ജല്ലിക്കെട്ടിലൂടെ തമിഴ് ജനത കാത്തുവയ്ക്കുന്ന ജനിതകശേഖരം

Glint Staff
Sat, 21-01-2017 01:27:09 PM ;

source

 

ഒരു രാജ്യത്തെ തകർത്ത് തരിപ്പണമാക്കാൻ ഏറ്റവുമെളുപ്പവും ക്രിയാത്മകവും ഫലപ്രദവുമായ രീതി ആ രാജ്യത്തിന്റെ സംസ്‌കാരത്തെ അവിടുത്തെ ജനങ്ങളിലൂടെ തകർക്കുക എന്നുള്ളതാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം എൻ.ജി.ഒകളും അറിഞ്ഞു അറിയാതെയും ഏർപ്പെട്ടിരിക്കുന്നത് ഈ പ്രക്രിയയിലാണ്. അതിന്റെ ഒരു ഉദാഹരണമാണ് തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് നിരോധിക്കാനുള്ള ഹർജി സുപ്രീം കോടതിയുടെ മുന്നിലെത്തിയത്. ഇത്തരം എൻ.ജി.കൾ പ്രത്യക്ഷത്തിൽ യുക്തിക്കും സാമാന്യബുദ്ധിക്കും നിരക്കുന്ന കാര്യങ്ങളായിരിക്കും ഏറ്റെടുക്കുക. അതുകൊണ്ടു തന്നെ ആർക്കും അതിനെ നിഷേധിക്കാൻ കഴിയാതെ വരും. അതുകൊണ്ടു തന്നെ അവർ ആരുടെയും സംശയത്തിന്റെ നിഴലിൽ വരികയുമില്ല. ബുദ്ധിയും യുക്തിയും ഉള്ളവർക്ക് അവർ പറയുന്ന കാര്യങ്ങളെ അതിന്റെ സമഗ്രതയിൽ കാണാൻ കഴിയില്ലെങ്കിൽ എതിർക്കാനും കഴിയാതെ വരും.

 

ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളില്‍ ഒന്നാണ് തമിഴരുടേത്. അതിന്റെ ആഴം കൊണ്ടാണ് യുവതലമുറ ആചാരപരമായ കാരണങ്ങളാൽ ജല്ലിക്കെട്ടിനു വേണ്ടി തമിഴ്‌നാടിനെ നിശ്ചലമാക്കും വിധം ഒത്തുകൂടാൻ ഇടയായത്. ഒരുപക്ഷേ അതിന്റെ പിന്നിലെ കാരണങ്ങൾ യുവതലമുറയ്ക്ക് പിടിയുണ്ടാകണമെന്നില്ല. അവിടെയാണ് ആചാരങ്ങളുടെ ബലം പ്രകടമാകുന്നത്. ജല്ലിക്കേട്ട് നിരോധിക്കുന്നതിനെതിരെ കൊച്ചി ഇൻഫോപാർക്കിലെ ഐ.ടിക്കാർ ജോലിസമയം സമരവുമായി മീഡിയനിൽ പ്രതിഷേധത്തിന്റെ മനുഷ്യമതിൽ തീർത്തപ്പോൾ മലയാളികൾ കാഴ്ചക്കാരായി. മലയാളി സുഹൃത്തുക്കളോട് അവർ അഭ്യർഥിച്ചു, തങ്ങളുടെ പ്രതിഷേധത്തിൽ പങ്കുചേരണമെന്ന്. എന്നാൽ ഒരു മലയാളി പോലും അതിൽ പങ്കെടുത്തില്ല. എല്ലാം യുക്തിരഹിതമായ യുക്തിക്കു വിട്ടുകൊടുത്ത് ശുദ്ധമായ ജലവും വായുവും വിഷലിപ്തമാക്കുകയും അന്നം തന്നിരുന്ന വയലുകളും നികത്തി പച്ചക്കറിക്കു വേണ്ടി തമിഴ് ലോറികളേയും കാത്തിരിക്കുന്ന മലയാളിക്ക് ആചാരത്തിലെ യുക്തിയെ അന്ധവിശ്വാസമായേ കാണാൻ കഴിയുകയുള്ളു.

 

കാർഷിക സംസ്‌കാരത്തിന്റെ ഭാഗമാണ് ജല്ലിക്കെട്ട്. കാർഷിക സംസ്‌കാരമെന്നു പറഞ്ഞാൽ അവിടുത്തെ മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം. ആ പാരസ്പര്യം അവർക്ക് കവിതയിലും കഥയിലും പത്രങ്ങളുടെ പൈങ്കിളി ഫീച്ചറുകളിലും ചാനലുകളുടെ അതിഭാവുകത്വ പരിപാടികളിലും ആവർത്തിച്ച് ഇക്കിളി സുഖം നേടാനുള്ളതല്ല. അവരുടെ ആരോഗ്യവും പ്രത്യുൽപ്പാദനപരതയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ജല്ലിക്കെട്ടിന്റെ ഐതിഹ്യങ്ങൾ ധാരാളമുണ്ട്. നാട്ടിലെ കരുത്തുറ്റ ആണുങ്ങളെ തങ്ങളുടെ പെൺമക്കൾക്കു കണ്ടെത്തി അവരിലൂടെ കൃഷിയെ നിലനിർത്തുകയും സംരക്ഷിക്കുകയും അതിലൂടെ വരും തലമുറയുടെ ഗതിയെ ഉറപ്പു വരുത്തുകയുമൊക്കെ ചെയ്യുന്നതിനുള്ള മാർഗ്ഗമായിരുന്നു അത്. ജെല്ലിക്കെട്ട് ആരോഗ്യത്തിന്റെ അഥവാ ശക്തിയുടെ ഉത്സവപ്രകടനം കൂടിയാണ്. എല്ലാത്തിനുമുപരി ജൈവ സൂക്ഷിപ്പ് (Organic Archiving) കൂടിയാണ് ജല്ലിക്കെട്ട് നിർവ്വഹിക്കുന്നത്.

 

തമിഴ്‌നാട്ടിന്റെ പ്രകൃതിയുമായി ഇണങ്ങുന്നതിൽ ഏറ്റവും വീര്യം കൂടിയ പ്രത്യേക ഇനമാണ് ജല്ലിക്കെട്ടിനായി ഒരുക്കപ്പെടുന്ന കാളക്കൂറ്റൻമാർ. ഇതൊരു ജനറ്റിക് പൂളാണ്. ആ ജനിതക സവിശേഷ വിത്തിനെ ഒരു സർവ്വകലാശാലാ പരീക്ഷണശാലയിലോ ശീതീകരണിയിലോ സൂക്ഷിച്ചു വെയ്ക്കാൻ പറ്റില്ല. ആ പ്രത്യേക ഇനത്തിലെ തന്നെ മുന്തിയ ഇനങ്ങളാണ് ജല്ലിക്കെട്ടു കാളകൾ. ഇപ്പോഴും ആചാരത്തിലൂടെ അവ സംരക്ഷിക്കപ്പെടുന്നു. അവയിൽ നിന്നുണ്ടാകുന്ന പശുവും കാളകളും തമിഴ്‌നാടിന്റെ കാർഷിക ജീവിതത്തിന്റെയും കൃഷിയുടെയും ശക്തിയായി നിലനിൽക്കുന്നു. വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്കെത്തിയ കേരളത്തിലെ യുവതീയുവാക്കളിൽ അമ്പതു ശതമാനത്തോളം പേരിൽ സന്താനോൽപ്പാദനശേഷിക്കുറവുണ്ടെന്നുള്ളതാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. എന്നാൽ തമിഴ്‌നാട്ടിൽ വിശേഷിച്ചും ഗ്രാമീണ മേഖലയിൽ അത്തരമൊരു പ്രശ്‌നം ഉടലെടുത്തിട്ടില്ല. അതവരുടെ സംസ്‌കാരവും ആ സംസ്‌കാരം അവരെ പ്രകൃതിയും ആഘോഷവുമൊക്കെയായി ബന്ധിപ്പിച്ച് പ്രകൃതിയുമാക്കി ഇണക്കിച്ചേർത്തു നിർത്തുന്നതുകൊണ്ടു തന്നെ.

 

ആ ഒരുതരം കോശങ്ങളിൽ നിന്നുള്ള ജനിതകവിളി പോലെയാണ് തമിഴ്‌നാട്ടിലെ ആൺകുട്ടികളും പെൺകുട്ടികളും ജല്ലിക്കെട്ടിനുവേണ്ടി അണിചേരാൻ തയ്യാറായത്. അവിടുത്തെ പെൺകുട്ടികളും മടികൂടാതെ രംഗത്തിറങ്ങിയെന്നുള്ളതും ശ്രദ്ധേയമാണ്. ആരോഗ്യവും വരുംതലമുറയും ആഘോഷവും സന്തോഷവും ഇതിന്റെയെല്ലാമടിസ്ഥാനത്തിൽ ജീവിതത്തിനോടുള്ള തമിഴ് ജനതയുടെ സമീപനവുമെല്ലാം അതിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. നിറത്തിന്റെ പേരിൽ തെല്ലും അപകർഷതാബോധമില്ലെന്നു മാത്രമല്ല ഉണങ്ങിവരണ്ട തമിഴ്‌നാട്ടിൽ, വർഷകാലത്ത് കേരളത്തിൽ കുതിച്ചുയരുന്ന കൈതോലയുടെ കരുത്തിന്റെ ഉന്മേഷത്തോടെ കാണപ്പെടുന്ന തമിഴ്‌ പെൺകൊടികളുടെ ആത്മവിശ്വാസത്തിന്റെ ഉറവിടവും ഈ ജെല്ലിക്കെട്ടിനുവേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.

 

ഒരു മൃഗത്തെ കൊല്ലുന്നതുപോലെ ക്രൂരമല്ല മറ്റൊന്നും. എന്നാല്‍, തീറ്റിച്ചു കൊഴുപ്പിച്ച് കരുത്തുണ്ടാക്കിയ കാളകളെയാണ് മനുഷ്യർ നേരിടുന്നത്. പലപ്പോഴും അതിൽ കാളകളേക്കാൾ മനുഷ്യർക്കാണ് പരിക്കുകൾ കൂടുതൽ ഏൽക്കുന്നതും. സന്നദ്ധസംഘടനകളുടെ ഗൂഢലക്ഷ്യത്തിൽ നിന്ന് ജല്ലിക്കെട്ട് രക്ഷപ്പെടുക തന്നെ ചെയ്യുമെന്നുള്ളതിന്റെ ലക്ഷണങ്ങളാണ് തമിഴ്‌നാടിന്റെ ഓർഡിനൻസിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നൽകിയതും.

Tags: