ഗോവധ നിരോധനവും പ്രതിരോധവും വഴിമുടക്കിയത് ദളിതരുടെ ജീവിതം

Glint Staff
Sun, 14-08-2016 02:31:28 PM ;

cows in slaughter house

 

ഗംഗ മലിനമാകാൻ കാരണം വളരെ ലളിതമാണ്. രാജ്യത്തിന്‍റെ സാംസ്‌കാരിക പൈതൃകത്തിൽ വന്ന ച്യുതിയും തുടർന്നുണ്ടായ അനാചാരങ്ങളും. ഗംഗ പോലെ ഒഴുകുന്ന രാജ്യസംസ്‌കാരത്തിൽ വന്ന മാലിന്യമാണ് ഗംഗയെ മലിനമാക്കിയത്. സാംസ്‌കാരികമായി രാജ്യത്തെ മലിനമുക്തമാക്കാൻ പ്രവർത്തിക്കാൻ ബാധ്യസ്ഥപ്പെട്ടവർ തന്നെ അവയിലേക്ക് കൂടുതൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ചില വിഷയങ്ങൾ അനുപാത രഹിതമായി ഉയർത്തുമ്പോൾ സംഭവിക്കുന്നതതാണ്. ഇന്ത്യയിൽ എപ്പോഴും അസ്വസ്ഥതയുടെ അന്തരീക്ഷം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന ബാഹ്യശക്തികൾക്ക് ഇത്തരം സംഭവങ്ങൾ ആളിക്കത്തിക്കാനും വിഭാഗീയതയിൽ നിന്ന് വിഭാഗീയതയിലേക്ക് സമൂഹത്തെ കൊണ്ടുപോകുന്നതില്‍ വിജയിക്കാനും കഴിയുന്നു. ഒടുവിൽ ആ വിഷയം കെട്ടടങ്ങുമ്പോൾ മാലിന്യത്തിന്‍റെ തോത് വർധിക്കുകയും അതിന്‍റെ പ്രത്യാഘാതം സമൂഹത്തിലെ താഴെക്കിടയിൽ നിൽക്കുന്നവർ അനുഭവിക്കുകയും ചെയ്യുന്നു. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗോവധം.

 

അനാചാരങ്ങളിൽ മുഴുകി ജീവിക്കുന്ന സമൂഹം അന്ധകാരത്തിലാണ്. ഉത്തർ പ്രദേശിലെ ദാദ്രി സംഭവത്തെ തുടർന്ന് ഗോവധം ഒരു ജ്വരം പോലെ പടരുകയായിരുന്നു. ഒരു ഭാഗത്ത് പഴയതിനേക്കാൾ വർധിതമായ രീതിയില്‍ ഗോഭക്തി, മറുഭാഗത്ത് അതിനെതിരെയുളള ചെറുത്തു നിൽപ്പും. കേരളത്തിൽ സി.പി.ഐ.എമ്മും അവരുടെ യുവജന-വിദ്യാർഥി വിഭാഗവുമൊക്കെ ഈ വിഷയം കാൽപ്പനിക രീതിയിലേക്ക്  ഉയർത്തിക്കൊണ്ടുവരാനും അതിന്‍റെ പേരിൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി. ഇതു  കേരളത്തിൽ ഒരു വിഷയമായി മാറുകയാണെങ്കിൽ വിചാരിക്കാത്ത വിധം ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നു കണ്ടാണ് മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ തുടക്കത്തിലെ തന്നെ അതൊരു വലിയ വിഷയമല്ലെന്നും വെറുതെ ആളിക്കത്തിക്കരുതെന്നും അഭിപ്രായപ്പെട്ടത്. എന്നാൽ ബീഫുത്സവവും മറ്റുമായി പ്രതിഷേധം ഒരു ഹിസ്റ്റീരിയ പോലെ കേരളത്തിൽ പടർന്നു. എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും സ്ഥിരമായി ഇറച്ചി വിൽപ്പന നടത്തിയിരുന്ന കടകളിൽ നിന്ന് ബീഫ് അപ്രത്യക്ഷമായി. ചിലയിടങ്ങളിൽ രഹസ്യമായി മാത്രം ബീഫ് നൽകി. ഇപ്പോൾ ആ അവസ്ഥ മാറി പഴയപടി തന്നെ ആയിട്ടുണ്ട്.

 

ഗോരക്ഷകർക്കും ആവേശം നൽകിയത് വ്യാപകമായ പ്രതിഷേധമാണ്. കാരണം ഗോവധവിഷയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഭരണഘടനാ നിർമ്മാണ വേളയിൽ പോലും അക്കാര്യത്തിൽ തീർപ്പാകാതെ അതിനെ വിടുകയാണ് ചെയ്തത്. അതേസമയം ഗോവധനിരോധന ലക്ഷ്യത്തെ സൂചിപ്പിക്കുകയും ചെയ്തു. എതിർപ്പിന്‍റെ രസതന്ത്രത്തിൽ ഗോരക്ഷക്കാർക്ക് പുതിയ ആവേശം സംജാതമായി. അതിന്‍റെ പ്രതിഫലനങ്ങളാണ് ഗോരക്ഷയുടെ പേരിൽ രാജ്യത്തിനു മാത്രമല്ല മനുഷ്യരാശിക്കു തന്നെ അപമാനകരമായ സംഭവങ്ങൾ രാജ്യത്തിന്‍റെ പല ഭാഗത്തു നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടത്.

 

ഗോവധ വിഷയം ആരംഭിച്ചത് ന്യൂനപക്ഷ വിഷയം ഉൾപ്പെട്ടായിരുന്നുവെങ്കിൽ ഇപ്പോളത് സവർണ്ണ-ദളിത് വിഷയമായി പരിണമിച്ചിരിക്കുന്ന കാഴ്ചയാണ് ഉള്ളത്. അതാകട്ടെ ദളിതരുടെ ജീവിതവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്ന വിഷയവും. അപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ തന്‍റെ മൗനം വെടിഞ്ഞ് ഗോരക്ഷകർ വെറും ഗുണ്ടകളും കുറ്റവാളികളുമാണെന്ന് പ്രഖ്യാപിച്ചത്. അതോടെ ഗോവധ വിവാദം മെല്ലെ രാഷ്ട്രീയ വാചാടോപ പ്രചണ്ഡതയിൽ നിന്ന് മുക്തമായി. കോൺഗ്രസ്സിനും ഇപ്പോൾ ആ വിഷയം പഴയ പടി എടുത്തടിക്കാൻ ധൈര്യമില്ല.

 

രാജ്യത്തെ കയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് തോലിനങ്ങളുടേത്. അതിന്‍റെ പിന്നിലെ പ്രാരംഭ തൊഴിൽ മുഴുവൻ തന്നെ ഇന്ത്യയിലെ ദളിതരിൽ നിക്ഷിപ്തമാണ്. ഗോവധത്തിന്‍റെ പേരിൽ ഗോരക്ഷക്കാരിൽ നിന്ന് ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ പലയിടങ്ങളിലും ചത്ത പശുവിന്‍റെ തോലുരിക്കുന്ന പ്രവൃത്തിയിൽ നിന്ന് ദളിതർ പ്രതിഷേധ സൂചകമായി പിൻവാങ്ങാൻ തുടങ്ങി. ആ സമയത്താണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വരുന്നത്.

 

ചരക്കു സേവന നികുതി സംബന്ധിച്ച നിയമം പാസ്സാക്കുന്നതിന് ബി.ജെ.പിയും കോൺഗ്രസ്സും ഒന്നിച്ചിരിക്കുകയും ഒന്നിക്കുകയും ചെയ്തു. അതുപോലെ ഈ വിഷയം അവർ ഒന്നിച്ചിരുന്നു പരിഹരിക്കണമെന്നാണ് ദളിത് അവകാശ സംരക്ഷണ നേതാവായ പ്രൊഫ. കാഞ്ച ഇലയ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ആ സമീപനം തന്നെയാണ് വേണ്ടതെന്ന് പ്രധാനമന്ത്രിയെ വിമർശിക്കുമ്പോഴും കോൺഗ്രസ്സും ഇപ്പോൾ പങ്കു വയ്ക്കുന്നത്. കാരണം ഇന്ത്യയിലെ ദളിതരുടെ ജീവിതത്തെയും രാജ്യത്തിന്‍റെ സമ്പദ് ഘടനയെയും ബാധിക്കുന്ന തലത്തിലേക്ക് വിഷയം പരിണമിച്ചു. പ്രധാനമന്ത്രി വിഷയങ്ങളിൽ രാഷ്ട്രീയമായ നിലപാട് പ്രഖ്യാപിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയായതിനാൽ പ്രഖ്യാപനത്തിനു ശേഷം കർമ്മ പരിപാടി ആവിഷ്കരിക്കാനും ബാധ്യസ്ഥനാണ്.  ആ ദിശയിലേക്ക് നടപടികൾ ഇതുവരെ കണ്ടു തുടങ്ങിയിട്ടില്ല. ഗോവധം വിഷയമാക്കിയ നേതാക്കളേയും ഇപ്പോൾ രംഗത്തു കാണാനില്ല. സി.പി.ഐ.എമ്മിന്റേതുൾപ്പടെ. ദുരിതമനുഭവിക്കുന്നത് ഉപജീവനം വഴിമുട്ടിയ ജനതയും, ഗംഗയെപ്പോലെ രാഷ്ട്രീയ മാലിന്യം പേറി. ആ വിഷയം ഗോവധ വിഷയം ഉയർത്തിപ്പിടിച്ചവരാരും തന്നെ ഉയർത്തിക്കാട്ടുന്നതുമില്ല. ഇവിടെയാണ് വിദേശ ഹസ്തങ്ങളുടെ കാണാക്കൈകളുടെ ബുദ്ധിപരമായ ഇടപെടലുകൾ കാണാൻ കഴിയുന്നത്. വിദേശഹസ്തങ്ങളെ അതിന് പഴി പറഞ്ഞിട്ട് കാര്യമില്ല. അതെപ്പോഴും ഉണ്ടാകും. പ്രതിരോധ ശക്തി വർധിപ്പിക്കേണ്ടത് രാജ്യത്തെ ജനതയും അവരുടെ നേതാക്കളുമാണ്.

Tags: