ഐ എ എസ്സുകാരെ ബാധിച്ച സർവ്വീസ് എൻഡോസ്‌മോസിസ്

Glint Staff
Wed, 11-01-2017 11:22:28 AM ;

 

സാന്ദ്രത കൂടിയ ദ്രാവകത്തിൽ നിന്നും കുറഞ്ഞതിലേക്കുള്ള പ്രവേശനത്തെ എക്സോസ്‌മോസിസ് എന്നും വിപരീത ദിശയിലേക്കുള്ളതിനെ എൻഡോസ്‌മോസിസ് എന്നും പറയുന്നു. കേരളത്തിലെ ഐ.എ.എസ്സുകാരിൽ തൊഴിൽ സംസ്‌കാരത്തിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് രണ്ടാമത്തേതാണ്.  സംഭവിക്കേണ്ടിയിരുന്നത് മറിച്ചും. എന്തിനും ഏതിനും വൈകാരികമായി പ്രതിഷേധിക്കുക എന്ന തലത്തിലേക്ക് സമരത്തെ വിലയില്ലാതാക്കിയതിന്റെ മുഖ്യ ഉത്തരവാദിത്വം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ്. ആ സംസ്‌കാരത്തിന്റെ തിരുത്തലിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽ കയറിയ നാൾ മുതൽ തെളിഞ്ഞും അല്ലാതെയും ശ്രമിക്കുന്നത്.

 

സമരം ജനായത്ത സംവിധാനത്തിലെ ഏറ്റവും മൂർച്ചയേറിയ ആയുധമാണ്. അതു ഉപയോഗിക്കേണ്ട സന്ദർഭത്തിൽ മാത്രം ഉപയോഗിച്ചാൽ. എന്നാൽ കേരളത്തിൽ ആവശ്യമുള്ളതിനും ഇല്ലാത്തതിനുമുപയോഗിച്ച് അതിന്റെ മൂർച്ച ഏതാണ്ട് പൂർണ്ണമായിത്തന്നെ നശിച്ച അവസ്ഥയായിട്ടുണ്ട്. സർവ്വീസ് സംഘടനകളുടെ ഏക ആയുധം തന്നെ സമരമാണ്. ഏതെങ്കിലും ആവശ്യം അവർ ഉന്നയിക്കുന്നതു തന്നെ സമരത്തിലൂടെയാണെന്ന അവസ്ഥ വന്നിട്ടുണ്ട്. ജനുവരി ആദ്യവാരം സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം കെ.എ.എസ് കൊണ്ടു വരാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ സമരം ചെയ്തതേ ഉള്ളു. ഈ സംസ്‌കാരത്തിന്റെ സ്വാധീനമാണ് ഉദ്യോഗസ്ഥ സംവിധാനത്തിലെ സാന്ദ്രീകൃത മുകൾത്തട്ടായ ഐ.എ.എസ്സുകാരെ സമരമുറയുമായി രംഗപ്രവേശം ചെയ്യാൻ പ്രേരിപ്പിച്ചത്. ഐ.എ.എസ് സംഘടനയ്ക്കുണ്ടായിരുന്ന സർവ്വശക്തിയും അതോടെ ഇല്ലാതാകുന്നതിലേക്ക് അതു കലാശിച്ചു.

 

സാമൂഹികമായി കാര്യങ്ങൾ കാണുന്നതിലെ വൈദഗ്ധ്യക്കുറവും ഐ.എ.എസ്സുകാർ പ്രകടമാക്കുകയുണ്ടായി. തങ്ങളുടെ പക്കൽ ഉപയോഗിക്കാതിരുന്ന  നല്ലൊരായുധമായിരുന്നു കൂട്ട അവധിയെടുത്ത് സർക്കാരിനോട് സമരം ചെയ്യുക എന്നുള്ളത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അൽപ്പം കാർക്കശ്യം കാട്ടിയപ്പോഴേക്കും ഐ.എ.എസ്സുകാർ വിരണ്ടു പോയി. അധികാരത്തിലെത്തുന്ന രാഷ്ട്രീയ നേതൃത്വത്തെ ധൈര്യത്തോടെ സമീപിക്കാനുള്ള ശീലമില്ലാത്തതിൽ വന്ന സാംസ്‌കാരിക സ്വാധീനമാകാം അവർ പെട്ടെന്ന് പേടിച്ചുപോകാനും കാരണമായത്. ഇവിടെയാണ് നോൺ ഗസറ്റഡ് ഓഫീസേഴ്‌സിനു പോലുമുള്ള പാടവം അവർക്ക് പ്രകടിപ്പിക്കാൻ കഴിയാതെ പോയത്. സെക്രട്ടേറിയറ്റിൽ സർവ്വീസ് സംഘടനകളുടെ മേൽക്കൈ നിമിത്തം ഒരു പരിഷ്‌കാരവും തങ്ങൾക്ക് നടത്താൻ കഴിയാത്തതാണ് ബ്യൂറോക്രസിയെ നവീകരിക്കുന്നതിൽ വിലങ്ങുതടിയായി നിൽക്കുന്നതെന്നും പലപ്പോഴും ഉന്നത ഐ.എ.എസ് ഉദ്യോസ്ഥർ തന്നെ പരസ്യമായി പങ്കു വച്ചിട്ടുള്ള വസ്തുതയാണ്. അതിനു കാരണം സർവ്വീസ് സംഘടനാ നേതാക്കൾ ധൈര്യപൂർവ്വം രാഷ്ട്രീയ നേതൃത്വവുമായി ഇടപെടുമ്പോൾ അവരുടെ മുന്നിൽ ധൈര്യമില്ലാതെ നിൽക്കുന്ന ഐ.എ.എസ്സുകാരെ കാണുന്നതാകാം. ഇതിന് അപവാദങ്ങൾ ഇല്ലെന്നല്ല. മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിക്കപ്പെടാത്ത അനേകം ധൈര്യശാലികളായ ഐ.എ.എസ്സുകാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്നുമുണ്ട്. എന്നാല്‍ ഇന്നതിന്റെ തോതു കുറഞ്ഞിരിക്കുന്നു എന്ന് കരുതണം. അല്ലെങ്കിൽ ഇത്രയും വലിയ ബുദ്ധിമോശം അസ്സോസിയേഷന്റെ ഭാഗത്തു നിന്നുണ്ടാകുമായിരുന്നില്ല.

 

തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് മുഖ്യമന്ത്രിയുമായി സംസാരിക്കാനെത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥർ പിണറായി വിജയന്‍റെ നിലപാടിനു മുന്നിൽ മറുപടിയില്ലാത്ത അവസ്ഥയിലായി. തങ്ങളുടെ സമര മുറ സർക്കാരിനെതിരെ അല്ലെന്ന് അവർ ആ യോഗത്തിൽ പറഞ്ഞു. എങ്കിൽ പിന്നെ ആർക്കെതിരെ എന്നുള്ള ചോദ്യം ഉദിക്കുന്നുണ്ട്. അത് യോഗത്തന് വരുന്നതിനു മുൻപു തന്നെ മനസ്സിലാക്കാനുള്ള ശേഷി പിണറായി വിജയനുണ്ട്. ചുരുങ്ങിയ പക്ഷം പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനെ വിലയിരുത്തുന്നതിനെങ്കിലും ഐ.എ.എസ്സുകാർ അൽപ്പം കൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു. നീതിയുക്തമായ കാര്യങ്ങൾ ബോധിപ്പിച്ചാൽ അതർഹിക്കുന്ന വിധത്തിൽ കാണുന്ന ഭരണാധികാരിയാണ് ഒരുപരിധിവരെ അദ്ദേഹം. അതുകൊണ്ടാണ് അവരുടെ ആവലാതി ന്യായമാണെങ്കിൽ പരിശോധിക്കുമെന്ന് ഇപ്പോഴും അദ്ദേഹം പറയുന്നത്. എന്നാൽ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കി കാര്യങ്ങൾ നടത്താമെന്നു വിചാരിച്ചാൽ കേരളത്തിൽ മറ്റേതു നേതാക്കളോട് അതു സാധ്യമായാലും സാധ്യമാകാത്ത ഒരുപക്ഷേ ഏക നേതാവായിരിക്കും പിണറായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് ഇന്ത്യയിൽ സംഘടിതമായി സ്വന്തം സംഘടനയ്ക്കുള്ളിൽ നിന്നും പുറത്തു നിന്നും ഏറ്റവും കൂടുതൽ ആക്രമണം നേരിടുകയും അതിനെ അതിവിദഗ്ധമായി അതിജീവിക്കുകയും ചെയ്ത രണ്ടു പേരിൽ ഒരാളാണ് പിണറായി. രണ്ടാമത്തെയാൾ പ്രധാനമന്ത്രി നരന്ദ്ര മോദിയും. ഇത്തരം ഒരു സമ്മർദ്ദ തന്ത്രത്തെയൊക്കെ നിർവ്വീര്യമാക്കുന്നതിന് അധികം സമയമൊന്നും ഇവര്‍ക്ക് വേണ്ടതില്ല.

 

ഐ.എ.എസ്സ് ഉദ്യോഗസ്ഥർ സമരമുറ സ്വീകരിക്കുന്നതിന് കാരണമായ പശ്ചാത്തലം അവർക്ക് പൊതുജനമധ്യത്തിൽ പിന്തുണ നൽകുന്നതല്ല. അഴിമതിക്കേസ്സുകളിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടി സ്വീകരിക്കുന്നതാണ് പശ്ചാത്തലം. നിയമം ഐ.എ.എസ്സുകാർക്കും മന്ത്രിമാർക്കും സാധാരണക്കാർക്കും  തുല്യമാണ്. അതിൽ തങ്ങൾക്ക് ഒഴിവ് വേണം എന്ന നിലപാടായിട്ടാണ് അവരുടെ ശ്രമം പുറത്തേക്കു വരുന്നത്. സിവില് സർവ്വീസ് ചട്ടപ്രകാരം ടോം ജോസ് സ്വത്ത് സമ്പാദിക്കുന്നതിനും ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ച് സ്വകാര്യ സ്ഥാപനത്തിൽ ജോലി സ്വീകരിക്കുന്നതിനു മുൻപും അനുമതി വാങ്ങിയിരിക്കണമെന്നാണുള്ളത്. ഇതു രണ്ടും ഇവിടെ നടന്നിട്ടില്ല. അവരുടേത് സാധാരണ ഉദ്യോഗസ്ഥരുടെയോ വ്യക്തികളുടേയോ വീഴ്ചപോലെ കാണാൻ പാടുള്ളതുമല്ല. സർക്കാർ സംവിധാനം നിയമത്തിന്റെ മുകളിൽ നിൽക്കുന്നതാണ്. ആ നിലയ്ക്ക് തങ്ങൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ അതു നിയമത്തിന്റെ വഴിയിലൂടെ തെളിയിക്കാൻ മറ്റുള്ളവർക്കെന്ന പോലെ ഐ.എഎസ്സുകാർക്കും അവസരമുണ്ട്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ആദ്യമായിട്ടല്ല ഐ.എ.എസ്സുകാർ കേസ്സുകളിൽ അകപ്പെടുന്നത്. ചിലരുടെ ജീവിതം തന്നെ അതിൽ മുങ്ങിപ്പോയ അവസ്ഥയും ഉണ്ടായിട്ടുണ്ട്.

 

കിട്ടിയ ആയുധം നന്നായി ഉപയോഗിക്കാവുന്ന അവസരമാണ് ഐ.എ.എസ്സുകാർ സ്വയം ഇല്ലാതാക്കിയത്. ബന്ധുനിയമനത്തിന്റെ പേരില് മുൻമന്ത്രി ഇ.പി ജയരാജനോടൊപ്പം വ്യവസായ വകുപ്പ് സെക്രട്ടറി പോൾ ആന്റണിയേയും പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത് കേരളത്തലെ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അവരുടെ ശക്തി വീണ്ടെടുക്കാൻ പറ്റിയ അവസരമായിരുന്നു. നിയമാനുസൃതമല്ലാത്ത എല്ലാ ഫയലുകളിലും വളരെ ധൈര്യപൂർവ്വം കുറിപ്പെഴുതാൻ അവർക്കത് അവസരം നൽകിയിരുന്നു. ഏതെങ്കിലും മന്ത്രി മറിച്ച് ആവശ്യപ്പെടുന്ന പക്ഷം പോൾ ആന്റണി അകപ്പെട്ട സംഗതി അവർക്ക് ധൈര്യപൂർവ്വം മന്ത്രിമാരുടെ മുന്നിൽ ചൂണ്ടിക്കാൻ പറ്റുമായിരുന്നു. ഇനിയിപ്പോൾ അത്തരത്തിലൊരു നിലപാടെടുത്താൽ പോലും അതിനെ ഈ പശ്ചാത്തലത്തിൽ മറ്റൊരു സമരമുറയായി മാത്രമേ രാഷ്ട്രീയ നേതൃത്വം കാണുകയുള്ളു. ജനായത്തത്തിൽ രാഷ്ട്രീയ നേതൃത്വം തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അക്കാര്യത്തിൽ സംശയം ഉണ്ടാകേണ്ട കാര്യമില്ല. അവരെ കടത്തിവെട്ടിക്കൊണ്ട് മുഖ്യമന്ത്രി ചോദിച്ചതുപോലെ സൂപ്പർ മുഖ്യമന്ത്രിയോ സൂപ്പർ മന്ത്രിയോ ആകാർ ആർക്കും സാധ്യമാവുകയുമില്ല.

 

ചുരുക്കത്തില്‍, ഐ.എ.എസ്സുകാർ ജേക്കബ് തോമസ്സിനെതിരെ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ പോലും അതും നിർവ്വീര്യമാകുന്ന അവസ്ഥയിലേക്കാണ് ഐ.എ.എസ്സുകാരുടെ സുചിന്തിതമല്ലാത്ത തീരുമാനങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നത്.

 

Tags: