയായി മാറിയ വകുപ്പിലാണ്. കാട്ടാളനായ രത്‌നാകരന് കുടുംബാംഗങ്ങളുടെ നിര്‍ദ്ദേശം സ്വീകരിച്ചതുകൊണ്ടാണ് അതു സാധ്യമായത്

 

Tags: