സിന്ധുവിന്റെ ജാതി തെരഞ്ഞവരും ട്രോളർമാരും ഒരേ തട്ടിൽ തന്നെ

Glint Staff
Sun, 21-08-2016 12:19:38 PM ;

 

പി.വി സിന്ധു ഒളിമ്പിക്‌സിൽ ബാഡ്മിന്റണിൽ വെള്ളി നേടിയ മുതൽ ഗൂഗിൾ വല്ലാണ്ട് കഷ്ടപ്പെട്ട കാര്യമാണ് സിന്ധുവിന്റെ ജാതി ഏതാണെന്ന് കണ്ടു പിടിക്കാനുള്ള തെരച്ചിൽ. തുടർന്ന് ആ ഗൂഗ്ലിംഗ്കാരെ പരക്കെ ആക്ഷേപിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളർമാർ സടകുടഞ്ഞു. തീർന്നില്ല, സിന്ധുവിന്റെ നേട്ടമറിഞ്ഞയുടൻ തന്നെ തെലുങ്കാനയും ആന്ധ്രാപ്രദേശും രംഗപ്രവേശം ചെയ്തു. സിന്ധു തങ്ങളുടെ കുട്ടിയാണെന്ന അവകാശവാദവുമായി. കാരണം സിന്ധു വളർന്നതും പഠിച്ചതും പരിശീലിച്ചതുമെല്ലാം ഹൈദരാബാദിൽ. അതേസമയം സിന്ധുവിന്റെ രക്ഷിതാക്കൾ വിജയവാഡക്കാരും. സിന്ധുവിന്റെ വെള്ളി ഉറപ്പായപ്പോൾ അച്ഛനും അമ്മയും നാട്ടിലുള്ള കോവിലിലെത്തി തൊഴുതു. അതിൽ നിന്ന് ഹിന്ദുവാണെന്നുള്ള കാര്യം ഉറപ്പ്. എന്നിട്ടും ഹിന്ദുവിൽ ജാതിയേതെന്നാണ് ഗൂഗിൾ തിരച്ചിൽകാർക്കറിയേണ്ടത്. എന്തായാലും, ഏതു നാടിന്റെ കുട്ടിയാണെന്നുള്ള ചോദ്യം സിന്ധുവിന്റെ അമ്മയുടെ നേർക്കുമുണ്ടായി. അവരതിന് വളരെ നയതന്ത്രപരമായ മറുപടി നൽകി. സിന്ധു പ്രാഥമികമായി ഇന്ത്യാക്കാരിയാണ്.

 

മനുഷ്യനിൽ അവശേഷിക്കുന്ന ഗോത്രസംസ്‌കാരത്തിന്റെ സ്വാധീനമാണ് കൂട്ടം ചേർന്ന് സുരക്ഷിതത്വം ഉറപ്പിക്കാനുള്ള ത്വര. ഈ ത്വരയാണ് ഏത് പ്രസ്ഥാനത്തിലും ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതും മൂന്നു സഹോദരങ്ങൾ മാത്രമേ മക്കളായുള്ളുവെങ്കിൽ പോലും രണ്ടു പേർ ചേർന്ന് ചേരി രൂപീകരിക്കാനുമൊക്കെയുള്ള കാരണങ്ങൾ. ഉള്ളിലെ പോരായ്മാ -അരക്ഷിതത്വ ബോധം അഥവാ അനുഭവപ്പെടുന്ന ശൂന്യത നിറച്ച് ധൈര്യമുണ്ടാക്കാനുള്ള ശ്രമമാണ് സൂക്ഷ്മതലത്തിൽ അവിടെ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ കൂട്ടത്തിന് കിട്ടുന്ന തിളക്കത്തിലും കൂട്ടത്തിലെ അംഗങ്ങൾ സന്തോഷിക്കുന്നു. മറ്റ് കൂട്ടം ഉള്ളതുകൊണ്ടാണ് ഒരു കൂട്ടം നിലനിൽക്കുന്നതെന്ന് ആലോചിച്ചാൽ തന്നെ ആ ഗോത്രസംസ്‌കാരത്തിന്റെ സൂക്ഷ്മ ധാതുക്കൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ കഴിയുന്നതേ ഉളളു. ഈ ധാതുലവണപ്രക്രിയയാണ് ജാതിയിലും മതത്തിലുമൊക്കെ പ്രവർത്തിക്കുന്നത്. അസുരക്ഷിതത്വബോധത്തിൽ നിന്ന് രക്ഷ നേടാനുള്ള ഗോത്രസ്വഭാവ ശ്രമം. ഈ അംശങ്ങളുടെ അവശേഷിപ്പുതന്നെയാണ് സിന്ധുവിന്റെ ജാതി അറിയാൻ തിരഞ്ഞ ഓരോരുത്തരേയും പ്രേരിപ്പിച്ചത്. ഏറ്റവും വലിയ രസം ഈ അന്വേഷണത്തെ അപഹസിക്കുകയും കുറ്റപ്പെടുത്തിയും കൊണ്ട് ട്രോൾ ചെയ്തവർ കരുതുന്നത് തങ്ങളിൽ ജാതി-മത ചിന്ത ഇല്ലെന്നുള്ളതാണ്. ബൗദ്ധികമായി അവർ അങ്ങനെ ചിന്തിക്കുന്നുണ്ടാകും. എന്നാൽ അവരിലും ആ ചിന്ത മനുഷ്യന്റെ വാലറ്റം നട്ടെല്ലിന്റെ  അടിയിൽ അവശേഷിക്കുന്നതുപോലെ കിടപ്പുണ്ട്. സ്വയം ചോദിച്ചു നോക്കിയാൽ അതറിയാൻ കഴിയുന്നതേ ഉള്ളു.

 

ജാതി തിരഞ്ഞവരെ മോശക്കാരാക്കിയ ട്രോളർമാർ ഏർപ്പെട്ട പ്രവൃത്തിയും ജാതി ചിന്തയുടെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഘടകപ്രേരണയാൽ തന്നെ. ജാതി ചോദിച്ചവർ മോശക്കാർ, ഞങ്ങൾ കേമർ എന്ന വേർതിരിവ്. ജാതി ചോദിച്ചവരും നമ്മുടെ സഹജീവികൾ എന്ന കാഴ്ചയിലേക്ക് അവർക്കും എത്താൻ കഴിയാത്തത് ഈ വേർതരിവ് ചിന്ത അവശേഷിക്കുന്നതിനാലാണ്. അത് ഗോത്രസംസ്‌കാരത്തിൽ നിന്ന് നിന്നു പിൻപറ്റിയതും. ആ സംസ്‌കാരത്തിന്റെ വലിയ രൂപമാണ് നമ്മുടെ രാജ്യസ്‌നേഹവും. അതുകൊണ്ടാണ് അയൽ രാജ്യത്തോടുള്ള ശത്രുതയെപ്പോലും രാജ്യസ്‌നേഹമായി കാണുന്നത്. രാജ്യസ്‌നേഹം എല്ലാവർക്കും വേണ്ടതാണ്. ജീവിക്കുന്ന സ്ഥലത്തെയും ആ പ്രകൃതിയെയും അറിഞ്ഞ് അവയെ ആശ്രയിച്ച് അവയെ പോഷിപ്പിച്ച് തങ്ങളുടെ സംസ്‌കാരത്തിന്റെ പ്രതിരോധ ശേഷിയെ വർധിപ്പിക്കുന്നതിന് ഉതകുന്ന രാജ്യസ്‌നേഹം അനിവാര്യമാണ്. സംസ്‌കാരത്തിലാണ് മനുഷ്യജീവിതം പൊതിഞ്ഞുവച്ചിരിക്കുന്നത്. എല്ലാ സംസ്‌കാരങ്ങളും ജനതയും ആ രാജ്യസ്‌നേഹ സംസ്‌കാരത്തിലേക്കു നീങ്ങിയിരുന്നെങ്കിൽ ഇന്ന് ഭൂമി ഇവ്വിധം ചുട്ടുപൊള്ളില്ലായിരുന്നു. മനുഷ്യനുൾപ്പടെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയുണ്ടാവില്ലായിരുന്നു.

 

സ്വന്തം അമ്മയെ സ്‌നേഹിക്കുന്നതിലൂടെ മാത്രമേ ഒരു വ്യക്തിക്ക് മാതൃത്വത്തിന്റെ ശക്തിയും സ്‌നേഹവും തിരിച്ചറിയാൻ കഴിയൂ. സ്വന്തം അമ്മയോട് നിർവ്യാജ സ്‌നേഹമുള്ള വ്യക്തി ദേശഭേദമില്ലാതെ എല്ലാ അമ്മമാരോടും സ്ത്രീകളോടും ബഹുമാനവും സ്‌നേഹവുമുള്ള വ്യക്തിയായി രൂപപ്പെടും. അതാണ് ഗോത്ര സംസ്‌കാരത്തിന്റെ സങ്കുചിതത്വത്തിൽ നിന്ന് മനുഷ്യൻ മാനവികതയിലേക്കു വികാസം പ്രാപിക്കുമ്പോൾ സംഭവിക്കേണ്ടത്. അപ്പോഴാണ് അരക്ഷിതത്വബോധത്തിൽ നിന്ന് മനുഷ്യൻ മുക്തനായി മാനവികത എന്ന സാംസ്‌കാരിക ഭൂമികയിലേക്ക് അവനും അവളും പ്രവേശിക്കുക. അങ്ങനെയാണ് സ്വാതന്ത്ര്യം സംസ്‌കാരമായി മാറുന്നത്.

 

സിന്ധുവിന്റെ ജാതി തിരയിലിനെ ചില മുഖ്യധാരാ പത്രങ്ങളും വലിയ വാർത്തയായി കൊടുക്കുകയുണ്ടായി. ഇന്ത്യൻ ജനത എവിടെ നിൽക്കുന്നു എന്നാണ് ആ സ്വഭാവം കാണിക്കുന്നത്. ജാതിയും മതവും രാഷ്ട്രീയലാഭത്തിനുപയോഗിക്കപ്പെടുന്ന ഇന്ത്യൻ പശ്ചാത്തലത്തിൽ ഈ പ്രവണത വർധിക്കുകയേ ഉള്ളു. രാഷ്ട്രീയ പാർട്ടികളും രാഷ്ടീയത്തെ മുഖ്യ ജീവവായുവായി കാണാതെ പ്രാകൃത ഗോത്രസംസ്‌കാര സംസ്‌കൃതിയിലാണ് അവരുടെ പ്രവർത്തനം അനുദിനം വ്യാപിപ്പിക്കുന്നതും പുത്തൻ കൂട്ടായ്മകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതും. മതേതരത്വത്തെ പറ്റി പ്രസംഗിക്കുകയും സെമിനാറുകളും ലേഖനങ്ങളും എഴുതി നിലനിന്നു പോകുന്ന രാഷ്ട്രീയ പാർട്ടികളും ഈ ഗോത്രസംസ്‌കാരത്തെ തന്നെയാണ് രാഷ്ട്രീയ മാർഗ്ഗമായി തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് അവലംബിക്കുന്നത്.

 

സിന്ധുവിന്റെ ജാതി തിരക്കിയവർ അവരെ പ്രോത്സാഹിപ്പിക്കുന്നതിനോ അല്ലെങ്കിൽ അവരെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്നതിനോ ഒന്നുമല്ല അങ്ങനെ ചെയ്യുന്നത്. അവർ ഏതാണെന്നറിയുമ്പോൾ തങ്ങളുടേതാണെങ്കിൽ ഒരു സുഖം തോന്നൽ. തങ്ങളുടെ സത്വബോധത്തിന് ഇത്തിരി മികവ് കിട്ടിയതു പോലയുള്ള ആസ്വാദനം. അത്രയേ ഉള്ളു. ഈ സുഖമേഖലയെയാണ് രാഷ്ട്രീയപാർട്ടികൾ പലപ്പോഴും വോട്ടു നേടുന്നതിനു വേണ്ടി ജാതിയുടെ പേരിൽ ഉപയോഗിക്കുന്നത്. അതിനാൽ സിന്ധുവിന്റെ ജാതി തിരക്കിയവരിൽ മോശം കാണുന്നവർ സ്വന്തം മോശത്തരത്തിലേക്കു തന്നെയാണ് നോക്കുന്നത്. അതവർ അറിയുന്നില്ലെന്നു മാത്രം. ജാതി ചിന്തയില്ലാത്ത വ്യക്തിക്ക് ആ തിരച്ചിലിൽ കുറ്റപ്പെടുത്താനുള്ള താൽപ്പര്യം ജനിക്കില്ല. ആ അവസ്ഥയിലേക്ക് ഉയരുമ്പോൾ മാത്രമേ മനുഷ്യൻ അവന്റെ സംസ്‌കാരത്തിലേക്കും പ്രകൃതത്തിലേക്കും ഉയരുകയുള്ളു. അല്ലാതെ ജാതി തിരയുന്നവരെ ആക്ഷേപിക്കുന്നതല്ല സാംസ്‌കാരിക ലക്ഷണം. അത് ഇന്ത്യയിൽ പുരോഗമനമെന്നവകാശപ്പെടുന്ന രാഷ്ട്രീയപ്പാർട്ടികൾ സ്വയം പുരോഗമനത്തിൻറെ ഭാഗത്താണെന്ന് ധരിക്കുന്നതിനും ധരിപ്പിക്കുന്നതിനും വേണ്ടി നടപ്പാക്കിയ എളുപ്പവിദ്യയുടെ സംസ്‌കാരമാണ്.

Tags: