പൊലീസ് ഗവര്‍ണ്ണര്‍മാര്‍

Mon, 11-03-2013 04:45:00 PM ;

നാഗാലാ‌‍ന്‍ഡ് ഗവര്‍ണ്ണര്‍ ആയിരുന്ന നിഖില്‍ കുമാറിനെ കേരളത്തിന്റെ പുതിയ ഗവര്‍ണ്ണറായി മാറ്റി നിയമിച്ചു. തികച്ചും മതിപ്പുളവാക്കുന്നതാണ് അദ്ദേഹത്തിന്റെ സി.വി. കോണ്‍ഗ്രസ് നേതാവും ബീഹാര്‍ മുഖ്യമന്ത്രിയും ആയിരുന്ന സത്യേന്ദ്ര നാരായണ്‍ സിന്‍ഹയുടെ മകന്‍. ഐ.പി.എസ്. ഉദ്യോഗസ്ഥന്‍. ഡല്‍ഹിയില്‍ പൊലീസ് കമ്മീഷണര്‍. അതിര്‍ത്തി കാവല്‍ സേനയായ ഐ.ടി.ബി.പി., ആഭ്യന്തര സുരക്ഷാ സേനയായ എന്‍.എസ്.ജി. എന്നിവയുടെ ഡയറക്ടര്‍ ജനറല്‍, വിരമിച്ച ശേഷം ലോക് സഭാംഗത്വം, തുടര്‍ന്ന് ഗവര്‍ണ്ണര്‍ പദവി. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ലോക് സഭാംഗങ്ങള്‍ ആയിരുന്നു.

 

നിഖില്‍ കുമാര്‍ മാത്രമല്ല, രാജ്യത്തെ ഗവര്‍ണ്ണര്‍മാരുടെ ഇടയില്‍ ഇത്തരം മതിപ്പുളവാക്കുന്ന സി.വി. കള്‍ക്കുടമകള്‍. 28 സംസ്ഥാനങ്ങളിലും ഏഴു കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി ഗവര്‍ണ്ണര്‍/ലെഫ്. ഗവര്‍ണ്ണര്‍/ അഡ്മിനിസ്ട്രാറ്റര്‍ പദവി വഹിക്കുന്ന 33 പേരില്‍ 17പേരും പൊലീസ്/ഭരണ/സൈനിക മേധാവികളായിരുന്നു. ഇവരില്‍ മുന്‍ കരസേനാ മേധാവിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ പ്രമുഖ പാരാ മിലിട്ടറി സേനകളുടെ തലപ്പത്ത് പ്രവര്‍ത്തിച്ച ഒട്ടനവധി പേര്‍. ലളിതമായ ഒരു കണക്കില്‍ 8 ഐ,പി.എസ്., 6 ഐ.എ.എസ്., 3 കരസേന.

 

രാജ്യത്ത് ഒട്ടേറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളതാണ് ഗവര്‍ണ്ണര്‍ പദവി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധികാര കുത്തക തകര്‍ന്ന 1967 മുതല്‍ കേന്ദ്രത്തിന്റെ എജന്റ് എന്ന രീതിയിലാണ് ഗവര്‍ണ്ണര്‍മാരെ കണ്ടിരുന്നത്. മുഖ്യമന്ത്രിമാര്‍ തന്നെ ഗവര്‍ണ്ണര്‍ പദവിയുടെ സാംഗത്യം ചോദ്യം ചെയ്തു. സര്‍ക്കാരിയ കമ്മീഷന്‍ ഗവര്‍ണ്ണര്‍ നിയമനത്തില്‍ പാലിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. സമീപ കാലത്ത് സജീവ പൊതു/രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നവരെ പരിഗണിക്കരുതെന്നും, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തിയെ മറ്റൊരു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തേക്ക് അയക്കരുതെന്നും അവയില്‍ ചിലതായിരുന്നു. ആ നിര്‍ദ്ദേശങ്ങളൊക്കെ ഏട്ടില്‍ തന്നെ പൊടിപിടിച്ചിരിക്കുന്നു.

 

രാജ്യത്തിന്റെ ഐക്യം ഉറപ്പു വരുത്തേണ്ട ഒരു നിര്‍ണ്ണായക പദവി ആയാണ് ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഗവര്‍ണ്ണര്‍ സ്ഥാനത്തെ കണ്ടത്. സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്കിടയില്‍ അനുരഞ്ജകനായി പ്രവര്‍ത്തിക്കാനും  ഗവര്‍ണ്ണര്‍ക്കു കഴിയുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, ഭരണഘടനയുടെ അന്ത:സത്തയുമായി ചേര്‍ന്നുപോകുന്നതല്ല യു.പി.എ. സര്‍ക്കാറിന്റെ സമീപകാല ഗവര്‍ണ്ണര്‍ നിയമനങ്ങള്‍.

 

സര്‍ക്കാറിന് കീഴില്‍ ഉന്നത ഉദ്യോഗം വഹിച്ച് തൊട്ടു പിന്നാലെ രാഷ്ട്രീയ പദവികള്‍ ഏറ്റെടുക്കുന്നതിലെ ധാര്‍മികമായ സാംഗത്യം മാറ്റിവെച്ചാല്‍ പോലും സുരക്ഷാ വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവരെ ഗവര്‍ണ്ണര്‍മാരായി നിയമിക്കുന്നതിലൂടെ കേന്ദ്രം നല്‍കുന്ന സന്ദേശം അപകടകരമാണ്. മുമ്പ് ഗവര്‍ണ്ണര്‍മാര്‍ കേന്ദ്രത്തിന്റെ, പൊലീസ് പണി ചെയ്തിരുന്ന, പൊളിറ്റിക്കല്‍ എജന്റായിരുന്നു എങ്കില്‍ ഇപ്പോള്‍ അവര്‍ തീര്‍ത്തും പൊലീസ് എജന്റായിരിക്കുന്നു.  നമ്മുടെ സംസ്ഥാനങ്ങള്‍ തീര്‍ച്ചയായും ഇതിലുമപ്പുറം അര്‍ഹിക്കുന്നുണ്ട്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യം രാഷ്ട്രീയ ഐക്യത്തിന് പ്രധാനമായൊരു വെല്ലുവിളി നേരിടുന്നില്ല. വിഘടന വാദ പ്രവണതകള്‍, തീര്‍ച്ചയായും, ഇന്നും നിലവിലുണ്ടെങ്കിലും അവ രാഷ്ട്രീയമായ പരിഹാരങ്ങള്‍ ആവശ്യപ്പെടുന്നവയുമാണ്. വിഘടന വാദങ്ങള്‍ക്ക് മാത്രമല്ല. ഏതൊരു ഇന്ത്യന്‍ സംസ്ഥാനവും ഇന്ന് നേരിടുന്ന പല പ്രശ്നങ്ങളും, വികസനമടക്കം,  രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമായവയാണ്.

 

ഗവര്‍ണ്ണര്‍ പദവിയില്‍ പരിണത പ്രജ്ഞരായ രാഷ്ട്രീയ പ്രവര്‍ത്തകരെ ആവശ്യമുള്ള കാലഘട്ടമാണിത്. പക്ഷെ ഒഴിവാക്കപ്പെടുന്ന രാഷ്ട്രീയക്കാരെ കുടിയിരുത്താനും ഉദ്യോഗസ്ഥ മേധാവികള്‍ക്ക്  പാരിതോഷികമായും ഇതിനെ ഉപയോഗിക്കുന്നതായിരിക്കും, ഒരുപക്ഷെ, നാളെ, നമ്മുടെ രാഷ്ട്രീയ ഐക്യത്തിന് മേല്‍ ചോദ്യ ചിഹ്നമുയര്‍ത്തുക.

 

Tags: