കണ്ണൂരിൽ അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട്) ഏർപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ കണ്ണൂരിലെ അവസ്ഥ അതീവ ഗുരുതരവുമാണ്. അവിടുത്തെ യഥാർഥ പ്രശ്നത്തെ അല്ലെങ്കിൽ രോഗത്തെ കൃത്യമായി തിരിച്ചറിയുകയാണ് വേണ്ടത്. രണ്ടു രാഷ്ട്രീയ പാർട്ടികൾ, സി.പി.ഐ.എമ്മും ബി.ജെ.പിയും, പൂർണ്ണമായ അബോധാവസ്ഥയിലാണവിടെ. ഈ പാർട്ടികളുടെ അണികൾ പരസ്പരം വെട്ടിച്ചാകുന്നു. അതിനാൽ കണ്ണൂരിലെ അന്തരീക്ഷത്തിൽ മനുഷ്യച്ചോരയുടെ ഗന്ധം. ഈ പാർട്ടികളുടെ നേതാക്കന്മാരുടെ വാക്കുകളിലും ചോരയുടെ സാന്നിദ്ധ്യം.
വാക്കുകളിൽ ചോര ഇറ്റുക മനസ്സിൽ നിന്നാണ്. മനസ്സിൽ ചോര നിറയുന്നത് ചിന്തയിൽ നിന്നും. നേതാക്കന്മാരുടെ ചിന്തയിലെ ചോരയും അതിനു വേണ്ടിയുള്ള മനസ്സിന്റെ ദാഹവുമാണ് കണ്ണൂരിലെ പ്രശ്നം. അഥവാ നേതൃത്വങ്ങളെ ബാധിച്ചിരിക്കുന്ന മാനസിക രോഗം. ഈ രോഗത്തിനാണ് ചികിത്സ വേണ്ടത്. അത് അഫ്സ്പ ഏർപ്പെടുത്തി പട്ടാളത്തെ ഇറക്കിയതുകൊണ്ട് പരിഹൃതമാകില്ല. മാത്രമല്ല, പരിഹാരത്തിനായി പട്ടാളത്തെ ക്ഷണിച്ചു വരുത്തുന്ന മഹാപരാധവുമായിരിക്കും അത്. പോലീസിനെ കുറിച്ച് കേരളത്തിൽ വ്യാപകമായ ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഒട്ടൊക്കെ ശരിയുമാണ്. എന്നിരുന്നാലും മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി തട്ടിച്ചു നോക്കുമ്പോഴാണ് കേരളാ പോലീസിന്റെ പരിഷ്കൃത മുഖം അറിയാൻ കഴിയുക. ആ സാഹചര്യം നിലനിൽക്കുന്ന കേരളാന്തരീക്ഷത്തിൽ, അത് കണ്ണൂരിലായാലും, പട്ടാളമെത്തിയാൽ അത് വരുത്തിവയ്ക്കാൻ സാധ്യതയുള്ള വിന വർണ്ണനാതീതമായിരിക്കും.
രാഷ്ട്രീയമായിപ്പോലും ഇങ്ങനെയൊരന്തരീക്ഷം വരുന്നത് ബി.ജെ.പിക്ക് ദോഷമായേ സംഭവിക്കുകയുള്ളു. സർവ്വകക്ഷിയോഗത്തെ തുടർന്ന് സമാധാനം നിലനിർത്താൻ തീരുമാനമായ പശ്ചാത്തലത്തിൽ കൊലപാതകങ്ങളും അത്തരം സംഭവങ്ങളും ഉണ്ടാകാതെ സൂക്ഷിക്കേണ്ടിയിരുന്നതിൽ കൂടുതൽ ഉത്തരവാദിത്വം ഭരണകക്ഷിയായ സി.പി.ഐ.എമ്മിനായിരുന്നു. എന്നാൽ അതിനവർക്കു കഴിഞ്ഞില്ല. കൊലപാതകത്തിന് ഉത്തരവാദികളായവരെ ശക്തമായ രീതിയിൽ മുഖ്യമന്ത്രി അപലപിക്കേണ്ടതായിരുന്നു. എന്നാൽ ഈ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായി കാണണമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അനുചിതമായി. മറുഭാഗത്തിന് ആരോപണമുന്നയിക്കാൻ അവസരം നൽകുന്നതിനേ അതു സഹായിച്ചുള്ളൂ.
ഇത് രാഷ്ട്രീയ മാനസിക രോഗമായതിനാൽ കുറ്റവാളികളെ അറസ്റ്റു ചെയ്തതു കൊണ്ടും രോഗശമനമുണ്ടാകില്ല. സർവ്വകക്ഷിയോഗം കൊണ്ടും കണ്ണൂരിൽ സമാധാനം കൊണ്ടുവരാൻ പ്രയാസമാണ്. കാരണം അത്രയ്ക്കാണ് ഈ രോഗം സൃഷ്ടിച്ചിരിക്കുന്ന ചോരയ്ക്ക് വേണ്ടിയുള്ള ദാഹം. അബോധാവസ്ഥയിൽ നിന്ന് ബോധാവസ്ഥയിലേക്ക് കൊണ്ടുവന്ന് പരസ്പരം കണ്ടാൽ മനുഷ്യരാണെന്ന് തിരിച്ചറിയാനുതകുന്ന വിധമുള്ള സന്തോഷം ജനിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിലൂടെയൊക്കെ ശ്രമങ്ങൾ നടത്തി നോക്കാവുന്നതാണ്. എന്നിരുന്നാലും മൂർച്ഛിച്ച രോഗാവസ്ഥയിലുള്ള നേതാക്കൾ അപ്പോഴും പ്രശ്നമായേക്കാം. എങ്കിലും രോഗാവസ്ഥയിൽ ഗണ്യമായ കുറവുണ്ടാകാനിടയുണ്ട്. ചർച്ചകൾ മുഴുവൻ ഇപ്പോഴത്തെ നിലയിൽ നടക്കുന്നത് അബോധാവസ്ഥയിലായതാണ് അവ പ്രയോജനം കാണാത്തത്. അല്ലെങ്കിൽ പൊതുസമ്മതിയും സ്വീകാര്യതയുള്ള വെറും സാന്നിദ്ധ്യം തന്നെ സമാധാനം പ്രദാനം ചെയ്യുന്ന വ്യക്തികളുടെ നേതൃത്വത്തിലുള്ള ചർച്ചകളിലൂടെയും ചിലപ്പോൾ പരിഹാരം കാണാൻ കഴിഞ്ഞെന്നിരിക്കും.