Skip to main content

onam pookkalam

 

മലയാളിയുടെ പ്രശ്‌നം ചിന്തയില്ലായ്മയല്ല. മറിച്ച് അധികച്ചിന്തയാണ്. അതാണ് ചിന്തയുടെ പ്രശ്‌നം. കുടുതലായാലും കുറവായാലും പ്രശ്‌നം. ചിന്തയില്ലായ്മയേക്കാൾ ഗുരുതരപ്രശ്‌നമാണ് അധിക ചിന്ത. അതാണ് മലയാളിക്ക് ഭക്ഷണമില്ലെങ്കിലും വിവാദമില്ലാതെ നിലനിൽക്കാൻ പറ്റാതെ വന്നിരിക്കുന്നത്.

 

ഓണം ഒരു പൊതിയാണ്. കാരണം അതൊരു മിത്താണ്. മിത്തുകൾ എല്ലാം പൊതിയാണ്. അതെന്തിനെ പൊതിഞ്ഞിരിക്കുന്നു എന്നാണ് അറിയേണ്ടത്. മറക്കാൻ ഇടയുള്ള കാര്യങ്ങളാണ് ഇവ്വിധം മിത്തു പൊതികളിലൂടെ ഓർമ്മിപ്പിക്കുക. ആവശ്യത്തിന് ചിന്തയെ ഉപയോഗിക്കുക എന്നതും കൂടിയാണ് ഓണം ഓർമ്മിപ്പിക്കുന്നത്. ആ പൊതിയിൽ ഭദ്രമായി പൊതിഞ്ഞുവച്ചിരിക്കുന്നതിന്റെ പൊരുൾ ഇത്രമാത്രം. വെറുപ്പും വിദ്വേഷവും ഗർവ്വും ഇല്ലാതായാൽ ഉദിച്ചുവരുന്ന ഒരവസ്ഥയുണ്ട്- സ്‌നേഹം. അതാണ് എല്ലാ സമൃദ്ധിയുടെയും ഉറവിടം. അതുതന്നെയാണ് അഹിംസയും. അതില്ലാവുന്നിടത്ത് പകയും വിദ്വേഷവും വാദിക്കാനും ജയിക്കാനും വേണ്ടി വാദവും വിവാദവും .തൽഫലമായി ദാരിദ്ര്യവും. ദാരിദ്ര്യം എന്നത് ആന്തരികമായ അവസ്ഥയാണ്. അതിൽ നിന്നാണ് ആക്രമണം അഥവാ ഹിംസ ഉടലെടുക്കുന്നത്.

 

ഓണം - തലതിരിയാതിരിക്കാനുള്ള തലതിരിയൽ

 

ഈ മിത്തിൽ പൊതിഞ്ഞു വച്ചിരിക്കുന്ന പൊരുൾ എങ്ങിനെ ഒരു ദിവസമെങ്കിലും പ്രയോഗത്തിൽ വരുത്താം? അതാണ് ഓരോ മലയാളിയുടെയും മുൻപിലുള്ള വെല്ലുവിളി. വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും. വർഷത്തിൽ ഒരു ദിവസമെങ്കിലും നേതാക്കന്മാരെങ്കിലും വിദ്വേഷം പരത്തുന്ന, അകൽച്ച വർധിപ്പിക്കുന്ന വാക്കുകളുടെ വലിച്ചെറി അവസാനിപ്പിച്ചാൽ അതിൽ വലുതായി വേറൊന്നുമില്ല. ബി.ജെ.പിക്കാർക്ക് സി.പി.ഐ.എമ്മിനോടും സി.പി.ഐ.എമ്മുമാര്‍ക്ക് തിരിച്ചും, അതുപോലെ കോൺഗ്രസ്സുകാർക്ക് ബി.ജെ.പിക്കാരോടും തിരിച്ചും തോന്നിയാൽ വർഷത്തിൽ ഒരു ദിവസമെങ്കിലും കേരളത്തിൽ ഓണത്തിന്റെ അന്തരീക്ഷം ഉണ്ടാകും. അല്ലാതെ ഓണ ദിവസം പരസ്പരം ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള പ്രസ്താവനകൾ മലയാളിയുടെ ദാരിദ്ര്യത്തെ എടുത്തു പുറത്തിട്ടു കാണിക്കുന്നതിനു തുല്യമാണ്. ഏതെങ്കിലും സന്നദ്ധ സംഘടനകൾക്ക് വേണമെങ്കിൽ കണ്ണൂരിൽ എല്ലാ രാഷ്ട്രീയപ്പാർട്ടി നേതാക്കളെയും ക്ഷണിച്ചു വരുത്തി ഒന്നിച്ചിരുത്തി ഇലയിട്ട് ഓണമുണ്ണിച്ചും ഓണപ്പൊരുളിന്റെ പ്രതീകാത്മകവും പ്രായോഗികവുമായ ആഘോഷം സംഘടിപ്പിക്കാവുന്നതാണ്. ഒരു ദിവസമെങ്കിലും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും മനസ്സിൽ സ്‌നേഹവും സന്തോഷവും ഉണ്ടാകട്ടെ. ജനായത്ത രീതിയിൽ ഓണം ജയിക്കണമെങ്കിൽ അതാണ് വേണ്ടത്. ഓണം പരാജയപ്പെട്ടാൽ മലയാളി പരാജയപ്പെട്ടുവെന്നർഥം. ഒപ്പം കേരളവും.