ദിലീപിനേയും കൊണ്ടുള്ള കേസന്വേഷണവാര്‍ത്താസ്വാദനം മലയാളിയുടെ മനോരാഗതുല്യമായ കുററവാസന

Glint staff
Sat, 15-07-2017 08:18:02 PM ;

kerala media

കൊച്ചിയിലെ ഒരമ്മയുടെ അനുഭവം. ഇരുപത്തിരണ്ടു വയസ്സുളള മകന് കലശലായ പനി. അമ്മ തന്നെ രാവിലെ നഗരത്തിലെ ആശുപത്രിയില്‍ വിളിച്ച് ബുക്കു ചെയ്തു. വൈകീട്ട് അഞ്ചു മണിക്കു ഡോക്ടറെ കാണാനുള്ള കാര്യം ഉറപ്പാക്കി.മകന്‍ വീടിന്റെ മുകളിലത്തെ നിലയിലെ തന്റെ മുറിയില്‍ ഞെരങ്ങി കിടപ്പുണ്ട്. പക്ഷേ ഏഴു മണിയായപ്പോഴാണ് അമ്മ മകനെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ട കാര്യം ഓര്‍മ്മിച്ചത്. അന്നു പിന്നെ കൊണ്ടുപോകാനും കഴിഞ്ഞില്ല. മകനോട് സ്‌നേഹക്കുറവുകൊണ്ടു സംഭവിച്ചതല്ല. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്സില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം അമ്മ വാര്‍ത്തയില്‍ മുഴുകി സമയം പോയതറിഞ്ഞില്ല. മകനെ ഡോക്ടറെ കാണിക്കേണ്ട കാര്യവും മറുന്നുപോയി.
       
അന്നു വൈകീട്ട് ഒരു മലയാളം ചാനല്‍ തങ്ങളുടെ പരസ്യം ആവര്‍ത്തിച്ചു നല്‍കി. അതില്‍ പറയുന്നു, ദിലീപിനെ അറസ്റ്റ് ചെയ്തത് ആദ്യം അറിയിച്ചത് തങ്ങളുടെ ചാനല്‍, ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്നതിന്റെ തെളിവ് ആദ്യം കാണിച്ചതും തങ്ങള്‍. എന്നിങ്ങനെ നീണ്ടു പരസ്യം. അതായത് ദിലീപിന്റെ അറസ്‌ററ് ചാനലുകളെയും മറ്റ് മാധ്യമങ്ങളെയും സംബന്ധിച്ച് ഉഗ്രന്‍ ചാകര. ചാനലുകളുടെ റേറ്റിംഗ് കൂട്ടല്‍ മത്സരത്തില്‍ വീണു കിട്ടിയ അവസരം. ആദ്യ ദിവസം മനസ്സിലാക്കാം. സ്വാഭാവികമായും മലയാളത്തിലെ പ്രമുഖ നടന്‍ ഇത്തരമൊരു കേസ്സിലകപ്പെടുമ്പോള്‍ ജനങ്ങളിലുണ്ടാവുന്ന വികാരം. അസാധാരണമായതു കാണാനും അറിയാനുമുള്ള മനുഷ്യന്റെ നൈസര്‍ഗ്ഗികമായ സ്വഭാവം . അതിനെയും അളവില്‍ കവിഞ്ഞ് തൃപ്തിപ്പെടുത്തുന്നത് സാമൂഹികമായി അപകടമാണ്.

ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഓരോ നിമിഷവും മാധ്യമസ്ഥാപനങ്ങള്‍ സാമൂഹ്യം എന്ന സംജ്ഞയെ ഉദ്ധരിക്കുമെങ്കിലും അനുനിമിഷം ശ്രദ്ധ പ്രചാരം വര്‍ധിപ്പിക്കുന്നതിലായിരിക്കും. അതുകൊണ്ട് സാമൂഹികമായ ഘടകം വാര്‍ത്തയുടെ വില്‍പ്പന തന്ത്രത്തിലെ അവിഭാജ്യം ഘടകമാണ്.
        
ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട നിമിഷം മുതല്‍  മാധ്യമങ്ങള്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് മാളിക മുകളേറിയ മന്നന്റെ അവിടെ നിന്നുള്ള വീഴ്ചയെക്കുറിച്ചാണ്. ഈ അവസരത്തില്‍ ചിലര്‍ സാമൂഹ്യ പ്രതിബദ്ധതയും തങ്ങള്‍ ദിലീപിന്റെ പ്രവൃത്തിയില്‍ പ്രകോപിതരാണെന്നും കാണിക്കാന്‍ വേണ്ടി പ്രകടനം നടത്തി. മറ്റു ചിലര്‍ ദിലീപിന്റെ സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു. ഒരു ചാനല്‍ ദിലീപിനെ ആദ്യം റിമാന്‍ഡ് ചെയ്യപ്പെട്ട ദിവസത്തെ വൈകീട്ടത്തെ ചര്‍ച്ചയോടു കൂടിയുള്ള വാര്‍ത്താ ബുള്ളറ്റിന്‍ ആരംഭിച്ചത് ഇന്ന് ദിലീപിന് ആലുവാ സബ്ജയിലില്‍ ആദ്യരാത്രി എന്നു പറഞഞുകൊണ്ടാണ്. അതുപറയുമ്പോള്‍ ആ അവതാരകന്റെ മുഖത്തിന്റെ ഭാവം വളരെ വിചിത്രമായിരുന്നു.
         
അതിനടുത്ത ദിവസം ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പിനായി പലസ്ഥലങ്ങളിലും കൊണ്ടു പോയി. അവിടെയെല്ലാം മാധ്യമങ്ങള്‍ പിന്നാലെ കൂടി. മാധ്യമങ്ങളുടെ ആ പിന്നാലെ കൂട്ടമാണ് യഥാര്‍ഥത്തില്‍ ജനങ്ങളെക്കൊണ്ട് കൂകാനും മറ്റും പ്രേരിപ്പിച്ചത്.  ദിലീപ് പി ആര്‍ ഏജന്‍സിയെ വാടകയ്‌ക്കെടുത്ത് വീണ്ടും ജനപ്രിയനാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് വാര്‍ത്ത വന്നിരിക്കുന്നു. ദിലീപിന്റെ അനുജന്‍ പ്രോസിക്യൂഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
     
     
അത്യാവശ്യം മസാല വലിയ കുഴപ്പം ചെയ്യില്ല. എന്നാല്‍ മസാലയുടെ അതിപ്രസരം ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണ്. ദിലീപിന്റെ അറസ്റ്റ് മലയാളി പ്രേക്ഷകരെ അവരറിയാതെ തന്നെ ഒരു മാനസിക രോഗത്തിനു സമാനമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു. ദിലീപിനെയും കൊണ്ട് പോലീസ് പോകുന്ന ഓരോ സ്ഥലത്തും മാധ്യമങ്ങള്‍ പിന്നാലെ കൂടി എന്തോ ജനം അത്യാവശ്യമായി അറിയേണ്ട കാര്യങ്ങള്‍ ലഭ്യമാക്കാനെന്ന വണ്ണമാണ് അവരുടെ സമീപനം. പുതിയ പ്രവണത കസ്റ്റഡിയിലുള്ള പ്രതിയുടെ അഭിപ്രായമാരായലാണ്. ഒരു കുററകൃത്യം ചെയ്തതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ അന്വേഷണത്തിന്റെ ഭാഗമായി നീങ്ങുന്ന പ്രതിയുടെ ഭാഗത്തു നിന്നു എന്തു അഭിപ്രായം ആരായാനാണ്. കുററകൃത്യത്തിലേര്‍പ്പെട്ട പ്രതി എന്തു പറഞ്ഞാലും തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടുളളതാകും. അതിന് എന്താണ് വില.
     

പ്രതിയുടെ അഭിപ്രായം ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയല്ല. കസ്റ്റഡിയിലിരിക്കുന്ന പ്രതി എന്തെങ്കിലും പറയുമ്പോള്‍ അതിന് ആസ്വാദ്യതയുടെ അംശം കൂടുന്നു. അതു മാത്രമാണ് ആ അഭിപ്രായം തേടലിന്റെ പിന്നിലെ താല്‍പ്പര്യം. പോലീസിന്റെ ദയനീയ മുഖവുമാണ് അപ്പോള്‍ വെളിവാകുന്നത്. അവര്‍ക്ക് കര്‍ശനമായി തടയാവുന്നതേ ഉള്ളു. ഒരു കുറ്റകൃത്യത്തിലേര്‍പ്പെടുന്ന വ്യക്തി അറസ്റ്റ് ചെയ്യപ്പെടുന്നതോടെ സമൂഹത്തിലെ ഒരു സാധാരണ പൗരന്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം ഇല്ലാതാവുകയാണ്. പോലീസിന്റെ കൃത്യനിര്‍വ്വഹണത്തിലേക്കുള്ള കടന്നു കയറ്റമായി മാത്രമേ ചാനലുകളുടെ ഈ നടപടിയെ കാണാന്‍ കഴിയുകയുള്ളു.
     

ജനായത്ത സംവിധാനത്തില്‍ വാര്‍ത്ത അറിയുക എന്നത് പൗരന്റെ ആവശ്യമാണ്. കൃത്യമായ വാര്‍ത്ത അറിഞ്ഞ് അതിന്റെ വിശകലനത്തിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളുടെയും തീരുമാനങ്ങളിലൂടെയുമാണ് ജനായത്തം ആരോഗ്യകരവും പ്രവര്‍ത്തനക്ഷമവുമാകേണ്ടത്. എന്നാല്‍ ദിലീപ് ആദ്യരാത്രിയില്‍ എങ്ങിനെയാണ് തറയില്‍ കിടന്ന്., ആരോടൊപ്പമാണ് ജയിലില്‍ ചെലവഴിച്ചത് തുടങ്ങിയ വാര്‍ത്തയാകുമ്പോള്‍ ഉയരത്തിലിരിക്കുന്നവന്‍ വീഴുമ്പോള്‍ അതു കണ്ടു രസിക്കുന്ന മനസ്സിനെ തൃപ്തിപ്പെടുത്താനുള്ള വിഭവം കൊടുത്ത് മനുഷ്യമനസ്സുകളെ മലീമസപ്പെടുത്തുകാണ് അതിലൂടെ സംഭവിക്കുന്നത്. അസൂയ, താരതമ്യമനസ്സ്, പക, പകവീട്ടല്‍ രസം തുടങ്ങിയ വികാരങ്ങളില്‍ കുടുങ്ങിപ്പോയ അല്‍പ്പമനസ്സുകളാല്‍ വാര്‍ത്ത നിശ്ചയിക്കപ്പെട്ടും അതു വ്യവസ്ഥാപിതമായിപ്പോയതിന്റെയും ഫലമാണിങ്ങനെ സംഭവിക്കുന്നത്.
         

ഈ പശ്ചാത്തലത്തില്‍ മാധ്യമസംസ്‌കാരം എന്ന വിഷയത്തെ കുറിച്ചു പോലും ചര്‍ച്ച ചെയ്യുന്നത് അപ്രസക്തമാണ്. കാരണം ജനം അബോധാവസ്ഥയിലേക്കാഴുമ്പോള്‍ അവരെ ബോധാവസ്ഥയിലേക്ക് ഉണര്‍ത്തുന്ന വിധം വാര്‍ത്ത നല്‍കുമ്പോഴാണ് അത് മാധ്യമമായി മാറുന്നത്. അല്ലെങ്കില്‍ ആ പ്രവര്‍ത്തനം മാധ്യമ സംസ്‌കാരത്തിന് വിപരീതമായ ദിശയിലേക്കു നീങ്ങും. ഒരു വാര്‍ത്ത അര മണിക്കൂര്‍ നേരത്തേ അറിഞ്ഞതുകൊണ്ട് സമൂഹത്തിലെ ഒരു വ്യക്തിക്കും പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. മാധ്യമ സംസ്‌കാരത്തിനോട് വിട ചൊല്ലിത്തുടങ്ങലിന്റെ ആദ്യാക്ഷര സംസ്‌കാരമെന്നോണം പടിഞ്ഞാറു നിന്ന് കുടിയേറിയ സംഗതിയാണ് സ്‌കൂപ്പടിക്കുക എന്നത്. മറ്റ് മാധ്യമങ്ങളിലെങ്ങും വരാത്തത് തങ്ങള്‍ അടിച്ച് മറ്റുള്ളവരെ പിന്നിലാക്കുക. അല്ലാതെ സമൂഹത്തിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. സാമൂഹ്യമായ വീക്ഷണത്തിന്റെ പശ്ചാത്തലത്തിലേ അല്ല സ്‌കൂപ്പുകള്‍ സംഭവിക്കുന്നത്.
    

സാമൂഹികമായ അംശം പൂര്‍ണ്ണമായി അവഗണിച്ച് സമൂഹത്തെ ഉപയോഗിച്ച് മാധ്യമങ്ങള്‍ ലാഭത്തില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ സമൂഹത്തില്‍ കിളിര്‍ത്തു വരുന്ന പ്രതിഭാസമാണ് ദിലീപും പള്‍സര്‍ സുനിയും പോലെയുളളവര്‍. ദിലീപിന്റെ പ്രവൃത്തികളെ അനഭിലഷണീയമായ പ്രവൃത്തികളെ കുറിച്ച് അറിയാവുന്ന ഏറെ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. അവരെല്ലാവരും തന്നെ ദിലീപിന്റെ അത്തരം പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന വിധത്തിലൂള്ള മാധ്യമപ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്തു. ദിലീപിനെ അത്തരം മാധ്യമങ്ങള്‍ തങ്ങളുടെ പ്രചാരവര്‍ധനയ്ക്കായി പല ഘട്ടങ്ങളിലും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
 
      
ദിലീപ് ആദ്യരാത്രിയില്‍ ആലുവാ സബ്ജയിലില്‍ ആരുടെ കൂടെയാണ് കിടന്നുറങ്ങിയത്, എന്തൊക്കെ കഴിച്ചു തുടങ്ങിയ വിവരങ്ങള്‍ ജനങ്ങളിലേക്കു പകരുമ്പോള്‍ ജനങ്ങള്‍ അതു രുചിയോടെയുള്ള മസാലയായി ഭക്ഷിക്കുന്നു. ഈ ഭക്ഷിക്കല്‍ മനുഷ്യനിലെ അധമ വികാരത്തെ അനുനിമിഷം ഉണര്‍ത്തി ഊട്ടിക്കൊണ്ടിരിക്കുകയാണ്. പരിഷ്‌കൃത മനുഷ്യന്റെ ലക്ഷണം എന്തെന്നു ചോദിച്ചാല്‍ തന്നെ അവന്‍ എത്രമാത്രം പ്രതികാരം എന്ന വികാരത്തില്‍ നിന്ന് അകലുന്നു എ്ന്നതാണ്. എന്നാല്‍ ദിലീപിനെ ആള്‍ക്കാരെ തെരുവിലിറക്കിവിട്ട് കൂവിക്കുന്ന വിധവും ദിലീപിന്റെ പിന്നാലെ ക്യാമറയുമായി നടന്ന് ഓരോ രംഗങ്ങളും പകര്‍ത്തി ആള്‍ക്കാരെ കാണിക്കുമ്പോള്‍ അവര്‍ പ്രത്യേക തരം രതി അഥവാ സുഖം അനുഭവിക്കുന്നു. ആ സുഖം നുകരാന്‍ വേണ്ടിയാണ് അവര്‍ ടിവിയുടെ മുന്നില്‍ എല്ലാം മറന്നിരിക്കുന്നത്. സുഖമില്ലാതെ കിടക്കുന്ന മകനെ ഡോക്ടറെ കാണിക്കേണ്ടത് ഓര്‍ക്കാതെ പോകുന്ന അമ്മമാര്‍ പോലുമുണ്ടാകുന്നത് അതുകൊണ്ടാണ്. അതിന് ആ അമ്മയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം അവരും മാധ്യമങ്ങളാല്‍ സമൂഹം പതിച്ച പൊതു അബോധാവസ്ഥയിലേക്ക് അവരും വീഴുകയായിരുന്നു.  അമ്മ അറിയാതെ അവരിലെ മാതൃത്വത്തിനു സംഭവിക്കുന്ന ക്ഷയമാണ് അതിലൂടെ സംഭവിക്കുന്നത്.
          

ഇത്തരം അബോധാവസ്ഥയിലേക്കു നീങ്ങുമ്പോഴാണ് സമൂഹത്തില്‍ വന്‍ അത്ഭുതങ്ങള്‍ പോലെ റേറ്റിംഗ് കൂട്ടാനും കൂടി ഉപയോഗിച്ചുകൊണ്ട് അമ്മ മകനെ ചിരവയ്ക്ക് തലയ്ക്കടിച്ചു കൊന്നു, മകന്‍ അമ്മയെ തല്ലിക്കൊന്നു എന്ന വാര്‍ത്തകള്‍ ഇതേ മാധ്യമങ്ങള്‍ തന്നെ കൊടുക്കുന്നത്. എന്നിട്ട് സമൂഹത്തിനിതെന്തു സംഭവിച്ചു എന്ന ചോദ്യമുയര്‍ത്തിക്കൊണ്ട് അവര്‍ ചര്‍ച്ചയും നടത്തി റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്നു. ഈ ചര്‍ച്ചയിലൊക്കെ സമൂഹത്തിന്റെ ഭാഗത്തു നിന്നുകൊണ്ട് തെറി വിളിക്കുന്നതു പോലെ അവതാരകര്‍ ഓരോരുത്തരെ ജനങ്ങള്‍ക്കു വേണ്ടി എ്ന്ന നിലയില്‍ ഭര്‍ത്സിക്കുന്നു. അതുകേട്ട് ജനം രസിക്കുന്നു.
   

ദിലിപിനെയും കൊണ്ട് കറങ്ങുന്നതിന്റെ വാര്‍ത്തയും മറ്റും  ഇതുപോലെ കൊടുക്കുമ്പോള്‍ ജനങ്ങള്‍ പ്രതികാരം എന്ന വികാരം മോന്തിയാണ് സുഖിക്കുന്നത്. ഈ സ്വഭാവം അവരുടെ കോശസ്മൃതികളിലേക്കു പോലും പ്രവേശിക്കുന്നു, ഒരേ രീതിയിലുള്ളതിന്റെ ആവര്‍ത്തനം കൊണ്ട്. ഈ പ്രതികാരദാഹവും ദാഹം തീര്‍ക്കാനുള്ള ശ്രമവുമാണ് ഇന്ന് കേരളത്തിലെ കുടുംബവ്യവസ്ഥയെ തന്നെ തകര്‍ക്കാന്‍ പാകമായി മാറിക്കൊണ്ടിരിക്കുന്നത്. ഗോവിന്ദച്ചാമിയെ കൊല്ലണമെന്ന കേരളീയരുടെ ത്വരയും ഇതില്‍ നിന്നുണ്ടായതാണ്. ഈ ത്വര അബോധാവസ്ഥയിലാണുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ദാഹത്തെ ശമിപ്പിക്കുന്നതാകുന്നു പലപ്പോഴും പോലീസിന്റെ മുന്‍ഗണന. അതിനാല്‍ കേസ്സ് കോടതിയിലെത്തുമ്പോള്‍ അടയക്ക്‌പ്പെടാതെ പഴുതുകളിലൂടെ പ്രതികള്‍  വന്‍ വക്കീലന്മാരുടെ സഹായത്തോടെ രക്ഷപെടുന്നു.
      

ജനായത്ത സംവിധാനത്തില്‍ ശിക്ഷയെന്നത് പ്രതികാരവികാരത്തിന്റെ സായൂജ്യമടയ്ക്കലല്ല. മറിച്ച് സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യനല്ലാത്ത വ്യക്തിയെ സമൂഹത്തില്‍ നിന്ന് അകത്തി ശിക്ഷാകാലാവധികൊണ്ട് സമൂഹത്തിലേക്ക് അപകടകാരിയല്ലാതെ ഇഴുകിച്ചേരാന്‍ പാകത്തില്‍ പാകപ്പെടുത്തുന്ന പ്രക്രീയയാണ്. അവിടെ പ്രതികാരത്തിന്റെ ലാഞ്ചന പോലും വരാനും പാടില്ല. എന്നാല്‍ പ്രതികാരം ഉണ്ടും കുടിച്ചും അനുനിമിഷം ഊട്ടി ഉറപ്പിക്കപ്പെടുന്ന സമൂഹത്തില്‍ കുറ്റവാസന സമൂഹത്തിലേക്ക് സന്നിവേശിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇത്തരം കേസ്സുകളില്‍ പെടുന്നവരെ കോടതി മുറ്റത്തും തെളിവെടുപ്പിനുമൊക്കെ കൊണ്ടുവരുമ്പോള്‍ കൂവലും കല്ലേറുമൊക്കെ സംഭവിക്കുന്നത്. അല്ലാതെ കുറ്റകൃത്യത്തോടുള്ള വിമുഖത കൊണ്ടല്ല.
     

ഇത്തരം പ്രതികരണങ്ങളെല്ലാം ഹിംസയും അക്രമവുമായാണ് മാറുന്നത്. അതാണ് ദിലീപിന്റെ സ്ഥാപനങ്ങല്‍ തകര്‍ക്കപ്പെട്ടത്. സംശയിക്കേണ്ട ഒന്നാന്തരം കുറ്റവാളികള്‍ തന്നെയാണ് അതു ചെയ്തത്. ദിലീപിനെയും ഇന്നത്തെ അവസ്ഥയില്‍ ജനമധ്യത്തില്‍ കിട്ടിയാല്‍ ദിലീപിന്റെ കാര്യം വിഷമമാണ്. ഇവിടെയെല്ലാം കാണുന്നത് അക്രമമാണ്. അതാണ് പ്രതികാരമെന്ന വികാരത്തെ ഊട്ടിയുറപ്പിക്കുമ്പോള്‍ സംഭവിക്കുന്നത്. ഇതൊക്കെ മനസ്സിലാക്കി ഓരോ വാക്കും ദൃശ്യങ്ങളും തെരഞ്ഞെടുത്തുപയോഗിക്കുക എന്നതാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം. അതിന് നേതൃത്വം നല്‍കുന്നവരാണ് പത്രാധിപന്മാര്‍. ഇന്ന് പത്രാധിപന്മാര്‍ തന്നെയാണ് പ്രതികാരവാഞ്ഛയെ അനുനിമിഷം അബോധമായി മനുഷ്യന്‍രെ അബോധമനസ്സിന്റെ അടിത്തട്ടിലേക്ക് നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്.
     

നടിയെ ആക്രമിക്കപ്പെട്ട കേസ്സില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട  ദിലീപിനെ അറസ്റ്റ് ചെയ്തു. എന്തായാലും പോലീസിന് ചില വ്യക്തമായ സൂചനകള്‍ കിട്ടാതെ അതു ചെയ്യാന്‍ സാധ്യത കുറവാണ്. ഒരു ചാരക്കേസ്സ് പാളിയതിനെ ഉയര്‍ത്തിക്കാട്ടി ദിലീപിന്റെ അറസ്റ്റിനെ മുന്‍കൂട്ടി വ്യാജമാണെന്ന് ആക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതും സ്വാഭാവികമാണ്. അതുകൊണ്ടാണ് ദിലീപിന് ജാമ്യം നിഷേധിക്കപ്പെടുന്നതും . ദിലീപ് മലയാളസിനിമയെ തന്റെ കാല്‍ക്കീഴില്‍ കൊണ്ടുവന്നു എന്നുള്ളതും പലരെയും സിനിമാ രംഗത്തു നിന്ന് ഒഴിവാക്കിയതും നിഷേധിക്കാനാകാത്ത വസ്തുതകളാണ്. ദിലീപിന്റെ കാല്‍ക്കീഴിലായിരുന്നു താരസംഘടന അമ്മയെന്നും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അത്തരമൊരു വ്യക്തി എന്തായാലും കലയുടെ സ്വാധീനത്താല്‍ നവീകരിക്കപ്പെട്ട വ്യക്തിയല്ല. മറിച്ച് കലയെ തന്റെ സ്ഥാപിത താല്‍പ്പര്യത്തിനുള്ള വെറും ഉപാധിയായി ഉപയോഗിച്ച വ്യക്തിയാണ്. അത്തരത്തിലൊരു വ്യക്തി കുറ്റകൃത്യങ്ങളിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. അവിടെ അന്വേഷണത്തില്‍ പഴുതുകളില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകമായ സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കേണ്ടത്. മറിച്ച് ദിലീപ് പീഢിപ്പിക്കപ്പെടുന്നത് ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലേക്കു തള്ളിവിടുകയല്ല ചെയ്യേണ്ടത്.

 

Tags: