പോസ്റ്റ്-ട്രൂത്ത് പ്രഹേളികയിൽ അകപ്പെട്ട പിണറായിയും കേരളജനതയും

Glint Staff
Fri, 27-01-2017 10:46:13 AM ;

 

ഭരണയന്ത്രത്തിന്റെ മെയിൻ സ്വിച്ചാണ് ചീഫ് സെക്രട്ടറി. അത് ഓഫായാൽ യന്ത്രം നിലയ്ക്കും. ആ അവസ്ഥയിലാണ് ഇന്ന് കേരള സംസ്ഥാനത്തെ ഭരണയന്ത്രം. വളരെ പ്രതീക്ഷയോടെ തന്നെയാണ് രാഷ്ട്രീയ എതിരാളികൾ പോലും പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനത്തെ നോക്കിയിരുന്നത്. അതിന്റെ കാരണം പിണറായി മുഖ്യമന്ത്രി ആയതു തന്നെ. അദ്ദേഹമിന്നിപ്പോൾ പ്രവർത്തിക്കാത്ത യന്ത്രത്തിന്റെ നിയന്ത്രണ ചുമതയിലയിലാണ് അകപ്പെട്ടിരിക്കുന്നത്.

 

ഈ അവസ്ഥയിൽ അശുഭകരമായത് എന്തോ സംഭവിക്കുന്നുണ്ട്. അത് പിണറായി വിജയനെ മാറ്റിയിട്ട് മറ്റൊരു മുഖ്യമന്ത്രി എന്ന സമവാക്യത്തിലേക്ക് കാര്യങ്ങളെ നയിക്കുന്ന ദിശയിലേക്ക് നീങ്ങുന്നതിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുന്നുണ്ട്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്റെ നേതൃത്വത്തിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ ഭരണയന്ത്രത്തെ നിശ്ചലമാക്കിയിരിക്കുന്നത്. അതാകട്ടെ വിജിലൻസ് മേധാവി ഡോ.ജേക്കബ് തോമസ്സിന്റെ പ്രവർത്തന രീതിയിൽ പ്രതിഷേധിച്ചും. സാധാരണ ജനങ്ങൾക്ക് ജനായത്തത്തിലും നാട്ടിലെ നിയമ വ്യവസ്ഥയിലും വിശ്വാസം നഷ്ടമാകുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിക്കഴിഞ്ഞു. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്നതാണ് നമ്മുടെ ഭരണഘടന നൽകുന്ന ഉറപ്പ്. അതിന്റെ വെളിച്ചത്തിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കാണുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെയും ഭരണത്തലവർക്കെതിരെയും നിയമ നടപടികൾ വിജിലൻസ് സ്വീകരിക്കുന്നു. എന്നാൽ ഭരണയന്ത്രത്തിന്റെ കാതലാളുകളായ ഐ.എ.എസ്സ് ഉദ്യോഗസ്ഥർ പറയുന്നു, വിജിലൻസ് ഡയറക്ടർ വഴിവിട്ടും വ്യക്തി വൈരാഗ്യം തീർക്കുന്ന വിധവുമാണ് പ്രവർത്തിക്കുന്നതെന്ന്. ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രതിചേർക്കപ്പെടുന്ന ആരോപണവിഷയങ്ങൾക്ക് സമാനമായ ആരോപണങ്ങൾ ജേക്കബ് തോമസ്സിനെതിരെയും ഉന്നയിക്കപ്പെടുന്നു. എന്നാൽ അതിൻമേൽ അന്വേഷണം നടക്കുന്നില്ല. അതായത് വിജിലൻസ് ഡയറക്ടർ തന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നു. ഈ സാഹചര്യത്തിൽ ഏതാണ് വസ്തുതയെന്ന് നിശ്ചയിക്കാൻ സാധാരണ ജനങ്ങൾക്കു കഴിയാതെ വരുന്നു. ഈ സാഹചര്യത്തെയാണ് 2016ലെ വാക്കായി ഓക്‌സ്‌ഫോർഡ് ഡിക്ഷണറിയിൽ സ്ഥാനം പിടിച്ച പോസ്റ്റ്-ട്രൂത്ത് സൂചിപ്പിക്കുന്നത്. വസ്തുകൾക്ക് മൂല്യം കൽപ്പിക്കാതെ കൽപ്പിതമായ വൈകാരികതകളാൽ നയിക്കപ്പെടുന്ന കാലമാണ് പോസ്റ്റ് ട്രൂത്ത് കൊണ്ട് വിവക്ഷിക്കുന്നത്.

 

ഒരു സർക്കാരിന്റെ മുഖ്യ അജണ്ട അഴിമതിക്കെതിരെയുള്ള യുദ്ധമാകരുത്. ഭരണമായിരിക്കണം. ആ ഭരണത്തിന്റെ രീതികളിൽ പ്രധാനമായ ഒന്നു മാത്രമേ അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാകാൻ പാടുള്ളു. അത് ഒരു സർക്കാരിനുണ്ടാകേണ്ട ഏറ്റവും വലിയ ദിശാബോധമാണ്. ആ ദിശാബോധം തെറ്റിയാൽ എല്ലാം തകിടം മറിയും. സംശയം വേണ്ട. വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പോലെ. ജേക്കബ് തോമസ്സിന്റെ നടപടികൾ തുടക്കത്തിൽ ജനശ്രദ്ധ നേടിയിരുന്നു. അഴിമതിയില്ലാതെ പുതിയ ഭരണം നടക്കുന്നതിന് അത്തരത്തിലൊരു സന്ദേശം പോകേണ്ടത് ഭരണത്തിന്റെ നിർവ്വഹണത്തിന് ആവശ്യമാണ്. എന്നാൽ തന്റെ പക്കലുള്ള അധികാരത്തെ ഒരു മൗലികവാദ കാഴ്ചപ്പാടോടെ ജേക്കബ് തോമസ്സ് കാണുന്നുവെന്നുള്ളത് അംഗീകരിക്കാതിരിക്കാൻ പറ്റില്ല. മികച്ച ഭരണാധികാരി തന്നെയാണ് പിണറായി വിജയൻ. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനുള്ള അദ്ദേഹത്തിന്റെ ശേഷിയെ ജേക്കബ് തോമസ്സ് ദുരുപയോഗം ചെയ്യുന്നില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

jacob thomas

 

അഴിമതി ഇല്ലാതാക്കുന്നതിനുള്ള നടപടികളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകേണ്ട ഏറ്റവും വലിയ ഊന്നൽ അഴിമതി ഇല്ലാതാകുന്നതിലുള്ള ശ്രദ്ധയായിരിക്കണം. അല്ലാതെ അഴിമതിയിലേർപ്പെട്ടുവെന്ന് സംശയിക്കുന്നവരെ നോവിപ്പിച്ച് ജനങ്ങളുടെ കൈയ്യടി വാങ്ങിക്കുന്നതിനാകരുത്. അത് സുരേഷ് ഗോപി സിനിമകളെ വിജയിപ്പിച്ചിരുന്ന വികാരങ്ങളെ ശമിപ്പിക്കാന്‍ മാത്രമേ ഉതകൂ. അഴിമതി പൂർവ്വാധികം വർധിക്കാനുള്ള സാഹചര്യങ്ങളെ പിന്നീട് കൊണ്ടുവരുക മാത്രമേ അത് ചെയ്യൂ. അതിലേക്കാണ് ജേക്കബ് തോമസ്സിന്റെ നടപടികൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും നിർണ്ണായക ഘട്ടത്തിലൂടെയാണ് ഇപ്പോൾ രാജ്യം കടന്നു പോകുന്നത്. നോട്ടസാധുവാക്കലിനെ എതിർത്താലും അതു സൃഷ്ടിക്കുന്ന അനുരണനങ്ങൾ കേരളത്തേയും ബാധിക്കും. അതിനാൽ ഉത്തരവാദിത്വപ്പെട്ടവർ സമരത്തിന്റെ പാതയിലേക്ക് പോകുന്നതോടൊപ്പം ജനങ്ങളും സംസ്ഥാനവും നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം തേടേണ്ടതുമുണ്ട്. പരിഹാരം തേടൽ ഇവിടെ പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു.

 

ഏതു പ്രതിസന്ധിയും അവസരങ്ങളെയും കൊണ്ടുവരും. ഇതുവരെ അങ്ങനെയല്ലാത്ത ഒരു സന്ദർഭം പ്രകൃതിയിൽ ഉണ്ടായിട്ടില്ല. ഇടതുപക്ഷം, വിശേഷിച്ചും ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്, മോദി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പറ്റിയ ആയുധമെന്ന നിലയിലേ നോട്ടസാധുവാക്കലിലെ അവസരങ്ങളെ കാണുന്നുള്ളു. ഒപ്പം വ്യക്തിപരമായി തന്റെ സ്വതസിദ്ധമായ താൻപ്രമാണിത്തത്തെ പുറത്തെടുക്കാനുള്ള അവസരമായും. ഈ സർക്കാരിലെ മന്ത്രിമാരിൽ ആരുടേയും ശേഷി ഇതുവരെ പ്രകടമായിട്ടില്ല. എന്നാൽ ബോധപൂർവ്വം ശേഷി പുറത്തെടുക്കാതെ പ്രതിലോമകരമായി പ്രവർത്തിക്കുന്ന രീതിയാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ഭാഗത്തു നിന്നു കാണുന്നത്. അച്യുതാനന്ദൻ മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ പ്രവർത്തനം കേരളം കണ്ട ഏറ്റവും നല്ല ധനമന്ത്രി എന്ന വിശേഷണം പോലും അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നതാണ്. എന്നാൽ ഈ മന്ത്രിസഭയിൽ തുടക്കം മുതൽ തോമസ്‌ ഐസക്കിന്റെ പ്രകടനം ഒരു നിസ്സംഗഭാവത്തിലുള്ളതായിരുന്നു. നോട്ടസാധുവാക്കല്‍ വന്നത് ആ ഭാവം കൈവെടിഞ്ഞ് പുറത്തു വരാനുള്ള അവസരമാക്കി അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഒരു മന്ത്രിയാണെന്ന നിലയിലുള്ള ഉത്തരവാദിത്വം പോലും മറന്ന്. ഐ.എ.എസ്-ജേക്കബ് തോമസ്സ് പോരിൽ മുഖ്യമന്ത്രിയെ വിഷമത്തിലാക്കുന്നവിധത്തിൽ പോലും ഐസക്ക് തോമസ്‌ ഐ.എ.എസ്സുകാരുടെ നിലപാടിനെ അനുകൂലിക്കുന്ന രീതിയിൽ പരസ്യമായി പെരുമാറി. ഇതെല്ലാം സൂചിപ്പിക്കുന്നത് ഭരണയന്ത്രത്തിന്റെ ഓഫാക്കിയിടൽ തികച്ചും സ്വാഭാവികമായി ഉണ്ടായതല്ല എന്നുള്ളതിലേക്കാണ്.

thomas issac

 

കേരളത്തിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് മലബാർ സിമന്റ്‌സ്. അതിന്റെ മാനേജിംഗ് ഡയറക്ടർ കെ. പത്മകുമാറിനെ അഴിമതിക്കേസ്സിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. എന്നാൽ അതിസമർഥനും അഴിമതിരഹിതനുമായ ഭരണാധികാരിയാണ് പത്മകുമാറെന്നും അദ്ദേഹത്തിന്റെ അറസ്റ്റ് സ്വകാര്യ സിമന്റ് കമ്പനികൾക്ക് നേട്ടമുണ്ടാകുന്നതിനു മാത്രമേ ഉതകുകയുള്ളുവെന്നും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യരുതെന്നും കാണിച്ചുകൊണ്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോർട്ടു നൽകുന്നു. അദ്ദേഹത്തിന്റെ അറസ്റ്റ് മലബാർ സിമന്റ്‌സിന്റെ തകർച്ചയിലേക്ക് നയിക്കുമെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ക്രമവിരുദ്ധമായി ഒന്നും പത്മകുമാർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നു. വ്യവസായ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കുന്നത്. മുൻ മന്ത്രി ഇ.പി ജയരാജയനെതിരെയുള്ള ബന്ധു നിയമനക്കേസ്സിൽ പോൾ ആന്റണിയെ വിജിലൻസ് മൂന്നാം പ്രതിയാക്കുന്നു. അദ്ദേഹം രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് വകുപ്പു മന്ത്രി പറയുന്നു.

 

ഈ സന്ദർഭത്തിൽ ജനങ്ങൾ എന്താണ് വിശ്വസിക്കേണ്ടത്? ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും മറ്റ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും കളവാണോ പറയുന്നത്? കളവ് റിപ്പോർട്ടാണോ മുഖ്യമന്ത്രിക്കു നൽകിയത്? അതല്ല നിയമത്തിന്റെ മുന്നിൽ ഐ.എ.എസ്സുകാർ തുല്യരല്ല എന്ന് ശ്രമമാണോ? അതോ വിജിലൻസ് വകുപ്പ് മേധാവി ജേക്കബ് തോമസ്സ് വ്യക്തി വൈരാഗ്യം തീർക്കാൻ തനിക്കു കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയാണോ? അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിന്റെ വീട്ടിൽ മുന്നറിയിപ്പില്ലാതെ റെയ്ഡിന്റെ സ്വഭാവമുള്ള അന്വേഷണം നടത്തിയത് വിജിലൻസിനെതിരെയുള്ള ആരോപണത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. അതു മുഖ്യമന്ത്രിക്കു പോലും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവധാനതയോടെ വേണം നടപടികളിലേക്കു നീങ്ങാനെന്ന് അദ്ദേഹം വിജിലൻസിന് നിർദ്ദേശം നൽകിയതും. ഇനി വിജിലൻസിന്റെ നിലപാടാണ് ശരിയെന്നു കണ്ടാൽ കേരളത്തിലെ ഐ.എ.എസ്സുകാർ അഴിമതിക്കാരും അഴിമതിക്കു കൂട്ടു നിൽക്കുന്നവരുമെന്നു തെളിയും. ശരിക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാനുള്ള സാഹചര്യവും വർത്തമാനകാല സംഭവങ്ങൾ ഒരുക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ് യഥാർഥത്തിൽ പോസ്റ്റ്-ട്രൂത്ത് എന്നറിയപ്പെടുന്നത്. ഇതിന്റെ നേട്ടമുണ്ടാക്കുന്നത് കളിക്കാരും കെടുതികൾ അനുഭവിക്കുന്നത് ഗ്യാലറിയിലിരിക്കുന്ന അവസ്ഥയിലുള്ള ജനവും. പങ്കാളിത്തമില്ലാത്ത ജനായത്ത സംവിധാനത്തിൽ സംഭവിക്കുന്ന സ്വാഭാവികമായ ഒന്നാണിത്. ഒരുപക്ഷേ പങ്കാളിത്തമില്ലാത്ത ജനായത്തിന്റെ അപചയഘട്ടത്തിലെ ഏറ്റവും നിർണ്ണായക ഘട്ടമായും പോസ്റ്റ്-ട്രൂത്തിനെ കാണാം. കേരളത്തിലെ ജനം അതിൽ ഏതാണ്ട് പൂർണ്ണമായും അകപ്പെട്ടിരിക്കുന്നു. ഇതിന്റെയെല്ലാം വെളിച്ചത്തിലുള്ള ചാനലുകളിലെ പോസ്റ്റ്-ട്രൂത്ത് അവതാരകരാൽ നയിക്കപ്പെടുന്ന പോസ്റ്റ്-ട്രൂത്ത് ചർച്ചകളും കൂടിയാകുമ്പോൾ പോസ്റ്റ്-ട്രൂത്ത് കേരളത്തിൽ യാഥാർഥ്യമാവുകയും ജനങ്ങൾ നിസ്സഹായരാവുകയും ചെയ്യുന്നു. ജനായത്തത്തിൽ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തിൽ ഊന്നിക്കൊണ്ട് ഷിക്കാഗോയിൽ ബാരക് ഒബാമ നടത്തിയ വിടവാങ്ങൽ പ്രസംഗം എല്ലാ പോസ്റ്റ്-ട്രൂത്ത് സമൂഹങ്ങൾക്കും ബാധകമാകുന്നു.

Tags: