കോടിയേരി ബാലകൃഷ്ണൻ റിഡക്സ്

Glint Staff
Mon, 25-07-2016 08:47:39 PM ;

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഞായറാഴ്ച പയ്യന്നൂരിൽ നടത്തിയ പ്രഖ്യാപനം കോടിയേരിയുടെ പഴയ മുഖം പ്രകടമാക്കുന്നു. പ്രത്യക്ഷത്തിൽ ആർ.എസ്.എസ്സിനെതിരെയാണെന്നും അണികളെ അക്രമത്തിനു പ്രേരിപ്പിക്കുകയുമാണെന്നും വ്യാഖ്യാനിക്കപ്പെടാം. എന്നാൽ പരോക്ഷമായി തെളിയുന്നതാണ് പ്രധാനം. പ്രതിപക്ഷ ഉപനേതാവായിരുന്നതുവരെ ഉണ്ടായിരുന്ന തീപ്പൊരി മുഖം കോടിയേരി പുറത്തെടുത്തിരിക്കുന്നു. രണ്ടാമത്, മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള പോലീസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നു. വയലിലെ പണിക്കു വരമ്പത്ത് കൂലി എന്ന് ആർ.എസ്.എസ്സിനെ ഓർമ്മിപ്പിക്കുക വഴി നിയമം കയ്യിലെടുക്കാൻ അണികളെ ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായിയെ വല്ലാതെ ബുദ്ധിമുട്ടിലാക്കുകയാകും ചെയ്യുന്നത്.

മുഖ്യമന്ത്രിയെ ദുർബലമാക്കുന്ന വിധത്തിൽ കോടിയേരി എന്തുകൊണ്ട് ശക്തി പ്രകടമാക്കി പഴയതെങ്കിലും പുതിയ മുഖം അനാവരണം ചെയ്യുന്നു എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയതിനു ശേഷമാണ് കോടിയേരിക്ക് പൊതുവേ ശാന്തൻ, തണുപ്പൻ പ്രകൃത മുഖമുദ്ര വീണത്. പിണറായി മുഖ്യമന്ത്രി ആയ ശേഷവും ആ പ്രതിഛായ തുടരുകയായിരുന്നു. ഒരു പരിധിവരെ അത് കോടിയേരിക്ക് പിണറായിയോടുള്ള വിധേയത്വമായിപ്പോലും വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. ഇപ്പോൾ അതെല്ലാം ഒറ്റ പ്രസംഗം കൊണ്ട് കോടിയേരി ഉപേക്ഷിച്ചിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി ആയാലും പാർട്ടക്കതീതനല്ല എന്ന സന്ദേശം അദ്ദേഹത്തിന് വ്യക്തമാകുന്ന ഭാഷയിൽ പറയുന്നതിനപ്പുറത്തേക്ക് കോടിയേരിയുടെ പ്രഖ്യാപനം വ്യാപിച്ചു നിൽക്കുണ്ട്. പിണറായിയുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ പാർട്ടിക്ക് ബാധ്യതയും സർക്കാരിന്റെ സൽപ്പേരിന് കോട്ടം തട്ടുന്ന വിധവുമായതിനു പിന്നാലെയുമാണ് കോടിയേരിയുടെ നിലപാട് മാറ്റം എന്നതും ശ്രദ്ധേയമാണ്. അഡ്വ.എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കിയതും, പിന്നീട് ആ തീരുമാനം പിൻവലിച്ചപ്പോഴും അത് ന്യായീകരിക്കേണ്ടി വന്നതിൽ വല്ലാതെ ബുദ്ധിമുട്ടിയതും പാർട്ടി സെക്രട്ടറി കോടിയേരിയാണ്.

കോടിയേരിയും പിണറായിയും തമ്മിൽ അകലുമ്പോഴും പാർട്ടി അണികൾക്ക് കോടിയേരി ആവേശം പകരുകയും ചെയ്യുമ്പോൾ പാർട്ടിയുടെ മേലുളള സ്വാധീന നഷ്ടമാണ് അത് സൂചിപ്പിക്കുന്നത്. വി എസ് അച്യുതാനന്ദനെപ്പോലെ പൊതുസമൂഹ പിന്തുണ പിണറായിക്കില്ലാത്തതും കോടിയേരിക്ക് അനുകൂല ഘടകമായി മാറുന്നുണ്ട്. പുതിയ പോർ സമവാക്യം പാർട്ടിയിൽ രൂപപ്പെട്ടാൽ അത് വി.എസ് -പിണറായി വിഭാഗീയത പോലെയാകില്ല.

Tags: