ട്രാഫിക് നിയന്ത്രണത്തിന് വിദഗ്ധ സ്വതന്ത്ര സമിതി വേണ്ടത് അനിവാര്യം

Glint Staff
Tue, 29-11-2016 12:33:56 PM ;

source

ശാസ്ത്രങ്ങളിൽ ഏറ്റവും സങ്കീർണ്ണം സാമൂഹ്യ ശാസ്ത്രമാണ്. എന്നാൽ ഏറ്റവും ലളിതമെന്നു തോന്നുന്നതും അതാണ്. അതിനാൽ ആർക്കും അതിൽ പ്രയോഗം നടത്താം എന്നൊരു ആത്മവിശ്വാസമുണ്ട്. ഇന്നു നമ്മുടെ മണ്ണും വായുവും ജലവുമൊക്കെ നോക്കിയാൽ മനസ്സിലാകും എത്ര ശ്രദ്ധ വേണ്ടിയിരുന്നു ഓരോ തീരുമാനത്തിന്റെയും പിന്നിലെന്ന്‍. ട്രാഫിക് നിയന്ത്രണം വളരെ ശാസ്ത്രീയമായ പഠനങ്ങൾ നിർവ്വഹിച്ച് നടപ്പിൽ വരുത്തേണ്ടുന്ന ഒന്നാണ്. 2015-ല്‍ കേരളത്തിലെ റോഡുകളിൽ പ്രതിദിനം ശരാശരി 11 പേർ  മരിക്കുകയും 79 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ കണക്കെടുക്കുകയാണെങ്കിൽ പ്രതിദിനം 400 പേരുടെ ജീവനാണ് നിരത്തുകളിൽ പൊലിഞ്ഞത്.

 

തൽക്കാലം കേരളത്തിലെ കാര്യമെടുക്കാം. ട്രാഫിക് നിയന്ത്രണത്തിന്റെ കാര്യങ്ങൾ നിശ്ചയിക്കാൻ വിവിധ വകുപ്പിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് സമിതികളുണ്ടെങ്കിലും പോലീസ് നിശ്ചയിക്കുന്ന രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കുന്ന അവസ്ഥയാണുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗ് പോലും മോശമായ റോഡുകളും അതിലൂടെ സംഭവിക്കുന്ന അച്ചടക്കമില്ലായ്മയുടെയൊക്കെ ഫലമാണ് . ഓരോ യാത്രക്കാരനെപ്പോലും വ്യക്തമായി നിഷ്പ്രയാസം നിരീക്ഷിക്കാനുള്ള സംവിധാനമിപ്പോഴുണ്ട്. അത് പ്രയോജനപ്പെടുത്തി അശ്രദ്ധവും അമിത വേഗതയിലുമുള്ള ഡ്രൈവിംഗ് നിയന്ത്രിക്കുന്നതോടൊപ്പം ട്രാഫിക് പരിഷ്കാരങ്ങൾ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്വതന്ത്ര സംവിധാനം അടിയന്തരമായി കേരളത്തിൽ ഉണ്ടാകേണ്ടതാണ്.

 

ഏറ്റവും നല്ല ഉദാഹരണം ഏതാനും മാസങ്ങളായി എറണാകുളത്ത് വൈറ്റിലയിൽ വരുത്തിയ പരിഷ്‌കരണമാണ്. ചിലപ്പോൾ മണിക്കൂറുകൾ കാത്തു കിടക്കേണ്ടി വന്നിരുന്ന ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍, ജംഗ്ഷനിലൂടെയുള്ള ട്രാഫിക് ഒഴിവാക്കി 'യു'ടേൺ സംവിധാനം കൊണ്ടുവരികയായിരുന്നു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ മാറ്റം നിമിത്തം മൂന്നു പേർ മരിക്കുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടങ്ങളുണ്ടായി. ഒരു പോലീസുദ്യോഗസ്ഥനു തോന്നിയ പരിഷ്‌കാരമാണിതെന്ന് പറയപ്പെടുന്നു. അദ്ദേഹം ചിലപ്പോൾ എവിടെയെങ്കിലും കണ്ട മാതൃക പകർത്തിയതായിരിക്കാം. അല്ലെങ്കിൽ സ്വന്തം നിലയിൽ ആവിഷ്‌കരിച്ചതായിരിക്കാം. വളയുന്ന സ്ഥലത്തെ ആശയക്കുഴപ്പങ്ങളും സംവേദന അഭാവവും പരിഹരിച്ചിരുന്നുവെങ്കിൽ മേൽപ്പാലം വരുംവരെ നല്ല സംവിധാനം തന്നെയായിരുന്നു അത്. കാരണം ട്രാഫിക്ക് മുറിയാതെ ഒഴുകിക്കൊണ്ടിരുന്നതിലൂടെയാണ് ബ്ലോക്ക് ഒഴിവാക്കിയത്. എന്നാൽ വൈറ്റിലയിൽ നിന്ന് തൈക്കൂടത്തെത്തി എറണാകുളത്തേക്കു തിരിയുന്ന സ്ഥലത്താണ് ഏറ്റവും ഒടുവിലത്തെ അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും ഏറെ പേർക്ക് പരിക്കേൽക്കകുയും ചെയ്തത്.

 

ബസ്സുപോലുള്ള വലിയ വാഹനമോടിക്കുന്നവർക്ക് ഇടതു വശത്തുകൂടി വളഞ്ഞ് മറികടക്കുന്ന വാഹനങ്ങളെ കാണാൻ പറ്റാത്തതാണ് ഒടുവിലത്തെ അപകടത്തിനു കാരണം. ആ വളവിലുള്ള ചെറിയ ഉയർച്ച ആ കാഴ്ചയില്ലായ്മയെ വർധിപ്പിച്ചു. ഒറ്റ നോട്ടത്തിൽ അതിലെന്തിരിക്കുന്നു എന്നു തോന്നാം. അങ്ങനെ തന്നെയാണ് പോലീസിനും തോന്നിയത്. അവിടെയൊക്കെയാണ് വിദഗ്ധരുടെ ഇടപെടൽ വേണ്ടത്. ബന്ധപ്പെട്ട വകുപ്പിലെ എഞ്ചിനീയർമാർ ഈ വിഷയങ്ങളിൽ വിദഗ്ധരാവണമെന്നില്ല. ഇത്തരം ബ്ലൈൻഡ് സ്ഥലങ്ങളുള്ള വളവുകളിൽ ഒരു സമയം ഒരു വാഹനത്തിനെ മാത്രം അനുവദിക്കുന്ന വിധം സംവിധാനം ഉണ്ടാകാണ്ടതാണ്. അതുപോല വളവിലെ ഉയരവും ചരിവും തമ്മിലുളള അനുപാതം തുടങ്ങി അനേക കാര്യങ്ങൾ പഠിക്കേണ്ടതും പരീക്ഷിച്ചു നോക്കേണ്ടതുമുണ്ട്. അതിനൊക്കെ ശേഷം മാത്രമേ നിലവിലുള്ള ട്രാഫിക് സംവിധാനത്തിൽ ചെറിയ മാറ്റങ്ങൾ പോലുമുണ്ടാക്കാൻ പാടുള്ളു. മനുഷ്യജീവൻ അത്രയ്ക്ക് വിലപ്പെട്ടതു തന്നെ.

 

വൈറ്റില മാതൃക ഒരു നല്ല പാഠം കൂടിയാണ്. ഒരു നല്ല ആശയത്തിന്റെ ആവിഷ്‌കരണമായിരുന്നു അത്. നിലവിലുള്ള സംവിധാനത്തെ പാടെ ഉപേക്ഷിച്ച് ബ്ലോക്കൊഴിവാക്കുക എന്നത്. വിശേഷിച്ചും തൃപ്പൂണിത്തുറ വരെ നീളുന്ന ബ്ലോക്കാണ് ആ പരിഷ്‌കാരം കൊണ്ട് ഒഴിവായത്. എന്നാൽ ആ തീരുമാനം നടപ്പാക്കിയതിലെ അശാസ്ത്രീയത ആ നല്ല പരിഷ്‌കാരത്തെ പരാജയപ്പെടുത്തി. ഈ തീരുമാനമെടുത്ത ചെറുപ്പക്കാരനായ പോലീസ് ഓഫീസർ മാറിച്ചിന്തിച്ചതിന്റെ ഫലമായിരുന്നു അത്. അത് അദ്ദേഹത്തിന്റെ സർവ്വീസിൽ തന്നെ ഭാരമായി മാറും. പതിവ് വഴിയിലൂടെ സഞ്ചരിക്കാൻ നിർബന്ധിതനാവുകയും ചെയ്യും. നല്ല ആശയങ്ങൾ ശാസ്ത്രീയവും അവധാനതയും കൂടി നടപ്പാക്കിയില്ലെങ്കിൽ സംഭവിക്കുന്ന കുഴപ്പമാണിത്.

Tags: