ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ (സിസിടിവി ) ക്യാമറാ ഇന്ന് സർവ്വ വ്യാപകമാണ്. ഇത് സ്ഥാപിക്കാൻ വൻ പണച്ചിലവില്ലാത്തതും ഇവയുടെ വ്യാപകത്വത്തിന് കാരണമായിട്ടുണ്ട്. ഈ സംവിധാനം ഇല്ലാത്ത സ്ഥാപനങ്ങൾ വിരളമായിക്കൊണ്ടിരിക്കുന്നു. ഏത് ആശുപത്രിയിൽ ചെന്നാലും അവിടെ വളരെ വ്യക്തമായി എഴുതി വച്ചിട്ടുണ്ടാകും 'നിങ്ങൾ സിസിടിവി ക്യാമറാ നിരീക്ഷണത്തിലാണ്' എന്ന്. സ്വകാര്യ ആശുപത്രികളിൽ ആൾക്കാർ ചിലപ്പോഴൊക്കെ ചില പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന്റെ പശ്ചാത്തലത്തിലാകാം ആ എഴുത്ത്. പൊതുവേ പറയുകയാണെങ്കിൽ സ്ഥാപനങ്ങൾക്ക് ജനങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ ജനങ്ങൾക്ക് തിരിച്ച് അതിനുള്ള സംവിധാനമില്ല. ഏകപക്ഷീയമാണ് ഇപ്പോൾ സിസിടിവി ക്യാമറാ ഉപയോഗം.
ഏതും ഏകപക്ഷീയമാകുന്നത് വൻ ചൂഷണത്തിനു കാരണമാകും. സിസിടിവി ക്യാമറാ ഉപയോഗം ഏതാണ്ട് ആ അവസ്ഥയിലെത്തിയിരിക്കുന്നു. ഒരു പരിധി വരെ ഭീഷണിയുടെ സ്വരം പോലും ഈ ക്യാമറകൾ വഹിക്കുന്നുണ്ട്. ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ കാര്യത്തിൽ ധാരാളം ദുരൂഹതകളുള്ള മേഖലകളുണ്ട്. അവിടെ സ്ഥാപനങ്ങൾ അറിയിക്കുന്നതാണ് അന്തിമമായ കാര്യം. അതനുസരിച്ച് ഉപഭോക്താക്കൾ സേവനത്തിനുള്ള പണം നൽകണം. അത്തരത്തിൽ വലിയ ചൂഷണം നടക്കുന്ന മേഖലകളിൽ രണ്ടെണ്ണമാണ് കാറുകളുടെ സർവ്വീസ് സെന്ററുകളും ഹോട്ടലുകളും. സർവ്വീസ് സെന്റർ ഉദ്യോഗസ്ഥർ പറയുന്നത് അംഗീകരിച്ച് അവർ പറയുന്ന തുക അടയ്ക്കുകയല്ലാതെ വാഹന ഉടമകൾക്ക് ഗത്യന്തരമില്ല. അത്തരം സ്ഥാപനങ്ങളിലും ഉപഭോക്താക്കളെ നിരീക്ഷിക്കാൻ ക്യാമറകളുണ്ടാകും.
ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ സിസിടിവി ക്യാമറ കൂടി നിർബന്ധമായി ഉൾപ്പെടുത്തിക്കൊണ്ട് നിയമ നിർമ്മാണം നടത്തിയാൽ ഉപഭോക്തൃ സംരക്ഷണത്തിൽ അതൊരു വൻ നേട്ടമായിരിക്കും. ഒരു കാർ സർവ്വീസ് സെന്ററിൽ കയറുന്നതു മുതൽ അതു പണി പൂർത്തിയാക്കി പുറത്തിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങൾ പകർത്തപ്പെടുകയാണെങ്കിൽ സർവ്വീസ് സെന്ററുകാർ പറയുന്നത് അപ്പടി വിശ്വസിച്ച് മടങ്ങേണ്ട അവസ്ഥ വാഹന ഉടമകൾക്കില്ല. വാഹനങ്ങൾക്ക് അപകടങ്ങളിൽ കേട് പറ്റി നന്നാക്കാൻ കയറ്റുമ്പോൾ നടക്കുന്ന അഡ്ജസ്റ്റ്‌മെന്റുകൾ വളരെ വലുതാണ്. ഇൻഷുറൻസ് കമ്പനിയുടെ ആളുകളും സർവ്വീസ് സെന്ററിലെ സർവ്വീസ് അഡൈ്വസേഴ്‌സും ഒത്തുകളിക്കുന്ന ഒട്ടേറ സംഭവങ്ങളുടെ അനുഭവങ്ങൾ പലർക്കുമുണ്ടായിട്ടുണ്ട്. ബംബർ ടു ബംബർ എന്ന ഇൻഷുറൻസ് എടുക്കുമ്പോൾ ഉപഭോക്താവിനോട് ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത് കാറിന് എന്ത് നാശനഷ്ടം സംഭവിച്ചാലും ഈ പോളിസി പ്രകാരം മുഴുവൻ റിപ്പയറും അതിൽ ഉൾപ്പെടുമെന്നാണ്. ആ സമയത്ത് ആയിരം രൂപ മാത്രം ഉടമ അടച്ചാൽ മതിയെന്നും. എന്നാൽ വാഹനം റിപ്പയറിന് കയറ്റിയിറക്കുമ്പോൾ ചുരുങ്ങിയത് രണ്ടായിരം രൂപയെങ്കിലും സർവ്വീസ് സെന്റർ ഈടാക്കും. അതിനുതകുന്ന ന്യായങ്ങളായിരിക്കും അവർ നിരത്തുക. ചിലപ്പോൾ ഉടമയെ സഹായിക്കുന്ന വിധമായിരിക്കും സർവ്വീസ് അഡൈ്വസർ സംസാരിക്കുക. രണ്ടു ഭാഗത്ത് കേടുപാടുകൾ വന്നാൽ ഒന്നിനു മാത്രമേ കവറേജ് കിട്ടുകയുള്ളു. അതിനാൽ രണ്ട് ആക്‌സിഡന്റ് കാണിച്ച് റിപ്പയർ മുഴുവൻ ചെയ്തു എന്നൊക്കെ. അതുപോലെ വളരെ യുക്തിഭദ്രമായ കാര്യങ്ങൾ പറഞ്ഞായിരിക്കും ഈ പ്രക്രിയ. അതുപോലെ ക്ലെയിമിൽ വരാത്ത നന്നാക്കലാണെങ്കിൽ സർവ്വീസ് സ്ഥാപനം പറയുന്നതാണ് കാര്യം.
ചില സർവ്വീസ് സെന്ററുകളിൽ വാഹനങ്ങളിൽ നിന്ന് നല്ല പാർട്ട്‌സുകൾ മാറ്റി മോശം പാർട്ടുകൾ ഇടുന്ന സംഭവങ്ങളും പുതുമയുള്ളതല്ല. അതുപോലെ സർവ്വീസ് അഡൈ്വസർമാരുമായെങ്ങാനും കശപിശയുണ്ടാക്കുന്ന ഉടമായാണെങ്കിൽ ആ വ്യക്തിയുടെ വാഹനത്തിന് ഓട്ടത്തിനിടയിൽ വൻ ചിലവു വരുന്ന വിധം പണികൾ ചെയ്തുവയ്ക്കുന്നതുമൊക്കെ പതിവാണ്. ഇതെല്ലാം സംഭവിക്കുന്നത് സർവ്വീസ് സെന്ററിലെ വർക്ക്‌ഷോപ്പിലെ സ്വകാര്യതയിലാണ്. അതിന് ക്യാമറാ സംവിധാനം വരികയും ഒരു വാഹനത്തിന്റെ പ്രവേശനസമയത്ത് പാലിക്കേണ്ട പ്രോട്ടോക്കോൾ നിശ്ചയിക്കുന്ന വിധം ചട്ടങ്ങളുണ്ടാക്കുകയുമാണെങ്കിൽ ഈ ചൂഷണം അവസാനിപ്പിക്കാൻ കഴിയും.
ഏറ്റവും അടിയന്തരമായി ക്യാമറകൾ നിയമപരമായി നിർബന്ധമാക്കേണ്ട ഇടമാണ് ഹോട്ടൽ അടുക്കളകൾ. മുന്നേ മിന്നിത്തിളങ്ങുന്ന പല ഹോട്ടലുകളുടെയും അടുക്കളകളും പാചകം ചെയ്യുന്നവരുമൊക്കെ വളരെ വൃത്തിഹീനമായ അവസ്ഥയിലാണെന്നുളള ഫുഡ് സേഫ്റ്റി അധികൃതരുടെ എറണാകുളത്തെ പരിശോധനയിൽ അടുത്തിടെ തെളിഞ്ഞതാണ്. വൃണങ്ങളും മറ്റ് രോഗമുള്ളവരുമൊക്കെ പാചകക്കാരായി പണിയെടുക്കുന്നതും ഹോട്ടൽ ഉടമയോടുള്ള ദേഷ്യത്തിന് ഉപഭോക്താവിന് വിളമ്പിയ ഭക്ഷണത്തിൽ തുപ്പിയ സംഭവം വരെയും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ചേർത്തല എക്‌സ്‌റേ ജംഗ്ഷനിൽ വിമുക്തഭടൻ നടത്തുന്ന അപ്‌സര ഹോട്ടലിലെ അടുക്കളയിൽ ക്യാമറാ സ്ഥാപിച്ചിട്ടുണ്ട്. ക്യാഷ് കൗണ്ടറിലാണ് അതിന്റെ ടി വി വച്ചിട്ടുള്ളത്. ഉടമസ്ഥന് എപ്പോഴും അടുക്കളയിലെ കാര്യങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നതൊടൊപ്പം ഉപഭോക്താക്കൾക്കും അടുക്കളയിലെ ഓരോ പ്രവൃത്തിയും നേരിട്ട് കാണാൻ കഴിയുന്നു. ഇത് എല്ലാ ഹോട്ടലുകൾക്കും ബാധകമാക്കേണ്ടതാണ്. അങ്ങനെയെങ്കിൽ പരിഹരിക്കപ്പെടുക വലിയ ആരോഗ്യ പ്രശ്‌നങ്ങളായിരിക്കും. അതിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ട ആവശ്യമേ ഉള്ളു.