കേരളസമൂഹത്തിന്റെ ഇരിപ്പുനിലയും സി.പി.ഐ.എമ്മും

Glint Staff
Sat, 11-06-2016 02:34:28 PM ;

 

കഴിഞ്ഞകാലം തൂങ്ങിക്കിടക്കാനുള്ളതല്ല. ചവിട്ടിക്കയറാനുള്ളതാണ്. പറ്റിയത് തെറ്റുകളാണെങ്കിൽ അത് തിരിച്ചറിയുകയാണ് തിരുത്തൽ എന്ന്‍ പറയുന്നത്. ആ തലത്തിൽ തിരുത്തലിന്റെ തുടക്കമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ജനവിരുദ്ധമായ ശീലത്തിലേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ ക്ഷണിക്കലും ആ ശീലം മാറ്റാനുള്ള ശ്രമങ്ങളും. അര നൂറ്റാണ്ടിലേറെയായി കേരള സമൂഹത്തിന്റെ പൊതുസ്വഭാവത്തിന്റെ ഇരുപ്പുനില (Benchmark) നിശ്ചയിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് സി.പി.ഐ.എമ്മാണ്. ഇടതുപക്ഷത്തെ നിർണ്ണയിച്ചതും നിർവചിച്ചതും സി.പി.ഐ.എം തന്നെ. എന്തിനുവേണ്ടിയാണോ യാതൊന്ന് നിലവിൽ വന്നത് അത് വിസ്മരിച്ച് നിലവിൽ വന്നതിന്റെ നിലനിൽപ്പും വളർച്ചയും മുഖ്യലക്ഷ്യമായതാണ് ഒറ്റവാചകത്തിൽ പറഞ്ഞാൽ സി.പി.ഐ.എം ഇന്ന്‍ നേരിടുന്ന ജീർണ്ണതയുടെ അടിസ്ഥാന കാരണം. ഈ സ്വഭാവമാണ് കേരളത്തിലെ എല്ലാ സർവ്വീസ് സംഘടനകളും തൊഴിലാളി സംഘടനകളും പിൻപറ്റിയത്. സ്വാഭാവികമായി അത് ജനവിരുദ്ധമായി. സർവ്വീസ് സംഘടനകളുടെ പെരുമാറ്റത്തിന്റെ ഇരിപ്പുനിലയും നിശ്ചയിച്ചത് ഇടതുപക്ഷ സംഘടനകളാണ്. കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയുമുൾപ്പടെയുള്ള സംഘടനകൾ അതിനാൽ ആ സ്വഭാവത്തെ പിൻപറ്റി. സംഘടിതമായ ആ കൂട്ടായ്മയിൽ ജീവനക്കാർ തങ്ങളുടെ ഉത്തരാവാദിത്വം മറന്നു. തങ്ങളുടെ താൽപ്പര്യം മാത്രം ലക്ഷ്യമായി. സംഘടനാബന്ധം ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കപ്പെടാതിരിക്കാനുള്ള അവകാശവും അധികാരവുമെന്നോണം പരിണമിക്കപ്പെട്ടു. അത് ശീലമായി.

 

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പോരായ്മകൾ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ ആ സ്വരത്തിൽ തങ്ങൾക്കു പറ്റിയ തെറ്റിന്റെ തെളിയാത്ത, എന്നാൽ വായിച്ചെടുക്കാവുന്ന തരത്തിലുള്ള എഴുത്തുകൾ കാണാൻ കഴിയും. അവസരത്തിലും അനവസരത്തിലും ഈ സംഘടനകളുടെ നിലപാടുകൾ ജനദ്രോഹമായി. അത് ജനങ്ങളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ അകറ്റി. ഈ അകലവും സർക്കാരുദ്യോഗസ്ഥരെക്കുറിച്ചുള്ള പൊതുമനോഭാവവും അഴിമതിയുടെ വർധനയിലും പങ്കു വഹിച്ചിട്ടില്ലേ എന്ന്‍ ചിന്തിച്ചുകഴിഞ്ഞാൽ കാണാൻ പറ്റും. അല്ലെങ്കിൽ ഇത്രയും സുശക്തമായ സംഘടനാ ബലമുള്ള കേരളത്തിൽ സർക്കാരുദ്യോഗസ്ഥരുടെയിടയിൽ ഇത്രയും കൊടിയ രീതിയിലുള്ള അഴിമതി ഉണ്ടാകുമായിരുന്നില്ല.

 

 

സർക്കാർ ഉദ്യോഗസ്ഥരും ജനങ്ങൾ തന്നെ. അവർ അന്യരല്ല. അതിനാൽ സമൂഹത്തിലെ പൊതുസ്വഭാവത്തിന്റെ പ്രതിഫനം തന്നെയാകും അവരിലും പ്രതിഫലിക്കുക. അവിടെയാണ് മലയാളിയുടെ പൊതുസ്വഭാവത്തിന്റെ ഇരിപ്പുനില നിശ്ചയച്ചതിൽ സി.പി.ഐ.എമ്മിനുള്ള പങ്ക് പ്രസക്തമാകുന്നത്. സർക്കാർ ജീവനക്കാരിൽ മാത്രമായി മാറ്റം വരുത്താൻ പ്രയാസമാണ്. എന്നിരുന്നാലും അധികാരമുപയോഗിച്ച് ശീലങ്ങൾ മാറ്റാനും ഉത്തരവാദിത്വം വർധിപ്പിക്കാനും ഭരണാധികാരികൾക്ക് കഴിയും. ഇവിടെ മുഖ്യമന്ത്രി അതിനുള്ള തുടക്കമിട്ടിരിക്കുന്നു. ആ നടപടിയിലൂടെ ആ മാറ്റത്തിന്റെ തുടർച്ച തന്റെ പ്രസ്ഥാനത്തിലൂടെ വിന്യസിച്ച് പുതിയ ഇരിപ്പുനില തിരുത്തലിന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രിക്കു കഴിയും. കഴിയണം. അവിടെയാണ് രാഷ്ട്രീയം സക്രിയമാകുന്നത്. അതായിരിക്കും ജീർണ്ണത നേരിട്ടുകൊണ്ടിരിക്കുന്ന സി.പി.ഐ.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളേയും വരും നാളുകളിൽ കരയകയറ്റാനുള്ള മാർഗ്ഗവും.

 

ചില ശീലങ്ങൾ ബോധപൂർവ്വം മാറ്റാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി വിജയന്റെ ഭാഗത്തു നിന്നും പ്രകടമാകുന്നുണ്ട്. അത് സ്വാഗതാർഹം തന്നെ. അതിൽ തന്റെ തന്നെ പ്രസ്ഥാനത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും വർത്തമാനകാലത്തിലേക്കുള്ള നേർനോട്ടവും പ്രകടമാകുന്നുണ്ട്. രാഷ്ട്രീയമാണ് സമൂഹ സ്വഭാവത്തെ നിശ്ചയിക്കുന്നത്. അതു ചിലപ്പോൾ അപൂർവ്വം അവസരങ്ങളിൽ വിപരീത ദിശയിൽ സഞ്ചരിക്കും. സഞ്ചരിക്കേണ്ടി വരും . അതും രാഷ്ട്രീയമാണ്. കാഴ്ചപ്പാടുകളിൽ നിന്ന്‍ പ്രവൃത്തികൾ ഉണ്ടാകുന്നതുപോലെ പ്രവൃത്തികളിൽ നിന്ന്‍ കാഴ്ചപ്പാടുമുണ്ടാകുന്ന അവസ്ഥാവിശേഷം. ഇത് എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുമെങ്കിലും ചില ചരിത്രഘട്ടങ്ങളിൽ രണ്ടാമത്തേതിന് കൂടുതൽ പ്രസക്തി വരും. അത്തരം ഒരു ഘട്ടത്തിൽ കൂടിയാണ് മലയാളിയും കടന്നുപോകുന്നത്. അത് മുഖ്യമന്ത്രി മനസ്സിലാക്കിയ ലക്ഷണങ്ങളുടെ ലാഞ്ചനകൾ ഉച്ചത്തിൽ തന്നെയുണ്ട്. അത് മുഖ്യമന്ത്രി തിരിഞ്ഞുനോക്കുന്നതിന്റെ ഫലം തന്നെയാകാനാണ് സാധ്യത. തന്റെ പ്രസ്ഥാനസ്വാധീനത്തിലൂടെ സർവ്വീസ് സംഘടനകളെ നവീകരിക്കുന്നതിനേക്കാൾ എളുപ്പം ഇപ്പോൾ സർവ്വീസ് സംഘടനകളുടെ പ്രവർത്തനമാറ്റത്തിലൂടെ തന്റെ പ്രസ്ഥാനത്തിലേക്കും അതുവഴി സമൂഹത്തിലേക്കും മാറ്റങ്ങൾ കൊണ്ടുവരാൻ അനുയോജ്യമായ സാഹചര്യമാണ് പിണറായി വിജയന് കൈവന്നിരിക്കുന്നത്. നിശ്ചയദാർഢ്യമുള്ള ഭരണാധികാരിയായ പിണറായി വിജയന് അത് സാധിക്കുമെന്ന്‍ കരുതാം.

Tags: