ഭരണനിയന്ത്രണം നഷ്ടപ്പെട്ട് നില തെറ്റുന്ന മുഖ്യമന്ത്രി

Glint Staff
Fri, 21-04-2017 11:51:37 AM ;

munnar illegal cross renoved

 

ഇടതുപക്ഷമുന്നണി സർക്കാരിന്റെ മേലുളള അവശേഷിക്കുന്ന നിയന്ത്രണവും മുഖ്യമന്ത്രി പിണറായി വിജയൻ കളഞ്ഞുകുളിക്കുന്നു. ഒരു സംസ്ഥാനത്തിലെ എല്ലാ വ്യക്തികളും വൈകാരികമായി ക്ഷോഭിച്ചാലും സമചിത്തതയിൽ ഭീതിയോ പ്രീതിയോ കൂടാതെ തീരുമാനമെടുക്കേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. മൂന്നാറിൽ കയ്യേറിയ സ്ഥലത്ത് സ്ഥാപിച്ച ഭീമൻ കുരിശ് നിയമവിധേയമായി സർക്കാർ തന്നെ പൊളിച്ചു മാറ്റി. അപ്പോൾ മുഖ്യമന്ത്രി പരസ്യമായി കോട്ടയത്ത് പൊതുവേദിയിലൂടെ ചോദിക്കുന്നു, ഇവിടെ ഒരു സർക്കാരില്ലേ, ആ സർക്കാരുമായി കൂടിയാലോചിക്കേണ്ടിയിരുന്നില്ലേ എന്ന്. പോരാത്തതിന് ആഭ്യന്തര മന്ത്രി കൂടിയായ അദ്ദേഹം മറ്റൊരു ചോദ്യം കൂടി ചോദിക്കുന്നു, അവിടെ എന്തിനാണ് പോലീസ് വകുപ്പ് പ്രകാരം 144 പ്രഖ്യാപിച്ചതെന്ന്. റവന്യൂ വകുപ്പിനെ മുഖ്യമന്ത്രിക്ക് സർക്കാരിന്റെ ഭാഗമായി കരുതാൻ കഴിയാതെ പോയതുകൊണ്ടാണ് ആ ചോദ്യം വന്നു പോയത്. 

 

ഈ വൈകാരികതയും ഈ ചോദ്യങ്ങളും ഒരിക്കലും ഒരു ഭരണാധിപനിൽ നിന്നും ഉണ്ടാകാൻ പാടുള്ളതല്ല. അഥവാ തന്റെ അറിവോടെയല്ലെങ്കിലും സർക്കാർ നടപടിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു വേണ്ടത്. മുഖ്യമന്ത്രിയുടെ ടീമാണ് കേരളത്തിൽ ഭരണം നടത്തുന്നത്. താഴേക്കിടയിലെ ഏറ്റവും താഴ്ന്ന ജീവനക്കാരിയിലും ജീവനക്കാരനിലും വരെ ആ നേതൃത്വം എത്തുകയും അറിയുകയും വേണം. അപ്പോഴാണ് ഒരു ടീം ലീഡർ ആകുന്നത്. സംഘാംഗങ്ങളിൽ തെറ്റുചെയ്യുന്നവരുണ്ടെങ്കിൽ തിരുത്താനും ശിക്ഷണനടപടി സ്വീകരിച്ച് സംവിധാനത്തെ മുന്നോട്ടു കൊണ്ടുപോകാനും അപ്പോൾ മാത്രമേ ഭരണാധിപനു കഴിയുകയുളളു.  മന്ത്രിസഭയിലെ ഒരംഗത്തിൽ വിശ്വാസം നഷ്ടപ്പെട്ടാൽ അവിടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുകയാണ്. അത് ഭരണഘടന അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ കോട്ടയം പ്രസംഗം അതുകൊണ്ട് ഒരേസമയം ഭരണഘടനാ ലംഘനത്തേയും തന്റെ സംഘത്തിന്റെ മേൽ നിയന്ത്രണമില്ലെന്നുള്ള പ്രഖ്യാപനത്തേയുമാണ് സംശയലേശമന്യേ തുറന്നു കാണിക്കുന്നത്.

pinarayi vijayan

 

ഐ.എഎസുകാരെ ഒന്നടങ്കം വെറുപ്പിച്ചതിനാൽ ഇപ്പോൾ തന്നെ മുഖ്യമന്ത്രിക്ക് ഭരണയന്ത്രത്തിന്റെ മേലുള്ള നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. കോട്ടയം പ്രസംഗത്തോടു കൂടി അത് പൂർണ്ണമായി എന്നു മാത്രമല്ല, മുഖ്യമന്ത്രിയെ ധിക്കരിച്ചും ഉദ്യോഗസ്ഥർക്ക് മുന്നോട്ടു പോകാമെന്ന അരാജകാവസ്ഥയ്ക്ക് തുടക്കമാവുകയും ചെയ്തു. ഇടുക്കി ജില്ലയിലെ യാഥാർഥ്യം ഏറ്റവും കൂടുതൽ വ്യക്തമായി അറിയാവുന്നത് അവിടുത്തെ ഭരണാധികാരികൾക്കാണ്. അതായത് സി.പി.ഐ.എമ്മിന് അവിടുത്തെ കയ്യേറ്റ വിഷയത്തിലുള്ള താൽപ്പര്യം. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ നിലപാടിനെകുറിച്ചും അവിടുത്തെ ജില്ലാ ഭരണാധികാരികൾക്ക് സാമാന്യബുദ്ധി ഉപയോഗിച്ചാൽ അറിയാവുന്നതേ ഉള്ളൂ. അത് അറിഞ്ഞുകൊണ്ടു തന്നെയാവണം റവന്യൂ മന്ത്രിയുടെയും അവരുടെ പ്രാദേശിക പാർട്ടി നേതാക്കളുടേയും ബലത്തിൽ ഉദ്യോഗസ്ഥർ മൂന്നാറിലെ പാപ്പാത്തിച്ചോലയിലെ ഭീമൻ കുരിശ് പൊളിക്കാൻ മുന്നിട്ടിറങ്ങിയത്. എന്നുവെച്ചാൽ മുഖ്യമന്ത്രിയെ പ്രയോഗത്തിൽ ധിക്കരിച്ചുകൊണ്ടുതന്നെ.  പ്രാദേശിക സി.പി.ഐ നേതാക്കള്‍ അതിനാൽ ധാർഷ്ട്യത്തോടെയാണ് ചാനലുകളിൽ കളക്ടറും സബ്കളക്ടറും അവിടെത്തന്നെ തുടരുമെന്ന് പറഞ്ഞത്. ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടാണ് റവന്യൂ മന്ത്രി കുരിശുപൊളിച്ച ജില്ലാ ഭരണാധികാരികളെ അനുമോദിച്ചതും.

 

നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കുറിലോസ് പറഞ്ഞിരിക്കുന്നു, ഈ കുരിശു പൊളിച്ചു നീക്കിയതിലൂടെ സംഭവിച്ചത് കുരിശിന്റെ ഉയർത്തെഴുന്നേൽപ്പാണെന്നാണ്. കയ്യേറ്റത്തിനും കുടിയേറ്റത്തിനും അധിനിവേശത്തിനും കുരിശിനെ ഉപയോഗിക്കുന്നതാണ് കുരിശിനെയും യേശുവിനെയും അധിക്ഷേപിക്കുന്നതെന്ന്. എന്നാൽ രാവിലെ പൊളിച്ച കുരിശിൽ യേശുവിനെയും ക്രിസ്ത്യാനികളുടെ വിശ്വാസത്തേയും ആദ്യമായി പരസ്യമായി കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അത് തുടക്കം മുതൽ അവിടുത്തെ പ്രാദേശിക നേതാക്കളും മന്ത്രി മണിയുമൊക്കെ തുടർന്നുവരുന്ന നിലപാടിനെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നതുമായി. ഭീമൻ കുരിശ് പൊളിച്ചുനീക്കപ്പെട്ട സ്ഥലത്ത് നടത്തിയിരിക്കുന്ന നിർമ്മാണപ്രവർത്തനങ്ങളും അവിടെ നിർമ്മാണത്തിനായി അടുക്കിവച്ചിരുന്ന ഉരുപ്പടികളും ഭൂസംരക്ഷണസേന പൊളിക്കുന്നത് ചാനലുകളിൽ കണ്ടു. ലക്ഷക്കണക്കിനു രൂപ വിലവരുന്ന വസ്തുക്കളാണ് അവ. അതിൽ നിന്നു തന്നെ അറിയാം പ്രബല ശക്തികളാണ് അവിടെ കയ്യേറ്റത്തിന്റെ പിന്നിലുള്ളതെന്ന്. കൊള്ളയ്ക്കുള്ള മറയായി മാത്രമാണ് അവിടെ കുരിശ്ശിനെ ഉപയോഗിച്ചിരിക്കുന്നത്.

 

ഇപ്പോൾ മൂന്നാറിലേക്കു നോക്കുമ്പോൾ ചില തുണ്ടുകഷണങ്ങൾ ചേർന്നുവരുന്നില്ലേ എന്നു തോന്നുന്നു. വി.എസ് അച്യുതാനന്ദൻ തുടങ്ങിയ മൂന്നാർ ഒഴിപ്പിക്കൽ പാളിയത്, ലക്കും ലഗാനുമില്ലാതെ സംസാരിക്കുന്ന മണി ഏറ്റവും പ്രധാനപ്പെട്ട വകുപ്പിന്റെ മന്ത്രിയായത്, മൂന്നാറിൽ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ സമരം നടന്നത്, ഏറ്റവുമൊടുവിൽ ചരിത്ര(കു)പ്രസിദ്ധമാകാൻ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ 2017 ഏപ്രിൽ 20ലെ കോട്ടയം പ്രസംഗം.

Tags: