അയ്യായിരത്തിലേറെ സ്കൂളുകളാണ് അടച്ചുപൂട്ടൽ നേരിടുന്നത്. അത് കേരളം നേരിടുന്ന പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നത്തിന്റെ ഫലമാണ്. അതിനു പരിഹാരം അടച്ചുപൂട്ടൽ നേരിടുന്ന സ്കൂളുകൾ സർക്കാർ ഏറ്റെടുക്കലല്ല. ആ പ്രശ്നം എന്താണെന്ന് ഒരു വിധ മുൻവിധികളുമില്ലാതെ പഠിച്ച് കാരണം കണ്ടെത്തി അനുയോജ്യമായ പരിഹാരമാണ് കണ്ടെത്തേണ്ടത്. ഇത് വൈകാരികമായി നേരിടാനുള്ള വിഷയവുമല്ല. ഇപ്പോൾ മലാപ്പറമ്പ് സ്കൂൾ സംരക്ഷണ സമിതിയും മാദ്ധ്യമങ്ങളും ബന്ധപ്പെട്ട എല്ലാവരും തന്നെ ഇതിനെ വൈകാരികമായാണ് സമീപിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിൽ സർക്കാരും സ്കൂൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിലൂടെ വൈകാരികമായി ഈ വിഷയത്തിൽ പെരുമാറുന്നതാണ് കാണുന്നത്.
കേരളത്തെ സാമൂഹ്യമായ ആന്ധ്യത്തിൽ നിന്ന് സാംസ്കാരികമായ വെളിച്ചത്തിലേക്ക് നയിച്ച ഒരു കാലഘട്ടത്തിന്റെ സ്മാരകങ്ങളാണ് ഇന്നും ഇവിടെ അവശേഷിക്കുന്ന ഒറ്റപ്പെട്ട എയ്‌ഡഡ് സ്കൂളുകൾ. അടുച്ചുപൂട്ടാൻ സുപ്രീം കോടതി അനുമതി നൽകിയതും സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതുമായ മലാപ്പറമ്പ് സ്കൂളും അതു തന്നെയാണ്. കാരണം ലാഭേച്ഛ നോക്കാതെ, അക്കാലത്ത് സമ്പത്തും സ്വത്തും ഉള്ളവരിലെ സാംസ്കാരിക ഔന്നത്യവും സാമൂഹ്യ പ്രതിബദ്ധതയുമാണ് ഇത്തരം സ്കൂളുകളുടെ ആവിർഭാവത്തിനു കാരണം. സ്വാഭാവികമായും തൊട്ടു പിന്നാലെ വന്ന തലമുറ അതിൽ നിന്ന് ആദായം കൊയ്തിട്ടുണ്ടാകും. അതു കാലഘട്ടത്തിന്റെ സ്വാധീനം തന്നെ. ആ കാലഘട്ടത്തിന്റെ തുടർച്ചയായി പരിണമിച്ച വർത്തമാനകാലത്തിൽ കേരളത്തിൽ ഏറ്റവും വലിയ വ്യവസായമായി വിദ്യാഭ്യാസം എത്തി നിൽക്കുന്നു. മദ്യവ്യവസായികൾ പോലും വിദ്യാഭ്യാസ വ്യവസായ രംഗത്തേക്ക് ഇറങ്ങിയിട്ടുള്ളതു നോക്കിയാൽ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥ വ്യക്തമാകും. ഈ സാഹചര്യത്തിൽ നിന്നുകൊണ്ടാണ് സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ ഒരു സ്കൂൾ മാനേജർ വിദ്യാർഥികളില്ലാത്ത ഒരു എയ്‌ഡഡ് സ്കൂൾ നടത്തിക്കൊണ്ടു പോകണമെന്ന് സമൂഹവും സർക്കാരും ശഠിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഒരു ടി.വി ചർച്ചയിൽ പറഞ്ഞതുപോലെ മലാപ്പറമ്പ് സ്കൂൾ ഒരു ഉണർത്തുപാട്ടാണ്. ആ നിലയ്ക്ക് ആ സ്കൂൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചത് പൊതുവിദ്യാഭ്യാസ സംക്ഷണത്തിന് സർക്കാർ നൽകുന്ന പ്രാധാന്യത്തെ വെളിപ്പെടുത്താനുള്ള സന്ദേശമെന്ന നിലയിൽ നല്ലതാണ്. എന്നാൽ എന്തുകൊണ്ട് മലാപ്പറമ്പ് സ്കൂൾ എന്ന ചോദ്യത്തിലേക്ക് പോയി ഉത്തരം കണ്ടെത്താത്തിടത്തോളെ കാലം അത് വെറും കക്ഷിരാഷ്ട്രീയ നേട്ടത്തിനും ചാനൽ ചർച്ചകളിൽ ഗോളടിക്കാനുമുള്ള ഉപാധി മാത്രമായി ചുരുങ്ങും.
പൊതുവിദ്യാഭ്യാസ ശൃംഖലയിലെ സ്കൂളുകൾ പൂട്ടൽ ഭീഷണി നേരിടുമ്പോൾ നാം കാണുന്നത് മുക്കിന് മുക്കിന് വിവിധ തരം ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ്. രാവിലെയും വൈകിട്ടും നഗരനിരത്തുകളിലുണ്ടാവുന്ന ട്രാഫിക് തിരക്കിൽ മുഖ്യപങ്ക് വഹിക്കുന്നത് സ്വകാര്യ മേഖലയിലുള്ള വിവിധ തരം സ്കൂളുകളുടെ വാഹനങ്ങളാണ്. വാഹനങ്ങളില്ലാത്ത സ്കൂളുകളാകട്ടെ ആട്ടോറിക്ഷയിലും കുഞ്ഞു വണ്ടികളിലും കുട്ടികളെ തിക്കിനിറച്ചു കൊണ്ടു പോകുന്നു.
ഒറ്റവാക്കിൽ പറഞ്ഞാൽ കേരളത്തിലെ വിദ്യാഭ്യാസത്തിന് പൊതുസ്വഭാവമില്ല. അതുകൊണ്ടുതന്നെയാണ് പൊതുവിദ്യാഭ്യാസം എന്ന വേർതിരിവ് തന്നെ വന്നത്. മലാപ്പറമ്പ് സ്കൂൾ മാനേജർ പറഞ്ഞ വസ്തുത ശരിയാണോ എന്നറിയില്ല. എങ്കിലും അത് തള്ളിക്കളയാനാകില്ല. സ്കൂൾ സംരക്ഷണ സമിതിയിലെ അംഗങ്ങളുടെ കുട്ടികൾ ആരും തന്നെ ആ സ്കൂളിൽ പഠിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ തന്നെ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കുട്ടികൾ ഇത്തരം സ്കൂളുകളിലേക്ക് എത്തുന്നില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിന്റെ താറുമാറായ വിദ്യാഭ്യാസ രംഗത്തെയാണ്.
ഏതാനും വർഷങ്ങളായി പൊതുവിദ്യാഭ്യാസ രംഗം പരീക്ഷണശാലയായി മാറിയിരിക്കുകയാണ്. ഇവ ഒരുപക്ഷേ ഉദാത്തമായ ആശയങ്ങളാകാം. ആശയത്തേക്കാൾ പ്രധാനമാണ് തീരുമാനിക്കപ്പെടുന്നവ അതേപടി നടപ്പാക്കാനുള്ള സംവിധാനം സജ്ജമാണോ എന്നുള്ളത്. എന്തായാലും പേരു പോലും തെറ്റില്ലാതെ എഴുതാൻ അറിയാത്ത കുട്ടികൾ പത്താംക്ലാസ്സ് പാസ്സാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. പ്രാദേശികമായ ചുറ്റുപാടുകളുമായി ഇഴുകിച്ചേർന്ന് അതിനെ മനസ്സിലാക്കിയും പഠിച്ചുകൊണ്ടും വിജ്ഞാന പ്രയോഗം നടത്തി ഒപ്പം അതിലൂടെ വിശ്വവീക്ഷണത്തിലേക്കുയർത്തുന്ന വിദ്യാഭ്യാസ രീതിയാണ് കേരളത്തിനെന്നല്ല, ഏതു സമൂഹത്തിനും അനുയോജ്യം. അതിന്റെ ആരംഭം തുടങ്ങേണ്ടത് മാതൃഭാഷാ പഠനത്തിൽ നിന്നാണ്. അതിലൂടെ മാത്രമേ ചുറ്റുപാടുകളിലെ പ്രതലങ്ങളിൽ ഉറങ്ങിയും ഉണർന്നും കിടക്കുന്ന മിന്നലാട്ടങ്ങളിലൂടെ വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്കു പോകാനുള്ള ശീലം കരഗതമാകുകയുള്ളു. വർത്തമാനകാലത്തിൽ ആംഗലേയ ഭാഷ ബന്ധഭാഷയെന്ന നിലയിൽ അനിവാര്യമാണ്. അതും നല്ല രീതിയിൽ അഭ്യസിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോഴും പ്രസിദ്ധങ്ങളായ സി.ബി.എസ്.സി വിദ്യാലയങ്ങളിൽ പഠിച്ചിറങ്ങുന്ന മലയാളം പഠിച്ചിട്ടില്ലാത്ത കുട്ടികൾക്കു പോലും വ്യവഹാരതലത്തിൽ ആംഗലേയ ഭാഷ ഉപയോഗിക്കാൻ പറ്റാത്ത നിലയാണ്. ഇതെല്ലാം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളാണ്. ഇപ്പോൾ സ്കൂൾ തുറന്ന സമയത്തെ ചില കാഴ്ചകൾ വേദനാജനകമാണ്. പാലുകുടി മാറാത്ത അമ്മയുടെ ചൂട് ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾ രണ്ടര വയസ്സിലും മൂന്നു വയസ്സിലുമൊക്കെ സ്കൂളുകളിലേക്ക് നിക്ഷേപിക്കപ്പെടുന്നു. ശരിക്കും നിയമത്തിലൂടെ സർക്കാർ നിരോധിക്കേണ്ട ഒന്നാണത്.
രക്ഷാകർത്താക്കൾക്ക് തങ്ങളുടെ കുട്ടികൾ മെച്ചപ്പെട്ട സ്കൂളുകളിൽ പഠിച്ച് മികച്ചവരാകണം എന്ന ഉത്കൃഷ്ട ചിന്തയാണുള്ളത്. അത് ഉണ്ടാവുകയും വേണം. കാരണം മനുഷ്യസമൂഹത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണത്. എന്നാൽ ഏതാണ് ഉത്കൃഷ്ടതയിലേക്ക് നയിക്കുക എന്ന കാര്യത്തിൽ പൊതുസമൂഹത്തിന് ധാരണയില്ല. എത്ര വയസ്സിൽ സ്കൂളിൽ പോയിത്തുടങ്ങണമെന്നുള്ള കാര്യം മുതൽ. കച്ചവട താൽപ്പര്യത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന വിസ്മയ വസ്തുതകളിൽ രക്ഷാകർത്താക്കൾ അകപ്പെട്ടുപോകുന്നു. ഏതെങ്കിലും ഒരു സമയത്ത് ഈ വിഷയത്തെ ധൈര്യപൂർവ്വം കേരളം നേരിട്ടേ മതിയാകൂ. അതിൽ ശക്തമായ തീരുമാനങ്ങളെടുക്കാൻ അനുയോജ്യമായ സമയമാണ് ഇപ്പോൾ ഉരുത്തുരിഞ്ഞുകൊണ്ടിരിക്കുന്നത്. അതിനെ ബാലിശമായ ആശയപ്രേമമില്ലാതെ സമീപിച്ചാൽ എൽ.ഡി.എഫ് വിചാരിച്ചാൽ ശരിയാക്കാൻ കഴിയും. അതു ശരിയാക്കാതെ പൂട്ടൽ ഭീഷണി നേരിടുന്ന സ്കൂളുകൾ ഏറ്റെടുത്തതുകൊണ്ട് പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടാനും പോകുന്നില്ല കേരളത്തിന്റെ വിദ്യാഭ്യാസരംഗം രക്ഷപ്പെടുകയുമില്ല.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയാൽ ഒരുപക്ഷേ വിപ്ലവകരമായ മാറ്റങ്ങളാകും ഉണ്ടാവുക. ആ മാറ്റത്തിൽ ചിലപ്പോൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വിദ്യാലയങ്ങൾ പോലും ഏറ്റവും ആകർഷണ കേന്ദ്രങ്ങളായ, ആധുനിക ലോകത്തിന്റെ വിദ്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമായി മാറാം. അതിനുള്ള ഉണർത്തുപാട്ടാകട്ടെ മലാപ്പറമ്പ് എ.യു.പി സ്കൂൾ. ഒരു കാര്യം കൂടി സ്മരിക്കാം. മലാപ്പറമ്പ് സ്കൂൾ സംരക്ഷണത്തിന്റെ ഭാഗമായി ചില പ്രതിഷേധക്കാർ പോലീസുമായി നടത്തിയ മൽപ്പിടുത്തങ്ങളും കൈയ്യേറ്റ രീതികളുമൊക്കെ പ്രക്ഷേപണം ചെയ്യുന്നത്, ആ ഭാഗത്ത് ഒരുകാലത്തും ഒരു സ്കൂളും ഉണ്ടായിരുന്നില്ലെന്ന് സംശയം ജനിപ്പിക്കുന്ന വിധത്തിലുള്ള ശരീരഭാഷാ സംസ്കാരമാണ്.