Skip to main content

theyyam

 

ഒരു നാടിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. കാരണം   എവിടെയും മനുഷ്യരാണുള്ളത്. ഇകഴ്ത്തലാകുമെങ്കിലും കണ്ണൂർ കേരളത്തിന് അപമാനമാകുകയാണെന്ന് പറയാതെ വയ്യ. പരസ്പരം വെട്ടിക്കൊല്ലുന്നവരുടെ  സമൂഹമായി മാറിയിരിക്കുന്നു കണ്ണൂർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ 48 മണിക്കൂറിനുള്ളിൽ രണ്ടു പേരെ വെട്ടിക്കൊന്നിരിക്കുന്നു. ആദ്യം വെട്ടേറ്റ് മരിച്ചത് സി.പി.ഐ.എമ്മുകാരന്‍. രണ്ടാമത്തെയാൾ ബി.ജെ.പിക്കാരൻ. ബി.ജെ.പി ഒക്ടോബർ 13ന് സംസ്ഥാനതല ഹർത്താലിന് ആഹ്വാനവും ചെയ്തിരിക്കുന്നു.

 

തൊടീലും തീണ്ടലുമൊക്കെയായി നിലനിന്നിരുന്ന ജീർണ്ണിച്ച ജാതിവ്യവസ്ഥ എത്രയോ ഭേദമാണെന്ന് തോന്നിപ്പിക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ ജനായത്ത സംവിധാനത്തിലെ പാർട്ടി വ്യവസ്ഥ. ജാതികൾ തമ്മിൽ ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നെങ്കിലും പരസ്പര പെരുമാറ്റ രീതികളിൽ ചില ബഹുമാനം പോലുമുണ്ടായിരുന്നു. ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ ഇപ്പോൾ കണ്ണൂരിൽ കാണുന്നതു പോലുള്ള പരസ്പരം വെട്ടിക്കൊലകളില്ലായിരുന്നു.

 

സി.പി.ഐ.എമ്മിൻറെ  പടുവിലായി ലോക്കൽ കമ്മറ്റി അംഗവും ബ്രാഞ്ചു സെക്രട്ടറിയുമായ കെ. മോഹനനാണ് തിങ്കളാഴ്ച വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച ബി.ജെ.പി പ്രവർത്തകൻ 29കാരനായ രമിത് വെട്ടേറ്റ് മരിച്ചു. രമിത്തിന്റെ അച്ഛനും ഇവ്വിധം 2002ൽ കൊല ചെയ്യപ്പെട്ടയാളാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഈ കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകങ്ങൾ എന്ന് വിളിക്കുന്നത് ശരിയല്ല. രാഷ്ട്രീയത്തിന് കൊലപാതകവുമായി ബന്ധമില്ല. കൊലപാതകം ഒരിക്കലും രാഷ്ട്രീയവുമാകുന്നില്ല. ഭ്രാന്തിനു സമാനമായ സാമൂഹികമായ മാനസികാവസ്ഥയുടെ ബഹിർസ്ഫുരണമാണിത്.

 

യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുകയാണ് പരിഷ്കൃത സമൂഹം സ്വീകരിക്കേണ്ട നടപടി. കണ്ണൂരിൽ പ്രാദേശികമായി കാണപ്പെടുന്ന ഈ കൊലവെറിയെക്കുറിച്ച് ശാസ്ത്രീയ പഠനം അടിയന്തിര പ്രാധാന്യമർഹിക്കുന്നു. സി.പി.ഐ.എമ്മിലെ കണ്ണൂർ മാതൃക എന്നൊരു പ്രയോഗം തന്നെയുണ്ട്. വാക്കുകളിലെ അസഹിഷ്ണുതയും കൂട്ടമായുള്ള അക്രമണോത്സുകതയുമാണത്. അതിൽ നിന്ന്  അവിടുത്തെ ബി.ജെ.പി പ്രവർത്തകരും വ്യത്യസ്തരല്ല. ഒരുതരത്തിലുള്ള ഗോത്ര സ്വഭാവത്തിന്റെ പ്രകടമായ ലക്ഷണമാണത്. ഗോത്രവൈരം പോലെയാണ് അവിടെ കൊലപാതകങ്ങൾ അരങ്ങേറുന്നത്.

 

ഗോത്ര സ്വഭാവത്തിൽ നിന്നുള്ള ദൂരമാണ് മാനവികതയിൽ ഊന്നിയുള്ള പരിഷ്കൃത സമൂഹത്തിന്റെയും മനുഷ്യന്റെയുമൊക്കെ ലക്ഷണം. രാഷ്ട്രീയവും നേതൃത്വവുമെല്ലാം പഴയ പടി തുടരുമെന്നതിനാൽ ഈ കൊലവെറിക്ക് സമീപഭാവിയിൽ മാറ്റം വരുവാൻ സധ്യതയില്ല. അതിനാൽ കണ്ണൂരിലെ സാധാരണ ജനങ്ങൾ രാഷ്ട്രീയത്തിനതീതമായി സംഘടിച്ച് ഈ വിഷയത്തെ സമീപിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ സാംസ്കാരികമായി കണ്ണൂർക്കാർ ഇകഴ്ത്തപ്പെടുന്ന അവസ്ഥയിലേക്ക് മാറുമെന്നതിൽ സംശയമില്ല.