Skip to main content

chennithala, sudheeran, chandy

 

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പരാജയം വിലയിരുത്താനായി കൂടിയ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിര്‍വ്വാഹക യോഗം വ്യക്തമാക്കുന്നത് കോൺഗ്രസ്സ് ഒരു രാഷ്ട്രീയ ശക്തിയായി ക്ഷയിച്ചുകൊണ്ടിരിക്കുന്നതിന്റെ വേഗം കൂടുമെന്നുള്ളതാണ്. ആ ക്ഷയം സമീപഭാവിയിൽ പാർട്ടിയെ പിളർപ്പിലേക്കും നയിച്ചേക്കാം. സുധീരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റാൻ എ-ഐ വിഭാഗം ഒന്നിച്ചു നീങ്ങുന്നു. അതേസമയം സുധീരൻ ആന്റണിയുടെ പിന്തുണയോടെ പഴയതുപോലെ തുടരുകയും ചെയ്യും. തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം പരസ്പരം ആരോപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിന്റെ കാരണം എന്താണെന്ന് പോലും ഭാഗികമായെങ്കിലും വിലയിരുത്താൻ കഴിയുന്നില്ല. അതിനു പോലും കഴിയാത്ത ഒരു പാർട്ടിക്ക് എങ്ങനെ രാഷ്ട്രീയ ശക്തിയായി തുടരാൻ കഴിയും എന്നുള്ളതാണ് കാതലായ വിഷയം. നിര്‍വ്വാഹക സമിതിയിലെ ചർച്ചകളെക്കുറിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് നേതൃത്വമാറ്റത്തിനു വേണ്ടിയുള്ള ശ്രമങ്ങളുടേതാണ്.

 

നേതൃത്വം തന്നെയാണ് ഇന്ന് കോൺഗ്രസ്സ് നേരിടുന്ന പ്രശ്നം. അത് ഏറ്റവും ഗുരുതരമായി അനുഭവപ്പെടുന്നത് കേന്ദ്ര നേതൃത്വത്തിലാണ്. കേരളത്തിലെ ഒരു സാധാരണ യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ നേതൃത്വ പാടവം പോലുമില്ലാത്ത വ്യക്തിത്വമാണ് രാഹുൽ ഗാന്ധിയുടേത്. അദ്ദേഹം കോൺഗ്രസ്സ് പ്രസിഡണ്ടാകുമെന്നാണ് കേൾക്കുന്നത്. അങ്ങനെയെങ്കിൽ ഭാവിയിൽ കേരളത്തിലെ കോൺഗ്രസ്സ് പോലും പിളർപ്പിനെ നേരിടാനുള്ള സാഹചര്യങ്ങളാണ് കാണുന്നത്. ഇപ്പോഴും കോണ്‍ഗ്രസ്സിലെ ഏറ്റവും സ്വാധീനമുള്ള നേതാവ് സോണിയാ ഗാന്ധിയാണ്. അതു  സൂചിപ്പിക്കുന്നത് കോൺഗ്രസ്സിന്റെ ദൗർബല്യമാണ്. സ്വന്തം നിലയിൽ ഒരു നല്ല പ്രസംഗം പോലും ചെയ്യാൻ കഴിവില്ലാത്ത രാഹുൽ ഗാന്ധി വരുന്ന പക്ഷം കേരളം മാത്രമല്ല പല സംസ്ഥാനങ്ങളിലും കോൺഗ്രസ്സിൽ പിളർപ്പു നേരിടുകയും പിളർന്നു പോകുന്ന രാഷ്ട്രീയ വിഭാഗങ്ങൾ പ്രാദേശിക പാർട്ടികളായി മാറുകയും ചെയ്യാൻ സാധ്യതയുണ്ട്. ഛത്തീസ്ഗഡിൽ ഇപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിൽ നടക്കുന്നത് അതാണ്.

 

അഖിലേന്ത്യാ തലവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ കേരളത്തിലെ കോൺഗ്രസ്സിന്റെ നില കുറച്ചുകൂടി ഭേദമാണ്. കാരണം ചിന്താശേഷിയും കർമ്മകുശലതയും നേതൃപാടവും വിജ്ഞാനവുമുളള ഏതാനും നേതാക്കൾ കേരളത്തിലുണ്ട്.  വി.ടി ബലറാം, വി.ഡി സതീശൻ, മാത്യു കുഴൽനാടൻ തുടങ്ങിയവർ അവരിൽ ചിലരാണ്. എന്നാൽ അവർക്ക് നിലവിലുള്ള നേതാക്കളെ തള്ളിനീക്കി നേതൃത്വത്തിലേക്ക് വരാനുള്ള സാഹചര്യം ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ ജനാധിപത്യസ്വഭാവം കോൺഗ്രസ്സ് പാർട്ടിക്കു നഷ്ടപ്പെട്ടതാണ് അതിനു കാരണം. കാരണം എ.കെ ആന്റണി അഥവാ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം ഹൈക്കമാൻഡ് തീരുമാനിക്കുന്നതു പോലെ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളു. അതിനാൽ നേതൃത്വപാടവം കൊണ്ട് നേതൃസ്ഥാനത്തേക്ക് ഇന്നത്തെ സാഹചര്യത്തിൽ ഈ പാർട്ടിയുടെ നേതൃനിരയിലേക്ക് അവർക്ക് വരാൻ കഴിയില്ല. ഇപ്പോൾ നേതൃനിരയിലുള്ള ആന്റണിയും ഉമ്മൻ ചാണ്ടിയും സുധീരനുമൊക്കെ അറുപതു വയസ്സുള്ള തങ്ങളുടെ മുകളിലുള്ള നേതാക്കളെ കടൽക്കിഴവൻമാരെന്ന് ആക്ഷേപിച്ച് താഴെയിറക്കിയാണ് നേതൃത്വത്തിലേക്ക് വന്നത്.  വ്യക്തി കേന്ദ്രീകൃതമായിരുന്നെങ്കിലും അന്ന് കോൺഗ്രസ്സ് പാർട്ടിയിൽ ജനാധിപത്യസ്വഭാവം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

 

ബൂത്തു തലം മുതൽ കെ.പി.സി.സി വരെ സംഘടനാ തലത്തിൽ മാറ്റം വരുത്തണമെന്നാണ് ഇപ്പോൾ പരിഹാരമായി തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ്സിലെ വ്യക്തിനിഷ്ഠമായ ഗ്രൂപ്പു മത്സരത്തിന്റെ താഴേത്തലം മുതലുള്ള ഒരു ശക്തിപരീക്ഷണം മാത്രമേ ഇന്നത്തെ നിലിയിൽ അത് സാധ്യമാക്കുകയുള്ളു. എന്നിരുന്നാലും ജനാധിപത്യരീതിയിൽ പുന:സംഘടിപ്പിക്കപ്പെടുന്നത് നല്ലതു തന്നെ. ചരിത്രം ഓർമ്മിച്ച് കോൺഗ്രസ്സ് വീണ്ടും ശക്തിയാർജ്ജിക്കുമെന്ന് കോൺഗ്രസ്സ് നേതാക്കൾ ആശ്വസിക്കുന്നുണ്ട്. പഴയ കാലമല്ല വർത്തമാന കേരളം. ഒന്നിലേറെ സീറ്റുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തേക്ക് പോലും പോയ തിരഞ്ഞെടുപ്പാണിത്. മൂന്നാം ശക്തിയായി നിയമസഭയിൽ അക്കൗണ്ട് തുറന്നുകൊണ്ട് ബി.ജെ.പി സഖ്യം മാറിക്കൊണ്ടിരിക്കുന്നു. വരുന്ന അഞ്ചു വർഷം യു.ഡി.എഫിനെ പോലും പിന്നിലാക്കി തങ്ങളാണ് യഥാർഥ പ്രതിപക്ഷമെന്ന ധാരണയുണ്ടാക്കി ആസൂത്രിതമായി മുന്നേറാനുള്ള നീക്കമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.

 

ഇരിക്കുന്ന സ്ഥാനങ്ങൾ എങ്ങനെ ഉറപ്പിക്കാമെന്നു നോക്കി നീക്കങ്ങൾ നടത്തുന്ന നേതൃത്വമാണ് സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരിലൂടെ വ്യക്തമാകുന്നത്. കേരളത്തിലും കോൺഗ്രസ്സിനെ നയിക്കാൻ ഒരു നേതാവില്ലാത്ത അവസ്ഥയാണ് അതിലൂടെ പ്രകടമാകുന്നത്. ഈ സാഹചര്യം കോൺഗ്രസ്സിലെ ചിന്തിക്കുന്ന ഒരു വിഭാഗത്തെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും. കാരണം ആ വിധമാണ് കേരളത്തിൽ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പരിസ്ഥിതി. അവിടെയാണ് കോൺഗ്രസ്സിന്റെ ഭാവിയിലും പ്രസക്തിയിലും നേതൃത്വരാഹിത്യത്തിലും മടുപ്പുള്ളവർ ആ പാർട്ടി വിട്ടു പുറത്തേക്കു വരാൻ തയ്യാറാവുക. ശക്തമല്ലാത്ത കേന്ദ്ര നേതൃത്വവും തമ്മിലടിക്കുന്ന സംസ്ഥാന നേതൃത്വവും കോൺഗ്രസ്സിനെ ദുർബലമാക്കിയതിന്റെ ലക്ഷണമാണ് സീറ്റ് വിഭജന സമയത്ത് പാർട്ടിയെ പിളർക്കുമെന്ന് ഭീഷണി ഉയർത്തി ഉമ്മൻ ചാണ്ടി തന്റെ വിശ്വസ്തർക്ക് സീറ്റ് നേടിയത്. ഹൈക്കമാൻഡിന്റെ ദൗർബല്യവും ഗതികേടുമാണ് അത് സൂചിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിയെക്കൊണ്ട് ആ നിലപാടെടുപ്പിക്കാൻ പ്രാപ്തമാക്കിയതും അതാണ്. ആ ദൗർബല്യത്തിന്റെ ഒരു വ്യക്തമായ അടയാളമാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തു നിന്ന് ഒരു വോട്ടു പി. ശ്രീരാമകൃഷ്ണന് ലഭിച്ചത്. അതിനുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വസ്ഥതകളുടെ പ്രഖ്യാപനമായിരുന്നു അത്. അതുകൊണ്ടാണ് അസാധുപോലുമാക്കാതെ ശ്രീരാമകൃഷ്ണന് വോട്ടു നൽകി ഗ്രൂപ്പുവൈരമോ പ്രതിഷേധമോ ഒക്കെയായി ആ വോട്ട് അവ്വിധം രേഖപ്പെടുത്തിയത്.

Tags