സി.പി.എം തുടര്‍ ഭരണത്തിന് ബി.ജെ.പി അനുകൂലം

എസ്.ഡി വേണുകുമാര്‍
Wed, 20-01-2021 04:48:04 PM ;

കേരളത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ ബി.ജെ.പി.ക്ക് താല്പര്യം പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ ഈ അടവ് നയമാണ് നന്നെന്നാണ് അവരുടെ വിലയിരുത്തല്‍. ഒരു തവണ കൂടി പിണറായി അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫ്. ഛിന്നഭിന്നമാകുമെന്നും 2026 ലേക്ക് മത്സരം എല്‍.ഡി.എഫും എന്‍.ഡി.എ.യും തമ്മില്‍ നേര്‍ക്കുനേരെയാകുമെന്നുമാണ് അവരുടെ കണക്കുകൂട്ടല്‍. 

അതുകൊണ്ടു തന്നെ ഒരു ഡസന്‍ മണ്ഡലങ്ങളില്‍ ജയത്തിനു വേണ്ടി പോരാട്ടം, 20 മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനം, മറ്റിടങ്ങളില്‍ പരമാവധി വോട്ട് എന്ന ലക്ഷ്യവുമായി മത്സരം കടുപ്പിക്കുന്നതിനാണ് ബി.ജെ.പി തന്ത്രങ്ങള്‍ മെനയുന്നത്. ഒരിക്കല്‍ കൂടി പിണറായി അധികാരത്തില്‍ വന്നാല്‍ സി.പി.എമ്മിനുള്ളിലും വിഭാഗീയത രൂക്ഷമാകുമെന്നും അതും മുതലാക്കാമെന്നും ബി.ജെ.പി. കണക്കു കൂട്ടുന്നു. വിവിധ കക്ഷികളില്‍ അസംതൃപ്തതായ വര്‍ക്കു വേണ്ടി ഇപ്പോള്‍ തന്നെ അവര്‍ വല വിരിച്ചിട്ടുണ്ട്.

ഇത്തവണ എല്‍.ഡി.എഫ്. അധികാരത്തിലെത്തുമെന്നും യു.ഡി.എഫ്. എഴുപതില്‍ താഴെ അംഗങ്ങളുമായി രണ്ടാമത് എത്തുമെന്നും ബി.ജെ.പി പരമാവധി രണ്ട് സീറ്റ് നേടുമെന്നുമാണ് കഴിഞ്ഞ ദിവസം ഒരു മാധ്യമം നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഉള്‍ക്കൊണ്ട് ഗൃഹപാഠം ചെയ്ത് ഭരണം തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളിലാണ് യു.ഡി.എഫ്. ഫലം കുറെ കൂടി മെച്ചപെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ എന്‍.ഡി.എ. നടത്തുമ്പോഴും ഭരണ തുടര്‍ച്ച പിണറായിക്കു കിട്ടണമെന്ന താല്പര്യമാണ് എന്‍.ഡി.എ.യുടെ തന്ത്രങ്ങള്‍ മെനയുന്നവരുടെ മനസ്സില്‍.ബംഗാള്‍ മോഡലില്‍ കേരളം 2026 ല്‍ പിടിക്കാമെന്നതാണ് അവരുടെ ലക്ഷ്യം.

Tags: