ജയലളിതയുടെ കഥ

Glint Staff
Tue, 06-12-2016 05:17:09 PM ;

jayalalitha

source

ജയലളിത യാത്രയായി. അവരുടെ ജീവിതം നമ്മുടെ മുന്നിൽ അവശേഷിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ അവർ വ്യക്തിപരമായ ദുരന്തമായിരുന്നു. വ്യക്തി എന്ന നിലയിൽ ഒരു ജനതയുടെ ഹൃദയം കവർന്നിട്ടാണ് അവർ യാത്രയായിരിക്കുന്നതെങ്കിലും. എന്തുകൊണ്ട് ജയലളിത ഇന്ത്യയിലെ അസാധാരണ വ്യക്തിത്വമായി മാറി? അത് എം.ജി.ആറിന്റെ ഇദയക്കനിയായതുകൊണ്ടു മാത്രമാണോ? അല്ല. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ സ്വന്തം ഭാര്യ ജാനകിക്കു അതു അനായാസം കഴിയേണ്ടിയിരുന്നു. എം.ജി.ആർ മരിച്ചപ്പോൾ അപമാനിതയായി മൃതശരീരത്തിനു സമീപത്തു നിന്നു പോലും ചവിട്ടിപ്പുറത്താക്കപ്പെട്ട ജയലളിതയാണ് ഈ അസാധാരണത്വത്തിലേക്കുയർന്നത്. അതിനവരെ സഹായിച്ചത് അവരുടെ ധിഷണയും പാടവവുമാണ്.

 

ജയലളിത ഒരർഥത്തിൽ നിസ്സഹായതയുടെ രൂപം കൂടിയാണ്. ചെന്നെയിലെ ചർച്ച്‌പാര്‍ക്ക് സ്‌കൂൾ ഇന്നു മാത്രമല്ല, പണ്ടുമുതലേ അതിപ്രശസ്തമായ വിദ്യാലയമാണ്. കുട്ടികളുടെ വാസനയും സർഗ്ഗശേഷിയുമനുസരിച്ച് അവരെ സ്‌കൂൾ തലത്തിൽ വാർത്തെടുക്കുന്ന വിദ്യാലയം. ആ സ്‌കൂളിൽ നിന്നാണ് ഒന്നാം റാങ്ക് വാങ്ങി കോമളവല്ലിയെന്ന ജയലളിത പുറത്തിറങ്ങുന്നത്. സാമ്പത്തികമായ പരാധീനതകളുണ്ടായിരുന്നെങ്കിലും ആ കുട്ടി സകലകലാവല്ലഭയായിക്കൊണ്ട് ഒന്നാം റാങ്കു വാങ്ങുകയാണ് ചെയ്തത്. ആ പതിനഞ്ചുകാരിയുടെ ധിഷണയും കഴിവും അത്തരം കഴിവുള്ള കുട്ടിയുടെ സ്വപ്‌നങ്ങളും പഠിക്കാനുള്ള അടങ്ങാനാകാത്ത ആവേശവും ആർക്കും മനസ്സിലാക്കാവുന്നതാണ്. ആ ഘട്ടത്തിൽ പഠനത്തോട് വിട പറയേണ്ടി വരുന്ന, വക്കീലോ ഐ.എ.എസ് ഉദ്യോഗസ്ഥയോ ആകാന്‍ ആഗ്രഹിച്ചിരുന്ന ഒരു പതിനഞ്ചുകാരിയെ സങ്കല്‍പ്പിക്കുക. ഒരുപക്ഷേ ജയലളിത വ്യക്തിപരമായി ജീവിതത്തിൽ ആ നിമിഷത്തോളം ഒന്നിനേയും ശപിച്ചിട്ടുണ്ടാവില്ല.

 

തനിക്കിഷ്ടമില്ലാഞ്ഞിട്ടുമാണ് അമ്മയുടെ നിർബന്ധപ്രകാരം ആ സമർഥയായ വിദ്യാർഥി നടി ജയലളിതയായത്. അന്നത്തെ ദാരിദ്ര്യം ഏൽപ്പിച്ച കാഠിന്യം അവരുടെ അമ്മയ്ക്ക് ന്യായീകരണം നൽകിയിട്ടുണ്ടാകാം. പക്ഷേ ജയലളിതയ്ക്ക് ജീവിതത്തോടു തന്നെ പ്രതികാരം തോന്നിയിട്ടുണ്ടാകാം. അവരുമായി വളരെ അടുപ്പമുളള പലരും പറയാറുണ്ട്, അന്നു ജീവിതത്തോടു തോന്നിയ പകയും സിനിമാജീവിതത്തിലെ അനുഭവങ്ങളുമായിരിക്കണം ഇവരെ ഏകാധിപധിയെപ്പോലെ പെരുമാറാൻ പര്യാപ്തമാക്കിയതെന്ന്. ജയലളിത സിനിമാ മേഖലയിൽ എത്തിയപ്പോഴും അവിടെ അവരുടെ കഴിവ് പ്രകടിപ്പിച്ചു. കലാസപര്യ തുടരുകയും വിവിധ നൃത്തശാഖകളിൽ അവർ നൈപുണ്യം നേടിയതും അങ്ങിനെയാണ്. അക്കാലത്തെ മുന്തിയ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയായി അവര്‍ മാറി. ജയലളിത കടന്നുവന്ന സിനിമാലോകമാകട്ടെ എം. കരുണാനിധി-എം.ജി.ആര്‍ എന്ന ഇരുവർ അടക്കി വാഴുന്ന കാലവും. അവിടെ ഇവരുടെ ചൊൽപ്പടിക്കല്ലാതെ ജയലളിതയ്‌ക്കെന്നല്ല ആർക്കും തന്നെ നിലനിൽപ്പില്ലായിരുന്നു. വ്യക്തിപരമായ താൽപ്പര്യങ്ങൾക്കോ തീരുമാനങ്ങൾക്കോ ഒന്നും അവിടെ ഒരു സ്ഥാനവുമില്ല. എന്തിന് വൈകാരിതകൾക്കുപോലും.

 

പതിനഞ്ചാമത്തെ വയസ്സിൽ ഹോമിക്കപ്പെട്ട ജീവിതത്തേക്കാളും സ്വപ്‌നങ്ങളേക്കാളും വലുതായി ഒന്നുമില്ലെന്ന ചിന്തയായിരിക്കാം എം.ജി.ആറിന്റെ ഇദയക്കനിയായി തുടരാനും ജീവിതാവസാനം വരെ കലൈഞ്ജറോട് തീർത്താൽ തീരാത്ത പകപോലെ വിട്ടുവീഴ്ചയില്ലാതെ ജീവിക്കാനും അവരെ പ്രേരിപ്പിച്ചത്. അത് രാഷ്ട്രീയപ്പകയായിരുന്നില്ല. എം.ജി.ആറിന് തമിഴ് ജനതയ്ക്കുള്ള ആരാധനയെ എങ്ങനെ തന്നിലേക്ക് അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ സന്നിവേശിപ്പിക്കണമെന്ന്‍ ജയലളിതയ്ക്ക് ആരുടെയും ഉപദേശത്തിന്റെ ആവശ്യമില്ലായിരുന്നു. ശാരീരിക ബന്ധമില്ലാതെ ഒരിക്കലും സ്ത്രീപുരുഷബന്ധത്തിൽ അർഥവും വ്യാപ്തിയുമുണ്ടാവില്ലെന്ന് എ.ഐ.എ.ഡി.എം.കെയുടെ നേതൃസ്ഥാനമേറ്റെടുത്ത് അധികം താമസിയാതെ അവർ പറയുകയുണ്ടായി. അതും വെറുതെ പറഞ്ഞതല്ല അവർ. അതിലൂടെ എം.ജി.ആറുമായുള്ള തന്റെ ബന്ധത്തെ അവർ തമിഴ് ജനതയുടെ മനസ്സിന്റെ ആഴത്തിലേക്ക് അരക്കിട്ടുറപ്പിക്കുകയായിരുന്നു. മെല്ലെ അവർ എം.ജി.ആറിനെ അടിത്തറയാക്കിക്കൊണ്ട് അമ്മയെന്ന മഹാഗോപുരം നിർമ്മിക്കുകയായിരുന്നു.

 

അമ്മയെന്ന ഗോപുരത്തിലെ കൊത്തുപണികളും സ്വർണ്ണമുത്തുകളും അലങ്കാരപ്പണികളുമൊക്കെയാണ് പിന്നീട് അവരെ അഴിമതിയുടെ പേരിൽ കോടതികൾ കയറ്റിയിറക്കിയതും ജയിലിലെത്തിച്ചതുമൊക്കെ. അതുമെല്ലാം വിദഗ്ധമായി അവർ ഗോപുരത്തിന്റെ മകുടനിർമ്മിതിക്കായി ഉപയോഗിച്ചു. നിരാലംബകളായ സ്ത്രീകളോടും കുഞ്ഞുങ്ങളോടും അവർക്ക് കരുണയുണ്ടായിരുന്നു. അതാണ് അവരുടെ ക്ഷേമ പദ്ധതികളിലൂടെ കണ്ണോടിച്ചാൽ കാണുന്നത്. ഒരു പക്ഷേ ബാല്യത്തിൽ അനുഭവിച്ച ദാരിദ്ര്യവും അവരിൽ അവസാനം വരെ അവശേഷിച്ചിരുന്ന പതിനഞ്ചുകാരി പെൺകുട്ടിയുമായിരിക്കും ആ അനുകമ്പയിലേക്ക് അവരെ നയിച്ചിട്ടുണ്ടാവുക.

 

തന്റെ തട്ടകം ഉറപ്പിക്കുന്ന വിധമുള്ള രാഷ്ട്രീയ തീരുമാനങ്ങളെടുത്തു കഴിഞ്ഞാൽ പിന്നെ പുറം ലോകം എന്തു പറയുന്നു എന്നുള്ള ചിന്ത ഒരിക്കലും ജയലളിതയെ സ്പർശിച്ചിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയും സുവ്യക്തമായും അടുക്കോടും ആംഗലേയത്തിൽ  വികാരവിക്ഷോഭങ്ങളില്ലാതെ ആശയം വ്യക്തമാക്കാൻ കഴിവുള്ള നേതാക്കൾ ജയലളിതയെപ്പോലെ അത്യപൂർവ്വമായിരുന്നു. ഒരിക്കൽ പ്രധാനമന്ത്രിയാകാൻ പോലും ജയലളിതയില് തയ്യാറെടുപ്പുകളുണ്ടായി. ഇതെല്ലാം വ്യക്തമാക്കുന്നത് അവർക്ക് അവരുടെ കഴിവിലുള്ള വിശ്വാസമാണ്. വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴും ആ മിടുക്കി പതിനഞ്ചുകാരിയുടെ കൃത്യത പ്രകടമായിരുന്നു. 2011ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവർ എൻ.ഡി.ടി.വിക്ക് വാഹനത്തിലിരുന്നുകൊണ്ട് നൽകിയ അഭിമുഖം ശ്രദ്ധേയമാണ്. ഡി.എം.കെയ്ക്കെതിരെ അഴിമതിയാണ് പ്രധാനമായും താൻ ഉന്നയിക്കുന്നതെന്ന് പറഞ്ഞ അവർ ഡി.എം.കെ അകപ്പെട്ട സ്പേക്ട്രം, ക്വാറി അഴിമതികളുൾപ്പടെയുള്ളവ എണ്ണിയെണ്ണി നിരത്തി. എന്നിട്ട് അതുപോലുള്ള ഒരാരോപണമെങ്കിലും തന്റെ മേൽ ഉണ്ടായിട്ടുള്ളത് ചൂണ്ടിക്കാണിക്കാമോ എന്ന് എൻ.ഡി.ടി.വി പ്രതിനിധി ബർഖാ ദത്തിനോട് ചോദിച്ചപ്പോൾ അവർക്കുത്തരമില്ലായിരുന്നു. ഒപ്പം അവർ നടത്തിയ പ്രയോഗവും ശ്രദ്ധേയം. തനിക്ക് ജനപിന്തുണയുടെ വേലിയേറ്റവും ഡി.എം.കെയ്‌ക്കെതിരെ വിദ്വേഷത്തിന്റെ ചുഴലിക്കാറ്റും അനുഭവപ്പെടുന്നുവെന്നുള്ള രൂപകം.

 

എല്ലാമാണെങ്കിലും, അപ്പോഴും തന്റെ വ്യക്തിപരമായ ജിവിതം തകർന്നു പോയതിലുള്ള അമർഷവും പകയും അവരുടെ ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. ഇത് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളുടെ വാസനയ്ക്കനുസരിച്ച് അവരുടെ ജീവിതത്തെ വിട്ടില്ലെങ്കിൽ അവർ എത്ര വൻ നേട്ടമുണ്ടാക്കിയാലും വ്യക്തിപരമായി അവരുടെ ജീവിതം ദുരന്തമായി കലാശിക്കുക തന്നെ ചെയ്യും. ജയലളിതയുടെ കഥ അതു തെളിച്ചു പറയുന്നു.

Tags: