Skip to main content

sreeram transfer

ദേവികുളം സബ്കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ബുധനാഴ്ച  ഉത്തരവായി. ഉദ്യോഗസ്ഥരെ മാറ്റുക എന്നത് സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ടതും സ്വാഭാവികവുമായ നടപടിയാണ്. എന്നാല്‍ ഇപ്പോള്‍ ശ്രീറാമിനെ മാറ്റിയത് മൂന്നാറിലെ ലൗഡെയില്‍ എന്ന  ഹോം സ്‌റ്റേ നടത്തുന്ന വി.വി ജോര്‍ജ്ജിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ്. കാരണം കള്ള രേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി ജോര്‍ജ്ജ് കൈവശം വച്ചിരിക്കുകയാണെന്നും അതിനാല്‍ സര്‍ക്കാരിന് അവിടം ഒഴിപ്പിച്ചെടുക്കാമെന്നും ഹൈക്കോടതി വിധി വന്നതിന്റെ പിറ്റേന്നാണ് ശ്രീറാമിനെ അവിടെ നിന്നു മാറ്റിയത്. അതായത് ഹൈക്കോടതി വിധിയുടെ കോപ്പി ശ്രീറാം കൈപ്പറ്റുന്നതിനു മുന്‍പു തന്നെ ശ്രീറാമിനെ അവിടെ നിന്നു മാറ്റി ജോര്‍ജ്ജിന്റെ സ്ഥലം അയാളുടെ കൈവശം നിലനിര്‍ത്തുക എന്നതു തന്നെ ലക്ഷ്യം.
       

ഹൈക്കോടതി വിധികളെയും സുപ്രീം കോടതി വിധികളെയും അവഗണിക്കുക. വിധികളെ മറികടക്കാനുള്ള കുറുക്കുവഴികളുണ്ടാക്കി മദ്യലോബിക്ക് അനുസൃതമായ നിലപാടു അടുത്തിടെ കണ്ടതാണ്. അതിനു മുന്‍പ് ടി പി സെന്‍കുമാര്‍ കേസ്സില്‍ സുപ്രീംകോടതി വിധിയേയും അവഗണിക്കാനും ഒടുവില്‍ സുപ്രീം കോടതിയില്‍ നിന്നുള്ള ശാസന പോലും കണ്ടതാണ്.  മൂന്നാറില്‍ നിന്നുള്ള എം.എം.മണിയെ മന്ത്രിയാക്കിയതു പോലും ഇപ്പോള്‍ അനേകം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. മണിയും അവിടുത്തെ എം. എല്‍.എ രാജേന്ദ്രനും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എ.കെ മണിയുമെല്ലാം നിലകൊള്ളുന്നത് കൈയ്യേറ്റക്കാരുടെ ഭാഗത്താണ്. ശ്രീറാമിനെ മാറ്റിയ നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ള എ.കെ മണിയുടെ നിലപാടിനെ കെ.പി.സി.സി തന്നെ തള്ളിക്കളഞഞിട്ടുണ്ട്.  അവരുടെ ഇംഗിതമനുസരിച്ച് മൂന്നാറില്‍ വിളിച്ച യോഗത്തില്‍ നിന്ന് സി പി ഐയും റവന്യും മന്ത്രിയും വിട്ടു നിന്നതിന്റെ പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിലപാടിനു തിരിച്ചടിയെന്നോണം ഹൈക്കോടതി വിധിയും വന്നത്. എന്നിട്ടും പരസ്യമായി ഇത്തരം നിലപാട് സ്വീകരിക്കുന്നതിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സാധാരണ ജനം കാണാത്തതും വളരെ ദുരൂഹവുമായ എന്തൊക്കെയോ മൂന്നാറുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും കരുതേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇത്രയും ആത്മഹത്യാപരമായ നിലപാട് ഒരു സര്‍ക്കാരിന് എങ്ങനെ എടുക്കാന്‍ കഴിയും.
     

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്സിലും ഏതാനും നാള്‍ വരെ സര്‍ക്കാര്‍ ഇരയോടൊപ്പമല്ല എന്ന ധാരണ പ്രബലമായിരുന്നു. ആ കേസ്സില്‍ ആരോപിതരായവര്‍ക്ക് വേണ്ടി രംഗത്തു വന്നത് മുഴുവന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗമായുള്ളവരും സര്‍ക്കാരും മുഖ്യമന്ത്രിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരുമാണ്. ജൂണ്‍ മൂന്നാം വാരത്തിലാണ് ക്രിമിനല്‍ കേസ്സില്‍ പ്രതിയും ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്ന സക്കീര്‍ ഹുസൈനെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ഗോപാലകൃഷ്ണനും ജില്ലാ സെക്രട്ടറി പി രാജീവിന്റെയും സാന്നിദ്ധ്യത്തിലും കാര്‍മ്മികത്വത്തിലും  വീണ്ടും കളമശ്ശേരി ഏരിയാ സെക്രട്ടറിയായി അവരോധിക്കപ്പെട്ടത്. സക്കീര്‍ ഹുസൈനെതിരെയുള്ള കേസ്സ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നു മാത്രമല്ല, വിചാരണ പോലും ആരംഭിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം എളമരം കരീമിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷണം നടത്തിയപ്പോള്‍ സക്കീര്‍ ഹുസൈന്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തി. അതിന്റെയടിസ്ഥാനത്തിലാണ് വീണ്ടും സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിയമിച്ചത്.
     

ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതിയിലുള്ള പരസ്യ അവിശ്വാസവും അതിനെ തള്ളിക്കളയുകയും ചെയ്യലാണ് ആ നടപടിയിലൂടെ പ്രകടമായിരിക്കുന്നത്. മാത്രമല്ല  ആ കേസ്സിന്റെ നടത്തിപ്പും ഗതിയും എന്താണെന്നു കൂടി ഈ നടപടിയിലൂടെ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാര്‍, മദ്യലോബി, ക്രിമിനല്‍ക്കേസ്സില്‍ പെട്ടവര്‍ എന്നിവരൊക്കെ സംരക്ഷിക്കപ്പെടുന്നതായും അവര്‍ക്കൊപ്പമാണ് ഈ സര്‍ക്കാര്‍ എന്ന ധാരണ ശരാശരി ജനങ്ങളില്‍ രൂഢമൂലമായിക്കഴിഞ്ഞു. ഇതു അപകടകരമാണ്.