ജേക്കബ് തോമസ്സിലൂടെ സംഭവിച്ചത് അഴിമതിയേക്കാള്‍ വലിയ ദുരന്തം

Glint staff
Fri, 31-03-2017 10:01:32 PM ;

Jecob thomas

 

ജേക്കബ് തോമസ്സിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ഉചിതമായി. ഇതുവരെ ഈ സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നു തന്നെ പറയേണ്ടി വരും. പത്തുമാസം ഒരു സര്‍ക്കാരിനെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്. അതാണ് ഒരുദ്യോഗസ്ഥന്റെ പേരില്‍ നഷ്ടമായത്. അതിന് ജേക്കബ് തോമസ്സിനെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. ആരെ എവിടെ നിയമിക്കണമെന്ന് നിശ്ചയിക്കേണ്ടത് സര്‍ക്കാരാണ്.അഴിമതി ഇല്ലാതാക്കാനായി നിയോഗിക്കപ്പെട്ട ജേക്കബ് തോമസ്സിന്റെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം പല വിധത്തിലാണ് സംസ്ഥാനത്തിന് ദോഷമായി മാറിയത്.അഴിമതിമൂലമുണ്ടാകുന്ന ദോഷങ്ങളേക്കളധികം.

1.    മുഖ്യമന്ത്രിയുടെ ഏറ്റവും സുപ്രധാനമായ തീരുമാനം ദുരന്തമായി മാറി. മുഖ്യമന്ത്രിയുടെ തീരുമാനങ്ങളുടെ വിശ്വാസ്യതയ്‌ക്കേറ്റ ഏറ്റവും വലിയ ച്യുതി.

2.    ഭരണകൂടം സ്തംഭനാവസ്ഥയിലെത്തി.

3.    താനൊഴികെ മറ്റുളള ഉന്നത ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്ന സമീപനം പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് ജേക്കബ് തോമസ്സിന്റെ നടപടികള്‍ കാരണമായി. അത് ഒരു പരിധിവരെ വിജിലന്‍സിനെ പരിഹാസം ഏറ്റുവാങ്ങുന്ന വകുപ്പായി മാറ്റി.

4.    ജേക്കബ് തോമസ്സിനെതിരെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയതിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

5.    ഐ എ എസ് ഉദ്യോഗസ്ഥര്‍ പറയുന്നതാണോ ശരി, ജേക്കബ് തോമസ് പറയുന്നതാണോ ശരി എന്നുള്ളത് കേരളത്തിന്റെ മുന്നില്‍ ഇപ്പോഴും ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു.രണ്ടും തെറ്റോ? രണ്ടും ശരിയോ?

6.    യഥാര്‍ഥ ത്തില്‍ അഴിമിതിക്കാരായ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കു പോലും ജേക്കബ് തോമസ്സിന്റെ നടപടികള്‍ അനുകൂല സാഹചര്യമൊരുക്കി.

7.   ഔചിത്യമില്ലാതെ പെരുമാറുന്നതാണ് വിജിലന്‍സ് വകുപ്പ് എന്ന ധാരണ ഹൈക്കോടതിയുടെ വിമര്‍ശനത്തോടെ ജനമധ്യത്തില്‍ ഉറച്ചു.

8.   വ്യക്തിപരമായ വിദ്വേഷങ്ങള്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിഴലിച്ചു.

9.   ഡി ജി പിയായ ജേക്കബ് തോമസ്സ് തന്റെ സ്ഥാനത്തിന്റെ ഔചിത്യം സംരക്ഷിക്കുന്നതിനു പകരം വിസില്‍ബ്ലോവര്‍ എന്ന നിലയിലേക്കു മാത്രം ഒതുങ്ങി.

10  സത്യസന്ധരെന്ന് കരുതപ്പെട്ടിരുന്ന ഐ എ എസ് ഉദ്യോഗസ്ഥര്‍ പലരും സംശയത്തിന്റെ നിഴലിലാകുന്നതില്‍ ജേക്കബ തോമസ്സിന്റെ നടപടികള്‍ കലാശിച്ചു.ആ സംശയത്തില്‍ നിന്ന് അവര്‍ ഇപ്പോഴും നടപടിക്രമപ്രകാരം മുക്തരല്ലാതെ തുടരുന്നു.

11  ഇനി വിജിലന്‍സ് ഡയറക്ടറുടെ തസ്തികയിലേക്കു വരുന്ന ഉദ്യോഗസ്ഥന് വിജിലന്‍സ് വകുപ്പിന്റെ വിശ്വാസ്യത വീണ്ടെടുക്കുക ശ്രമകരമായ അഭ്യാസമായിരിക്കും.

12. ആകസ്മികമായി മാത്രമേ അഴിമതിക്കാര്‍ പിടിക്കപ്പെടുകയുളളു എന്ന ധാരണ അഴിമതിയിലേര്‍പ്പെടുന്നവര്‍ക്ക് സഹായകമായിട്ടുണ്ട്

ഇങ്ങനെ നോക്കുമ്പോള്‍ സംസ്ഥാനത്തിന് ജേക്കബ് തോമസ് വരുത്തിവച്ച അപകടങ്ങള്‍ വളരെ വലുതാണ്. ഇനിയപ്പോള്‍ സര്‍ക്കാരിന് അഴിമതി ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകണമെങ്കില്‍ ജേക്കബ് തോമസ് വരുത്തിവച്ച അന്തരീക്ഷത്തെ മറികടക്കുക എന്ന വലിയ വെല്ലുവിളിയാണ് മുന്നില്‍.

 

Tags: