ഇന്ത്യയില്‍ 2030ല്‍ പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് വിട: വിപ്ലവകരമായ തീരുമാനം

Glint Staff
Sat, 03-06-2017 09:45:36 PM ;

electric cars,elon musk,solar energy,piyush goel,fuel

2030ല്‍ ഇന്ത്യയില്‍  പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പു മന്ത്രി പിയൂഷ് ഗോയല്‍ പ്രസ്താവിച്ചിരിക്കുന്നു. രാജ്യം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു പ്രസ്താവനയാണിത്. വിശേഷിച്ചും കേരളം. 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറ്റാനാണ് ഉദ്ദേശ്യമെന്നും അതിനുവേണ്ടി നീതി ആയോഗും ഊര്‍ജ്ജവകുപ്പും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നുമാണ് പിയൂഷ് ഗോയല്‍ അറിയിച്ചിരിക്കുന്നത്.
       ഇനീ പതിമൂന്നു കൊല്ലത്തിനകം രാജ്യം ഭൗതികമായി പുതുയുഗത്തിലേക്ക് ഏതാണ്ട് മാറുന്നുവെന്നുള്ള സൂചനയാണത്. ഇലക്ട്രിക് കാറുകള്‍ മാത്രമാകുമ്പോള്‍ അതിനു അനുസൃതമായ കറണ്ടും അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ഏറ്റവും അത്യാവശ്യം കറണ്ടാണ്. എന്തായാലും കേരളം ആതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകാതിരിക്കാനുള്ള വകതിരിവ് കേരള സര്‍ക്കാരിനുണ്ടായിട്ടുണ്ടെന്ന് ഏതാനും ദിവസം മുന്‍പ് മുഖ്യമന്ത്രി പിണറായിയുടെ പ്രഖ്യാപനം തെളിയിക്കുന്നു. വരാന്‍ പോകുന്ന മാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ ഉപദേശം ലഭിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍ . അദ്ദേഹം സോളാര്‍ ഊര്‍ജ്ജ വ്യാപനത്തെക്കുറിച്ചും പറയുകയുണ്ടായി.
      പുതിയ ലോകത്തെ മാറ്റിമറിക്കുന്നത് മനുഷ്യന്‍ കണ്ടെത്തിയ പുത്തന്‍ ഉപകരണമായ ഡിജിറ്റല്‍ സാങ്കേതികവിദ്യ അതിവിദഗ്ധമായി കൈകാര്യം ചെയ്യുന്ന വ്യക്തികളാണെന്ന് കാണാന്‍ കഴിയും. ഗൂഗിളും, ഫേസ് ബുക്കും മൈക്രോസോഫ്റ്റുമൊക്കെ ഉദാഹരണം. പുതിയ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് ടെസ്ലോ കാര്‍ കമ്പനി ഉടമ ഇലോണ്‍ മസ്‌ക് എന്ന നാല്‍പ്പത്തിയഞ്ചുകാരനാണ്. അദ്ദേഹത്തിന്റെ ടെസ്ലോ കാര്‍ 2017 ആഗസ്തില്‍ ഇന്ത്യയില്‍ ഇറങ്ങേണ്ടതായിരുന്നു . എന്നാല്‍ ഇന്ത്യ സജ്ജമല്ലാത്തതിനാല്‍ അത് നടപ്പായില്ല. അതേ സമയം പിയൂഷ് ഗോയലിന്റെ പ്രസ്താവനയെ ഇലോണ്‍ മസ്‌ക് വളരെ ആവേശത്തോടെ സ്വാഗതം ചെയ്തിട്ടുണ്ട്. വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറും ടെസ്ലെയുടെ വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. പരമ്പരാഗത വാഹന നിര്‍മ്മാതക്കളുടെ സമ്മര്‍ദ്ദത്തെ അത്ര വേഗം അതിജീവിക്കുക എളുപ്പമല്ല.
       വിഴിഞ്ഞം പദ്ധതി തുടങ്ങിയതിനാല്‍ അത് പൂര്‍ത്തിയാക്കേണ്ടതു തന്നെ. എന്നാല്‍ അതിനേക്കാളൊക്കെ മുന്‍തൂക്കം കൊടുക്കേണ്ട ഒന്നാണ് സംസ്ഥാനത്തിന്റെ സോളാര്‍ വൈദ്യുതീകരണം. ഇലോണ്‍ മസ്‌ക് തന്നെ വീടിന്റെ മേല്‍ക്കൂരകള്‍ നമ്മുടെ പരമ്പരാഗത വീടുകളുടെ മാതൃകയില്‍ സോളാര്‍ പാനല്‍ ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വീടിന്റെ മേല്‍ക്കൂര തന്നെ സോളാര്‍ പാനല്‍ ആകുന്ന രീതി. അതിലൂടെ ഒരു വീടിന് ആവശ്യമുളളതും മിച്ചവുമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും.വൈദ്യുതിയുടെ കാര്യത്തില്‍ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിപ്ലവമായിരിക്കും വരുന്ന ആറേഴ് കൊല്ലത്തിനുള്ളില്‍ ലോകം കാണാന്‍ പോകുന്നത്.
         ഈ യാഥാര്‍ഥ്യം പോലും മനസ്സിലാക്കാന്‍ ശേഷിയില്ലാതാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കല്‍ക്കരി ഉള്‍പ്പടെ പരമ്പരാഗത ഊര്‍്ജ്ജ നിര്‍മ്മാതക്കളുടെ രക്ഷയ്‌ക്കെന്നവകാശപ്പെട്ടുകൊണ്ട് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാറില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. ചൈനയും ഇലക്ട്രിക് കാര്‍  വിപണന രംഗത്തേക്ക് വന്‍ തോതില്‍ തിരിയുന്നുണ്ട്. ഇതുവരെ ഇന്ത്യ കാര്യമായി ഈ രംഗത്ത് വലിയ ഗവേഷണങ്ങളോ പരീക്ഷണങ്ങളോ നടത്തിയിട്ടില്ല. അതിനിനീ സമയം ലഭ്യമല്ല. ഇനിയിപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ഇലക്ട്രോണിക് വാഹനങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ പശ്ചാത്തലത്തെ ഏറ്റവും സമര്‍ഥമായ വിധത്തില്‍ സജ്ജമാക്കുക എന്നതാണ്. ടെസ്ല ഇപ്പോള്‍ തന്നെ ഇറക്കിയിരിക്കുന്നത് ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകളാണ്. ഒരു ദശകത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയിലും അത്തരം കാറുകള്‍ വിപണനം ചെയ്യപ്പെടും. അതിന് അനുയോജ്യമായ രീതിയില്‍ ഇപ്പോള്‍ തന്നെ നിരത്തുകളെ സജ്ജമാക്കേണ്ടതും ആവശ്യമാണ്.
         ആഗോളസാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങളുടെ നേര്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയും ഒന്നര ദശാബ്ദം കഴിയുമ്പോള്‍ അതിലേക്കു തിരിയുകയും ചെയ്യുന്ന പാരമ്പര്യമാണ് കേരളത്തിലുളളത്. ഇതിന്റെ കാര്യത്തിലെങ്കിലും അങ്ങനെയാകാതിരിക്കാന്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇലക്ട്രിക് കാറാണ് നിരത്തിലിറങ്ങുന്നതെങ്കിലും സംഭവിക്കാന്‍ പോകുന്നത് വൈദ്യുതി രംഗത്ത് വരാന്‍ പോകുന്ന സുലഭലഭ്യതയും വിലക്കുറവുമാണ്. അത് വാഹനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല അനുകൂലമായി ബാധിക്കുന്നത്. വ്യക്തിയുടെ കാര്യത്തിലെന്നപോലെ ഒരു രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്ക്‌പ്പെടുന്നത് ആ രാജ്യത്തിന്റെ ഊര്‍ജ്ജ ശേഷിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഊര്‍ജ്ജം ലഭ്യമാകുമ്പോള്‍ മാനവവിഭവശേഷിയെ അതിനനുസൃതമായി സജ്ജമാക്കുക എന്നാതാണ് അടിയന്തിരാവശ്യം. കേരളം ഇന്നു നേരിടുന്ന വെല്ലുവിളിയും അതാണ്. യുവജന സംഘടനകള്‍ പോലും സര്‍ക്കാര്‍ ജോലി ലഭ്യമാക്കുന്നതിനു വേണ്ടിയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെയുമുള്ള പ്രക്ഷോഭ പരിപാടികളില്‍ മുഴുയിരിക്കുകയാണ്. മാറുന്ന ലോകത്തെക്കുറിച്ചും യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള അജ്ഞതകൊണ്ടുമാണ് ഇത് സംഭവിക്കുന്നത്.
           ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി രാജ്യമാണ്. 2030 ല്‍ അതില്‍ വന്‍ കുറവായിരിക്കും ഉണ്ടാവുക.

 

Tags: