മണി എന്തുകൊണ്ട് മന്ത്രിയായി?

Mon, 24-04-2017 01:07:08 PM ;

mm mani

 

സി.പി.ഐ.എം തന്നെയാണ് പൊമ്പിളെ ഒരുമയേയും ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനേയും മന്ത്രി എം.എം. മണിയിലൂടെ അധിക്ഷേപിച്ചിരിക്കുന്നത്. ഒരു പ്രസ്ഥാനം എടുത്ത തീരുമാനമാണ് മണി  മന്ത്രിയാകാൻ കാരണം. തീരുമാനം എടുക്കുന്നതാണ് വ്യക്തിയുടെയായാലും പ്രസ്ഥാനത്തിന്റെയായാലും സ്വഭാവവും യോഗ്യതയും നിർണ്ണയിക്കുന്നത്. മണി നിരപരാധിയാണ്. ഒരു വ്യക്തിക്ക് സംസ്‌കാരമില്ലാതായി ജീവിക്കുന്നതിന് പല കാരണങ്ങളുണ്ടാകും. അതു പ്രകൃതിനിയമമാണ്. വൃത്തിയും വൃത്തികേടും പോലെ. വൃത്തിക്ക് മാത്രമായി നിലനിൽപ്പില്ല. വൃത്തികേട് അഴുകൽ പ്രക്രിയയാണ്. അഴുകിയില്ലെങ്കിൽ അത് അസന്തുലിതാവസ്ഥയുണ്ടാക്കും. മനുഷ്യശരീരത്തിലും അനുനിമിഷം ഈ പ്രക്രിയ നടക്കുന്നതിനാലാണ് മനുഷ്യശരീരം സന്തുലിതാവസ്ഥയിൽ നിൽക്കുന്നത്. അഴുകൽ എന്നാൽ മരണത്തിന്റെ തുടർച്ചയാണ്. മനുഷ്യശരീരത്തിൽ ഏതെങ്കിലുമൊരു കോശം അതിനു വിധേയമാകാതെ അനശ്വരത്വം നേടാമെന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ ഉണ്ടാവുന്ന പ്രതിഭാസമാണ് അർബുദം അഥവാ ക്യാൻസർ.

 

സാമൂഹികമായി ശരിതെറ്റുകളുടെ നിഗമനത്തിൽ മാറ്റം വന്നുകൊണ്ടിരിക്കും. അതങ്ങനെ വേണം താനും. അതുപോലും നിശ്ചയിക്കപ്പെടുന്നത് വൃത്തിയും വൃത്തികേടും തമ്മിൽ തിരിച്ചറിയാനുള്ള വിവേചനബുദ്ധിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുനനതിന്റെ ഭാഗമായാണ്. ജനായത്ത സംവിധാനത്തിൽ വിദ്യാഭ്യാസമൊന്നും മാനദണ്ഡമാകണമെന്ന് നിർബന്ധമില്ല. ജീവിതമെന്ന പള്ളിക്കൂടത്തിന്റെ നടുവിൽ നിന്നു ലഭ്യമാകുന്ന അദ്ധ്യയനം എത്ര ഉന്നതമായ പരീക്ഷ പാസ്സായാലും കിട്ടുകയുമില്ല. വിദ്യാഭ്യാസമില്ലാത്ത, ഗ്രാമത്തിൽ നിന്നു വന്ന നേതാവായ മണിയെ മന്ത്രിയാക്കിയപ്പോൾ അതിനെ ജനായത്തത്തിന്റെ വിജയമായി കരുതപ്പെട്ടിരുന്നു. കൊലപാതകങ്ങൾ ആസൂത്രിതമായി നടത്തിയെന്നവകാശപ്പെടുന്ന പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസ് നിലനിൽക്കുമ്പോഴാണ് മണി മന്ത്രിയാകുന്നത്. അത് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹർജിയും കോടതിയുടെ മുന്നിലുണ്ടായിരുന്നു. അപ്പോഴും താൻ കടന്നു വന്ന ജീവിതത്തിന്റെ പശ്ചാത്തലങ്ങൾ രൂപപ്പെടുത്തിയതിന്റെ പേരിൽ നാഗരികതയ്ക്ക് മനസ്സിലാകാത്തതായിരിക്കാം അദ്ദേഹത്തിന്റെ രീതികൾ എന്നൊരു കിഴിവിന്റെ ആനുകൂല്യം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല് കോടതി മണിക്കെതിരെ കേസ്സ് തുടരേണ്ടതാണ് എന്ന് വിധി പ്രഖ്യാപിച്ചത് മണിയ്ക്കുണ്ടായിരുന്ന ആനുകൂല്യത്തിനേറ്റ തിരിച്ചടിയായിരുന്നു.

 

മൂന്നാർ കയ്യേറ്റത്തിനെതിരെയുള്ള ദേവികുളം സബ്കളക്ടറുടെ നടപടികളുണ്ടായപ്പോൾ മണിയുടെ യഥാർഥ രൂപം വെളിച്ചത്തു വരികയായിരുന്നു. കഴിഞ്ഞ മന്ത്രിസഭാകാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നതിൽ മുഖ്യമന്ത്രി  ബോധപൂർവ്വം ശ്രദ്ധ കാട്ടിയില്ലെന്ന് ഏറ്റവും കൂടുതൽ ആരോപണം ഉന്നയിച്ചത് സി.പി.ഐ.എമ്മാണ്. ആ നിലയ്ക്ക് സംസ്ഥാനത്തിന് ഒരു മന്ത്രിയെ നിശ്ചയിക്കുമ്പോൾ എന്തുമാത്രം ശ്രദ്ധ, സി.പി.ഐ.എമ്മിന്റെ ഭാഷയിൽ പറഞ്ഞാൽ ജാഗ്രതയാണ് പുലർത്തേണ്ടത്. മണിയെ മറ്റാരേക്കാളും കൂടുതൽ അറിയാവുന്നത് സി.പി.ഐ.എം നേതൃത്വത്തിനാണ്. അപ്പോൾ ആ തീരുമാനമെടുത്തത് സി.പി.ഐ.എം ബോധപൂർവ്വം തന്നെ. അപ്പോൾ മണിയെ മന്ത്രിയാക്കിയതിന്റെ പിന്നിൽ മറ്റ് പരിഗണനകളാണെന്ന് പ്രതിപക്ഷവും മറ്റുള്ളവരും ആരോപിക്കുമ്പോൾ അതിനെ തളളിക്കളയാൻ പറ്റാതെ വരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏതു മേൻമ കൊണ്ടാണ് മന്ത്രിയാക്കിയതെന്ന് വിശദീകരിക്കാനും സി.പി.ഐ.എമ്മിനു ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്.

 

ഈ സാഹചര്യത്തിൽ മണിയെ ക്രൂശിക്കുന്നതിൽ കാര്യമില്ല. അതു പ്രതിപക്ഷമായാലും പൊമ്പിളെ ഒരുമക്കാരായാലും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മണി ജൈവശാസ്ത്രപരമായി നടത്തിയ പ്രസ്താവന വന്നപ്പോൾ മുഖ്യധാരയിൽ അതിലെ വൃത്തികേട് വേണ്ടവിധം ചൂണ്ടിക്കാണിക്കപ്പെട്ടില്ല. അദ്ദേഹത്തിന് അഞ്ച് പെൺമക്കളാണ് ഉള്ളതെന്ന് അദ്ദേഹം തന്നെ ഇപ്പോൾ ഉദ്ധരിക്കുന്നു. തന്റെ പെൺമക്കൾ മോദിയെക്കുറിച്ച് നടത്തിയ ആ പരാമർശവും അതുനടത്തിയപ്പോഴുളള ശരീരഭാഷയും കാണുകയും കേൾക്കുകയും ചെയ്യുമെന്ന് അറിയാനുള്ള വൈകാരികസംവേദനത്വമോ സവിശേഷതയോ ഇല്ലാത്ത വ്യക്തിയാണ് മണി. അത് ആ മനുഷ്യൻ നിൽക്കുന്ന അവസ്ഥയാണ്. മഹാഗർത്തത്തിൽ നിൽക്കുകയും അവിടമാണ് ഗിരിശൃംഗമെന്ന് കരുതുകയും ചെയ്യുന്ന നിസ്സഹായനായ മനുഷ്യൻ. അദ്ദേഹത്തിന് താൻ ഗിരിശൃംഗത്തിലാണ് നിൽക്കുന്നതെന്ന് കരുതാനുള്ള അവകാശവും ന്യായവുമുണ്ട്. എന്നാൽ അദ്ദേഹം നിൽക്കുന്നത് ഗർത്തത്തിലാണോ ഗിരിശൃംഗത്തിലാണോ എന്നറിയാന്‍ സി.പി.ഐ.എം നേതൃത്വത്തിന് കഴിയാതെ വരുന്നു എന്നുണ്ടെങ്കിൽ ഈ സർക്കാരിനും അതിന് നേതൃത്വം നൽകുന്ന പാർട്ടിക്കും ഏതു കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കഴിയുമെന്ന പ്രസക്തചോദ്യം ഉയരുന്നു. ഈ തീരുമാനമെടുക്കലാണ് ഒരു സർക്കാരിനെ സംബന്ധിച്ച് മർമ്മപ്രധാനമായ കാര്യം. നടപ്പിലാക്കൽ രണ്ടാമതേ വരുന്നുള്ളൂ.

 

ജനായത്ത കേരളം ഇപ്പോൾ ഉച്ചത്തിൽ ചിന്തിക്കുന്നതും മണിയെ മന്ത്രിയാക്കാൻ തീരുമാനിച്ച പാർട്ടിക്കും സർക്കാരിനും ഏതു കാര്യത്തിൽ യുക്തമായ തീരുമാനമെടുക്കാൻ കഴിയും എന്ന്‍ തന്നെയാണ്. അതു തന്നെയാണ് ടി.പി സെൻകുമാറിനെ വീണ്ടും ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീം കോടതി വിധിയും സൂചിപ്പിക്കുന്നത്.

 

വേറിട്ടൊരു ചോദ്യം- മണി ആവർത്തിച്ചാണയിടുന്നു, താൻ ഒരുതുണ്ടു ഭൂമിപോലും കയ്യേറിയിട്ടില്ലെന്ന്. അതേസമയം അദ്ദേഹം കയ്യേറ്റം നടത്തിയവരെ ഒഴിപ്പിക്കുന്നതിനെതിരെ ജീവന്മരണപ്പോരാട്ടത്തിൽ ഏർപ്പെടുന്നു. അപ്പോൾ ആർക്കുവേണ്ടിയാണ് അദ്ദേഹം പോരാടുന്നത്. മണി എന്തുകൊണ്ട് മന്ത്രിയായി എന്നുള്ള ചോദ്യം തന്നെ ആ ചോദ്യത്തിനുള്ള ഉത്തരമായി മാറുന്നില്ലേ?