മന്ത്രി രവീന്ദ്രനാഥിന്റെ ഭരണഘടനാ കമ്മി

Glint Staff
Sat, 28-01-2017 02:01:59 PM ;

c raveendranath

 

ലോ അക്കാദമി സമരം തീർക്കാനുള്ള ശ്രമത്തിന്റെ  ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാർഥി സംഘടനാ നേതാക്കളുമായി  നടത്തിയ ചർച്ച പരാജയപ്പെട്ടു. അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജി വയ്ക്കണം എന്ന ആവശ്യത്തിൽ നിന്ന് വിദ്യാർഥി നേതാക്കൾ പിൻമാറാൻ തയ്യാറാകാതിരുന്നതാണ് ചർച്ച ഫലവത്താകാതിരുന്നത്. വിദ്യാർഥികളുടെ ആവശ്യത്തോട് വിദ്യാഭ്യാസമന്ത്രി പറഞ്ഞ ന്യായീകരണം ഒരു മന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. അതുപോലെ ഒരു പൗരന്റെ ചിന്തയിലും അത്തരം തോന്നലുകൾ ഉണ്ടാകാനും പാടില്ല. അവിടെ ജനായത്തം അപകടകരമായ അവസ്ഥയിലേക്കു നീങ്ങും. സ്വകാര്യ കോളേജിന്റെ പ്രിൻസിപ്പലായതിനാൽ സർക്കാരിന് അവരെ മാറ്റുന്ന കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 

ജനങ്ങൾ നൽകിയ അധികാരമാണ് പ്രൊഫ. രവീന്ദ്രനാഥിനു വിനിയോഗത്തിനായുള്ളത്. ആ അധികാരം ഉപയോഗിച്ച് വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ലക്ഷ്മി നായരെ ഫോണിൽ വിളിച്ച് 'നിങ്ങൾ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു മാറി നിൽക്കണം'  എന്നു പറഞ്ഞാൽ ലക്ഷ്മി നായർ ആ സ്ഥാനത്തു നിന്നു മാറിനിൽക്കുമെന്ന കാര്യത്തിൽ രവീന്ദ്രനാഥിന് എങ്ങനെ സംശയം ഉണ്ടായി എന്നുള്ളത് അത്ഭുതമായിരിക്കുന്നു. അതിനർഥം അദ്ദേഹം അവരെ ആ സ്ഥാനത്തു നിന്നു മാറ്റണമെന്നല്ല. വിഷയം പഠിച്ചിട്ട് ആവശ്യമാണെങ്കിൽ അവ്വിധം ചെയ്യുക. അല്ലെങ്കിൽ അടുത്ത നടപടി. അത്രയേ ഉള്ളു. ഒരു മന്ത്രിയുടെ വാക്കിലും പ്രവൃത്തിയിലും അദ്ദേഹത്തെ നയിക്കേണ്ടത് ഭരണഘടനയായിരിക്കണം. ഭരണഘടന പൗരന് നൽകുന്ന ഉറപ്പുകളുണ്ട്. ആ ഉറപ്പുകൾ പാലിക്കുന്നതിൽ സ്വകാര്യമെന്നോ പൊതുവെന്നോ ഉള്ള തരം തിരിക്കലില്ല. കിടക്കമുറിക്കകത്തു പോലും നീതി നടക്കണമെന്ന കാഴ്പ്പാടിൽ ഗാർഹിക പീഢന നിരോധന നിയമം പാസ്സാക്കിയ രാജ്യമാണിതെന്നും ഓർക്കേണ്ടതാണ്.

 

ഒരു കൊച്ചു തട്ടുകടയാണെങ്കിൽ പോലും ഇപ്പോൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് ആക്ട് പ്രകാരമുള്ള ലൈസൻസ് അല്ലെങ്കിൽ അനുമതി പത്രം സമ്പാദിച്ച് നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള നിബന്ധനകൾ പാലിക്കാതെ  കച്ചവടം നടത്താൻ പാടില്ല. പൗരന്റെ ജീവന് ഉറപ്പു നൽകാനുള്ള ഭരണഘടനയുടെ ഉറപ്പു പാലിക്കുന്നതിനുവേണ്ടിയാണത്. അതുപോലെ ഏതു പെട്ടിക്കടയോ പള്ളിക്കൂടമോ കോളേജോ ആയാലും ഒരു വിദ്യാർഥിക്കോ അല്ലെങ്കിൽ വിദ്യാർഥി സമൂഹത്തിനോ ദോഷകരമായതുണ്ടായാൽ അതു തടയാനുള്ള ഉത്തരവാദിത്വം ഭരണഘടനയോടു കൂറു പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന മന്ത്രിക്കുണ്ട്. അവിടെ ലക്ഷ്മി നായരോട് കൂറു പുലർത്തുന്ന വിധം പെരുമാറുകയാണെങ്കിൽ മന്ത്രിയുടെ അല്ലെങ്കിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഭരണഘടനാ ലംഘനമാണ്. സ്വകാര്യമേഖലയ്ക്ക് ആളുകളെ ചൂഷണം ചെയ്യാൻ കണ്ണുമടച്ച് ലൈസൻസ് നൽകുന്ന വിധമായിപ്പോയി മന്ത്രി രവീന്ദ്രനാഥിന്റെ വിദ്യാർഥികളോടുള്ള മറുപടി.  ഒന്നു കൂടി ആവർത്തിക്കട്ടെ ലക്ഷ്മി നായർ വിദ്യാർഥികൾ ആരോപിക്കുന്നതു പോലെ കുറ്റങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് തീർച്ചപ്പെടുത്തേണ്ടതാണ്. ആരോപിക്കപ്പെടുന്നതുപോലെ കുറ്റങ്ങൾ അവർ ചെയ്തിട്ടുണ്ടെങ്കിൽ അവരെ മാറ്റി നിർത്തി പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേരള സർക്കാരിനുണ്ട്.

 

നിയമം പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥികൾക്ക് പുസ്തകങ്ങളിൽ നിന്നു പഠിക്കുന്ന പാഠങ്ങളേക്കാൾ വലുത് അവരുടെ വ്യക്തിത്വത്തിൽ പഠനവേളയിൽ സ്വാഭാവികമായി രൂപപ്പെടേണ്ട നീതിന്യായ ബോധമാണ്. ജുഡിഷ്യൽ സംവിധാനത്തിലും അഴിമതിക്കാർ ഉണ്ടെന്ന് മുൻ സുപ്രീംകോടതി ജഡ്ജിമാർ തന്നെ പല സന്ദർഭങ്ങളിലും ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. അതിന്റെ പശ്ചാത്തലത്തിൽ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും രീതികളുമെല്ലാം സർക്കാരിന്റെയും സമൂഹത്തിന്റെ മുന്തിയ പരിഗണനയിൽ വരേണ്ടതാണ്. വിജിലൻസിനെക്കൊണ്ടോ അതുപോലുള്ള അന്വേഷണ ഏജൻസികളെക്കൊണ്ടോ അഴിമതി ഇല്ലാതാക്കാൻ പറ്റില്ല. കാര്യക്ഷമമായ പ്രവർത്തന രീതികളിലൂടെ അഴിമതി മാറി നിൽക്കേണ്ട അവസ്ഥയുടെ സൃഷ്ടിയിലൂടെ മാത്രമേ അഴിമതി മാറി നിൽക്കുകയുള്ളു. ആ ദിശയിലേക്കുള്ള ശ്രമത്തിന് ഏറ്റവും ഉചിതമായ ഇടമാണ് നിയമവിദ്യാഭ്യാസ സ്ഥാപനങ്ങൾ. അത്തരം സ്ഥാനങ്ങളുടെ നിലനിൽപ്പു തന്നെ നിയമ വിരുദ്ധവും നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുമാണ് നടത്തപ്പെടുന്നതെങ്കിൽ എന്താവും നീതിന്യായ മേഖലയെക്കുറിച്ചുയർന്നിട്ടുള്ള ആക്ഷേപത്തിന്റെ അവസ്ഥയെന്ന് ആലോചിക്കാതെ തന്നെ അറിയാവുന്നതേ ഉള്ളൂ.

 

ഒരു നദിയിൽ നിന്ന് ഒരു പാത്രം വെള്ളമെടുത്ത് അതിൽ വിഷം ചേർക്കുന്നതും എന്നാൽ അതിന്റെ ഉത്ഭവ സ്ഥാനത്ത് വിഷം ചേർക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നേരിട്ടു ആരുടെയെങ്കിലും കൈയ്യിൽ നിന്ന് കൈക്കൂലി വാങ്ങുന്നതും ആശയപരമായി പ്രതിലോമകരമായ ധാരണകൾ സ്ഥാപിത താൽപ്പര്യക്കാരിലും സമൂഹത്തിലും പരത്തുന്നതും അതുപോലെയാണ്. പ്രൊഫ.രവീന്ദ്രനാഥിന്റെ അഭിപ്രായം ആശയപരമായി സ്വകാര്യമേഖലയ്ക്ക് തോന്നിയതു പോലെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നതു പോലെയായി. ഒരുപക്ഷേ അദ്ദേഹത്തിന് സ്വതന്ത്രമായ ഒരു നിലപാട് ലോ അക്കാദമി സമര വിഷയത്തിൽ എടുക്കാനുള്ള പരിമിതികൾ ഇന്നത്തെ  അവസ്ഥയിൽ ഉണ്ടാകാം. അതു മനസ്സിലാക്കാവുന്നതുമേ ഉള്ളു. കാരണം ലോ അക്കാദമിയുടെ നേർക്ക്  ഒരു നടപടിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാൻ വിഷമമാണ്. രാഷ്ട്രീയ സ്വാധീന രസതന്ത്രം ആ നിലയ്ക്കാണ്. അതിന്റെ പേരിൽ അപകടകരമായ ധാരണ പരത്തുന്ന അഭിപ്രായങ്ങളുടെ പ്രകടനത്തിൽ നിന്ന് വിദ്യാഭ്യാസ മന്ത്രിക്ക് ഒഴിഞ്ഞു നിൽക്കാമായിരുന്നു. മന്ത്രിയെന്ന നിലയിൽ അദ്ദേഹം തന്റെ പരിമിതി വെളിപ്പെടുത്തിയതിനുപരി ഒരു പൗരനെന്ന നിലയിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഭരണഘടനാ ബോധം ഇല്ലെന്നുള്ളതും അതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

Tags: