ഫ്രാന്‍സിലെ മാറ്റമെന്ന പ്രതീതിയും തുടര്‍ച്ചയെന്ന യാഥാര്‍ഥ്യവും

കിരണ്‍ പോള്‍
Thu, 11-05-2017 03:59:17 PM ;

 

മാറ്റം ഇന്ന്‍ ലോക രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ ഒരു താക്കോല്‍വാക്യമാണ്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി ആ പദം ലോക രാഷ്ട്രീയത്തില്‍ തരംഗം സൃഷ്ടിക്കാന്‍ തുടങ്ങി. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം യു.എസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ ഒബാമ പടിയിറങ്ങുമ്പോള്‍ ഫ്രാന്‍സില്‍ സമാനമായ രീതിയില്‍ ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയാണ്. ഒരര്‍ത്ഥത്തില്‍ ഒബാമ പ്രതിനിധീകരിച്ച മാറ്റവും തുടര്‍ച്ചയും തന്നെയാണ് മാക്രോണും പ്രതിനിധീകരിക്കുന്നത്.  

 

ഫ്രാന്‍സിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ തറ പറ്റിയതാണ് ആഭ്യന്തരമായി ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. മാറി മാറി അധികാരം കയ്യാളിയിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ പുറത്തായി. ഫ്രാന്‍സിലെ അഞ്ചാം റിപ്പബ്ലിക്കില്‍ ആദ്യമായാണ് ഫ്രഞ്ച് രാഷ്ട്രീയത്തിലെ ഇടതു-വലതുപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാന പാര്‍ലിമെന്ററി പാര്‍ട്ടികളുടെ ഒരു സ്ഥാനാര്‍ഥിയെങ്കിലും രണ്ടാം ഘട്ടത്തില്‍ എത്താതെ പോകുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരെ പൊതുവില്‍ ആഗോളമായും, പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും, ഉയരുന്ന പ്രതിഷേധത്തിന്റെ പ്രതിഫലനമായും ഇതിനെ കാണാം.

 

തീവ്ര ഇടതുപക്ഷവും തീവ്ര വലതുപക്ഷവും ജനപ്രിയമാകുന്ന ആഗോള പ്രവണതയും ഫ്രാന്‍സില്‍ ഒപ്പം പ്രത്യക്ഷമായി. തീവ്ര വലതുപക്ഷ പാര്‍ട്ടി നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി മറീന്‍ ലെ പെന്‍ 21.30 ശതമാനം വോട്ടു നേടി ആദ്യഘട്ടത്തില്‍ രണ്ടാം സ്ഥാനതെത്തി രണ്ടാം ഘട്ടത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയപ്പോള്‍ തീവ്ര ഇടതുപക്ഷ സ്ഥാനാര്‍ഥി ഷോന്‍-ലിക് മെലൊന്‍ഷോന്‍ 19.58 ശതമാനം വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ആശയ സമാനരായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും ബ്രിട്ടനില്‍ ബ്രെക്സിറ്റ് അനുകൂലികളേയും പോലെ വിജയം കാണാന്‍ ലെ പെന്നിന് കഴിഞ്ഞില്ലെങ്കിലും രണ്ടാം ഘട്ടത്തില്‍ നേടിയ 33.90 ശതമാനം വോട്ട് തീവ്ര വലതുപാര്‍ട്ടിയുടെ വര്‍ദ്ധിതമായ സ്വീകര്യത വിളിച്ചറിയിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ നാഷണല്‍ ഫ്രണ്ടിനെതിരെ വോട്ട് ചെയ്യാന്‍ ആഹ്വാനം നല്‍കിയ സാഹചര്യത്തിലാണ് ഇതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സമാനമായ സാഹചര്യത്തില്‍ 2002-ല്‍ മറീനിന്റെ അച്ഛനും പാര്‍ട്ടി സ്ഥാപകനുമായ ഷോന്‍ മരീ ലെ പെന് രണ്ടാം ഘട്ടത്തിലെത്തിയപ്പോള്‍ 17.69 ശതമാനം വോട്ട് മാത്രമാണ് നേടിയത്.

 

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ജെറമി കോര്‍ബിനേയും യു.എസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരമുയര്‍ത്തിയ ബേര്‍ണി സാന്‍ഡേഴ്സിനേയും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഷോന്‍-ലിക് മെലൊന്‍ഷോന്‍റെ മുന്നേറ്റം. യൂറോപ്പില്‍ തന്നെ സ്പെയിന്‍, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍ ശക്തി പ്രാപിച്ച ഇടതുമുന്നേറ്റങ്ങളോട് കണ്ണി ചേര്‍ക്കാന്‍ കഴിയുന്നതാണ് ഇത്. 1990-കളില്‍ തങ്ങളുടെ സാമൂഹ്യ ജനാധിപത്യ അടിത്തറ വിട്ട് നവ ഉദാര നയങ്ങളിലേക്ക് മാറിയ യൂറോപ്പിലെ പരമ്പരാഗത ഇടതുപക്ഷം നേരിടുന്ന വിശ്വാസത്തകര്‍ച്ച അതിന്‍റെ മൂര്‍ദ്ധന്യ അവസ്ഥയില്‍ എത്തുന്നതിന്‍റെ ഉദാഹരണമായി മാറുകയാണ് ഫ്രാന്‍സിലെ സോഷ്യലിസ് പാര്‍ട്ടി. കേവലം 6.36 ശതമാനം വോട്ടാണ് നിലവിലെ ഭരണകക്ഷിയായ അവരുടെ സ്ഥാനാര്‍ഥി ബെനൌ ഹാമന്‍ നേടിയത്.  

 

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിഡന്റ് ഫ്രസോ ഒലാന്ദിന്‍റെ ഉപദേശകനായി പൊതുരംഗത്ത്‌ വരികയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ഈയൊരു കാരണം കൊണ്ടുതന്നെ അമ്പരിപ്പിക്കുന്നതാണ്. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒബാമയുടേത് പോലെ. 39-കാരനായ മാക്രോണ്‍ ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റും നെപ്പോളിയന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയുമാണ്‌. എന്നാല്‍, 2014 മുതല്‍ 2016 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍ക്കാറില്‍ സാമ്പത്തിക കാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മാക്രോണിന്‍റെ വാണിജ്യസൗഹൃദ, സാമ്പത്തിക അച്ചടക്ക നയങ്ങള്‍ ഒലാന്ദിന്‍റെ ജനപ്രീതി ഇടിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവയാണ്. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന്‍ വിട്ടു സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുക വഴി ഈ ജനരോഷത്തില്‍ നിന്ന്‍ തന്ത്രപരമായി രക്ഷപ്പെടാന്‍ മാക്രോണിന് സാധിച്ചു. എന്നാല്‍, സര്‍ക്കാര്‍ ചിലവും കോര്‍പ്പറേറ്റ് നികുതിയും കുറക്കാനുള്ള മാക്രോണിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം ഫ്രഞ്ച് ജനത സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.  

 

ഒരര്‍ത്ഥത്തില്‍ വ്യവസ്ഥാപിത പാര്‍ട്ടികളോട് ഉള്ളടക്കത്തില്‍ യോജിക്കുകയും രൂപത്തില്‍ മാത്രം കലഹിക്കുകയുമാണ് മാക്രോണ്‍ ചെയ്യുന്നത്. വ്യവസ്ഥയോട് അത്രമേല്‍ ബന്ധിതമായത് കൊണ്ടുതന്നെ ജനാഭിലാഷങ്ങളെ ഉള്‍ക്കൊള്ളാനുള്ള മുഖ്യധാരാ പാര്‍ട്ടികളുടെ പരിമിതികളെയാണ് മാക്രോണിന്‍റെയടക്കമുള്ള പുതിയ സാമൂഹ്യ-രാഷ്ട്രീയ മുന്നേറ്റങ്ങള്‍ പുതുരൂപങ്ങളിലൂടെ ലോകമെങ്ങും അഭിസംബോധന ചെയ്യുന്നത്. എന്നാല്‍, മുഖ്യധാരാ പാര്‍ട്ടികളെ ജനങ്ങളില്‍ നിന്ന്‍ അകറ്റുന്ന നയങ്ങളില്‍, മേല്‍ സൂചിപ്പിച്ചത് പോലെ, മാക്രോണിന് കാര്യമായ അഭിപ്രായ വ്യത്യാസങ്ങളില്ല. ലോകത്തെ ഏറ്റവും സമ്പന്ന ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നും യൂറോപ്പിലെ സ്വാധീനശക്തികളില്‍ ഒന്നുമായ റോത്സ്ചൈല്‍ഡ് ഗ്രൂപ്പില്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കര്‍ ആയിരുന്ന മാക്രോണ്‍ പടിഞ്ഞാറിന്റെ രാഷ്ട്രീയ-സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന ഡീപ് സ്റ്റേറ്റിന്, അഥവാ വ്യവസ്ഥയുടെ നിയാമക ശക്തികള്‍ക്ക്, അഭിമതനുമാണ്. ഒബാമയെപ്പോലെ.

 

ഗ്രീസിലെ സിറിസ സര്‍ക്കാറിലൂടെയും യു.എസില്‍ ട്രംപിലൂടെയും ഇടതും വലതും നിന്നും ഉയര്‍ന്ന ചെറിയ വെല്ലുവിളികളെ പോലും കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞ വ്യവസ്ഥയുടെ ശക്തികള്‍ക്ക് മറീന്‍ ലെ പെന്നിന്റെ വിജയം അത്ര ഭീഷണി ഉയര്‍ത്തേണ്ടതല്ല. എന്നാല്‍, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ഹിതപരിശോധനാ ഫലവും ഫ്രാന്‍സും ഇതേ മാര്‍ഗ്ഗം സ്വീകരിക്കണമെന്ന ലെ പെന്നിന്റെ നിലപാടും മാക്രോണിന് പിന്നില്‍ വ്യവസ്ഥയുടെ ശക്തികളെ അണിനിരത്തിയിരുന്നു. വ്യവസ്ഥാപിത രീതികളെ എതിര്‍ക്കുന്ന ഒരു സ്ഥാനാര്‍ഥിയെ വ്യവസ്ഥ തന്നെ പിന്തുണയ്ക്കുന്ന വിരോധാഭാസം പക്ഷെ, നാഷണല്‍ ഫ്രണ്ടിന്റെ കുടിയേറ്റ വിരുദ്ധ, തീവ്ര ദേശീയ നിലപാടിനോടുള്ള എതിര്‍പ്പില്‍ ദൃശ്യമായില്ലെന്നതും മാക്രോണിന് സഹായകമായി.

 

മാറ്റത്തിന് വേണ്ടിയുള്ള ത്വരയിലൂടെ പ്രകടിതമാകുന്ന വ്യവസ്ഥാ വിരുദ്ധ ജനാഭിലാഷത്തെ ഉള്ളില്‍ നിന്ന്‍ തന്നെ അട്ടിമറിക്കാന്‍ വ്യവസ്ഥയ്ക്ക് കഴിയുന്നു എന്നതാണ് ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം. എന്നാല്‍, ഈ വ്യവസ്ഥാ വിരുദ്ധ ജനവികാരത്തിനു തിരി കൊളുത്തുന്ന സാമ്പത്തിക അസമത്വം ഇപ്പോഴും ലോകമെങ്ങും വര്‍ധിച്ചുവരികയാണ്. മാറ്റത്തിന്റെ പ്രതീക്ഷകള്‍ നല്‍കുന്ന തെരഞ്ഞെടുപ്പുകള്‍ പിന്നീട് നിരാശകളിലേക്ക് ജനത്തെ നയിക്കുമ്പോള്‍ ജനായത്തത്തിന്റെ സാധുത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Tags: