സ്‌പേസ് എക്‌സ് ഹൈപ്പര്‍ലൂപ്പ് മത്സരത്തിലേക്ക് ബിറ്റ്‌സ് പിലാനി സംഘം

Glint staff
Sat, 22-07-2017 03:59:31 PM ;

hyperloop

ടെസ്ലെ കാര്‍ കമ്പനി ഉടമ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഹൈപ്പര്‍ലൂപ്പ് ചലഞ്ച് മത്സരത്തിലേക്ക് ബിറ്റ്‌സ് പിലാനിയിലെ വിദ്യാര്‍ഥി സംഘം തെരഞ്ഞെടുക്കപ്പെട്ടു. സ്‌പേസ് എക്‌സിന്റെ ആസ്ഥാനമായ കാലിഫോര്‍ണിയയില്‍ ആഗസറ്റില്‍  നടക്കുന്ന ഹൈപ്പര്‍ലൂപ്പ് മത്സരത്തില്‍ ഈ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത തങ്ങളുടെ ഹൈപ്പര്‍ലൂപ്പ് മാതൃക അവതരിപ്പിക്കും. ലോകത്തെ ആയിരത്തോളം വിദ്യാര്‍ഥി സംഘങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 27 സംഘങ്ങളായിരിക്കും സ്‌പേസ് എക്‌സ് വെല്ലുവിളിയില്‍ തങ്ങളുടെ മാതൃകകള്‍ പരീക്ഷണ ഓട്ടം നടത്തിക്കാണിക്കുക.
     

 

ഏറ്റവും കൂടുതല്‍ വേഗത്തില്‍ ഗതാഗതം സാധ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനം. ഒരു മണിക്കൂറില്‍ യാത്രക്കാരുമായി ആയിരം കിലോമീററര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് ഈ സംവിധാത്തിന്റെ പ്രത്യേകത. 2013ല്‍ അഞ്ചാമത്തെ ഗതാഗതമാര്‍ഗ്ഗമെന്നനിലയില്‍ ആദ്യമായി ഇലോണ്‍ മസ്‌കാണ് ഹൈപ്പര്‍ലൂപ്പ് ആശയം മുന്നോട്ടു വച്ചത്. ഇതു പ്രയോഗത്തില്‍ വരികയാണെങ്കില്‍ മുംബൈ-ദില്ലി ദൂരം ഒരുമണിക്കൂറുകൊണ്ട് താണ്ടാന്‍ കഴിയും. സ്റ്റീല്‍ വാക്വം കുഴലുകളിലൂടെ പ്രഷറൈസ്ഡ് പോഡുകള്‍ ഉപയോഗിച്ചാണ് ഈ വേഗം സാധ്യമാക്കുന്നത്.
      

 

അനവധി സ്ഥാപനങ്ങള്‍ ഇതിന്റെ മാതൃകാ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മുന്നില്‍ മാതൃകകളൊന്നും ഇല്ലാത്തതിനാല്‍ ഇതിന്റെ രൂപകല്‍പ്പനയക്ക് താമസം വരുത്തിയിട്ടുണ്ട്. ബംഗളൂരു മെട്രോയുടെ സഹകരണത്തോടെ രൂപീകരിക്കപ്പെട്ട ഹൈപ്പര്‍ലൂപ്പ് ഒണ്‍  കമ്പനിയാണ് ബിറ്റ്‌സ് പിലാനി വിദ്യാര്‍ഥികളിലൂടെ ഇപ്പോള്‍ ഹൈപ്പര്‍ലൂപ്പ് മാതൃകയ്ക്ക് രൂപകല്‍പ്പന നടത്തിയതും സ്‌പേസ് എക്‌സ് വെല്ലുവിളിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും.
   

 

ഇലോണ്‍ മസ്‌ക് ന്യൂയോര്‍ക്ക് നഗരത്തില്‍ ഭൂമിക്കടിയിലൂടെ ഇത്തരത്തിലുളള ട്യൂബ് ഗതാഗത സൗകര്യം ഉണ്ടാക്കുന്നതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. ഇതു സംബന്ധിച്ച് ന്യൂയോര്‍ക്ക് മേയറും ഇലോണ്‍ മസ്‌കും തമ്മില്‍ ഏതാണ്ട് ധാരണയിലെത്തിയിട്ടുണ്ട്. ഇലോണ്‍  മസ്‌ക് ഇത്തരം സംവിധാന സൃഷ്ടിക്കായി 2013 ല്‍ തന്ന ഇന്ത്യയിലേക്കും ഒരു സംഘത്തെ അയയ്ക്കുകയുണ്ടായി. ഹൈപ്പര്‍ലൂപ്പ് ഒണ്‍ ഇപ്പോള്‍ നേടിയിരിക്കുന്ന വേഗം മണിക്കൂറില്‍ 460 കിലോമീറ്ററാണ്. ഈ വേഗവുമായാണ് ബിററ്‌സ് പിലാനി സംഘം സ്‌പേസ് എക്‌സ് വെല്ലുവിളിയില്‍ പങ്കെടുക്കാന്‍ പോകുന്നത്. അവിടുത്തെ ഒരു മൈല്‍ നീളത്തിലുള്ള പരീക്ഷണട്രാക്കില്‍ പരമാവധി വേഗം നേടുന്ന മാതൃകകളായിരിക്കും വിജയം കൈവരിക്കുക.
      

 

ബംഗളൂരു മെട്രോയ്ക്കു പുറമേ ബി.ഇ.എം.എലും ഹൈപ്പര്‍ലൂപ്പിന് പിന്തുണ നല്‍കുന്നുണ്ട്. റിപ്പിള്‍ എഞ്ചിനീയറിംഗ് കമ്പനി  സാങ്കേതികസഹകരണവും നല്‍കുന്നുണ്ട്. ബംഗളൂരു മെട്രോ ഹൈപ്പര്‍ലൂപ്പ് വണ്ണിനു നല്‍കിയ 5000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്താണ് ഇവരുടെ മാതൃകാ നിര്‍മമാണവും പരീക്ഷണവും നടത്തുന്നത്. ഹൈപ്പര്‍ലൂപ്പ് ഇതിനകം തന്നെ  ഈ ഗതാഗത മാര്‍ഗ്ഗം നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ പരീക്ഷണ ഓട്ടം പ്രായോഗികവും സുരക്ഷിതവുമാണെന്ന് തെളിയിച്ചിട്ടുമുണ്ട്. ഹൈപ്പര്‍ലൂപ്പ് വണ്‍ സംഘം ക്രൗഡ് ഫണ്ട് ശേഖരണത്തിലൂടെ തങ്ങളുടെ പരീക്ഷണം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് ഇവര്‍ സ്‌പേസ് എക്‌സ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്

 

Tags: